Image

സന്ധ്യക്കെന്തിനു സിന്ദൂരം (എന്‍റെ സംഗീത വഴികള്‍ -4: എസ് രാജേന്ദ്ര ബാബു)

Published on 02 June, 2026
സന്ധ്യക്കെന്തിനു സിന്ദൂരം (എന്‍റെ സംഗീത വഴികള്‍ -4: എസ് രാജേന്ദ്ര ബാബു)

ദുരന്തം എന്നും പിന്തുടര്‍ന്ന കണ്ണൂര്‍ രാജന്‍ . റാണി ചന്ദ്ര വിമാനാപകടത്തില്‍ മരിക്കുന്നു. ജയചന്ദ്രന്‍ എന്ന ഭാവ ഗായകന്‍

 

ഐവി ശശി വാഗ്ദാനം നല്‍കിയ "ആലിംഗനം" എന്ന ചിത്രം വഴുതിപ്പോയതിനു
ശേഷം പുതിയ ഓഫറുകളൊന്നും ലഭിക്കാതെ കണ്ണൂര്‍ രാജന്‍ പ്രതീക്ഷയോടെ
കാത്തിരുന്നു. ഇതിനിടയില്‍ കണ്ണൂര്‍ രാജന്‍റെ നാട്ടുകാരനായ ഒരു ഗള്‍ഫ്കാരന്‍
സുഹൃത്ത് ഐവി ശശിയെ സംവിധായകനാക്കി ഒരു ചിത്രം നിര്‍മ്മിക്കാന്‍
മുന്നോട്ട് വന്നു. ശശിയുമായി പ്രാരംഭ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതോടെ പി
ജയചന്ദ്രനു വേണ്ടി ബിച്ചു തിരുമലയുടെ ഒരു ഗാനം കണ്ണൂര്‍ രാജന്‍ കമ്പോസ്
ചെയ്തു. ഐവി ശശി ചിത്രത്തിനു പേരിട്ടു ."അഭിലാഷം&"പാട്ട് പഠിപ്പിക്കാനായി
ഒരു വൈകുന്നേരം എന്നെയും കൂട്ടി കണ്ണൂര്‍ രാജന്‍ ജയചന്ദ്രന്‍റെ വീട്ടിലേക്ക്
പുറപ്പെട്ടു. മഹാലിംഗപുരത്തെ ലേഡി മാധവന്‍ നായര്‍ കോളനിയിലാണ്
അദ്ദേഹം താമസിച്ചിരുന്നത്. ജയചന്ദ്രനും ഭാര്യയും ഉമ്മറത്ത് ഇരിപ്പുണ്ട്.

അര്‍ജുനന്‍ മാസ്റ്റര്‍

കൈക്കുഞ്ഞായ മകള്‍ ലക്ഷ്മി അമ്മയുടെ മടിയില്‍. സൗഹൃദ
സംഭാഷണങ്ങള്‍ക്കൊടുവില്‍ ജയചന്ദ്രന്‍ അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ഹിറ്റ്
ഗാനം ഞങ്ങളെ ടേപ് റെക്കോഡറില്‍ കേള്‍പ്പിച്ചു ."റംസാനിലെ ചന്ദ്രികയോ."
ആലിബാബയും നാല്‍പത്തൊന്ന് കള്ളന്മാരും " എന്ന ചിത്രത്തിനു വേണ്ടി
വയലാര്‍ എഴുതി ദേവരാജന്‍ മാസ്റ്റര്‍ സംഗീതം നിര്‍വഹിച്ച പാട്ട്. പാട്ട് കേട്ട
ശേഷം പുതിയ ചിത്രവിശേഷം കണ്ണൂര്‍ രാജന്‍ വിവരിച്ചു. ജയചന്ദ്രനു
പാടാനുള്ള പാട്ടുമായാണ് വന്നതെന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തിനു
സന്തോഷമായി. പാട്ട് ഞാന്‍ പാടിക്കേള്‍പ്പിച്ചു. മനോഹരമായ ഗാനം ജയചന്ദ്രന്
വളരെ ഇഷ്ടമായി. അതിലുപരി കണ്ണൂര്‍ രാജന്‍റെ പ്രത്യേകതയായ
സൂക്ഷ്മസംഗതികള്‍ കൃത്യമായി പാടിയ എന്നെ അദ്ദേഹം ശ്രദ്ധിച്ചു. രാജന്‍റെ
ശിഷ്യന്‍ കൊള്ളാമല്ലോ. പാട്ട് കൃത്യമായി കോപ്പി ചെയ്തിരിക്കുന്നു. ടേപ്
റെക്കോഡര്‍ തന്നെ. ഗള്‍ഫ്കാരനുമായുള്ള തുടക്കത്തിലെ കത്തിടപാടുകളുടെ
ദൈര്‍ഘ്യം കുറഞ്ഞു. പിന്നെപ്പിന്നെ കൂടെക്കൂടെയുള്ള കത്തുകള്‍
വല്ലപ്പോഴുമായി. പിന്നീട് തീരെയില്ലാതായി. അതോടെ ആ സ്വപ്നവും
പൊലിഞ്ഞു. "പല്ലവി"യില്‍ ഭാസ്കരന്‍ മാസ്റ്റര്‍ രചിച്ച "കണ്ണാലെപ്പാര്...
പുന്നാരമോനേ..."; എന്നൊരു കോമഡി ഗാനം കണ്ണൂര്‍ രാജനു വേണ്ടി
ജയചന്ദ്രന്‍ പാടിയിരുന്നു. അതില്‍ നിന്ന് തികച്ചും വ്യത്യസ്തമായി
മനോഹരമായ ഒരു മെലഡി ഗാനമാണ് "അഭിലാഷ";ത്തിനു വേണ്ടി കണ്ണൂര്‍
രാജന്‍ ജയചന്ദ്രനായി മാറ്റിവച്ചത്. ദൗര്‍ഭാഗ്യവശാല്‍ പ്രാരംഭ ചര്‍ച്ചയ്ക്കു ശേഷം
ആ ചിത്രത്തിന്‍റെ നിര്‍മ്മാണം പുരോഗമിച്ചില്ല. അടുത്തൊരു ചിത്രത്തിനായി
കണ്ണൂര്‍ രാജന് പിന്നെയും കാത്തിരിക്കേണ്ടി വന്നു.
 

ദേവരാജ സ്മൃതി 

തുടര്‍ച്ചയായി ഹിറ്റ് ഗാനങ്ങള്‍ നല്‍കിക്കൊണ്ട് ജയചന്ദ്രന്‍ പിന്നണിഗാന
രംഗത്ത് തിളങ്ങി നിന്നകാലത്ത് ഒരു ദിവസം തബല ബാലന്‍ എന്നെയും കൂട്ടി
ജയചന്ദ്രന്‍റെ വീട്ടിലെത്തി. ഒരു വിശേഷമുണ്ടെന്നും അത് ജയേട്ടന്‍ നേരിട്ട്
പറയുമെന്നും ധരിപ്പിച്ചാണ് എന്നെ ബാലന്‍ കൂട്ടിക്കൊണ്ടു പോയത്.
ഗാനമേളകള്‍ അവതരിപ്പിക്കാനായി അദ്ദേഹം ഗള്‍ഫ് രാജ്യങ്ങള്‍
സന്ദര്‍ശിക്കാന്‍ ഒരുങ്ങുകയാണെന്നും ഗായികയായി എന്‍റെ സഹോദരി
ലതികയും അക്കോഡിയന്‍ വാദകനായി ഞാനും പങ്കെടുക്കണമെന്നും
ജയചന്ദ്രന്‍ അറിയിച്ചു. സലില്‍ ചൗധരി ഉള്‍പ്പെടെ അക്കാലത്തെ പ്രഗത്ഭരായ
മിക്ക സംഗീത സംവിധായകര്‍ക്കും തബല വായിക്കുന്ന ധ്രുവന്‍, വോയ്സ് ഓഫ്
ട്രിച്ചൂറിലെ ഗിറ്റാറിസ്റ്റ് ആറ്റ്ലി, താളവാദ്യ കലാകാരനായി ബാലന്‍ എന്നിവരാണ്
സംഘത്തിലെ മറ്റംഗങ്ങള്‍.

ജയചന്ദ്രന്‍ ,ദേവരാജന്‍ ,എസ് രാജേന്ദ്ര ബാബു

 1976 സെപ്തംബറില്‍ ജയചന്ദ്രന്‍റെ വീട്ടില്‍
റിഹേഴ്സല്‍. റിഹേഴ്സലിനൊടുവിലത്തെ ദിവസം ആര്‍കെ ശേഖറിന്‍റെ
നിര്യാണ വാര്‍ത്തയറിഞ്ഞ് ജയേട്ടന്‍ അവിടേക്കു പോയി. മലയാള ചലച്ചിത്ര
സംഗീത രംഗത്ത് മിക്ക സംഗീത സംവിധായകരുടെയും സഹായിയായി
പ്രവര്‍ത്തിച്ചും സ്വന്തമായി പല ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചും
മലയാളിയുടെ പ്രിയപ്പെട്ട സംഗീതകാരനായി മാറിക്കഴിഞ്ഞിരുന്ന ആര്‍കെ
ശേഖറിന്‍റെ നിര്യാണം എല്ലാവരെയും ദുഃഖത്തിലാഴ്ത്തി. മുന്‍നിശ്ചയപ്രകാരം
അന്നു രാത്രി തന്നെ ഞങ്ങള്‍ ബോംബെയ്ക്കു പുറപ്പെട്ടു. അടുത്ത ദിവസത്തെ
രാത്രി കഴിഞ്ഞ് വെളുപ്പിന് ബോംബെയില്‍ നിന്ന് കുവൈറ്റിലേക്കുള്ള
വിമാനയാത്ര. കുവൈറ്റ്, ബഹ്റൈന്‍, ഖത്തര്‍, യുഎയിയിലെ ദുബായ്,
അബുദാബി, ഷാര്‍ജ, അല്‍അയ്ന്‍, റാസല്‍ഖൈമ തുടങ്ങിയ വിവിധ
സ്ഥലങ്ങളിലായി ഒന്നര മാസക്കാലം നീണ്ടുനിന്ന സന്ദര്‍ശനത്തില്‍ പതിനാറ്
പരിപാടികള്‍ അവതരിപ്പിച്ചു. സന്ധ്യക്കെന്തിനു സിന്ദൂരം, സ്വാതി തിരുനാളിന്‍
കാമിനി, നിന്‍ മണിയറയിലെ നിര്‍മ്മല ശയ്യയിലെ, ഹര്‍ഷബാഷ്പം തൂകി,
കാവ്യപുസ്തകമല്ലോ ജീവിതം, കരിമുകില്‍ കാട്ടിലെ, മല്ലികാബാണന്‍ തന്‍റെ
വില്ലെടുത്തു... തുടങ്ങി വേദിയില്‍ അവതരിപ്പിച്ച ഹിറ്റ് ഗാനങ്ങള്‍ ഓരോന്നും
ഹര്‍ഷാരവത്തോടെയാണ് ആസ്വാദകര്‍ വരവേറ്റത്. റാസല്‍ ഖൈമയിലെ
പരിപാടി കഴിഞ്ഞ് അടുത്ത വെളുപ്പിന് ഞെട്ടിക്കുന്ന ആ വാര്‍ത്ത കേട്ടു. ഗള്‍ഫ്
പരിപാടികള്‍ കഴിഞ്ഞ് നാട്ടിലേക്കു മടങ്ങുകയായിരുന്ന റാണിചന്ദ്രയും
സംഘവും സഞ്ചരിച്ച വിമാനം തകര്‍ന്ന വാര്‍ത്ത.

 

ജയചന്ദ്രന്‍ എന്ന ഭാവഗായകന്‍

തെന്നിന്ത്യന്‍ ഭാഷകളില്‍ ചലച്ചിത്രഗാന രംഗത്ത് ആലാപന വൈവിധ്യം തീരെ
കുറവുള്ളത് മലയാളത്തിലാണ്. ഒരേ ഗായകരുടെ ഗാനങ്ങളില്‍ തന്നെ
അഭിരമിക്കാനായിരുന്നു സംവിധായകര്‍ക്കും സംഗീത സംവിധായകര്‍ക്കും
താത്പര്യം. സംഗീതത്തില്‍ നിറഭേദങ്ങളുടെ പൂന്തോട്ടങ്ങള്‍ക്കു പകരം
സൂര്യകാന്തിപ്പാടങ്ങള്‍ സൃഷ്ടിക്കാനാണ് അവര്‍ മെനക്കെട്ടത്. മറ്റു
ഭാഷകളിലാകട്ടെ സംഗീത സംവിധായകര്‍ വിവിധ ഗായകരെ കൊണ്ട്
രുചിഭേദങ്ങള്‍ സൃഷ്ടിച്ച് ആസ്വാദകരെ വിസ്മയിപ്പിച്ചപ്പോള്‍ മലയാള
ഗാനങ്ങള്‍ക്ക് അത് അന്യമായി. ആ സാഹചര്യത്തിലാണ് മൗലിക ശബ്ദം
കൊണ്ട് തന്‍റെ ഇടം ജയചന്ദ്രന്‍ മലയാളത്തില്‍ ഉറപ്പിച്ചത്. അത് മറ്റ്
ഭാഷകളിലേക്ക് വിന്യസിപ്പിക്കാനും അദ്ദേഹത്തിന് അനായാസം കഴിഞ്ഞു.
സൂര്യകാന്തിപ്പാടത്തിനു നടുവില്‍ ഒരു ചെമ്പനീര്‍ണ്‍പ്പൂവായി ശോഭിക്കാന്‍
ജയചന്ദ്രന് എങ്ങനെ സാധ്യമായി? സംഗീതാസ്വാദകര്‍ ആലാപനത്തിലെ
വൈവിധ്യം ഇരുകൈ നീട്ടി സ്വീകരിക്കാന്‍ തയാറായതു തന്നെ കാരണം. 

കണ്ണൂര്‍ രാജനും എസ് രാജേന്ദ്ര ബാബുവും 

ഒരു അഭിമുഖ സംഭാഷണത്തില്‍ ദേവരാജന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടതിണ്‍ങ്ങനെ-
ڇപിന്നണി ഗായകര്‍ ശാസ്ത്രീയ സംഗീതത്തില്‍ അവഗാഹം നേടേണ്ടത്
അത്യാവശ്യമാണ്. ലളിതസംഗീതം ഭദ്രമായും അനായാസമായും കൈകാര്യം
ചെയ്യാന്‍ അത് ഉപകരിക്കും. എന്നാല്‍ അവര്‍ ശാസ്ത്രീയ
സംഗീതാലാപനത്തില്‍ വാപൃതരാകരുത്. സംഗീതക്കച്ചേരികള്‍ ശബ്ദത്തെ
ഘനഗംഭീരമാക്കും. അത് ലളിതസംഗീതത്തിന്‍റെ ലാളിത്യവും മധുരിമയും
കെടുത്തും. ഇക്കാര്യത്തില്‍ ജയചന്ദ്രന്‍ വേറിട്ട് നില്‍ക്കുന്നു. ശാസ്ത്രീയ
സംഗീതത്തില്‍ വേണ്ടത്ര അറിവ് നേടിയിട്ടും അത് ലളിതസംഗീതത്തിനു വേണ്ടി
മാത്രം പ്രയോഗിച്ചു. തന്‍റെ ഗാനങ്ങളുടെ ലാളിത്യം ഇന്നും കാത്തു സൂക്ഷിക്കാന്‍
അദ്ദേഹത്തിനു കഴിയുന്നത് അതിനാലാണ്.ڈ
ഒരു തമിഴ് ഗാനലേഖന വേളയില്‍ എംഎസ് വിശ്വനാഥനുമായി ഒരു പ്രമുഖ
ഗായകന്‍ മുന്‍കോപത്തിന്‍റെ പേരില്‍ തെറ്റിപ്പിരിഞ്ഞത് ജയചന്ദ്രന് തമിഴില്‍
ചുവടുറപ്പിക്കാന്‍ കാരണമായി. തമിഴിലും മലയാളത്തിലും പിന്നീടുള്ള തന്‍റെ
ഗാനങ്ങളെല്ലാം എംഎസ് വിശ്വനാഥന്‍ ജയചന്ദ്രനെക്കൊണ്ട് റെക്കോഡ്
ചെയ്തു. കെഎസ് സേതുമാധവന്‍ സംവിധാനം ചെയ്ത "പണിതീരാത്ത വീട്"
എന്ന ചിത്രത്തിലെ";സുപ്രഭാതം... നീലഗിരിയുടെ സഖികളേ"എന്ന ഗാനം
അങ്ങനെയാണ് ജയചന്ദ്രന്‍റെ ക്രെഡിറ്റില്‍ വീണത്. ഗാനത്തിന് സംസ്ഥാന
അവാര്‍ഡും ലഭിച്ചു. എംഎസ് വിശ്വനാഥനിലൂടെ തമിഴില്‍ നിലയുറപ്പിച്ചതോടെ
തൊട്ടതെല്ലാം പൊന്നാക്കുന്ന ഭാവഗായകന്‍ അവസരത്തിനൊത്തുയര്‍ന്നു.
തുടര്‍ന്ന് ഇളയരാജ തുടങ്ങിയ മറ്റ് പ്രമുഖ സംഗീത സംവിധായകരും നിരവധി
ഗാനങ്ങള്‍ ജയചന്ദ്രനു നല്‍കി. അദ്ദേഹത്തിന്‍റെ തമിഴ് ഉച്ചാരണം വ്യക്തവും
മനോഹരവുമായത് കൂടുതല്‍ അവസരം ലഭിക്കാന്‍ കാരണമായി. തുടര്‍ന്ന്
തെലുങ്ക്, കന്നഡ ഭാഷകളിലും ജയചന്ദ്രന്‍ പ്രിയപ്പെട്ട ഗായകനായി. ആ
ഗാനനിര്‍ഝരി ദശാബ്ദങ്ങളോളം നിര്‍വിഘ്നം ഒഴുകി.

ദേവരാജന്‍ 

ആലാപനത്തിലെ ലാളിത്യം തന്നെയാണ് ലളിതസംഗീതത്തിന്‍റെ മുഖമുദ്ര.
സംഗീതക്കച്ചേരികളിലൂടെ ശബ്ദത്തിന്‍റെ മാര്‍ദ്ദവം നഷ്ടമാകും.
ചലച്ചിത്രഗാന സംവിധാന രംഗത്ത് പ്രവേശിക്കുന്നതു വരെ കര്‍ണാടക
സംഗീതത്തില്‍ മാത്രം മുഴുകിയിരുന്ന ദേവരാജന്‍ മാസ്റ്ററുടെ
സാക്ഷ്യപ്പെടുത്തലില്‍ കഴമ്പുണ്ടണ്‍്. ആ യാഥാര്‍ത്ഥ്യം എത്രപേര്‍
തിരിച്ചറിയുന്നു എന്നതാണ് പ്രധാനം. സംഗീതക്കച്ചേരി അവതരിപ്പിക്കാത്തതു
കൊണ്ട്  ജയചന്ദ്രന് ശാസ്ത്രീയ സംഗീതം വഴങ്ങില്ല എന്നൊരു
തെറ്റിദ്ധാരണ നിലനില്‍ക്കുന്നുണ്ട് . ഒരിടത്തും അതു തിരുത്താന്‍ അദ്ദേഹം
മെനക്കെട്ടിട്ടില്ല. എന്നാല്‍ ദക്ഷിണാമൂര്‍ത്തി, കെ രാഘവന്‍, ദേവരാജന്‍ മാസ്റ്റര്‍,
ബാബുരാജ്, അര്‍ജുനന്‍ മാസ്റ്റര്‍, വിദ്യാധരന്‍ മാസ്റ്റര്‍ തുടങ്ങിയ സംഗീത
സംവിധായകര്‍ ആ വസ്തുത മനസ്സിലാക്കിയിരുന്നുവെന്നത് അവര്‍ ജയചന്ദ്രനു
നല്‍കിയ ഈടുറ്റ അര്‍ധശാസ്ത്രീയ ഗാനങ്ങളില്‍ നിന്ന് മനസ്സിലാക്കാം.
മൃദംഗത്തിലും തായമ്പകയിലുമുള്ള ജയചന്ദ്രന്‍റെ പ്രാവീണ്യം അദ്ദേഹത്തിന്‍റെ
ശാസ്ത്രീയ സംഗീതാവബോധത്തിന്‍റെ നേര്‍സാക്ഷ്യങ്ങള്‍. ഭാവഗായകന്‍ എന്ന
ഒറ്റവാക്കില്‍ അടങ്ങും ജയചന്ദ്രന്‍ എന്ന അതുല്യഗായക പ്രതിഭയുടെ
വിശേഷണങ്ങളെല്ലാം. പകരം വയ്ക്കാനില്ലാത്ത ആലാപന സിദ്ധി.
ലളിതസുന്ദരവും ഭാവാത്മകവുമായ ആ ആലാപന ശൈലി അനുകരിക്കാന്‍
ശ്രമിക്കുന്നവര്‍ക്ക് സമ്പൂര്‍ണ പരാജയം ഉറപ്പ്. കേള്‍ക്കുമ്പോള്‍ അനുഭവിക്കുന്ന
ലാളിത്യവും അനായാസതയും പാടുമ്പോള്‍ സ്വാംശീകരിക്കാന്‍ പ്രയാസം.
അതുകൊണ്ടു തന്നെ ജയചന്ദ്രനു പകരം ജയചന്ദ്രന്‍ മാത്രം.

എം എസ് വിശ്വനാഥന്‍ 

നാദവിഹായസ്സില്‍ ഒരു സൂര്യ തേജസ് ജ്വലിച്ചു നില്‍ക്കുമ്പോള്‍ മറുവശത്ത്
തെളിഞ്ഞ നീലാകാശത്തില്‍ പൂര്‍ണചന്ദ്രനായി തിളങ്ങിയ ഭാവഗായകന്‍ ഇനി
മലയാളിമനസ്സില്‍ ഒരു മധുരസ്മൃതി. ശബ്ദമധുരിമ കൊണ്ടും ഭാവസാന്ദ്രത
കൊണ്ടും തന്‍റെ ഗാനങ്ങള്‍ക്ക് സ്വന്തമായ ഒരിടം കണ്ടെത്തിയ ഗായകന്‍
ഗാനാസ്വാദകരുടെ നിത്യവിസ്മയമായി തുടരുന്നതില്‍ അതിശയോക്തിയില്ല.
ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്നതിലധികം സുന്ദര ഗാനങ്ങളാണ് അദ്ദേഹം നമുക്ക്
സമ്മാനിച്ചത്. എല്ലാ പ്രമുഖ സംഗീത സംവിധായകര്‍ക്കും പ്രിയപ്പെട്ട ഗായകന്‍.
അവരുടെ ഗാനങ്ങള്‍ ആവശ്യപ്പെടുന്ന തെളിമയും മധുരവുമെല്ലാം
ഔചിത്യബോധത്തോടെ പകര്‍ന്നു നല്‍കാന്‍ ജയചന്ദ്രന്‍ സദാ
സന്നദ്ധമായിരുന്നു. ശുദ്ധസംഗീതം നിലനില്‍ക്കുന്നിടത്തോളം ആ
ഭാവഗായകന്‍ ചിരഞ്ജീവിയായി ആസ്വാദക മനസ്സില്‍ തെളിഞ്ഞു നില്‍ക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക