
കാട്ടാളന്‍ സിനിമയുടെ ബുക്ക്മൈഷോ റേറ്റിങ് അപ്രതീക്ഷിതമായി ഡിസേബിള്‍ ചെയ്ത നടപടി സിനിമാ മേഖലയില്‍ ചര്‍ച്ചയാകുന്നു. റിലീസിന് പിന്നാലെ ചിത്രത്തിനെതിരെ ഒരേ സ്വഭാവത്തിലുള്ള വലിയ തോതിലുള്ള നെഗറ്റീവ് റിവ്യൂകളും റേറ്റിങ്ങുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
ഇതിനിടെയാണ് ബുക്ക്മൈഷോ കാട്ടാളന്റെ റേറ്റിങ് ഡിസേബിള്‍ ചെയ്തിരിക്കുന്നത്. സിനിമയ്ക്കെതിരെ നടന്നതായി ആരോപിക്കപ്പെടുന്ന സംഘടിത ഡീഗ്രേഡിങ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്ക് ശക്തിപകരുന്നതായാണ് നടപടിയെ വിലയിരുത്തപ്പെടുന്നത്.
ഒരു സിനിമയുടെ യഥാര്‍ഥ പ്രേക്ഷക പ്രതികരണത്തെ സ്വാധീനിക്കുന്ന തരത്തില്‍ ഫേക്ക് അല്ലെങ്കില്‍ അസ്വാഭാവിക റിവ്യൂ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടോ എന്ന ചോദ്യവും ഇതോടെ ഉയരുന്നുണ്ട്. സാമൂഹ്യമാധ്യമങ്ങളിലും വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും ചിത്രത്തിനെതിരെ ഒരേ രീതിയിലുള്ള പ്രതികരണങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നതും ശ്രദ്ധേയമാണ്.
പ്രേക്ഷക പിന്തുണയോടെ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന കാട്ടാളനെതിരെ നടന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍, ബുക്ക്മൈഷോയുടെ ഈ നടപടി വലിയ പ്രാധാന്യത്തോടെയാണ് സിനിമാ ലോകം കാണുന്നത്. യഥാര്‍ഥ പ്രേക്ഷകരുടെ അഭിപ്രായങ്ങളാണ് ഒരു സിനിമയുടെ അന്തിമ വിലയിരുത്തല്‍ നിര്‍ണയിക്കേണ്ടതെന്നും, എല്ലാവരും തിയേറ്ററുകളില്‍ എത്തി കാട്ടാളന്‍ കണ്ട ശേഷം സ്വന്തം അഭിപ്രായം രൂപീകരിക്കണമെന്നും അണിയറ പ്രവര്‍ത്തകര്‍ അഭ്യര്‍ഥിച്ചു.