Image

ഭിന്നതകള്‍ കൂടുതല്‍ രൂക്ഷമാകുന്നു; 'അമ്മ'യെ രക്ഷിക്കാന്‍ മമ്മൂട്ടിയും മോഹന്‍ലാലും വരണമെന്ന് മുറവിളി

എ.എസ് ശ്രീകുമാര്‍ Published on 01 June, 2026
ഭിന്നതകള്‍ കൂടുതല്‍ രൂക്ഷമാകുന്നു; 'അമ്മ'യെ രക്ഷിക്കാന്‍ മമ്മൂട്ടിയും മോഹന്‍ലാലും വരണമെന്ന് മുറവിളി

മലയാള സിനിമാ താരസംഘടനയായ 'അമ്മ' ഇപ്പോള്‍ കടുത്ത ആഭ്യന്തര പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ഭരണസമിതിയിലെ സുതാര്യതയില്ലായ്മ, സാമ്പത്തിക ക്രമക്കേടുകള്‍, അംഗങ്ങള്‍ തമ്മിലുള്ള പരസ്യമായ ആരോപണ-പ്രത്യാരോപണങ്ങള്‍ എന്നിവ സംഘടനയെ പിടിച്ചുകുലുക്കുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മുന്‍നിര താരങ്ങള്‍ നേരത്തെ രാജിവെച്ചിരുന്നു. തുടര്‍ന്ന് ശ്വേതാ മേനോന്‍ പ്രസിഡന്റായി ചുമതലയേറ്റ പുതിയ പുതിയ ഭരണ സമിതിയിലും അസ്വാരസ്യങ്ങള്‍ തുടരുകയാണ്. ശ്വേതയും ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനും തമ്മിലുള്ള മുറുമുറുപ്പുകളും  പ്രസിഡന്റിന്റെ കഴിവില്ലായ്മയും ടിനി ടോമിനെപ്പോലെയുള്ളവരുടെ ധാര്‍ഷ്ട്യവുമൊക്കെയാണ് നല്ല സാമ്പത്തിക ഭദ്രതയുള്ള സംഘടനയെ പിടിച്ചുലയ്ക്കുന്നത്. വനിതാ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ നേതൃത്വത്തിന് സമയമില്ലത്രേ. അതേസമയം, പ്രശ്‌നം പരിഹരിക്കാന്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും അടിയന്തിര ഇടപെടല്‍ അനിവാര്യമാണെന്ന് പരക്കെ അഭിപ്രായമുയര്‍ന്നിട്ടുണ്ട്.  

മലയാള സിനിമാ സംഘടനയുടെ തലപ്പത്ത് വനിതകള്‍ വന്നപ്പോള്‍ അത് വനിതാ ശാക്തീകരണത്തിന്റെ വിപ്ലവകരമായ മുന്നേറ്റമായി വിശേഷിപ്പിക്കപ്പെട്ടെങ്കില്‍ ആ പുകഴ്ത്തലുകള്‍ക്ക് ഇപ്പോള്‍ വിലയില്ലാതായിരിക്കുന്നുവെന്നുവേണം സംഘടനയില്‍ ഇപ്പോള്‍ നടക്കുന്ന പേക്കൂത്തുകളില്‍ നിന്ന് മനസിലാക്കേണ്ടത്. വനിതാ ശാക്തീകരണം ലക്ഷ്യമിട്ടുകൊണ്ടുള്ള പൊളിച്ചതെഴുത്ത് തനിക്ക് പീഢനമായെന്ന തരത്തിലുള്ള 'ദൃശ്യം' ഫെയിം അന്‍സിബ ഹസന്റെ ചില ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ്  സിനിമയില്‍പ്പോലും കാണാത്ത പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. നിലവിലെ ഭരണസമിതി അമ്പേ പരാജയമാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയ നടി മാലാ പാര്‍വതി കടുത്ത വിമര്‍ശനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സാമ്പത്തിക ക്രമക്കേടുകള്‍, അംഗങ്ങള്‍ക്കിടയിലെ വിവേചനം, ആശയവിനിമയത്തിലെ പാളിച്ചകള്‍ എന്നിവ ചൂണ്ടിക്കാട്ടി ഭരണസമിതി രാജിവെക്കണമെന്ന് അവര്‍ പരസ്യമായി ആവശ്യപ്പെടുകയുണ്ടായി.

നടി ആക്രമിക്കപ്പെട്ട കേസ് ഉള്‍പ്പെടെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് മുമ്പും അമ്മ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നുവെങ്കിലും, ഇപ്പോഴത്തെ വിവാദങ്ങള്‍ സംഘടനയുടെ നേതൃത്വത്തിന്റെ പ്രവര്‍ത്തന രീതിയെയും തീരുമാനങ്ങളെയും കുറിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണെന്ന് മാല പാര്‍വതി ചൂണ്ടിക്കാട്ടി. ഇതിനിടെ, നില്‍ക്കക്കള്ളിയില്ലാതെ അമ്മ ജോയിന്റ് സെക്രട്ടറി സ്ഥാനത്തു നിന്ന് രാജി വച്ച നടി അന്‍സിബ ഹസന്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ നടന്‍ ടിനി ടോമിനെതിരെയും എക്‌സിക്യൂട്ടീവ് അംഗമായ ലക്ഷ്മി പ്രിയയ്‌ക്കെതിരെയും ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത് വലിയ ചര്‍ച്ചയായി. ടിനി ടോം  തനിക്കെതിരെ വ്യക്തിഹത്യ നടത്തുകയും വര്‍ഗീയവാദിയെന്ന് വിളിക്കുകയും ചെയ്തുവെന്നാണ് അന്‍സിബ ആരോപിച്ചത്. തന്നെ ജിഹാദിയാക്കി ചിത്രീകരിക്കാന്‍ ശ്രമം നടന്നുവെന്നും അമ്മയില്‍ പരാതിപറഞ്ഞിട്ട് ചര്‍ച്ച ചെയ്തില്ലെന്ന് അന്‍സിബ പറഞ്ഞു.

കുറ്റാരോപിതര്‍ പരാതി കേള്‍ക്കാന്‍ ഇരിക്കുന്ന ഗതികേടാണ് അമ്മയിലെന്നും എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് ഇന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്നും അന്‍സിബ വ്യക്തമാക്കിയിരുന്നു. കൂടാതെ സംഘടനയുടെ വൈസ് പ്രസിഡന്റായ നടി ലക്ഷ്മിപ്രിയ തനിക്കെതിരെ പൊലീസില്‍ വ്യാജ പരാതി നല്‍കിയതായും അവര്‍ ആരോപിച്ചു. എന്നാല്‍ ഈ ആരോപണങ്ങള്‍ ടിനി ടോം നിഷേധിച്ചു. തന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നതെന്നാണ് ടിനിയുടെ പ്രതികരണം. ലക്ഷ്മിപ്രിയയും അമ്മ പ്രസിഡന്റായ ശ്വേത മേനോനും സബ് ഇന്‍സ്‌പെക്ടര്‍ രേഷ്മയും ചേര്‍ന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് അന്‍സിബ ആരോപിക്കുന്നത്. നിയമവിരുദ്ധവും മാനസികമായി വേദനാജനകവുമായ ഒരു സംഭവത്തിന്റെ ഭാഗമായാണ് ഇത് നടന്നതെന്നും അവര്‍ പരാതിയില്‍ പറയുന്നു.

കൂടാതെ, തന്നെ നിയമവിരുദ്ധമായി തടഞ്ഞുവച്ചുവെന്നും, അതിന് കാരണമായ പരാതി വ്യാജമായി സൃഷ്ടിച്ചതാണെന്നും അന്‍സിബ ആരോപിച്ചിട്ടുണ്ട്. ഈ ആരോപണങ്ങളാണ് നിലവില്‍ പൊലീസ് പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചുവരുന്നത്. ഒരു ഘട്ടത്തില്‍ ടിനി ടോം സാമൂഹിക വിപപത്താണെന്ന് ആക്ഷേപിച്ച അന്‍സിബ ഇയാള്‍ക്കെതിരെ തെളിവുകളുണ്ടെന്നും പ്രസിഡന്റ്   ശ്വേത മേനോന്‍ അടക്കം ടിനി ടോമിനെ സംരക്ഷിക്കുന്നെന്നും കുറ്റപ്പെടുത്തി. ലക്ഷ്മി പ്രിയ, ഹില്‍ പാലസ് എസ് .ഐ രേഷ്മ എന്നിവര്‍ക്കെതിരെ അന്‍സിബ തൃക്കാക്കര എ.സി.പിക്ക് മൊഴി മൊഴി നല്‍കിയിട്ടുണ്ട്. നടി നീനാ കുറുപ്പിന്റെ ഒരു പരാതിയില്‍ ടിനി ടോം കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നും തെറിയഭിഷേകം നടത്തിയെന്നും പറഞ്ഞിട്ടുണ്ട്.

അമ്മയിലെ വിവാദ സ്‌പോണ്‍സര്‍ഷിപ്പ് കരാറിനെ എതിര്‍ത്ത് അന്‍സിബ ചോദ്യം ചെയ്തതാണ് ടിനിയെയും കൂട്ടരെയും പ്രകോപിപ്പിച്ചത്. അമ്മ കുടുംബ സംഗമത്തിന്റെ 75 ലക്ഷം രൂപയുടെ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പിന് വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രവുമായി കരാറുണ്ടാക്കിയിരുന്നു. ആരാധനാലയങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിക്കാന്‍ പാടില്ലെന്ന അമ്മയുടെ ബൈലോ ചൂണ്ടിക്കാട്ടിയായിരുന്നു അന്‍സിബ ഇതിനെ എതിര്‍ത്തത്. ക്ഷേത്രം പ്രസിഡന്റ് ടി.ജി നന്ദകുമാറിന്റെയും അമ്മ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്റെയും പേരിലാണ് കരാര്‍. ശ്വേത മേനോന്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടതനുസരിച്ചാണ് സ്‌പോണ്‍സര്‍ഷിപ്പ് നല്‍കിയതെന്ന് ടി.ജി നന്ദകുമാര്‍ എന്ന ദല്ലാള്‍ നന്ദകുമാര്‍ പറയുന്നു. ചാരിറ്റിക്ക് സ്‌പോണ്‍സര്‍ഷിപ്പ് കരാറൊപ്പുവയ്ക്കുന്നതില്‍ തെറ്റില്ലെന്നാണ് ശ്വേതയുടെ നിലപാട്.

നിരവധി പരാതികള്‍, സ്‌പോണ്‍സര്‍ഷിപ്പ് തര്‍ക്കങ്ങള്‍, പീഡനാരോപണങ്ങള്‍, കൈയേറ്റ ശ്രമങ്ങള്‍, അസഭ്യവര്‍ഷങ്ങള്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ അമ്മ സമീപകാല ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ ആഭ്യന്തര പ്രതിസന്ധികളിലൊന്നിനെ നേരിടുകയാണ്. സംഭവവികാസങ്ങളില്‍ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ സംഘടനയിലെ അംഗങ്ങള്‍. അതിനായാണ് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഇടപെടല്‍ വെണമെന്ന് പലരും ആഗ്രഹിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുയര്‍ന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍, ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് 2024 ഓഗസ്റ്റ് 27-നാണ് അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ രാജിവെച്ചത്. അദ്ദേഹത്തോടൊപ്പം 17 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും കൂട്ടത്തോടെ രാജിവെക്കുകയും സംഘടന പിരിച്ചുവിടുകയും ചെയ്തു. ജനറല്‍ സെക്രട്ടറി സിദ്ദിഖിനെതിരെ ഉയര്‍ന്ന ലൈംഗികാതിക്രമ ആരോപണങ്ങളെത്തുടര്‍ന്നുണ്ടായ കടുത്ത വിമര്‍ശനങ്ങളാണ് ഈ തീരുമാനത്തിലേക്ക് നയിച്ചത്. അതിനാല്‍ മോഹന്‍ലാല്‍ ഇതില്‍ ഇടപെടുമെന്ന് തോന്നുന്നില്ല. അമ്മയുടെ ഒരു ഭാരവാഹിത്വത്തിനും നിന്നുകൊടുക്കാത്ത മമ്മൂട്ടിയുടെ കാര്യം പറയുകയും വേണ്ട. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക