
ഇന്ന് ജന്മശതാബ്ദി ദിനമാണ്! 1926 ജൂണ്‍ ഒന്നിന് ജനിച്ച മരിലിന്‍ മണ്‍റോയുടെ 63-ാം ഓര്‍മ്മദിനമാണ് ഈ വരുന്ന (2026) ആഗസ്റ്റ് 04-ന്.
കാറ്റില്‍ ആടിയുയര്‍ന്നുയലുന്ന ആ വൈറ്റ് ഗൗണ്‍, ആ 'വൈറ്റ് ഹാള്‍ട്ടര്‍നെക് ഡ്രസ്' ഒതുക്കിപ്പിടിക്കാനുള്ള ശ്രമത്തില്‍, ചിരിക്കുന്ന മുഖത്തോടെയുള്ള വിശ്വസുന്ദരി മരിലിന്‍ മണ്‍റോയുടെ ആ ബിംബം ഓര്‍മ്മയായി ആറര പതിറ്റാണ്ടു കഴിഞ്ഞിട്ടും ഓര്‍മ്മയില്‍ നിന്നു മറഞ്ഞിട്ടില്ല...
തലമുറകളെ ഹരം കൊള്ളിച്ച ഈ രംഗം 'ദി സെവന്‍ ഇയര്‍ ഇച്ച്' എന്ന ചിത്രത്തിലേതാണ്. 1955-ല്‍ പുറത്തു വന്ന ഈ ചിത്രത്തിലെ ഈ വിഖ്യാത രംഗത്തില്‍ മരിലിന്‍ ധരിച്ച വൈറ്റ് ഫ്രോക്ക്, പാശ്ചാത്യ ഫാഷന്‍ ചരിത്രത്തില്‍, ഇന്നോളമുള്ള ഏറ്റവും മികച്ച/ സൂപ്പര്‍ ഹിറ്റായ വേഷമായി കരുതപ്പെടുന്നു... മണ്‍റോയുടെ ആ ചിത്രം പോപ് സംസ്‌കാരത്തിന്റെ പ്രതീകമായി മാറി.
'യൗവനത്തിന്റെ സ്വാതന്ത്ര്യം അതിരുകളില്ലാതെ ആസ്വദിച്ച താരം... ആരാധകരെ തിയേറ്ററിലേക്ക് ഒഴുകിയെത്തിച്ച താരം...' എന്നെല്ലാം മരിലിന്‍ മണ്‍റോയെപ്പറ്റി പറയപ്പെടുന്നു.
ഹോളിവുഡ് സിനിമയുടെ സുവര്‍ണ്ണകാലത്ത്, 'ജന്റില്‍മെന്‍ പ്രിഫര്‍ ബ്ലോണ്ട്‌സ്' (1953), 'ഹൗ റ്റു മാരി എ മില്യണയര്‍' (1953), 'സെവന്‍ ഇയര്‍ ഇച്ച്' (1955), 'ബസ് സ്റ്റോപ്പ്' (1956), 'സം ലൈക് ഇറ്റ് ഹോട്ട് (1959) തുടങ്ങി ഇവരഭിനയിച്ച മുപ്പതോളം ചിത്രങ്ങളിലൂടെ ഈ 'മാദകതാരം' സൃഷ്ടിച്ച തരംഗങ്ങള്‍ ഇന്നും, ഈ സൈബര്‍യുഗത്തിലും, കെട്ടടങ്ങിയെന്നു പറയാനാകുമോ?
'Marilyn Monroe' എന്ന പേര് മലയാളത്തില്‍ 'മരിലിന്‍ .....' എന്നും 'മര്‍ലിന്‍ ......' എന്നും എഴുതിക്കാണുന്നുണ്ട്.
'ഞാന്‍ നല്ലവളാണ്, പക്ഷേ ഒരു മാലാഖയല്ല. ഞാന്‍ പാപം ചെയ്യുന്നു, പക്ഷേ ഞാന്‍ പിശാചല്ല. ഞാന്‍ സ്‌നേഹിക്കുന്ന ഒരാളെ കണ്ടെത്താന്‍ ശ്രമിക്കുന്ന ഒരു വലിയ ലോകത്തിലെ ഒരു ചെറിയ പെണ്‍കുട്ടി മാത്രമാണ്. ' എന്നാണ് മരിലിന്‍ മണ്‍റോ സ്വയം വിലയിരുത്തിയിട്ടുള്ളത്.

'മരിലിന്‍ മണ്‍റോ'ഇതിഹാസത്തെ റിപ്പോര്‍ട്ടര്‍ ഭാഷയില്‍ ഇങ്ങനെ ചുരുക്കുകയും ചെയ്യാം: 'ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര' വിജയിയായ ഒരു അമേരിക്കന്‍ അഭിനയത്രിയും ഗായികയും മോഡലും പോപ്പ് ഐക്കണും ആയിരുന്നു. തന്റെ വശ്യസൌന്ദര്യത്തിനും ഹാസ്യാഭിനയത്തിനുള്ള കഴിവുകള്‍ക്കും മരിലിന്‍ മണ്‍റോ പ്രശസ്തയായിരുന്നു. 1950-കളിലെയും 1960-കളുടെ ആദ്യപാദത്തിലെയും ഏറ്റവും പ്രശസ്തരായ ചലച്ചിത്ര താരങ്ങളില്‍ ഒരാളായി മരിലിന്‍ മണ്‍റോ.
'മരിലിന്‍ മണ്‍റോ'യുടെ ജന്മനാമം: 'നോര്‍മ ജീന്‍ മോര്‍ട്ടന്‍സണ്‍' 1926 ജൂണ്‍ 1-ന് ജനിച്ചു. അവളുടെ അമ്മ ഗ്ലാഡിസ് പേള്‍ ബേക്കര്‍ ആയിരുന്നു; അവളുടെ പിതാവ് അജ്ഞാതനായിരുന്നു. (പിതാവ് യഥാര്‍ത്ഥത്തില്‍ സ്റ്റാന്‍ലി ഗിഫോര്‍ഡ് എന്ന സിനിമാ സ്റ്റുഡിയോ ജീവനക്കാരനായിരുന്നിരിക്കാം എന്ന് അര്‍ദ്ധ ഔപചാരമായി രേഖപ്പെടുത്ത പെടുന്നു.) പക്ഷേ, അവള്‍ 'നോര്‍മ ജീന്‍ ബേക്കറായി ബാപ്റ്റിസം ചെയ്യപ്പട്ടു. അമ്മ ഗ്ലാഡിസിന് മാനസികാഅസ്വസ്ഥത ഉണ്ടായിരുന്നു; മാനസിക രോഗം മകളുടെ ജനനത്തിനു ശേഷം ഉടലെടുത്തു എന്നും പറയപ്പെടുന്നുണ്ട്.
കുട്ടിക്കാലത്ത് ദത്തു കുടുംബങ്ങളിലാണ് മരിലിന്‍ വളര്‍ന്നത്. മോഡലായി ജീവിതമാരംഭിച്ച മരിലിന് ഇതിലൂടെ 1946-ല്‍ 'ട്വന്റിയത് സെഞ്ച്വറി ഫോക്‌സ്' എന്ന ചലച്ചിത്രനിര്‍മ്മാണക്കമ്പനിയില്‍ നിന്ന് ജോലിക്കവസരം ലഭിച്ചു. ആദ്യകാലത്തെ റോളുകള്‍ ചെറുതായിരുന്നെങ്കിലും 'ദി അസ്ഫാള്‍ട്ട് ജങ്കിള്‍', 'ആള്‍ എബൗട്ട് ഈവ്' (രണ്ടും 1950-ല്‍ പുറത്തിറങ്ങിയത്) ശ്രദ്ധ നേടി. 1952-ല്‍ മരിലിന് ആദ്യമായി നായികാവേഷം ലഭിച്ചു: 'ഡോണ്ട് ബോതര്‍ റ്റു നോക്ക്' എന്ന ചലച്ചിത്രത്തില്‍. 1953-ല്‍ 'നയാഗ്ര' എന്ന ചിത്രത്തില്‍ അഭിനയിച്ചു; ഇതില്‍ പ്രധാനവേഷം ലഭിച്ചു. ഈ ചലച്ചിത്രം മരിലിന്റെ വശ്യതയെ കേന്ദ്രീകരിച്ച ചിത്രമായിരുന്നു. 'സ്വര്‍ണ്ണമുടിയുള്ള പൊട്ടിപ്പെണ്ണ്' ('ബ്ലോണ്ട് മുടിയുള്ള') എന്ന പ്രതിച്ഛായ പിന്നീടുവന്ന ചലച്ചിത്രങ്ങളായ 'ജെന്റില്‍മെന്‍ പ്രിഫര്‍ ബ്ലോണ്ട്‌സ്' (1953), 'ഹൗ റ്റു മാരി എ മില്യണൈര്‍' (1953), ദി 'സെവന്‍ ഇയര്‍ ഇച്ച്' (1955) എന്നീ ചലച്ചിത്രങ്ങള്‍ കാര്യമായി പ്രയോജനപ്പെടുത്തി.
ഒരേ തരം വേഷങ്ങളില്‍ കുടുങ്ങിക്കിടക്കുക യായിരുന്ന മണ്‍റോ ആക്‌റ്റേഴ്‌സ് സ്റ്റുഡിയോയില്‍ നിന്ന് അഭിനയം പഠിച്ചു നിലമെച്ചപ്പെടുത്താന്‍ ശ്രമിച്ചു. തന്റെ അഭിനയ ജീവിതത്തിന്റെ രണ്ടാം പാദത്തില്‍ മരിലിന്‍ മണ്‍റോ കൂടുതല്‍ ഗൌരവമുള്ള കഥാപാത്രങ്ങള്‍ ചെയ്തു തുടങ്ങി. ഇവയില്‍ പലതും വിജയമായിരുന്നു. 'ബസ് സ്റ്റോപ്പ്' (1956) എന്ന ചലച്ചിത്രത്തിലെ അഭിനയം നിരൂപക പ്രശംസയ്ക്ക് പാത്രമാവുകയും ഈ വേഷത്തിന് മരിലിന് ആദ്യത്തെ 'ഗോള്‍ഡണ്‍ ഗ്ലോബ്‌നാമനിര്‍ദ്ദേശം' ലഭിക്കുകയും ചെയ്തു.
1955-ല്‍ 'മരിലിന്‍ മണ്‍റോ പ്രൊഡക്ഷന്‍സ്' എന്ന പേരില്‍ തന്റെ സ്വന്തം സിനിമ കമ്പനി സ്ഥാപിച്ചു. 'ദി പ്രിന്‍സ് ആന്‍ഡ് ദി ഷോഗേള്‍' (1957) എന്ന ചലച്ചിത്രം മരിലിന്‍ മണ്‍റോ പ്രൊഡക്ഷന്‍സ് നിര്‍മിച്ചു. ഇതിലെ അഭിനയത്തിന് മരിലിന് 'ബാഫ്റ്റ' പുരസ്‌കാരത്തിനുള്ള നാമനിര്‍ദ്ദേശവും 'ഡേവിഡ് ഡി ഡോണറ്റല്ലോ' പുരസ്‌കാരവും ലഭിക്കുകയുണ്ടായി. 'സം ലൈക്ക് ഇറ്റ് ഹോട്ട്' (1959) എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മരിലിന് വീണ്ടുമൊരു ഒരു 'ഗോള്‍ഡണ്‍ ഗ്ലോബ് പുരസ്‌കാരം'ലഭിച്ചു. മരിലിന്റെ പൂര്‍ത്തിയായ അവസാന ചലച്ചിത്രം 'ദി മിസ്ഫിറ്റ്‌സ്' (1961) ആയിരുന്നു. ക്ലാര്‍ക്ക് ഗേബിള്‍ആയിരുന്നു ഈ ചിത്രത്തില്‍ മരിലിനോടൊപ്പമഭിനയിച്ചത്. (ആ സമയത്ത് മരിലിന്റെ ഭര്‍ത്താവായിരുന്ന ആര്‍തര്‍ മില്ലറായിരുന്നു ചിത്രത്തിന്റെ തിരക്കഥയെഴുതിയത്.)
മരിലിന്‍ മണ്‍റോയുടെ സ്വകാര്യ ജീവിതം ഈ കഥകളെക്കാള്‍ കൂടുതല്‍ സിനിമാ-സമാനമായിരുന്നു. മരിലിന്‍ മണ്‍റോയുടെ 16-ാം ജന്മദിനത്തിനുശേഷം അധികം അകഴിയാതെ, 1942-ല്‍, അയല്‍വാസിയായ ജിമ്മി ഡൗഗെര്‍ട്ടി എന്ന 21-കാരനെ വിവാഹം കഴിച്ചു. അങ്ങനെ മെര്‍ലിന്‍ ഒരു വീട്ടമ്മയായി; പക്ഷേ, ആ ദമ്പതികള്‍ മാനസികമായി അടുപ്പത്തിലായിരുന്നില്ല, 1943-ല്‍, അവളുടെ ഭര്‍ത്താവ് അമേരിക്കയുടെ സൈന്യത്തിന്റെ ഭാഗമായി യുദ്ധത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിച്ചു; അങ്ങനെ നേവിയില്‍ ചേരാന്‍ പോയി. താമസിയാതെ അവര്‍ ബന്ധം പിരിഞ്ഞു.
1954 ജനുവരിയില്‍ മരിലിന്‍ മണ്‍റോ പ്രശസ്ത ബേസ്‌ബോള്‍ താരം ജോ ഡിമാഗിയോയെ വിവാഹം ചെയ്തു; അവര്‍ 1954 ഒക്ടോബറില്‍ വിവാഹമോചിതരായി.
'ബസ് സ്റ്റോപ്പ്' (1956) എന്ന ചലച്ചിത്രം പുറത്തിറങ്ങിയതിനുശേഷം ലോക പ്രസിദ്ധ നാടകകൃത്ത് ആര്‍തര്‍ മില്ലറിനെ വിവാഹം ചെയ്തു. കല്യാണത്തിന് വേണ്ടി മെരിളിന്‍ ജൂതമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു. രണ്ട് വര്‍ഷത്തോളം മരിലിന്‍ തന്റെ പുതിയ ഭര്‍ത്താവുമൊത്ത് ശാന്തമായി ജീവിച്ചു. ആര്‍തര്‍ മില്ലര്‍ എന്ന പ്രതിഭാശാലിയുടെ പത്‌നി പദത്തില്‍ മെരിളിന്‍ അത്യധികമായി അഭിമാനിക്കുകയും ചെയ്തിരുന്നു.

മെര്‍ളിന്‍ മണ്‍റോയ്ക്കായി ഭര്‍ത്താവ് ആര്‍തര്‍ മില്ലര്‍ എഴുതിയതാണ് 'മിസ്ഫിറ്റ്‌സ്' എന്ന സിനിമയുടെ സ്‌ക്രിപ്റ്റ്. അതിലെ അഭിനയമികവില്‍ അവര്‍ നന്നായിയിരുന്നുവെങ്കിലും, അതിന്റെ ചിത്രീകരണ സമയത്ത് പലപ്പോഴും മെരിളില്‍ മദ്യം, മയക്കു ഗുളികകള്‍ എന്നിവയുടെ സ്വാധീനത്തിലാണ് മുന്നേറിയിരുന്നത്. 1961-ന്റെ തുടക്കത്തില്‍ മെര്‍ളിന്‍ മണ്‍റോയും ആര്‍തര്‍ മില്ലറും വിവാഹമോചിതരായി!
ഈ കാലയളവില്‍ പ്രസിഡന്റ്‌റ്, ജോണ്‍ എഫ്. കെന്നഡി, അദ്ദേഹത്തിന്റെ സഹോദരന്‍ റോബര്‍ട്ട് എഫ്. കെന്നഡി എന്നിവര്‍ ഉള്‍പ്പെടെയുള്ള പലരുടെയും പേരുകള്‍ മരിലിളിനോട് ചേര്‍ത്ത് പല കിംവദന്തികളും ഉയര്‍ന്നു വന്നിരുന്നു.
അവസാനകാലത്ത് തന്റെ ചലച്ചിത്ര ജീവിതത്തിലും സ്വകാര്യ ജീവിതത്തിലും മരിലിന് പലവിധ നിരാശകള്‍ ഏറ്റുവാങ്ങേണ്ടി വന്നു. ദൗര്‍ഭാഗ്യവശാല്‍, 1962-ല്‍ ആഗസ്റ്റ് 4-ന് വെറും 36-ാം വയസ്സില്‍ 'ബാര്‍ബിറ്റിയൂറേറ്റ്‌സ്' മരുന്ന് അമിതമായി ഉള്ളില്‍ ചെന്നതിനാല്‍ അവര്‍ മരിച്ചനിലയില്‍ കാണപ്പെട്ടു.
മരണത്തിന്റെ സാഹചര്യം പല അഭ്യൂഹങ്ങള്‍ക്കും ഗൂഢാലോചനാ കഥകള്‍ക്കും ഹേതുവായി. ഔദ്യോഗികമായി 'ആത്മഹത്യയാകാന്‍ സാദ്ധ്യതയുണ്ട്' എന്നാണ് വര്‍ഗ്ഗീകരിക്കപ്പെട്ടിരുന്നതെങ്കിലും അബദ്ധത്തില്‍ മരുന്ന് അധികമായി കഴിച്ചതോ കൊലപാതകം ചെയ്യപ്പെട്ടതോ ആകാനുള്ള സാദ്ധ്യത തള്ളിക്കളയാന്‍ സാധിക്കുമായിരുന്നില്ല.
1999-ല്‍ മരിലിന്‍ മണ്‍റോയെ അമേരിക്കന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്എക്കാലത്തേയും ആറാമത്തെ മികച്ച വനിതാ ചലച്ചിത്ര താരമായി തിരഞ്ഞെടുക്കുകയുണ്ടായി.
.....................
വാല്‍ക്കഷണങ്ങള്‍:
1.
മരിലിന്‍ മണ്‍റോയുടെ നിര്യാണത്തെക്കുറിച്ച് ഏര്‍നെസ്റ്റോ കാര്‍ഡിനല്‍ മാര്‍ട്ടിനെസ് (1925 - 2020) എന്ന 'നിക്കരാഗോ'ക്കാന്‍ ആയ വിപ്ലവകാരിയും കവിയും കൂടിയായ കത്തോലിക്കാ വൈദികന്‍ ഒരു കവിതയില്‍ ഇങ്ങനെയെഴുതി.
'നക്ഷത്രക്കൂട്ടത്തില്‍ നിന്നും നമ്മള്‍ വരുന്നു;
നമ്മള്‍ നക്ഷത്രങ്ങളിലേയ്ക്ക് തിരിച്ചു പോകും!' എന്റെ വക - 'നക്ഷത്രങ്ങളേ കാവല്‍!' (കടപ്പാട് - പദ്മരാജനോട് )
2.
'Seven years of itch' എന്ന സിനിമയിലെ, തുടക്കത്തില്‍ സൂചിപ്പിച്ച ഉടുപ്പ് ധരിച്ച മാര്‍ലിന്റെ വിഖ്യാതമായ ഒരു ഛായാ ശില്പം /പ്രതിമയുണ്ട്. 'Forever Merlyn എന്ന പേരില്‍ പ്രസിദ്ധമായ ആ ശില്പം രൂപകല്പന ചെയ്തത്
പ്രശസ്ത കലാകാരനായ സിവേര്‍ഡ് / സ്വിവാദ് ജോണ്‍സണ്‍ (Seward Johnson) ജോണ്‍സന്‍ ആണ്. 26 അടി ഉയരവും 1500 കിലോ ഭാരവും ഉള്ള ഈ പ്രതിമ സ്‌റ്റൈന്‍ലസ് സ്റ്റീല്‍- അലുമിനിയം മാദ്ധ്യമത്തില്‍ നിര്‍മിച്ചതാണ്. അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള പാം സ്പ്രിംഗ്‌സ് (Palm Springs) ഡൗണ്‍ടൗണ്‍ പാര്‍ക്കിലാണ് സ്ഥിതി ചെയ്യുന്നത്. 17 ടണ്‍ ഭാരമുള്ള ഈ അലുമിനിയം-സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ ശില്‍പ്പം അവിടെയുള്ള ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്.
ഇതുകൂടാതെ നോര്‍വേയിലെ ഹോഗെസുണ്ട് (Haugesund) നഗരത്തിലും മരിലിന്‍ മണ്‍റോയുടെ ഒരു വെങ്കല പ്രതിമയുണ്ട്. അവരുടെ പൂര്‍വ്വികര്‍ ഈ നഗരത്തില്‍ നിന്നായിരുന്നു കുടിയേറിയത് എന്ന അവകാശവാദത്തിന്റെ അടിസ്ഥാനത്തിലാണ് അവിടെ ശില്‍പി നില്‍സ് ആസ് (Nils Aas) ഒരുക്കിയ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.