Image

കാലഹരണപ്പെടുന്ന മോഷണശൈലികൾ (മോഡസ് ഓപ്പറാണ്ടികൾ) - മധുശാലയിൽ -1: എസ് സുന്ദർദാസ്

Published on 01 June, 2026
കാലഹരണപ്പെടുന്ന മോഷണശൈലികൾ (മോഡസ് ഓപ്പറാണ്ടികൾ) - മധുശാലയിൽ -1: എസ് സുന്ദർദാസ്

സ്ഥിരം മോഷ്ടാക്കളുടെ ഒരു പ്രശ്നമാണിത്. പരിചിതമായ ഒരു മോഷണശൈലിയിൽനിന്ന് അവർക്ക് മാറാനാവില്ല.  പതിവ് ശൈലി പ്രയോഗിക്കാൻ കഴിയാത്ത അവസ്ഥയിൽ അവൻ/അവൾ ഒരു എക്സ്-മോഷ്ടാവായി മാറും.

 

   അപരിചിതരുമായി ചങ്ങാത്തം സ്ഥാപിക്കുവാനും പരസ്പരം
   തുറന്നുപറയുവാനുമുള്ള ഒരു വേദികൂടിയാണ് ബാറുകൾ എന്ന്
   വിളിക്കുന്ന മദ്യശാലകൾ. അരണ്ട വെളിച്ചത്തിൽ,
   എതിരിലിരിക്കുന്ന അപരിചിതൻ ഒരു തുറന്ന പുസ്തകമായി
   തന്റെ ജീവിതം എന്റെ മുന്നിൽ നിവർത്തിവെക്കുന്നു;
   വിസ്മയത്തോടെ ഞാനത് വായിക്കുന്നു. അത്തരക്കാരിൽ ചിലരെ
   വീണ്ടും പതിവ് മദ്യശാലകളിൽ കണ്ടുമുട്ടുന്നു. ഒരു
   തുടർക്കഥപോലെ വീണ്ടും അവരുടെ ജീവിതത്തിന്റെ പുതിയ
   അദ്ധ്യായങ്ങൾ. കൊച്ചിയിലെയും ചെന്നൈയിലെയും
   മദ്യശാലകളിലെ അനുഭവങ്ങളാണ് ഇവയിലേറെയും. ചെന്നൈയിലെ
   തിരക്കേറിയ അനധികൃത ബാറുകളിൽപോലും (അവ മിക്കതും
   രാഷ്ട്രീയക്കാർ നടത്തുന്നവയോ അവരുടെ ഒത്താശയോടെ
   നടത്തപ്പെടുന്നവയോ ആണ്) ഇത്തരം ‘അഭിമുഖങ്ങൾ’
   സാധ്യമായിട്ടുണ്ട്. അത്തരം മദ്യശാലകളുടെ പുറത്ത് കുടിയന്മാരെ
   ഉദ്ദേശിച്ച് ചെറിയ കടകൾ നടത്തുന്നവരിൽ ചിലരും ഈ
   കുറിപ്പുകളിലെ കഥാപാത്രങ്ങളാണ്. അവയിൽ ചിലതാണ് ഇവിടെ
   പങ്കുവെയ്ക്കുന്നത്....

   കാലഹരണപ്പെടുന്ന മോഷണശൈലികൾ (മോഡസ്
   ഓപ്പറാണ്ടികൾ)

   കോവിഡ് ";അവധി"കഴിഞ്ഞ് ബാറുകൾ വീണ്ടും തുറന്ന കാലം.
   ഞാൻ കടുത്ത ഉച്ച വെയിലിൽ ആശ്വാസത്തിനായി ഒരു ബിയർ
   കഴിക്കാൻ ബാറിൽ കയറിയതാണ്. കൗണ്ടറിൽ അധികം പേര്
   ഇല്ലാത്തതിനാൽ അവിടെ നിന്നുതന്നെ ബിയർ കഴിക്കുകയാണ്.
   അപരിചിതന്മാരുമായി അതിവേഗം പരിചയം
   കോർത്തെടുക്കാവുന്ന ഒരിടമാണ് ബാർ കൗണ്ടറുകൾ. തൊട്ടടുത്ത്
   റം ഗ്ലാസ്സുമായി നിൽക്കുന്ന മധ്യവയസ്‌കൻ ഒന്നുരണ്ടുതവണ
   എന്നെ നോക്കി ചെറുതായൊന്ന് ചിരിച്ചു. ഞാൻ അത്
   അവഗണിച്ച്‌ കൊണ്ട് വീണ്ടും ഗ്ലാസ്സിൽ ബിയർ നിറച്ചു. പക്ഷെ,
   അയാൾ വിടാൻ ഭാവമില്ല. എന്റെ അടുത്തേക്ക് നീങ്ങി അയാൾ
   ചോദിച്ചു ;"കണ്ട പരിചയം തോന്നുന്നു"
   "ഇവിടെ വെച്ചുതന്നെയാവും"; ഞാൻ പറഞ്ഞു. ഒരു ചെറിയ
   മൗനത്തിനുശേഷം അയാൾ"എന്തുചെയ്യുന്നു?""ബിസിനസ് ആണ്
   എന്ന് ഞാൻ കളവ് പറഞ്ഞു. പത്രപ്രവർത്തകൻ എന്ന്
   പറഞ്ഞാൽ എവിടെ, ഏത് പത്രത്തിൽ എന്നിങ്ങനെ പല
   ഉപചോദ്യങ്ങളും വരും. "നിങ്ങളോ?"എന്ന് ഞാൻ
   തിരിച്ചുചോദിച്ചു. " പോക്കറ്റടിക്കാരനായിരുന്നു,സാർ"; എന്നെ
   ഞെട്ടിക്കും വിധം സാധാരണമട്ടിൽ അയാൾ മറുപടി നൽകി. എന്താ,
   അതൊരു ജോലിയല്ലേ എന്ന ഭാവത്തിൽ ഒരു
   പരിഹാസച്ചിരിയോടെ അയാൾ എന്നെ നോക്കി. ഗ്ലാസ്സിൽ ഒരു
   പെഗ് റം കൂടി ഒഴിച്ച് അയാൾ ഒന്നുകൂടി എന്റെ അടുത്തേക്ക്
   നീങ്ങി നിന്നു. പകച്ചുനിന്ന എന്നെ നോക്കി അയാൾ പറഞ്ഞു:"
   സാർ പേടിക്കേണ്ട. ഇവിടെ നിന്ന് സാറിന്റെ പോക്കറ്റൊന്നും
   അടിച്ചുമാറ്റില്ല. ബസ്സിലായിരുന്നു എന്റെ പോക്കറ്റടി. "; അയാളുടെ
   മോഡസ് ഓപ്പറാണ്ടി അഥവാ മോഷണ ശൈലി തിരക്കേറിയ
   ബസിൽ കയറി പോക്കറ്റടിക്കുക എന്നതായിരുന്നു. നഗരത്തിലെ
   തിരക്കേറിയ ബസ്സുകളിൽ ഇരകളെ കണ്ടെത്തും. മാസത്തിലെ
   ആദ്യദിനങ്ങളിൽ പെൻഷനും ശമ്പളവും വാങ്ങി പോക്കറ്റിലിട്ട്
   വീട്ടിലേക്ക് മടങ്ങുന്നവരായിരുന്നു പ്രധാന ഇരകൾ. പെൻഷൻ
   തുകയും പോക്കറ്റിലിട്ട് യാത്രചെയ്യുന്ന വയസ്സന്മാരെയാകും അധികം
   നോട്ടമിടുക. എന്നാൽ ഇപ്പോൾ അതിന് സാധ്യതയില്ല. പെൻഷനും
   ശമ്പളവുമൊക്കെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് വന്നെത്തും.
   "ഇതിനിടക്കാണല്ലോ കോവിഡിന്റെ വരവ്. ഏറെ കാലം
   ബസ്സുകൾ തന്നെ ഓടാതായി. "കോവിഡ് കൊണ്ട് അങ്ങനെ ഒരു
   ഗുണമോ ദോഷമോ ഉണ്ടായി.പോക്കറ്റടി നിലച്ചു. ബസിൽ
   അല്ലെങ്കിൽ ആൾത്തിരക്കുള്ള ഇടങ്ങളാണ് പോക്കറ്റടിക്കാർക്ക്
   വേണ്ടത്. കോവിഡ് കാലത്ത് നാലാൾ കൂട്ടുന്നതുതന്നെ
   നിരോധിച്ചില്ലോ. പിന്നെ എന്തുചെയ്യാൻ. പോക്കറ്റടിക്കാർ
   മാത്രമല്ല വഴിയാധാരമായത്. എനിക്ക് അറിയാവുന്ന ഒരു തമിഴ്
   സ്ത്രീ ഇവിടെ ഉണ്ടായിരുന്നു. അവരുടെ മോഷണം കല്യാണ
   മണ്ഡപങ്ങളിലായിരുന്നു. നല്ല  വേഷം ധരിച്ച് വരന്റേയോ
   വധുവിന്റെയോ ആളെന്നപോലെ അവിടെ ചെല്ലും.സൂത്രത്തിൽ
   ചെറിയ കുട്ടികളുടെ കമ്മലുകളോ മാലകളോ കവർന്ന സ്ഥലം
   വിടും. കോവിഡ് കാലത്ത് കല്യാണമണ്ഡപങ്ങളിൽ
   ആൾക്കൂട്ടമില്ലാതായി. ഒരു കല്യാണ ചടങ്ങിന് ഇരുപതാൾ
   അല്ലെങ്കിൽ അമ്പതാൾ എന്നൊക്കെ നിയന്ത്രണം വന്നു. അതോടെ
   ആ സ്ത്രീയുടെ ഗതിമുട്ടി. ഇപ്പോൾ അവരെ ഇവിടെയെങ്ങും
   കാണാനില്ല. നാട്ടിലേക്ക് തിരിച്ചുപോയിക്കാണും. "
   കോവിഡ് കാലം മോഷണകലയെ ഇങ്ങനെയൊക്കെ ബാധിച്ചു
   എന്നത് എനിക്ക് ഒരു പുതിയ അറിവായിരുന്നു. സ്ഥിരം
   മോഷ്ടാക്കളുടെ ഒരു പ്രശ്നമാണിത്. പരിചിതമായ ഒരു മോഷണ
   ശൈലിയിൽനിന്ന് അവർക്ക് മാറാനാവില്ല.


   എന്റെ സ്‌കൂൾ കാലത്ത് ഒരു കൊച്ച്‌ മോഷ്ടാവായ സഹപാഠി
   എനിക്കുണ്ടായിരുന്നു. തേങ്ങാ മാത്രമാണ് അവൻ മോഷ്ടിക്കുക.
   പത്തുപന്ത്രണ്ട് വയസ്സേയുള്ളുവെങ്കിലും ഏത് തെങ്ങിലും
   വലിഞ്ഞുകയറി തേങ്ങയിടും. അത് വിറ്റ് ചായകുടിക്കും
   ;സിനിമകാണും. നൂറു രൂപ അരികിൽ വെച്ചുകൊടുത്താൽപ്പോലും
   അവൻ തൊടില്ല. തെങ്ങിലെ തേങ്ങയിൽ മാത്രമാണ് അവന്റെ കണ്ണ്.
   ഒരിക്കൽ ഞാൻ വൈകുന്നേരം സ്‌കൂളിൽനിന്ന് മടങ്ങുമ്പോൾ ഒരു
   തേങ്ങാക്കുലയും തലയിൽ ചുമന്ന് അവൻ ഒരു
   പോലീസുകാരന്റെ പിന്നാലെ പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്.
   മോഷണശൈലിയാണ് ഒരു കള്ളന്റെ ശക്തിയും ദൗർബല്യവും.
   പതിവുരീതിയില്നിന്ന് മാറി മറ്റൊരു ശ്രമം നടത്തിയാല്‍ 
   മിക്കവാറും അവൻ പിടിയിലാകും. പതിവ് ശൈലി
   പ്രയോഗിക്കാൻ കഴിയാത്ത അവസ്ഥയിൽ അവൻ/അവൾ ഒരു
   എക്സ്-മോഷ്ടാവായി മാറും. പോലീസുകാരനായിരുന്ന എന്റെ
   അമ്മാവൻ പറഞ്ഞ ഒരു മോഷ്ടാവിന്റെ കാര്യം ഓർമ്മവരുന്നു.
   രാത്രിയിൽ ഓടുപൊളിച്ച് വീട്ടിനുള്ളിൽ കടന്ന് മോഷണം
   നടത്തുകയായിരുന്നു അയാളുടെ രീതി. ഞങ്ങളുടെ നാട് ഗൾഫുകാർ
   ധാരാളമുള്ള നാടായിരുന്നതിനാൽ ഓടുവീടുകളെല്ലാം കുറഞ്ഞൊരു
   കാലംകൊണ്ട് ടെറസ്സ് വീടുകളാണ്. അതോടെ ആ മോഷ്ടാവിന്റെ
   ഗതി മുട്ടിയെന്ന് പറഞ്ഞാൽ മതിയല്ലോ. അമ്മാവൻ പറഞ്ഞ് ജെ
   ഒരു തുരപ്പൻ ഗോപാലൻ എന്ന മോഷ്ടാവിന്റെ കഥയും
   ഓർമ്മവരുന്നു. വീടിന്റെ ചുമർ അഥവാ ഭിത്തി തുരന്നാണ്
   അവൻ അകത്ത് കയറുക. ഒരിക്കൽ അടുത്തുള്ള ഒരു മനയിൽ
   അവൻ രാത്രി മോഷണത്തിന് ചെന്നു. ഭിത്തി തുരക്കാൻ തുടങ്ങി.
   കുറച്ഛ്സുതുറന്നപ്പോൾ മണൽ വന്നുവീഴാൻ തുടങ്ങി. തുരപ്പൻ
   മാരെ നേരിടാൻ ഇരട്ടഭിത്തികെട്ടി ഇടയിൽ മണൽ
   നിറച്ചതായിരുന്നു. നേരം പോയതറിയാതെ അയാൾ മണൽ
   മാന്തിക്കൊണ്ട് ഇരുന്നുവത്രെ. ഒടുവിൽ പുലർന്നപ്പോൾ വീട്ടുകാർ
   അയാളെ പിടികൂടി.
   ബാർ മിത്രമായ പോക്കറ്റടിക്കാരന്റെ കഥകേട്ടുകൊണ്ട് ഞാൻ ഒരു
   ബിയർകൂടി തുറന്നു. അയാൾ പോക്കറ്റടിയുടെ തന്ത്രങ്ങളും
   പാളിച്ചകളും വിവരിക്കുകയാണ്. അതിൽ അയാളുടെ
   കരവിരുതിന്റെ വീരസ്യമെന്നപോലെ ഒരു കുമ്പസാരത്തിന്റെ
   നൊമ്പരവും ഉണ്ടായിരുന്നുവെന്ന് തോന്നുന്നു. ഒടുവിൽ കോവിഡ്
   വേണ്ടിവന്നു അയാളെ വീണ്ടെടുക്കാൻ. ബസ്സും
   ആൾക്കൂട്ടവുമില്ലാത്ത ആ കാലത്ത് എന്ത് പോക്കറ്റടി? അയാൾ
   പട്ടിണി കിടന്നിരിക്കും,തീർച്ച. എല്ലാം കേട്ടുകൊണ്ടിരുന്ന എന്നോട്
   അയാള്‍  ചോദിച്ചു.: എന്താ ആലോചിക്കുന്നത്?"അപ്പോൾ നിങ്ങൾ
   എങ്ങനെയാണ് ആൻ ജീവിച്ചത്?" ഞാൻ ജിജ്ഞാസയോടെ
   ചോദിച്ചു: ";ഞാൻ ഒരു പെയ്ന്റർ ആണ് സാറേ."
   "ഓ അത് ശരി, കെട്ടിടങ്ങളുടെ പെയ്ന്റിംഗ് ജോലിക്ക്
   പോകുമായിരുന്നു,അല്ലേ?"
   "അല്ലാസാർ, ഞാൻ ഒരു ആർട്ടിസ്റ് ആണ്. ചിത്രങ്ങൾ വരച്ച്
   വിൽക്കും." ചിരിച്ചുകൊണ്ട് അയാൾ കൗണ്ടറിൽ
   അടുക്കിവെച്ചിരുന്ന ടിഷ്യു പേപ്പറുകളിൽ ഒന്നെടുന്നു.
   ചോദിക്കാതെതന്നെ എന്റെ പോക്കറ്റിലെ പേന വലിച്ചെടുത്ത് ആ
   കടലാസ്സിൽ എന്തോ കോറിവരച്ച് എനിക്ക് നേരെ നീട്ടി. ഞാൻ
   നോക്കുമ്പോൾ ക്രൂശിതനായ ക്രിസ്തുവിന്റെ രൂപം! ഓ, നിങ്ങൾ
   ഹിന്ദുവാണല്ലേ എന്നുപറഞ്ഞ് അയാൾ ആ കടലാസ്
   തിരിച്ചുവാങ്ങി മറുപുറത്ത് ഒരു നിമിഷം കൊണ്ട് മറ്റൊരു ചിത്രം
   കോറിയിട്ട് തിരിച്ചുതന്നു. ഒരു ഗണപതി രൂപം. ഞാൻ അമ്പരന്ന്
   അയാളെ നോക്കി.
   പേന എന്റെ പോക്കറ്റിൽ തിരികെ വെച്ച് ഒന്നും പറയാതെ
   അയാൾ പുറത്തേക്ക് നടന്നു. എന്തോ ചോദിക്കാൻ മറന്നപോലെ
   ഞാൻ അയാളുടെ പിറകെ ചെന്നു. ബാറിന്റെ വാതിൽക്കൽ
   എന്തതിയപ്പോൾ ഞാൻ കണ്ടു, കത്തുന്ന വെയിലിൽ ഇരു
   കൈകളും വീശി അയാൾ നടന്നുപോകുന്നു.
   -

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക