Image

ബലി (ചെറുകഥ: അജയകുമാർ)

Published on 01 June, 2026
 ബലി (ചെറുകഥ:  അജയകുമാർ)

വടക്കു കിഴക്കൻ പ്രദേശങ്ങളിലേക്ക് ഞങ്ങൾ യാത്രയ്ക്കു പോയിരുന്നത് എട്ടു പേരെങ്കിലും അടങ്ങുന്ന ഒരു സംഘമായിട്ടായിരുന്നു. ഇത്തവണയാകട്ടേ ഞാൻ ഒററയ്ക്കു പോകാൻ തീരുമാനിക്കുകയായിരുന്നു. സംഘടനയിൽ ഒന്നിച്ചു പ്രവർത്തിച്ചവനും യാത്രാ സംഘത്തിലെ തലവനും നാട്ടുകാരനുമാണ്‌ ആർ കെ നായരെങ്കിലും കഴിഞ്ഞ ദിവസം കണ്ടപ്പോൾ യാത്ര പോകുന്ന വിവരം ഞാൻ ഒളിച്ചുവച്ചത് അയാൾക്ക് ഒരു സംശയവും തോന്നാത്ത വിധം വളരെ ശ്രദ്ധയോടെയായിരുന്നു. പെൻഷൻകാരുടെ സംഘടനായോഗത്തിൽ പങ്കടുക്കാത്തതെന്തെന്ന് ചോദിച്ചു വന്നതായിരുന്നു അയാൾ. വണ്ടിപ്പെരിയാറിൽ ആർ കെ യുടെ പുരയിടത്തിനു തൊട്ടുള്ള കുന്ന് മലയിടിച്ചിലിൽ ഒലിച്ചു വീണു നിരന്നു പോയതും അതിൽ പെട്ട മൂന്നു മരങ്ങൾ ലാഭത്തിനു വാങ്ങി അറക്കാൻ കൊടുത്തതും ആർ.കെ അറിയിച്ചു. കുന്നിടിഞ്ഞുവീഴുന്ന ദൃശ്യം മൊബൈലിൽ ആർ.കെ കാണിച്ചു തന്നു. വീട്ടിലാകട്ടേ ഹോം തീയറ്ററിൽ കുട്ടികൾ അതു കാണിക്കുന്നു. "അസ്സൽ ശബ്ദവിന്യാസവും ഷാർപ്പായ കാഴ്ചയും. ക്യാമറയെ അങ്ങനെതന്നെ നിറുത്തിയിട്ടുള്ള മണികൗൾ സിനിമകളിലേതു പോലെ.." അയാൾ പറഞ്ഞു.
1970 കളുടെ അവസാനം ആർ കെ എനിക്കു് മണികൗൾ സിനിമകൾ കാണിച്ചു തന്നിരുന്നു. അതേ ആവേശത്തിൽ ഇപ്പോഴും ഹോം തീയറ്ററുണ്ടാക്കി സിനിമകൾ കാണിച്ചു തരുന്നു. മക്കളെയും ചെറുമക്കളെയും കാണിക്കുന്നു. മണ്ണിടിച്ചിൽ വാർത്ത വന്ന ഭാഗം ടിവിയിൽ നിന്ന് ഐടി ഇഞ്ചിനീറായ അയാളുടെ മകൻ എഡിറ്റു ചെയ്ത് പ്രൊജക്ടറിലൂടെ കാണിച്ചു കൊടുക്കുകയായിരുന്നു. ഒലിച്ചു വരുന്ന മൂന്നു മരങ്ങളുടെ തടിവണ്ണം, നീളം ശാഖകൾ, തുടങ്ങിയവയെ കുറിച്ചുള്ള ഏകദേശ ധാരണ അങ്ങനെ കിട്ടിക്കഴിഞ്ഞു. മരങ്ങളാകട്ടേ അയണിയും പ്ലാവും മഹാഗണിയുമായിരുന്നു. ആ മരങ്ങളുടെ ഇലകളും ശിഖരങ്ങളും പടിപടിയായി മുറിക്കുന്നതു ഷൂട്ട് ചെയ്തു പ്രൊജക്ടർ വഴി ആർ കെ തുടർച്ചയായി  കണ്ടു കൊണ്ടിരിക്കുന്നതും മറ്റുള്ളവരെ കാണാൻ പ്രേരിപ്പിക്കുന്നതും എന്തിനാണെന്ന് എനിക്കൊട്ടും മനസിലായില്ല. ആഷാഡ് കാ ഏക്‌ ദിന്‍  , കാഞ്ചനസീത തുടങ്ങിയ സിനിമകളോടുള്ള അതേ താത്പര്യത്തിലാണ് ഇവയും അയാൾ ആസ്വദിക്കുന്നത്.
മുതിർന്നവരും പെൻഷൻ പറ്റിയ ഞങ്ങളിൽ ചിലരും ചേർന്നു കുറേ വർഷങ്ങളായി തുടരുന്ന യാത്രകൾ വളരെ പ്രയോജനകരമായിരുന്നുവെങ്കിലും അലോസരപ്പെടുത്തുന്നതും ഒറ്റപ്പെടുത്തുന്നതുമായ അനുഭവങ്ങൾ എനിക്കേറെയുണ്ടായി.
ആരോടും ഒന്നു സൂചിപ്പിക്കുക പോലും ചെയ്യാതെയിങ്ങനെ ഒരു യാത്ര വേണ്ടിയിരുന്നോ എന്ന് ഭാര്യ ചോദിച്ചപ്പോൾ ഈ യാത്ര തികച്ചും വ്യക്തിപരമാണ് മറ്റു പല സുഹൃത്തുക്കളെയും കാണണം ,ഒരു വിനോദസഞ്ചാരസംഘത്തിൽ അതു നടക്കില്ല എന്നു പറഞ്ഞു ഒഴിഞ്ഞുമാറി.
ഛത്തീസ് ഗഡിലെ റായ്പൂർ ജില്ലയിൽ പെടുന്ന രാജിം എന്ന സ്ഥലത്തെ മൂന്നു നദികൾ ചേരുന്നിടത്തു് പോയി രണ്ടു ദിവസം താമസിക്കുകയായിരുന്നു ആദ്യത്തെ പരിപാടി. പിന്നീട് ബസ്തർ ,വിശാഖപട്ടണം , ശ്രീകാകുളം , രാജമുൻട്രി വഴി തിരികെ എത്തുക.
വിശാഖപട്ടണത്തുനിന് ബിലാസ്പൂരിലേക്കു പോകുന്ന സാധാരണ ട്രെയിൻ നിറയെ വിനോദസഞ്ചാരികൾ നിറഞ്ഞിരിക്കുന്നു. അഞ്ചു വർഷം മുൻപ് യാത്ര ചെയ്തിരുന്നത് നാട്ടുകാരും അവരുടെ ചെറുകൃഷിയുൽപന്നങ്ങളും വീട്ടുമൃഗങ്ങളുമായിരുന്നു. ഈയൊരു വ്യത്യാസം ആലോചിച്ചിരിക്കെ യാത്ര ഇങ്ങനെ ഒറ്റയ്ക്കാകണമെന്ന് തീരുമാനിച്ച സന്ദർഭം ഏതെന്നോ എന്തിനാണെന്നോ ഞാൻ പരതി നോക്കി. എന്തിനായിരുന്നു ? ഒരുത്തരവും കിട്ടുന്നില്ല. തിരിച്ചെത്തുമ്പോൾ ആർ.കെ യോടും മറ്റു പെൻഷൻസംഘ സുഹൃത്തുക്കളോടും എന്തെങ്കിലും കള്ളം പറയേണ്ടിവരും.
നഗരമല്ലാത്ത വാഹനശല്യമില്ലാത്ത ഒരു പ്രദേശത്തു് കുറേ ദിവസങ്ങൾ ചെലവഴിക്കണമെന്ന ആഗ്രഹം ഒരു മുതിർന്ന പൗരൻ എന്ന നിലയിലെങ്കിലും മറ്റുള്ളവർ സമ്മതിച്ചു തരേണ്ടതാണ്. മുതിർന്ന പൗരന്മാരോ വൃദ്ധൻമാരോ ആയവർ മുൻകാലങ്ങളിൽ കാശിക്കു പോകാറുള്ളതു് ഇങ്ങനെയുള്ള യാത്രാഭിനിവേശം കാരണമായിരുന്നോ? ആയിരിക്കാൻ സാദ്ധ്യതയില്ല.അന്നൊക്കെ വൃദ്ധരാകുമ്പോൾ മിക്കവരും അനാഥരാകുമായിരുന്നു. വരുമാനങ്ങളെന്നുമില്ലാതെ ജീവിതം വഴിമുട്ടുമ്പോൾ പുണ്യസ്ഥലം എന്നത് ഒരു ഷെൽട്ടറായി മാറും. കാശിക്കു പോകുന്നവരെ ആരും തിരിച്ചു വിളിക്കരുതെന്നുമുണ്ടായിരുന്നു. അല്പം വസ്ത്രങ്ങളുടെ ഒരു ഭാണ്ഡവുമായി അവർ സ്വയം പോവുകയാണ്, അല്ലെങ്കിൽ അവരെ പറഞ്ഞു വിടുകയാണ്. തമിഴ് നാട്ടിലൊരു ഗ്രാമത്തിലാകട്ടെ ഒരു പ്രായം കഴിഞ്ഞാൽ വൃദ്ധരെ ഇളനീരില്‍ കുളിപ്പിച്ചു കുളിപ്പിച്ചു  സമാധിയാക്കുന്ന ഒരു  ചടങ്ങുണ്ടു്. ഇതും സാമൂഹ്യമായി മനുഷ്യർ ഏറെറടുക്കുന്ന സന്നദ്ധ സേവനമാകുന്നു.
ട്രൈയിനിൽ യാത്ര ചെയ്യുന്ന മറ്റു വൃദ്ധരെ കാണുമ്പോൾ, അവരുടെ പ്രതീക്ഷ നഷ്ടപ്പെടാത്ത മുഖവും പ്രസരിപ്പും കാണുമ്പോൾ എന്‍റെ ഈ ചിന്തകളെല്ലാം സമയം പാഴാക്കിക്കളയാനേ ഉപകരിക്കുകയുള്ളൂയെന്ന് ഞാൻ തിരിച്ചറിഞ്ഞു. എന്നേക്കാള്‍ പ്രായം കൂടിയ അവരൊക്കെ എത്ര നിസ്സാരമായി ജീവിതത്തെ നോക്കി ഓടി നടക്കുകയും സംസാരിക്കുകയും ചുറ്റുപാടുകളുമായി ഇടപെടുകയും ചെയ്യുന്നു. അതു കാണുമ്പോൾ ഉണ്ടാകുന്ന ആത്മ വിശ്വാസം തന്നെയാണ് ഈ യാത്രയുടെ ഫലം.

വര :പി ജി ദിനേഷ്

റായ്പൂർ സ്റ്റേഷനിലിറങ്ങി മുറിയെടുത്തു കുളി കഴിഞ്ഞയുടൻതന്നെ ഒരു ചെറു സഞ്ചിയിൽ ഫോണും ഒരു തോർത്തുമിട്ട് ഘടിചവുക്കു വഴി നടന്ന് പണ്ടിരി പഴയ ബസ്റ്റാന്റിൽ ചെന്ന് നേരേ രാജിമിലേക്കുള്ള ബസിൽ കയറി. നേരം നന്നായി വെളുക്കാത്തതു കൊണ്ടാണോ രജിമിലെ ക്ഷേത്രത്തിൽ വിശേഷ ദിവസമൊന്നുമല്ലാത്തതിനാലാണോ ബസിൽ യാത്രക്കാർ കുറവായിരുന്നു. രജിം എന്ന ചെറുപട്ടണത്തിലുള്ള രാജീവ് ലോചൻ ക്ഷേത്രവും സമീപത്തെ ത്രിവേണി സംഗമ നദിയുമാണ് അവിടത്തെ ആകർഷക കാഴ്ച. ആഷ, മഹാനദി, സന്തൂർ എന്നീ മൂന്നു നദികൾ വന്നു ചേരുന്ന സംഗമ സ്ഥാനത്തു് ജലമദ്ധ്യത്തിൽ പഞ്ചമുഖകുലേശർ എന്നൊരു ക്ഷേത്രവുമുണ്ടു്. നീണ്ടു പരന്നൊഴുകുന്ന നദി മുറിച്ച് കടന്നു പോകേണ്ടതിനാൽ ആ ക്ഷേത്രത്തിലേക്ക് പ്രത്യേക പൂജകൾക്കല്ലാതെ ആൾക്കാർ പോകാറില്ല. പരന്നൊഴുകുന്ന താഴ്ചയില്ലാത്ത വെള്ളത്തിലൂടെ നടന്നും വേണമെങ്കിൽ നീന്തിയും പോകാം. കഴിഞ്ഞ തവണ രജിം വരെ വന്നു കരയ്ക്കുനിന്ന് തൃവേണീ സംഗമം നോക്കി തിരിച്ചു പോകാൻ തീരുമാനിച്ചപ്പോൾ ഇത്രയും ദൂരം യാത്ര ചെയ്തു വന്ന സ്ഥിതിക്ക് സംഗമസ്ഥാനം വരെയെങ്കിലും വെള്ളത്തിലൂടെ നടന്നു ചെന്ന് തിരിച്ചു വരാമെന്ന എന്റെ അപേക്ഷ ഭൂരിപക്ഷം പേരും നിരാകരിച്ചു. അനന്തമായി നീണ്ടു പരന്നു കിടക്കുന്ന അതിർത്തി പോലും കാണാൻ കഴിയത്ത നദിയിൽ ഒരു ക്ഷേത്രമുണ്ടെന്നും അവിടം വരെ നടന്നു പോകാമെന്നുമൊക്കെ പറയുന്നത് അല്പം കടന്ന ചിന്തയാണെന്നായിരുന്നു പൊതുധാരണ. കൂട്ടത്തിൽ പ്രായമായവരെക്കാൾ എതിർപ് താരതമ്യേന ചെറുപ്പക്കാരായവർക്കായിരുന്നു. അവർ പറഞ്ഞു: നിങ്ങൾക്കൊക്കെ ഇനിയൊന്നും നഷ്ടപ്പെടാനില്ല മക്കളുടെയൊക്കെ കാര്യം കഴിഞ്ഞു, ജോലിയായി, വിവാഹം കഴിഞ്ഞു. ഒഴുക്കിൽ പെട്ടു പോയാലും താഴ്ചയിൽ പൂന്തിപ്പോയാലും കുഴപ്പമില്ല. പക്ഷേ ഇവിടെ നിന്ന് മൃതദേഹം കൊണ്ടുപോകാനും അടക്കാനും, പോലീസ് വെരിഫിക്കേഷനുമൊക്കെ ഞങ്ങളുണ്ടാകുമെന്നു ധരിച്ചാണോ? പകുതി തമാശയായും പകുതി ഗൗരവത്തിലും ഒരാൾ ചോദിച്ചു. ആ ചോദ്യത്തോടെ കാലു നനച്ച് പുഴ കടക്കാൻ നിന്നവർ പോലും പിൻവലിഞ്ഞു. ആരുമായും ഇനിയൊരു യാത്രയ്ക്ക് ഞാനില്ല എന്ന് അപ്പോൾ തന്നെ തീരുമാനമെടുത്തതാണ്. ഇത്രയും അരസികൻമാരായ കൂട്ടരുമായി ഒരു ചെറുയാത്ര പോലും നടത്തുന്നതു ശരിയല്ല എന്ന് തോന്നിത്തുടങ്ങിയാട്ട് കുറേ നാളായിയെങ്കിലും പണ്ടുതൊട്ടേയുള്ള ചങ്ങാത്തം കാരണം എല്ലാവർഷവും യാത്രയ്ക്കു ചേർന്നുപോകുന്നുവെന്നു മാത്രം.
യാത്ര ചെയ്യുമ്പോൾ തന്നെ അവർ പലതരം പണികളിൽ വ്യാപൃതരായിരിക്കും. മൊബൈൽ ഫോൺ വഴി സ്വന്തം ഓഫീസുകൾ, ജീവനക്കാർ, വിശ്വസ്തർ, ശത്രുക്കൾ, കുടുംബാംഗങ്ങൾ തുടങ്ങിയവരുമായും സമ്പർക്കത്തിലേർപെടുകയും ചലിപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യും. ഇടയ്ക്ക് ഒരനുഷ്ടാനം പോലെ മൊബൈൽ ഫോട്ടോയെടുക്കുകയും അതേ സമയം മറ്റെന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുകയും ചെയ്യും. രാമഭദ്രനാകട്ടേ ഒരു ചെറുപുഞ്ചിരിയുമായി എപ്പോഴും മൊബൈൽ വഴി ഷെയർ ഇൻവെസ്റ്റ്മെന്റുകൾ മാറ്റുകയും നടത്തുകയും ലാഭവിഹിതം കണക്കുകൂട്ടുകയും ചെയ്തുകൊണ്ടിരിക്കും, കൂട്ടത്തിൽ ഏറ്റവും ശാന്തനായ അയാൾ ഇടയ്ക്കിടെ ഊറിച്ചിരിക്കുന്നതും കാണാം. പണം അങ്ങോട്ടുമിങ്ങോട്ടും മാറ്റിയും മറിച്ചുമിരിക്കുമ്പോൾ ലാഭം കിട്ടുന്ന സമയത്താണ് ഭദ്രൻ ഊറിചിരിക്കുന്നതെന്ന് ആർകെ പറയും. എല്ലാ രീതിയിലും ഭദ്രനാണ് ഭേദമെന്ന് എനിക്കു തോന്നിയിട്ടുണ്ട്. അയാൾ ആരുമായും ഇടപാടുകൾ നടത്തുകയോ പ്രശ്നമുണ്ടാക്കുകയോ ചെയ്യുന്നില്ല. സംഘടനാപ്രവർത്തനവും സാമൂഹ്യസമ്പർക്കങ്ങളും എന്തിന് ഇവരെല്ലാമായി ബന്ധപ്പെട്ടിരിക്കുന്ന ഭൂമിയിടപാട് കൂട്ടങ്ങളുമോ ആയി ബന്ധപ്പെടുന്നില്ല. പക്ഷേ ഭദ്രന് ഒരു രാഷ്ട്രീയവുമില്ല. അയാൾ അരാഷ്ട്രീയക്കാരനാണ്, ഒരു പിടിയും തരുന്നില്ല എന്ന പൊതു അഭിപ്രായം ആദ്യം എനിക്കുമുണ്ടായിരുന്നെങ്കിലും ഈയിടെയായി ഞാനത് ഓർക്കാൻ പോലുമിഷ്ടപ്പെടുന്നില്ല.
രജീവലോചൻ ക്ഷേത്രത്തിലേക്ക് പോകുന്നവരെ കടന്ന് നദിയോരത്തു കൂടി നീങ്ങുമ്പോൾ അപ്പോൾ തുറന്നു തുടങ്ങിയ ഡാബയിൽ നിന്ന് ക്ഷണിക്കുന്ന ഭാവത്തോടെ ഒരു ചെറുപ്പക്കാരൻ മുന്നോട്ടു വന്നു.
"ആയിയേ സാബ്.... എല്ലാം റെഡിയാണ്"
" പ്രാതൽ കഴിച്ചു. ഞാൻ പോയി തിരിച്ചു വരാം."
"അവിടെയും തുറന്നിട്ടുണ്ട്. ഇവിടെ കഴിക്കാനുളളതും റെഡി. "
തൊട്ടെതിർവശത്തെ ബിവറേജസിന്റെ മദ്യക്കട തുറന്നു കഴിഞ്ഞെന്ന് അവൻ സൂചിപ്പിക്കുകയാണ്. അവിടെ നിന്നു വാങ്ങി ഇവിടെ വന്നിരുന്നു കൂട്ടത്തിൽ ആഹാരവും കഴിക്കാം. ഒരു ക്വാർട്ടർ വാങ്ങി അല്പം ആഹാരവും കഴിച്ച് വെള്ളത്തിലിറങ്ങി നടന്നു നദി കടന്നാലോ എന്നൊരു നിമിഷം ഞാനാലോചിച്ചു. അല്ലെങ്കിൽ രാവിലേതന്നെ വേണ്ട. പോയി തിരിച്ചു വന്നു സമാധാനത്തോടെ ആകാമെന്നാശ്വസിച്ച് പൈജാമ അരയ്ക്ക് താഴെ നിൽക്കുംവിധം ചുരുട്ടിക്കയറ്റി ഞാൻ നദിയിലേക്കിറങ്ങി. വെയിലില്ലാത്തതും അവിടവിടെ കോട തങ്ങിനിൽക്കുന്നതുമായ അന്തരീക്ഷത്തിലെ വിശാലമായ ജലപ്പരപ്പ് ഒരു തരം ശൂന്യതയാണുണ്ടാക്കുന്നതെന്നുതോന്നി.


ഓരോ ചുവടും വയ്ക്കുമ്പോൾ വെള്ളത്തിൽ നിന്നു നല്ല ശബ്ദം കേൾക്കുന്നുണ്ട്. കാലുകൾ എടുത്തു വയ്ക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന താഴ്ചയായപ്പോൾ ഉടുപ്പൂരി തലയിൽ കെട്ടി പതുക്കെപ്പതുക്കെ തുഴഞ്ഞു ഞാൻ മുന്നോട്ടു നീങ്ങി.

അങ്ങനെ നീന്തിയും നടന്നും നീങ്ങുമ്പോഴാണ് വെള്ളത്തെ മാറ്റി മറിച്ചുകൊണ്ടു് ആരോ പുറകേ വരുന്നതായി എനിക്കനുഭവപെട്ടതു്. ഇരുവശങ്ങളിലേക്കും വേഗതയിൽ വെള്ളം തള്ളിമാറ്റി എന്നാൽ ലാഘവത്തോടെ മുന്നോട്ടു നീങ്ങുന്ന അയാൾ ഉച്ചത്തിൽ എന്തോ പറയുന്നുണ്ടായിരുന്നു  . നിങ്ങൾ പതുക്കെ സാവകാശം വന്നാൽ മതി എന്നായിരുന്നു അയാൾ ഉച്ചത്തിൽ പറഞ്ഞതെന്ന് പിന്നെ മനസിലായി. ഈ സ്ഥലക്കാരനല്ലാത്തതു കൊണ്ടും വെള്ളത്തിൽ ഇങ്ങനെ ദീർഘദൂരം നടന്നും നീന്തിയും പരിചിതനല്ലാത്തതുകൊണ്ടുമായിരിക്കാം   അയാൾ അങ്ങനെ പറഞ്ഞത്. ഉച്ചിയിൽ നിന്നും പിറകിലേക്കിട്ടിരിക്കുന്ന നേർത്ത കുടുമ ഒഴിച്ചാൽ തലയും മുഖവും പരിപൂർണമായി ഷേവു ചെയ്തിരിക്കുകയും നെറ്റിയിൽ മൂക്കിന്റെ പാലത്തിൽ നിന്ന് തലയുടെ നടുവിൽ വരെ നേർവരയിൽ വരച്ച ചുവന്ന കുറിയും തോളോടു ചേർന്ന് കൈയ്യിൽ കാണപ്പെടുന്ന കുറികളും പൂണൂലും അയാൾ ഒരു ബ്രാഹ്മണനാണെന്നും വൈദികമായ ഏതോ ചെയ്യുന്നവനാണെന്നും വ്യക്തമാക്കുന്നതായിരുന്നു. അതിവേഗം കടന്നു പോയ അയാളുടെ കുടുമിത്തലയുടെ രൂപം കോടമഞ്ഞിൽ വിലയം പ്രാപിച്ചു.

ഞാനൊരല്പനേരം നിന്നു. നാലുപാടും അതിർത്തികൾ കാണാനില്ലാത്ത ജലപ്പരപ്പിൽ ഒറ്റയ്ക്കു നിൽക്കുമ്പോൾ എന്തെന്നറിയാത്ത ഒരു ഭയം തോന്നിത്തുടങ്ങി. വാസ്തവത്തിൽ അതു ഭയമാണോ എന്നു കൃത്യമായി പറയാൻ കഴിയുന്നില്ല. മനുഷ്യരില്ലാത്ത ഏതോ ഒരു ശൂന്യലോകത്തിൽ അകപ്പെട്ടിരിക്കുന്ന പോലെ. അല്പം മുൻപ് ആ ബ്രാഹ്മണൻ കടന്നു പോയതും രണ്ടു വാക്കു സംസാരിച്ചതും ഇതൊരു ഒഴിഞ്ഞ സ്ഥലമല്ലെന്ന തോന്നൽ ഉണ്ടാക്കി. അഥവാ എനിക്കെന്തെങ്കിലും സംഭവിച്ചാൽ ഇവിടേക്കു വരുന്നതിനെ വിലക്കിയ യാത്രാസംഘക്കാർക്ക് പറഞ്ഞു ചിരിക്കാനൊരു വകയുമായി.

ബ്രാഹ്മണൻ കടന്നുപോയ വെള്ളച്ചാൽ നോക്കി ഞാൻ നീന്തിത്തുടങ്ങി. അല്പദൂരം ചെന്നപ്പോൾ അതാ ആ സംഗമസ്ഥാനം കാണാറായി. അവിടെ ജലപ്പരപ്പിനു നടുവിൽ പാറക്കല്ലുകൾ കൊണ്ടു കെട്ടിപ്പൊക്കിയ ഒരു ക്ഷേത്രമുയർന്നു നിൽക്കുന്നു. ഏകദേശം മൂന്നാൾ പൊക്കത്തിലുളള പടവുകൾ കയറി ക്ഷേത്രം നിൽക്കുന്ന കൽപ്പരപ്പിൽ ചെന്ന് ഒരരികിലിരുന്നു. അവിടെയിരുന്ന് ചുറ്റും കാണുന്നത് നല്ല അനുഭവമാണ്. ഇടയ്ക്കിടെ ശാന്തമായ കാറ്റു തഴുകി കടന്നു പോകുന്നു. എഴുന്നേറ്റു കൊണ്ട് ഞാൻ നടത്തയാരംഭിച്ചിടത്തേക്കുനോക്കി. അവിടവിടെ രണ്ടു മൂന്നു ആൾക്കാർ പൊട്ടുകൾ പോലെ കാണാം. വെള്ളത്തിൽ തപ്പിത്തപ്പി നടക്കുകയാണവർ.
ദൂരേക്കങ്ങനെ നോക്കിനിൽക്കെ ക്ഷേത്രത്തിനകത്തുനിന്ന് നേരേത്തേകണ്ട ബ്രാഹ്മണൻ ഇറങ്ങിവന്നു നിലത്തിരുന്നു  കൊണ്ട് കുറേ പൂജാ ദ്രവ്യങ്ങൾ ക്രമമായി നിരത്തിത്തുടങ്ങി.

" ഞാൻ തയ്യാറായിക്കഴിഞ്ഞു. താങ്കൾ ഇവിടെ വന്നിരിക്കുക"

അയാൾ കൈ ഉയർത്തി കാണിച്ചു. അല്പം സങ്കോചത്തോടെ ഇരിക്കാൻ ശ്രമിക്കുമ്പോൾ അയാൾ ചോദിച്ചു:

"താങ്കളുടെ പേരു്?"

" സുപാൽ " ഞാൻ പറഞ്ഞു.

എന്തിനാണ് അവിടെ ചെന്നിരിക്കുവാൻ അയാൾ ക്ഷണിച്ചതെന്ന് എനിക്കു മനസിലായില്ല. അയാൾ ചെയ്യാൻ പോകുന്ന പൂജാകർമ്മത്തിന് സാക്ഷ്യം വഹിക്കാനോ പങ്കാളിയാകാനോ വേണ്ടിയുള്ളതാണെന്നു വ്യക്തം. അടിമുടി ബ്രാഹ്മണനായ ഒരാൾ എന്നെ അങ്ങനെ ക്ഷണിക്കുന്നത് ഒട്ടും പ്രതീക്ഷിക്കാവുന്നതുമല്ല. അയാൾ വീണ്ടും നിർബന്ധിക്കുന്നതനുസരിച്ച് ഞാൻ അവിടെ ചെന്നിരുന്നു. പൂജാരി ഇരുന്നതു പോലെ ചമ്രം പൂട്ടി ഇരിക്കാൻ എനിക്കു കഴിയുകയില്ലായിരുന്നു. അതു മനസ്സിലാക്കി ഒരു മുട്ടുയർത്തിവച്ച് ഇഷ്ടം പോലെയിരിക്കാൻ അയാൾ പറഞ്ഞു. പൂജാദ്രവ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും മാററുകയും മന്ത്രങ്ങൾ പോലെ എന്തൊക്കെയോ പിറുപിറുക്കുകയും ചെയ്തു കൊണ്ടിരുന്നപ്പോൾ ഞാനയാളെ പ്രത്യേകം ശ്രദ്ധിച്ചു. വെളളത്തിൽ നിന്നു ക്ഷേത്രത്തിലേക്കു കയറിയ അയാൾ കാവിമുണ്ടുടുക്കുകയും ശരീരമാകെ പലതരം കുറികൾ ചാർത്തുകയും രുദ്രാക്ഷമാലകൾ ധരിക്കുകയും കവചകുണ്ഡലങ്ങൾ അണിയുകയും, ചെയ്തിരിക്കുന്നു. പൂജാരിയുടെ ഇരിപ്പും പൂക്കളും പുകയും ചിരാതുകളിലെ തീനാളങ്ങളും ഇടയ്ക്കിടയ്ക്ക് കൈയ്യുയർത്തി കിലുക്കുന്ന മണിയടിയൊച്ചയും എല്ലാം ചേർന്ന് ഇനിയെന്തുമാകട്ടേയെന്നും കിട്ടിയതെല്ലാം നല്ല അനുഭവം തന്നെയെന്നും കരുതി ഞാനിരുന്നു. അപ്പോഴാണ് പൂജാരി ഒരു നേർചോദ്യമുന്നയിച്ചത്. അപ്പോൾ മാത്രമാണ് ഞാൻ ബലികർമം ചെയ്യാൻ വന്നവനാണെന്നു കരുതി അതനുസരിച്ച് അയാൾ ബലികർമങ്ങളുടെ കാർമികത്വം ചെയ്തു കൊണ്ടിരിക്കുകയാണെന്നും തിരിച്ചറിയുന്നത്. അതയാളുടെ കുറ്റമല്ല. ആ ക്ഷേത്രാങ്കണം ബലികർമസ്ഥലമായി കരുതപ്പെടുന്നുണ്ടാവാം.
ഞാനാദ്യമായി ബലികർമം ചെയ്തത്  തീരെ ചെറുപ്പത്തിലാണ്. വീട്ടിലോ അടുത്ത ബന്ധുക്കളുടെയിടയിലോ ആൺ കുട്ടികളാരുമില്ലായിരുന്നതിനാൽ സ്ഥിരമായി ബലികർമത്തിനു നിയോ ഗിക്കപ്പെട്ടിരുന്നത് ഞാനായിരുന്നു. അമ്മുമ്മ, അമ്മാവന്മാർ, അപ്പുപ്പൻ, ചിറ്റപ്പൻ, അങ്ങനെ ഉറ്റവരുടെ ബലികർമങ്ങളെല്ലാം പതിനെട്ടു വയസിനിടയിൽ എനിക്കു ചെയ്യേണ്ടിവന്നു. പിന്നീട് രാഷ്ട്രീയ വിശ്വാസങ്ങളുമായി യോജിക്കുന്നില്ലെന്നു വന്നപ്പോൾ നിറുത്തിത്തുടങ്ങിയെങ്കിലും മരണപ്പെട്ടവരുടെ ആഗ്രഹപ്രകാരം ബലി ചെയ്യാതിരിക്കുന്നത് നീതിയല്ല എന്ന് മക്കൾ പോലും പറഞ്ഞു തുടങ്ങിയപ്പോൾ വീണ്ടും തുടങ്ങി. അവസാനം അതിനായി ഒരു സ്ഥലവും കണ്ടുപിടിച്ചു. അരുവിപ്പുറം.
."താങ്കൾ ഏതോ ആലോചനയിലാണോ "
പൂജാരി ചോദിക്കുന്നു.

"ഇതു് പഞ്ചമുഖകുലേശ്വർ ക്ഷേത്രമാണ്. അതായത് അഞ്ചുമുഖമുള്ള ശിവന്റെ ക്ഷേത്രം. ത്രിവേണി സംഗമസ്ഥാനത്തുള്ള ഈ ക്ഷേത്രം പോലെയൊന്ന് ലോകത്തിലെങ്ങുമില്ല. അപൂർവ്വം പേർ മാത്രമാണിവിടെ വരുന്നത്. ഒരിക്കൽ വന്നവർ വീണ്ടും വരും. ബലിയിടും. പരേതാത്മാക്കൾ ഇപ്പോഴും ജീവിക്കുന്നു എന്നു പറഞ്ഞാൽ അവർ നമ്മെപോലെ ഇറങ്ങി നടക്കുന്നുവെന്നല്ല. അവർ നിതാന്തമായ ഓർമകളായി, വസ്തുക്കളും ആശയഅർത്ഥങ്ങളുമായി ജീവിക്കും. ശിവഭഗവാനെ നോക്കൂ. ഒരു കാലത്തു് ജീവിച്ച് മരിച്ചു പോയെങ്കിലും ഇപ്പോഴും ജീവിക്കുന്നു. ഇവിടെ അഞ്ചുമുഖമുള്ള ശിവനാണ്, ആ ശിവനുമുന്നിലെ ത്രിവേണീ സംഗമത്തിലിടുന്ന ബലി പരേതാത്മാക്കൾ ഭൂമിയിൽ സൃഷ്ടിച്ചതെല്ലാം ധന്യമാക്കും. "
മരിച്ചവരെ സ്മരിക്കുക മാത്രമല്ല അവർ സൃഷ്ടിച്ചു വച്ചതെല്ലാം - ഭൗതികവും ആത്മീയവുമായതെല്ലാം - ബലികർമത്തിലൂടെ നിലനിൽക്കുകയും അനശ്വരമാക്കപ്പെടുകയും ചെയ്യുമെന്നാണ് പൂജാരി വിശദീകരിക്കുന്നത്.
"ഇനി ബലിയർപ്പിക്കേണ്ടുന്ന പേരുകൾ പറയൂ"
മിക്കവാറും എല്ലാപേരുടെയും പേരിൽ ബലികർമ്മം ചെയ്തത് കഴിഞ്ഞ ആഴ്ച്ചയിലാണ് !
"പറയൂ. ഒരു മുന്നു പേരുകളാവട്ടേ ".
ബലിയിടാത്ത പേരുകൾ ഒന്നും കടന്നുവരുന്നില്ല.
"കാറൽ മാർക്സ്, ഫ്രെഡറിക് എംഗൽസ്, വാട് ലിമിർ ഇല്യനോവിച്ച് ലെനിൻ "
ഞാൻ ഒരു ശ്വാസത്തിൽ പറഞ്ഞു.
അല്പം വിമുഖതയോടെ അയാൾ പറഞ്ഞു.
" ഞാനിതെങ്ങനെ ഉച്ചരിക്കും? ഭയങ്കരമായ കട്ടി പേരുകൾ! "എന്നിട്ട് പതുക്കെ പിറുപിറുത്തു:
" കുറച്ചു കൂടി മയമുള്ള പേരു വല്ലതുമായാൽ നന്നായിരുന്നു."
ഞാൻ പിന്നീടൊന്നുമാലോചിച്ചില്ല. ഒരാവേശത്തിൽ നിറുത്തി നിറുത്തി വ്യക്തമാക്കി പറഞ്ഞു:
"ഈയെമ്മെസ്
എ കെ ജി
പി കൃഷ്ണപിള്ള"
തയ്യാർ ചെയ്തുവച്ചിരുന്ന ബലിചോറു പോലെ ഏതോ ഒന്ന് മൂന്നായി ഉരുട്ടി മൂന്നിലകളിൽ വച്ചു പൂക്കളും മറ്റുമിട്ട് ഓരോ പേരുകൾ അയാൾ ചൊല്ലാൻ തുടങ്ങി. ഈയെമ്മെസ് എ കെ ജി പി കൃഷ്ണപിള്ള എന്നതു് അയാൾ ചൊല്ലുന്ന മന്ത്രങ്ങളിൽ മൂന്നാവർത്തിയും പിന്നീടു ഇടയ്ക്കിടയ്ക്കും മുഴങ്ങി കേട്ടുകൊണ്ടിരുന്നു. ഓരോ വാക്യങ്ങളും അവസാനിക്കുമ്പോൾ കൈയ്യുയർത്തി മണിയടിനാദം മുഴക്കിക്കൊണ്ടിരുന്നു. ഉദാഹരണത്തിനു് ഈയമ്മെസ് എന്നു പറയുമ്പോൾ കുറേ നേരം മണിയടിക്കുക, എ. കെ ജി യെന്നും പി കൃഷ്ണപിള്ളയെന്നും ഉച്ചരിക്കുമ്പോൾ നിറുത്തിനിറുത്തി മണിനാദം മുഴക്കുക, അങ്ങനെ ശബ്ദവീചികളുടെയും ചുറ്റിലും നിറഞ്ഞു നിൽക്കുന്ന ജലപ്പരപ്പിന്റെയും ഒരു മാസ്മര അന്തരീക്ഷത്തിൽ ഞാൻ എല്ലാം മറന്നിരുന്നു പോയി.

മണിനാദങ്ങളും പൂജാമന്ത്രങ്ങളും നിലച്ചു ഒരല്പനേരം നിശബ്ദതയിലാണ്ടു.
"സുപാൽജി "
പൂജാരിയുടെ വിളി കേട്ടാണ് ഞാനുണർന്നു പോയത്.
ഇത്രയുംനേരം മറ്റേതോ ലോകത്തിലായിരുന്നുവെന്ന കുറ്റബോധത്താൽ ഞാൻ അയാളെ നോക്കി.
"സൂര്യഭഗവാനെ നോക്കി പ്രാർത്ഥിച്ച് ഇതൊഴുക്കി കളയാം.''
സൂര്യനെ കാണാനില്ലെങ്കിലും അയാൾ ദിക്കു കാട്ടിത്തന്നു.
"എല്ലാം കഴിഞ്ഞു."
പൂജാരി തറ വൃത്തിയാക്കാൻ തുടങ്ങി.
ഞാനൊരു അഞ്ഞൂറു രൂപ എടുത്തു നീട്ടിയതും ഇരു കൈകളും കുമ്പിളാക്കി സ്വീകരിച്ചതും ഒന്നിച്ചായിരുന്നു. ക്ഷേത്രത്തിനു ചുററിലും നടന്നുകൊണ്ട് അവിടെയുള്ള അന്നപൂർണേശ്വരീദേവി പ്രതിഷ്ഠയിലും രജിംദുർഗ പ്രതിഷ്ഠയിലും കൊണ്ടുപോയി പ്രാർത്ഥിച്ച് യാത്ര പറയുകയും ചെയ്തു.

ഞാൻ വെള്ളത്തിലേക്കിറങ്ങാനായി കൽപ്പടവിലിരുന്നു. ഇത്തവണ പെജാമയും ഷർട്ടും അണ്ടർ വെയറും ഉൾപ്പെടെ എല്ലാമഴിച്ച് ചെറിയ സഞ്ചിയിലാക്കി ഒരു തോർത്തുടുത്തു ഇറങ്ങി നടന്നു നീന്തുമ്പോൾ വല്ലാത്ത ശാന്തതയും ആത്മവിശ്വാസവും തോന്നി. അങ്ങോട്ടു പോയതിനേക്കാൾ വേഗത്തിൽ കരയ്ക്കടുത്ത് എത്തിയതായി തോന്നി. കരയിൽ നിന്ന് നനവൊന്നു മാറ്റി പൈജാമയും ഷർട്ടും ധരിച്ചു ഇളം കാറ്റു മേറ്റ് നടക്കുമ്പോൾ ഡാബയിൽ നിന്ന് മണം പരന്നു തുടങ്ങുന്നുണ്ടായിരുന്നു. നേരേ ബിവറേജസിൽ നിന്ന് ഒരു ക്വാർട്ടർ വിസ്ക്കി വാങ്ങി ഡാബയിലിരിക്കുമ്പോൾ സോഡയും ഉള്ളി സലാടും ആവി പറക്കുന്ന മല്ലിയില ബജിയും മേശപ്പുറത്തു നിരന്നു കഴിഞ്ഞിരുന്നു. ആദ്യ പെഗും മല്ലിയില ബജിയും കഴിക്കുമ്പോൾ വെപ്രാളം കൂടിപ്പോയോ എന്നു തോന്നി. അടുത്ത പെഗ് സാവകാശമാക്കി വഴിയിലേക്കുനോക്കിയിരുന്നു.

ഈ സമയം മുൻപ് കർമം നടത്തിയ പൂജാരി തിരികെ പോവുകയായിരുന്നു. അല്പം സങ്കോചത്തോടെ ഒന്നു ചുരുങ്ങിയിരിക്കാൻ ശ്രമിച്ചപ്പോഴുണ്ട് അയാൾ ഡാബയിലേക്കു നോക്കുന്നു. എന്നെ കണ്ടതോടെ അല്പനേരമൊന്നുനിന്നു. പിന്നീടയാൾ നേരേ നടന്നു വന്നു. ബലികർമം ചെയ്തതിനു പിറകേ നീയിരുന്നു മദ്യപിക്കുകയാണോ എന്നു ചോദിക്കാനായിരിക്കും ആ വരവെന്നു കരുതി മറുപടി പറയാൻ തയ്യാറായി ഞാനിരുന്നു.
"എനിക്കു കൂടി വാങ്ങിത്തരൂ ഭായ് "
"തീർച്ചയായും " സന്തോഷത്തോടെയും അത്ഭുതത്തോടെയും ഞാൻ പറഞ്ഞു.
ഡാബയിലെ ചെറുപ്പക്കാരനെ അയച്ച് ഒരു ക്വാർട്ടർ കൂടി വാങ്ങി അഭിമുഖമായി ഇരിക്കുമ്പോൾ പൂജാരി സംസാരിച്ചു തുടങ്ങി.
"പുണ്യകർമങ്ങളൊക്കെ ചെയ്തു ത്രിവേണിസംഗമ ജലപ്രവാഹം നീന്തി വന്നു കരയ്ക്കിരിക്കുമ്പോൾ കുറച്ചു കുടിക്കുകയും തിന്നുകയും വേണം. പ്രത്യേകിച്ചു ഈ തണുപ്പു കാലത്ത് . സാവകാശം നമുക്കിരിക്കാം."
നീണ്ട കുറിയും പൂണൂലും മൊട്ടത്തലയും ഉണ്ടാക്കിയ അകൽച്ച ഇല്ലാതെയാകും വിധം അടുപ്പത്തോടെയും സഹകരണത്തോടെയുള്ള ഈ ബ്രാഹമണന്റെ സാമീപ്യം എന്നെ വല്ലാതെ സ്പർശിക്കുകയും പ്രചോദിതനാക്കുകയുമുണ്ടായി. നിസ്സാരമായ ഒരു മദ്യപാന സൗഹൃദമല്ലിതെന്നും അതിലുപരി മറ്റു ചില ജീവിതാനുഭവങ്ങൾ ഇന്നു ലഭിച്ചുവെന്നുമുള്ള ചിന്ത എന്നെയും സംസാരിക്കാൻ പ്രേരിപ്പിച്ചു. അറിയാവുന്ന ഹിന്ദിയിൽ ഞാനും സംസാരിച്ചു തുടങ്ങി. പഞ്ചമുഖ കുലേശ്വരനെന്ന സങ്കൽപ്പം പഞ്ചഭൂതങ്ങളെയുദ്ദേശിച്ചാണെന്നു ഞാൻ പറഞ്ഞപ്പോൾ അയാൾ ഒന്നു സൂക്ഷിച്ചു നോക്കി. ഞാൻ പറഞ്ഞു:
"കാഴ്ചയിലൂടെ മാത്രമല്ല, സർവ പഞ്ചേന്ദ്രിയങ്ങളിലൂടെയും ഭൂമി,ജലം, അഗ്നി, വായു, ആകാശം എന്നിവ നമ്മൾ അനുഭവിക്കുന്നു. എല്ലാമെനിക്ക് ചുററ്റപ്പെട്ടിരിക്കുന്നു .. അല്ലെങ്കിൽ എല്ലാം എന്നിൽ അടങ്ങിയിരിക്കുന്നു. "

"അതുതന്നെയായിരിക്കാം പഞ്ചമുഖനായ ശിവനിൽ അടങ്ങിയിരിക്കുന്നതും" പൂജാരിയും സമ്മതിച്ചു.
രണ്ടാമത്തെ പെഗ് കഴിഞ്ഞപ്പോൾ " അല്പം ബജിയും കൂടി "ഞാൻ പറഞ്ഞു. അപ്പോൾ അയാൾ പറഞ്ഞു:
"വേണ്ട. ഇവിടെയിപ്പോൾ ഒന്നാന്തരം കടുകിന്റെ ഇലയരച്ചുണ്ടാക്കിയ ചിക്കൻ കറി കിട്ടും .അതും കൈ കൊണ്ട് പരത്തിയെടുത്ത നാടൻ റോട്ടിയും . എന്തു പറയുന്നു ?"
ഞാൻ സമ്മതിച്ചു. കൂട്ടത്തിൽ ഒരു ക്വാർട്ടർ കൂടി വാങ്ങി പകുത്തെടുത്തു.
ഇത്രയും രുചികരമായ ആഹാരം കഴിക്കാൻ അവസരമുണ്ടായതിൽ തന്നവരോടും പൂജാരിയോടുമൊക്കെ ഞാൻ കടപ്പെട്ടിരിക്കുന്നു. ഇത്രയും കാലത്തെ ജീവിതം തന്നെ ഒരു ചപ്പായി തോന്നുന്നു..
" പൂജാരി, ബ്രാഹ്മണർ ഇതൊക്കെ കഴിക്കുമോ? കുടിക്കുമോ? "
അയാൾ ഒന്നു ചിരിച്ചു. പിന്നെ ഗൗരവത്തിലായി.
"എന്തുകൊണ്ട് കഴിച്ചുകൂടാ. ബ്രാഹ്മണന് ഇവരെപ്പോലെ നല്ല ഭക്ഷണമുണ്ടാക്കാൻ പറ്റുകില്ല. പണിയെടുത്തു ഫലം കൊയ്തെടുക്കാനും കഴിയില്ല. അതു ശൂദ്രർ ചെയ്യട്ടേ.".
അടുപ്പിലെ തീക്കനലിലേക്ക് റോട്ടിയെടുത്തുവയ്ക്കുന്ന കറുത്തു പൊടി പിടിച്ച വിരലുകൾ നോക്കി അയാൾ പറഞ്ഞു.
" ഇതൊക്കെ പുണ്യമാണ്. അന്നം പുണ്യമാണ് എല്ലാ പേരും ചേർന്നു പോയാലേ ജീവിതം മുന്നോട്ടു പോകൂ. എന്നാൽ ജാതി നിലനിൽക്കുകയും വേണം"
കൈ കഴുകി പണം കൊടുത്തിറങ്ങി യാത്ര പറയും മുൻപു് അതുവരെ മനസിൽ ഇടയ്ക്കിടെ തട്ടിക്കൊണ്ടിരുന്ന ചിന്ത ഞാൻ ചോദ്യമായി ഉന്നയിച്ചു.
"മരിച്ചു പോയവർ ഉപേക്ഷിച്ചു പോയ ഭൗതിക സമ്പത്തു പോലെ തന്നെയല്ലേ ആശയ സമ്പത്തും ? ആശയങ്ങളും നിലനിൽക്കുന്നില്ലേ. തലമുറ തലമുറ കൈമാറി ?"
അതിന് ഇപ്രകാരം പറഞ്ഞു കൊണ്ട് പൂജാരി നടന്നു പോയി :
" ആശയങ്ങളോ ? ഓ സബ് മായാ ഹൈ യാർ. അതൊക്കെ മായ മാത്രമാണ്. അതൊരു തോന്നൽ മാത്രമാണ്. എവിടെ എന്താശയം. ? ഓ... സബ് മായാ ഹൈ..... "
റായ്പൂരിലേക്ക് തിരികെയുള്ള ബസു യാത്ര ശാന്തമായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക