Image

ഹെലികോപ്റ്റർ ദുരന്തം; ചതിച്ചത് കാലാവസ്ഥ? വിശ്വാസത്തിൽ അഭയം തേടി കുടുംബം

Published on 01 June, 2026
ഹെലികോപ്റ്റർ ദുരന്തം; ചതിച്ചത് കാലാവസ്ഥ? വിശ്വാസത്തിൽ അഭയം തേടി കുടുംബം

സ്നെൽ‌വിൽ, ജോർജിയ:  മഴയും ഫോഗും കാറ്റുമൊക്കെ ഉള്ള ഇത്തരമൊരു കാലാവസ്ഥയിൽ താൻ വിമാനം പറപ്പിക്കില്ല എന്ന് പൈലറ്റായ ഡേവ്  ഫിജി, 26, പറഞ്ഞതാണ്. എന്നാൽ സ്ഥലവും കാലാവസ്ഥയും നല്ല പരിചയവുമുള്ള ഹെലികോപ്റ്ററിന്റെ  പൈലറ്റ് കൂടുതൽ ഉയരത്തിൽ പറന്ന് ഈ സ്ഥിതിയെ മറികടക്കാമെന്ന് ഉറപ്പു നൽകുകയായിരുന്നു. പക്ഷെ പറന്ന് ഉയർന്ന്  അധികം താമസിയാതെ  ഹെലികോപ്റ്റർ അപകടത്തിൽ പെട്ടു- ജോർജിയയിൽ ഹെലികോപ്റ്റർ അപകടത്തിൽ  മരിച്ച ഡേവ് ഫിജിയുടെ പിതാവ് ജോർജ് ഫിജി പ്രാദേശിക ചാനലിനോട് പറഞ്ഞു.  ഡെൽറ്റാ എയർലൈൻസുമായി ബന്ധപ്പെട്ട എൻഡവർ എയറിന്റെ ഫാസ്റ്റ് ഓഫിസറായിരുന്നു ഡേവ്

വിവാഹം കഴിഞ്ഞ് മണിക്കൂറുകൾ മാത്രം കഴിഞ്ഞ ഡേവും  പൈലറ്റും അപകടത്തിൽ മരിച്ചു. ഹെലികോപ്ടറിലുണ്ടായിരുന്ന നവവധു  ജെസ്നിക്ക്     മണിക്കൂറുകൾക്കു  ശേഷമാണ്   ബോധം തെളിഞ്ഞത്.   ബോധം വരുമ്പോൾ ഡേവ് തൊട്ടടുത്തുണ്ട്. എന്നാൽ തൊട്ടു നോക്കുമ്പോൾ ശരീരം തണുത്തതായി കണ്ടുവെന്ന് ജസ്‌നി പറഞ്ഞതായി പിതാവ് അറിയിച്ചു.

ആശുപത്രിയിൽ കഴിയുന്ന ജെസ്നിയെ ഒന്ന് രണ്ടു ദിവസത്തിനകം  ഡിസ്ചാർജ് ചെയ്യുമെന്ന് ഒരു  ബന്ധു  അറിയിച്ചു.

ഡോസൻവില്ലിനടുത്ത് ദി റെവേറെ (The Revere) ആയിരുന്നു വിവാഹ വേദി. ഒരു പതിറ്റാണ്ട് മുമ്പ് ന്യൂ ടെസ്‌റ്റമെന്റ് പള്ളിയിൽ വച്ച് കണ്ടുമുട്ടിയ ജെസ്നി അവിടെ വച്ച് ഡേവിന്റെ വധുവായി. നഴ്സ് പാക്ടീഷണർ ആണ്  ജസ്‌നി.

വെള്ളിയാഴ്ച രാത്രി ഒൻപതരയ്ക്ക് പാർട്ടി സമാപിച്ച ശേഷമായിരുന്നു ഹെലികോപ്റ്റർ പുറപ്പെട്ടത്. പീച്ച് ട്രീ -ഡെകാൽബ്‌ എയർപോർട്ട് ആയിരുന്നു ലക്‌ഷ്യം. അവിടെ ഇറങ്ങിയ ശേഷം അറ്റലാന്റയിൽ ഹോട്ടലിൽ തങ്ങാനായിരുന്നു പരിപാടി.

എന്നാൽ പുറപ്പെട്ട്  അധികം വൈകാതെ ഡോസൺ കൗണ്ടിയിലെ  മൗണ്ട് വെർനോൺ ഡ്രൈവിനടുത്തുള്ള വിദൂര വനപ്രദേശത്ത് റോബിൻസൺ ആർ-66 ഹെലികോപ്റ്റർ തകർന്നു വീണു. കാടായതിനാൽ 6   മണിക്കൂറുകൾക്കു ശേഷമാണ് രക്ഷാപ്രവർത്തകർക്ക് അവിടെ എത്താനായത്.

അവൻ തങ്ങളുടെ അമൂല്യമായ  കുട്ടിയായിരുന്നു. ഞങ്ങൾക്ക്  ദൈവം നൽകിയ സമ്മാനമായിരുന്നു. ദൈവഭക്തനായ കുട്ടി. വളരെ സുന്ദരനും -പിതാവ് ജോർജ് ഫിജി ചാനലിനോട്  പറഞ്ഞു.

വിവാഹത്തിന് നൂറുകണക്കിന് അതിഥികൾ ഉണ്ടായിരുന്നു. ഇതൊരു പെർഫെക്റ്റ് മാരിയേജ്  ആയിരുന്നെന്ന്  ഞങ്ങൾക്ക് പറയാൻ കഴിയും. ഇതിൽ  കൂടുതലൊന്നും ആവശ്യപ്പെടാനില്ല-അദ്ദേഹയം പറഞ്ഞു.

അൾത്താരയിൽ ദൈവത്തിന്റെ സാന്നിധ്യം, ദൈവത്തിന്റെ ഒരു പ്രത്യക്ഷ സാന്നിധ്യം, അനുഭവിക്കാൻ കഴിഞ്ഞുവെന്ന്  അവർ രണ്ടുപേരും ഞങ്ങളോട് പറഞ്ഞു - വരന്റെ അമ്മ ഫെബ ഫിജി പറഞ്ഞു. ഡേവിന്റെ  മുഖത്ത് ഒരു പ്രത്യേക തിളക്കവും തേജസ്സും ഉണ്ടായിരുന്നു, അത് ഞങ്ങൾക്ക് വിശദീകരിക്കാൻ കഴിഞ്ഞില്ല. അത് ഞങ്ങൾ മാത്രമല്ല ശ്രദ്ധിച്ചത്, അവർ പറഞ്ഞു.

ജെസ്നിയുടെ   ശരീരത്തിൽ വ്യാപകമായ മുറിവുകളും ചതവുകളും ഉണ്ടായിരുന്നുവെങ്കിലും  അവളുടെ എല്ലുകളൊന്നും ഒടിഞ്ഞില്ല എന്ന് അവർ പറഞ്ഞു. 
പക്ഷെ മാനസികമായി അവൾ തകർന്നുപോയി

ഇത്രയും വലിയ ഒരു നഷ്ടത്തിന് ശേഷവും , മാതാപിതാക്കളും സഹോദരിയും  അവരുടെ ക്രിസ്തീയ വിശ്വാസത്തിൽ അഭയം തേടുന്നു.  മാതാപിതാക്കൾ പറഞ്ഞത്, ഡേവ് ലക്ഷ്യബോധവും കൃപയും നിറഞ്ഞ ഒരു ജീവിതം നയിച്ചിരുന്നു എന്നാണ്.  ആ സ്വാഭാവിശേഷത്തെ ജസ്‌നിയും ആരാധനയോടെ നോക്കിക്കണ്ടു. 


ഡേവിഡിനെപ്പോലെ സ്വയം സംരക്ഷിക്കാൻ കഴിയുന്ന ഒരു പുരുഷൻ  ഉണ്ടാകില്ലെന്ന് അവൾ എപ്പോഴും പറയാറുണ്ട്, അമ്മ  ഫെബ ഫിജി പറഞ്ഞു. ഡേവ് ദയാലുവും  സൗമ്യനുമായിരുന്നു. നിസ്വാർത്ഥനും. അതായിരുന്നു അവളുടെ  വാക്കുകൾ. ദൈവം തന്റെ ജീവിതത്തിൽ ആരംഭിച്ച പ്രവൃത്തി പൂർണതയിലെത്തിച്ചുവെന്ന ആത്മവിശ്വാസം ഞങ്ങൾക്കുണ്ട്, അമ്മ പറഞ്ഞു.

മൂവാറ്റുപുഴ കടുവാക്കുഴിയിൽ കുടുംബാംഗമാണ് ജോർജ്  ഫിജി. മാതാവ് ഫെബ ഫിജി എറണാകുളം സ്വദേശി.

തലവടി സ്വദേശികളായ സാം -ഷീല ദമ്പതികളുടെ മകളാണ് ജസ്‌നി.

സംസ്കാര ചടങ്ങുകൾ വെള്ളി, സാനി ത്യവസങ്ങളിൽ നടക്കും.

പീച്ച്ട്രീ-ഡെകാൽബ് വിമാനത്താവളത്തിൽ നിന്ന് പ്രവർത്തിക്കുന്ന പ്രസ്റ്റീജ് ഹെലികോപ്റ്റേഴ്‌സിന്റെതായിരുന്നു ഹെലികോപ്റ്റർ. 1985 മുതൽ  ഇവർ  ബിസിനസ്സിലുണ്ട്. വടക്കൻ ജോർജിയയിലെ നിരവധി വിവാഹ വേദികൾക്ക് ചാർട്ടേഡ് ഫ്ലൈറ്റുകൾ നൽകുന്നു.  കൊല്ലപ്പെട്ട പൈലറ്റിന്റെ പേര് പുറത്തു വിട്ടിട്ടില്ല

അപകടത്തിന്റെ കാരണത്തെക്കുറിച്ച്   നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് അന്വേഷിക്കുന്നു. 
 

Join WhatsApp News
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-06-01 05:25:35
💥🔥ഏശു അറിയാതെ ഒരു മുടി നാരിഴ പോലും പൊഴിയില്ല. ഏതു കാര്യം സംഭവിക്കാൻ പോകുന്നതും, അവിടൂന്നു ഒത്തിരി നേരത്തേ അറിയുന്നു. എല്ലാം അങ്ങോട്ടങ്ങു ഭരമേൽപ്പിക്കുക ; സന്താപവും സന്തോഷവും. എല്ലാം നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു എന്നറിവീൻ..ഒരു ജീവന്റെ നഷ്ട്ടം - സ്വന്തക്കാർക്ക് ഉൾക്കൊള്ളാൻ സമയമെടുക്കും.ദൈവം തന്നു , ദൈവം എടുത്തു , ദൈവത്തിന്റെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ.....തോട്ടത്തിലെ ഏറ്റവും നല്ല പൂവിനെ തോട്ടക്കാരൻ നേരത്തേ ഇറുത്തെടുക്കും പോലെ...... തന്നെ വിളിച്ചപേഷിക്കുന്നവർക്ക് അവൻ സമീപസ്ഥൻ. തന്നെ സ്നേഹിക്കുന്നവർക്ക് അവൻ ഒരുക്കി വച്ചിരിക്കുന്നത് , ഒരുത്തന്റെയും കണ്ണു കണ്ടിട്ടില്ല, ചെവി കേട്ടിട്ടില്ല, ആരുടേയും ഹൃദയത്തിൽ തോന്നിയിട്ടുമില്ല. റെജീസ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക