Image

‘ജനനായകന്’ എന്ത് സംഭവിച്ചു? സത്യം പറയാൻ എനിക്ക് ധൈര്യമില്ല; ദുരൂഹത വർധിപ്പിച്ച് സംവിധായകൻ എച്ച്. വിനോദിന്റെ വാക്കുകൾ

Published on 31 May, 2026
‘ജനനായകന്’ എന്ത് സംഭവിച്ചു? സത്യം പറയാൻ എനിക്ക് ധൈര്യമില്ല; ദുരൂഹത വർധിപ്പിച്ച്  സംവിധായകൻ എച്ച്.  വിനോദിന്റെ വാക്കുകൾ

ചെന്നൈ: തമിഴ് സിനിമാ ലോകവും ദശലക്ഷക്കണക്കിന് ആരാധകരും ഒരുപോലെ ഉറ്റുനോക്കുന്ന ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജനനായകനെ’ച്ചൊല്ലിയുള്ള ദുരൂഹതകൾ വർധിപ്പിച്ച് സംവിധായകൻ എച്ച്. വിനോദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. “സിനിമയ്ക്ക് എന്ത് സംഭവിച്ചു എന്നതിന്റെ യഥാർത്ഥ സത്യം പറയാൻ എനിക്ക് ധൈര്യമില്ല, അഥവാ ഞാൻ അത് തുറന്നുപറഞ്ഞാൽ പോലും അത് പുറത്തുവിടാനുള്ള ധൈര്യം നിങ്ങൾക്കുമുണ്ടാകില്ല,” എന്ന എച്ച്. വിനോദിന്റെ വാക്കുകൾ സിനിമാ-രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ കൊടുങ്കാറ്റാണ് സൃഷ്ടിച്ചിരിക്കുന്നത്.

സംവിധായകൻ പാണ്ഡിരാജിന്റെ പുതിയ ചിത്രമായ ‘പരിമള ആൻഡ് കോ’യുടെ പ്രൊമോഷൻ ചടങ്ങിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു വിനോദ്. ചിത്രത്തിന്റെ റിലീസ് നീളുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനാണ് തമിഴകത്തെയാകെ മുൾമുനയിൽ നിർത്തിയ മറുപടി സംവിധായകൻ നൽകിയത്. തമിഴ്‌നാട് മുഖ്യമന്ത്രി കൂടിയായ വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് പൊളിറ്റിക്കൽ ത്രില്ലറായ ‘ജനനായകൻ’ നേരിടുന്ന പ്രതിസന്ധികളുടെ ആഴം വ്യക്തമാക്കുന്നതാണ് ഈ പ്രതികരണം.

കഴിഞ്ഞ ജനുവരിയിൽ വമ്പൻ പൊങ്കൽ റിലീസ് ആയി തിയേറ്ററുകളിൽ എത്തേണ്ടിയിരുന്ന ചിത്രമായിരുന്നു ജനനായകൻ. എന്നാൽ അവസാന നിമിഷം സെൻസർ ബോർഡിന്റെ ഭാഗത്തുനിന്നുണ്ടായ കടുത്ത നിലപാടുകളാണ് സിനിമയെ പ്രതിസന്ധിയിലാക്കിയത്. എക്സാമിനിംഗ് കമ്മിറ്റിയിലെ ഒരംഗത്തിന്റെ ശക്തമായ എതിർപ്പിനെത്തുടർന്ന് ചിത്രം പിന്നീട് റിവൈസിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു. കഴിഞ്ഞ അഞ്ച് മാസമായി സെൻസർ സർട്ടിഫിക്കറ്റിനായുള്ള കാത്തിരിപ്പിലാണ് അണിയറപ്രവർത്തകർ.

ചിത്രത്തിന്റെ നിർമാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസിലെ വെങ്കട്ട് കെ. നാരായണ ഈ വിഷയത്തിൽ നിയമപോരാട്ടത്തിന് ഇറങ്ങിയെങ്കിലും ഇതുവരെ അനുകൂലമായ ഒരു തീരുമാനവും ഉണ്ടായിട്ടില്ല. ഇതിനിടയിൽ ഏപ്രിൽ മാസത്തിൽ ചിത്രത്തിന്റെ ചില സുപ്രധാന രംഗങ്ങൾ ഇന്റർനെറ്റിൽ ചോർന്നതും അണിയറപ്രവർത്തകരെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക