Image

ആർത്തവ അവധി പെൺകുട്ടികളുടെ സ്വകാര്യതയെ ബാധിക്കും; ശ്രീലേഖയ്ക്ക് പിന്നാലെ നൂർബിന റഷീദ്

Published on 31 May, 2026
ആർത്തവ അവധി പെൺകുട്ടികളുടെ സ്വകാര്യതയെ ബാധിക്കും; ശ്രീലേഖയ്ക്ക് പിന്നാലെ നൂർബിന റഷീദ്

തിരുവനന്തപുരം : ആർത്തവ അവധി പെൺകുട്ടികളുടെ സ്വകാര്യതയെ ബാധിക്കുമെന്ന് മുസ്ലിം ലീഗ് മുൻ നേതാവ് നൂർബീന റഷീദ്. ബിജെപി നേതാവ് ആർ ശ്രീലേഖയുടെ വിമർശനത്തിന് പിന്നാലെയാണ് നൂർബിന റഷീദും രംഗത്തെത്തിയത്. സ്കൂളുകളിലും കോളേജുകളിലും ആർത്തവ അവധി രേഖപ്പെടുത്തുമ്പോൾ ആർത്തവ ദിവസങ്ങൾ പരസ്യമാകുമെന്നും ഇത് പലകുട്ടികൾക്കും അനാവശ്യമായ മാനസിക അസ്വസ്ഥത ഉണ്ടാക്കിയേക്കാമെന്നാണ് നൂർബീന റഷീദ് പറയുന്നത്.

ആർത്തവ അവധി പെൺകുട്ടികളെ ശക്തരാക്കുമോ അതോ കൂടുതൽ അബലകൾ ആക്കുമോ എന്നായിരുന്നു മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ ശ്രീലേഖ ചോദിച്ചത്. മറ്റുള്ളവർ ആർത്തവ ദിനങ്ങൾ അറിയുന്നത് നാണക്കേടല്ലേ എന്നും അവർ ചോദിച്ചിരുന്നു. നൂർബിന റീഷദിൻ്റെയും ശ്രീലേഖയുടെയും പ്രതികരണം അറിയാം.

നൂർബിന റഷീദിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

ആർത്തവ അവധി പ്രഖ്യാപിക്കുന്നത് പെൺകുട്ടികളുടെ ആരോഗ്യപ്രശ്നങ്ങളോടുള്ള കരുതലായി കാണാമെങ്കിലും, അത് പ്രായോഗികമായി പെൺകുട്ടികളുടെ സ്വകാര്യതയെ ബാധിക്കുന്ന സാഹചര്യം സൃഷ്ടിക്കാം. സ്കൂളുകളിലും കോളേജുകളിലും ആർത്തവ അവധി ആവശ്യപ്പെടുകയോ രേഖപ്പെടുത്തുകയോ ചെയ്യുമ്പോൾ ആർത്തവ ദിവസങ്ങൾ പരസ്യമാകാൻ സാധ്യതയുണ്ട്. ഇത് പല. കുട്ടികൾക്കും അനാവശ്യമായ മാനസിക അസ്വസ്ഥത ഉണ്ടാക്കിയേക്കാം. അതിനാൽ, പെൺകുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്ന രീതിയിലുള്ള സംവിധാനങ്ങൾ ഉറപ്പാക്കിയ ശേഷമേ ഇത്തരം നയങ്ങൾ നടപ്പാക്കാവൂ.


ആർ ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റ്
 

വിദ്യാർഥിനികൾക്ക് 3 ദിവസം വരെ എല്ലാ മാസവും ആർത്തവാവധി പ്രഖ്യാപിച്ച സർക്കാർ നയം ശരിക്കും പെൺകുട്ടികളെ ശക്തരാക്കുമോ അതോ കൂടുതൽ അബലകൾ ആക്കുമോ?

ആർത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണ്. അതിൽ ചിലർക്ക് ചില വേദനയും ബുദ്ധിമുട്ടും ഒക്കെ ഉണ്ടാകും. ചിലക്ക് വളരെ സ്വാഭാവികമായും അനുഭവപ്പെടും. ആ സമയം വളരെ കഠിനമായ വേദനയുണ്ടായിരുന്ന ഞാൻ ഒരിക്കൽ പോലും ഈ കാരണം പറഞ്ഞു സ്കൂളിലോ കോളേജിലോ പോകാതിരുന്നിട്ടില്ല. IPS പരിശീലന സമയത്തെ കഠിനമായ വ്യായാമ മുറകളിൽ നിന്ന് ആ ദിവസങ്ങളിൽ ഞങ്ങൾ പെൺകുട്ടികൾ ഒരിക്കലും മാറി നിന്നിട്ടില്ല. തീരെ വയ്യാത്തപ്പോൾ മാത്രമാണ് അവധി എടുത്തിരുന്നത്. അതൊക്കെയാണ്‌ സ്ത്രീകളുടെ ശക്തി!

എന്നാൽ ഇപ്പോൾ മാസാമാസം ക്ലാസ്സിൽ പോകാതിരുന്നാൽ വീട്ടുകാരും, വിദ്യാലയവും, നാട്ടുകാരും ഒക്കെ അറിയും എപ്പോഴാണ് ഏതു കുട്ടിക്ക് ആർത്തവം എന്ന്! ഇതാണോ menstrual dignity? നാണക്കേടല്ലേ? ഇതുപോലുള്ള സൗജന്യങ്ങൾക്ക് പകരം എല്ലാ സ്കൂളിലും കോളേജിലും പെൺകുട്ടികൾക്ക് വൃത്തിയുള്ള ശൗചാലയങ്ങളും napkin wending മെഷീനുകളും നൽകാൻ ഏർപ്പാടാക്കിക്കൂടെ? അത്യാവശ്യമെങ്കിൽ സൗജന്യ വേദന സംഹരി മരുന്നുകൾ വിദ്യാലയങ്ങളിൽ ലഭ്യമാക്കുകയും ചെയ്യാം. അതൊക്കെ എല്ലാ വനിതാ ടീച്ചറിനും സ്റ്റാഫിനും ഗുണകരമാവുകയും ചെയ്യും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക