
കോളിളക്കം സൃഷ്ടിച്ച എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം സി.ബി.ഐക്ക് വിടാനുള്ള വി.ഡി സതീശന്‍ സര്‍ക്കാരിന്റെ തീരുമാനം പലരെയും അമ്പരപ്പിച്ചിട്ടുണ്ട്. പിണറായി സര്‍ക്കാരിന്റെ കാലത്ത് നീതി കിട്ടാത്തതിനെ തുടര്‍ന്ന് നടപടി ആവശ്യപ്പെട്ട് വനൂന്റെ ഭാര്യയും കുടുംബാംഗങ്ങളും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി.ഡി സതീശനെ കണ്ട് പൊലീസ് അന്വേഷണത്തിലുള്ള കടുത്ത അതൃപ്തി അറിയിച്ചിരുന്നു. പുതിയ യു.ഡി.എഫ് സര്‍ക്കാര്‍ സി.ബി.ഐക്ക് വിടുന്ന ആദ്യത്തെ കേസാണിത്. പോലീസ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പി.പി ദിവ്യയാണ് ഏക പ്രതി. ഇനി സി.ബി.ഐയാണ് കേസില്‍ തീരുമാനമെടുക്കേണ്ടത്.
13 സാക്ഷികളെ പുതുതായി ചേര്‍ത്ത് നവീന്‍ ബാബു കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജിയിലാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് തുടരന്വേഷണം നടത്തി വിചാരണ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. തുടരന്വേഷണത്തിലും ദിവ്യയെ രക്ഷിക്കാന്‍ പിണറായിയുടെ പോലീസ് പഴുതുകള്‍ ഒരുക്കിയിരുന്നു എന്ന ആരോപണവും ഉയര്‍ന്നിരുന്നു. കേസ് നീട്ടിക്കൊണ്ടു പോകാനുള്ള നീക്കമാണ് നവീന്‍ ബാബുവിന്റെ കുടുംബം നടത്തുന്നതെന്ന് പ്രതിഭാഗം ആരോപിക്കുന്നത്. പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലെ 13 പിഴവുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ കോടതിയെ സമീപിക്കുന്നത്. എന്നാല്‍ ഹര്‍ജിയില്‍ പറഞ്ഞ നാല് കാര്യങ്ങളില്‍ മാത്രമാണ് തുടരന്വേഷണം ഉണ്ടാവുന്നത്.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ കസേരയില്‍ അഹന്തയോടെ ഞെളിഞ്ഞിരുന്ന സമയത്താണ് പി.പി വിദ്യയുടെ വാക്കിന്റെ വിഷശരമേറ്റ് നവീന്‍ ബാബു ജീവനൊടുക്കിയത്. സമൂഹ മനസാക്ഷിയെ ആഴത്തില്‍ മുറിവേല്‍പ്പിച്ച് സത്യസന്ധനായ ഒരു ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മരണത്തിലേയ്ക്ക് തള്ളിവിടുകയും അദ്ദേഹത്തിന്റെ കുടുംബത്തെ നിത്യദുഖത്തിലാഴ്ത്തുകയും ചെയ്ത പി.പി ദിവ്യ ഇപ്പോള്‍ ബുള്ളറ്റില്‍ വിലസുന്ന ചിത്രം അവര്‍ തന്നെ ഫെയ് ബുക്കില്‍ പോസ്റ്റ് ചെയ്ത ദിവസമാണ് സി.ബി.ഐ അന്വേഷണ തീരുമാനെ വന്നത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട് കണ്ണൂര്‍ പള്ളിക്കുന്നിലെ വനിതാ ജയിലിലടയ്ക്കപ്പെട്ട ശേഷം ജാമ്യത്തിലിറങ്ങിയ ദിവ്യയ്ക്ക് നവീന്റെ മരണത്തില്‍ യാതൊരു കുറ്റബോധവുമില്ലെന്നാണ് അവരുടെ വിളയാട്ടങ്ങള്‍ സൂചിപ്പിക്കുന്നത്.
നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കതെ കയറിവന്ന് ദിവ്യ നടത്തിയ സാരോപദേശ പ്രസംഗമാണ് നവീന്റെ മരണത്തിലേയ്ക്ക് നയിച്ചത്. തന്റെ വാക്കുകള്‍ സദുദ്ദേശപരമായിരുന്നുവെന്നായിരുന്നു ദിവ്യ വളരെ എളിമയോടും നിഷ്‌കളങ്കതയോടും വെളിപ്പെടുത്തിയത്. എന്നാല്‍ ആ പ്രസംഗത്തിലടങ്ങിയത് സി.പി.എമ്മിന്റെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന ധാര്‍ഷ്ട്യവും പാര്‍ട്ടി തന്നെ സംരക്ഷിച്ചോളുമെന്ന വെല്ലുവിളിയും പ്രോട്ടോക്കോളില്‍ താന്‍ ജില്ലാ കളക്ടറേക്കാള്‍ മുമ്പിലാണെന്ന ധിക്കാരവുമാണ്. വാസ്തവത്തിലത് പ്രസംഗമായിരുന്നില്ല, കൊലവിളി തന്നെയായിരുന്നു. ഈ സ്ത്രീ പറഞ്ഞപോലെ കൈക്കൂലിക്കാരനാണോയെന്ന് കാലം തെളിയിക്കും. പക്ഷേ, നാട്ടുകാര്‍ക്കും പൊതുസമൂഹത്തിനും സ്വീകാര്യനായിരുന്ന നവീന്‍ അത്തരക്കാരനല്ലെന്ന് ആയിരം നാവുകള്‍ സാക്ഷ്യം പറയുന്നു.
കണ്ണൂരില്‍ നിയമിതനായ നവീന്‍ കുറഞ്ഞ കാലം കൊണ്ടു തന്നെ പിണറായിയുടെയും റവന്യുമന്ത്രിയുടെയും 'ഗുഡ്ബുക്കി'ല്‍ ഇടം പിടിച്ച വ്യക്തിയാണ്. സ്വന്തം നാട്ടിലേക്കായിരുന്നെങ്കിലും നവീന്‍ ബാബുവിനെ കണ്ണൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് മാറ്റാന്‍ മുഖ്യമന്ത്രിയുടെയും റവന്യു മന്ത്രിയുടെയും ഓഫീസിന് മടിയായിരുന്നു. റവന്യു മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഓഫീസുകളില്‍ ലഭിച്ചിരുന്ന റവന്യു സംബന്ധമായ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതില്‍ അദ്ദേഹം കാണിച്ച വൈദഗ്ധ്യമായിരുന്നു ഇതിന് കാരണം. ഒടുവില്‍ മുഖ്യമന്ത്രിയുടെയും റവന്യു മന്ത്രിയുടെയും ഓഫീസുകളില്‍ നേരിട്ടെത്തി ആവശ്യപ്പെട്ടതോടെയാണ് സ്ഥലംമാറ്റത്തിന് ഇരുവരും വഴങ്ങിയത്.
മറ്റ് യോഗ്യതാ മാനദണ്ഡങ്ങള്‍ക്കൊപ്പം അഴിമതിരഹിതര്‍ എന്ന് അറിയപ്പെടുന്നവരെ മാത്രമാണ് ആര്‍.ഡി.ഒ, എ.ഡി.എം, ഡെപ്യൂട്ടി കളക്ടര്‍ തുടങ്ങി ഉന്നത തസ്തികകള്‍ക്ക് പരിഗണിക്കുക. ഇങ്ങനെ സല്‍പേരുള്ളവരുടെ പട്ടികയില്‍ ഇടംപിടിച്ചതുകൊണ്ടാണ് നവീന്‍ ബാബുവും എ.ഡി.എം തസ്തികയില്‍ തുടര്‍ന്നത്. നവീന്‍ ബാബുവിനെതിരേ വാക്കാല്‍ പോലും പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു അന്ന് റവന്യു വകുപ്പ് വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്‍ വഴിയോ മറ്റ് ഔദ്യോഗിക മാര്‍ഗങ്ങളിലൂടെയോ പരാതി ലഭിച്ചിട്ടില്ല. നവീന്‍ ബാബുവിനെതിരേ ആരെങ്കിലും വാട്സാപ്പ് വഴി വ്യക്തിപരമായി ഏതെങ്കിലും ഉന്നതോദ്യോഗസ്ഥന്റെ പക്കല്‍ പരാതി നല്‍കിയിട്ടുണ്ടോയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനും വ്യക്തതയുണ്ടായിരുന്നില്ല. നവീന്‍ മരിച്ച ശേഷം മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഒരു പരാതിയെത്തിയതില്‍ ദുരൂഹത ആരോപിക്കപ്പെട്ടിരുന്നു.