
"മതിയുറക്കം വെളുത്തുനേരം
മറയുമിപ്പോൾ മധുരസ്വപ്നം "
റൈനു ഗെയ്റ്റ് തുറന്ന് പുറത്തേക്ക് നടന്നു. ദൂരെയുള്ള വളവിൽ കുറച്ചാളുകൾ കൂടി നിൽക്കുന്നുണ്ട്. രാവിലെ റോഡിലധികം തിരക്കില്ല. തിരക്കില്ലാത്ത സമയങ്ങളിലെ അശ്രദ്ധയാണ് കൂടുതൽ അപകടങ്ങളുണ്ടാക്കുന്നത്. കരുതിയത് പോലെ ഒരപകടമാണ്. സ്‌കൂട്ടർ സൈഡിലേക്ക് വീണ് കിടപ്പുണ്ട്. ചിതറിതെറിച്ച ലൈറ്റും മിററും. റോഡിൽ രക്തമധികം കാണാതിരുന്നപ്പോൾ തന്നെ റൈനുവിന് സമാധാനമായി. പെട്രോൾ കഴിഞ്ഞ് ഉന്തിക്കൊണ്ട് പോയിരുന്ന സ്‌കൂട്ടർ ഏതോ ടെമ്പോ ഇടിച്ചിട്ടതാണത്രേ. ടെമ്പോ നിർത്തിയില്ല. സ്കൂട്ടർക്കാരൻ പയ്യനെ ഹോസ്‌പിറ്റലിലാക്കിയിട്ടുണ്ട്. സീരിയസല്ലെന്ന് കേട്ടപ്പോൾ റൈനു നെഞ്ചത്ത് വച്ചു.
ആദ്യത്തിനും അന്ത്യത്തിനുമിടയിലുള്ള ഇത്തിരി നേരം. ക്ഷണികസ്വപ്നം പോലെ ഒന്നിരുട്ടിവെളുക്കുന്നതിനിടക്ക് കണ്ടുതീർക്കാനുള്ളതേയുള്ളൂ ഈ ജീവിതതേരോട്ടമെന്നോർക്കാൻ കഴിഞ്ഞിരുന്നെങ്കിൽ മനസമാധാനത്തോടെ ജീവിക്കാൻ ആർക്കെങ്കിലും കഴിയുമായിരുന്നോ? ആ പയ്യനെ യാത്രയയച്ച അമ്മയെ പറ്റിയും അപകടമറിയുമ്പോഴുള്ള അവരുടെ അവസ്ഥയുമോർത്തപ്പോൾ റൈനുവിന് പെട്ടെന്ന് ആദിയെ കാണാൻ തോന്നി. അവൾ ഉറങ്ങുകയായിരിക്കും. അവിടെ നേരം വെളുക്കാൻ ഇനിയും മൂന്ന് മണിക്കൂർ കൂടി കഴിയണം.
ആദിയുടെ അമ്മ അരുണിമ. റൈനുവിന് അരുണിമയിലെ അമ്മയെ ഇതേവരെ മനസ്സിലാക്കാനായിട്ടില്ല. ആദിയെ ഉപേക്ഷിച്ച് പോകാൻ അരുണിമയ്ക്ക് എങ്ങനെ സാധിച്ചു! ഒരു ഒന്നരവയസ്സുകാരിയെ, അമ്മയുടെ നെഞ്ചിലെ സുരക്ഷിതത്വത്തിൽ അമർന്നിരുന്ന് പുഞ്ചിരിക്കുന്ന ആ മുഖം കണ്ടില്ലെന്ന് നടിച്ചിറങ്ങിപ്പോകാൻ അരുണിമയെ പ്രേരിപ്പിച്ച വികാരമെന്തായിരിക്കും? അവർക്കും അവരുടേതായ കാരണങ്ങൾ തീർച്ചയായും ഉണ്ടായിരിക്കും . എങ്കിലും താൻ പ്രസവിച്ച കുഞ്ഞിൻ്റെ വളർച്ചയിലേക്ക് ഇതേവരെ ഒന്നെത്തി നോക്കാൻ തോന്നാത്ത ആ സ്ത്രീമനസ്സിൻ്റെ അവസ്ഥയെന്തെന്നറിയണമെന്ന് റൈനുവിന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ലാൽ ഒരിക്കലുമതിന് താൽപര്യപ്പെട്ടിരുന്നില്ല. ആദിയും അതാഗ്രഹിച്ചിരുന്നില്ല.
നിമിത്തം,നിയോഗം അങ്ങനെയെന്തോ ആയിരിക്കാം എന്ന് കരുതിയാൽ ആർക്കും ആരേയും കുറ്റപ്പെടുത്തേണ്ടി വരില്ല. അങ്ങനെയൊരു നിയോഗമായിരിക്കാം അരുണിമയുടേത്. അങ്ങനെയൊരു നിമിത്തത്താലായിരിക്കാം താൻ
ആദിയെ കണ്ടുമുട്ടിയത്. ആദിയിലൂടെ ലാലിൻ്റെ ജീവിതത്തിലേക്കെത്തിയത്. ആദി ജർമ്മനിയിലേക്ക് പോയതിന് ശേഷം ലാലിൻ്റെ കൂടെയുള്ള സ്ഥിരജീവിതം അവസാനിപ്പിച്ചത്. എല്ലാത്തിനും അതിൻ്റേതായ, സാമാന്യമനസ്സിന് മനസ്സിലാക്കാനാകാത്ത കാരണങ്ങളുണ്ടായിരിക്കാം.
ലാലിനെ ഒന്ന് വിളിക്കാം എന്ന് കരുതി റൈനു പോക്കറ്റിൽ നിന്ന് ഫോണെടുത്തു.. നിഷിയുടെയും മായയുടെയും പ്രശ്നങ്ങൾക്കിടയിലായിരുന്നതിനാൽ അയാളെ തീർത്തും ഒഴിവാക്കിയിരിക്കുകയായിരുന്നു. ലാലിനെ കാണണമെന്ന് തോന്നുന്ന മറ്റു സ്വകാര്യചിന്തകളൊന്നും ഈയിടെ ഉണ്ടാകാറുമില്ല.
റൈനുവിൻ്റെ കോൾ വരുന്ന സമയത്ത്, വെളുത്ത ചുമരിൽ അവിടവിടെയായി കൂട്ടം കൂടിയിരുന്ന് ഭാവിയെ പറ്റി ആലോചിക്കുകയോ ഭാവിയിലേക്കായുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയോ ചെയ്യുന്ന കരിയുറുമ്പുകളിലായിരുന്നു ബാബുലാലിൻ്റെ ശ്രദ്ധ.
ചൂട്ടും തീപ്പെട്ടിയും അരികിൽ കരുതി അയാൾ ഉറുമ്പുകളെയും നോക്കിയിരിക്കുകയാണ്. ചുമരിലിരിക്കുന്ന ഉറുമ്പുകളിൽ ഭൂരിഭാഗത്തിൻ്റെയും അന്ത്യമിപ്പോൾ തൻ്റെ കൈയ്യിലാണ്. ഇവരുടെ ഭാവി ഇനി താൻ നിർണ്ണയിക്കും. എന്നിങ്ങനെയുളള ചിന്തകളിൽ വ്യാപരിക്കുകയാണ് അയാളുടെ മനസ്സ്. കരിയുറുമ്പുകൾ നിരുപദ്രവകാരികളാണെങ്കിലും ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്ന അവരുടെ അംഗബലവും ചുമരിലെ കൂട്ടം കൂടിയിരുന്നുള്ള കൂടിയാലോചനയും അയാൾക്കിഷ്ടപ്പെടുന്നുണ്ടായിരുന്നില്ല. യാതൊരുത്തൻ്റേയും നിയന്ത്രണമില്ലാതെ ആവശ്യാനുസരണം പ്രജനനപ്രക്രിയയിൽ ഏർപ്പെട്ട് ജീവിക്കുന്ന അവറ്റകളോട് അയാൾക്കസൂയ പോലും തോന്നി. എത്ര ഓടിച്ചിട്ടും അവറ്റകൾ കണ്ണുംവെട്ടത്തുനിന്ന് പോകുന്നതുമില്ല. കഷ്ടകാലം നേരത്താണ് ഇവരുടെ ആഗമനം എന്ന് പണ്ട് അമ്മ പറഞ്ഞ ഒരോർമ്മയുമുണ്ട്. ഇപ്പോഴുള്ളതിനേക്കാളും ഇതേവരെ ഉണ്ടായതിനേക്കാളും കഷ്‌ടം സഹിക്കാനുള്ള മാനസികാവസ്ഥയൊന്നും ഇനി തനിക്കില്ലെന്ന തോന്നലിൽ ഉറുമ്പുകളെ കൂട്ടത്തോടെ ചുട്ടെരിക്കാം എന്ന ക്രൂരമായ തീരുമാനത്തിൽ അയാളെത്തി.
എങ്കിലും …. ഈ ഉറുമ്പുകളുടെ, ഒന്നും രണ്ടുമല്ല ആയിരക്കണക്കിന് ഉറുമ്പുകളുടെ ജീവിതാന്ത്യത്തിന് കാരണക്കാരനാവണോ എന്ന മനസ്താപം ഒരു വശത്ത് . അവറ്റകളുടെ വിധി നിർണ്ണയം തൻ്റെ കൈവിരൽ തുമ്പിലാണെന്നതിൻ്റെ ത്രില്ല് മറുവശത്ത്. കറുപ്പും വെളുപ്പും തമ്മിലുള്ള ഈ ഉൾസംഘട്ടനത്തിനിടയിലാണ് അയാൾ റൈനുവിൻ്റെ കോളറ്റൻഡ് ചെയ്തത്. ഒന്നരമാസത്തോളമായി താൻ കൊടിയ പട്ടിണിയിലാണെന്ന കാര്യം റൈനുവിനെ ധരിപ്പിക്കാൻ ശ്രമിച്ച് പത്ത് മിനിറ്റോളം കടന്നുപോയി. ഫോൺ സംഭാഷണത്തിനിടക്ക് ചുമരിലേക്ക് നോക്കിയപ്പോൾ അയാളമ്പരന്നു. കണക്കുകൂട്ടൽപോലെ ഒരു നിസ്സാരകാര്യം പോലും നടക്കില്ലെന്നോർമ്മിപ്പിച്ചുകൊണ്ട് പലദിവസങ്ങളായി ഓടിക്കാൻ നോക്കിയിട്ടും പോകാതിരുന്ന ഉറുമ്പിൻ കൂട്ടം അപ്രത്യക്ഷരായിരിക്കുന്നു. അവിടവിടെയായി കൂട്ടം തെറ്റിയ ചിലർ മാത്രം തപ്പിപരതി നടപ്പുണ്ട്. അയാളുടെ കൈവിരൽ തുമ്പിനാൽ നടക്കേണ്ടിയിരുന്ന ഉറുമ്പിൻ കൂട്ടത്തിൻ്റെ കൂട്ടമരണം ഒരു ഫോൺ കോൾ കൊണ്ട് മാറ്റിയെഴുതപ്പെട്ടിരിക്കുന്നു.എന്നാലും ഇത്രപ്പെട്ടെന്ന് അവറ്റകളെവിടെയൊളിച്ചു!
ബാബുലാലിൻ്റെ ഉറുമ്പുകഥ കേട്ട് റൈനുവിന് ചിരിവന്നു.
"അവറ്റകൾക്കിനിയും മറ്റെന്തോ ചെയ്ത് തീർക്കാനുണ്ട്. അതാണ് എനിക്കിപ്പോത്തന്നെ ലാലിനെ വിളിക്കാൻ തോന്നീത് ."
"അവറ്റകളെ ഒറ്റയടിക്ക് കരിച്ച് കൊല്ലാനായിരുന്നു തീരുമാനം. ഇവിടെ പുതിയ കോളനി തുടങ്ങാനുള്ള ശ്രമത്തിലായിരുന്നു. എൻ്റെ ഉദ്ദേശ്യം അവറ്റകൾ
മണത്തറിഞ്ഞേക്കുന്നു. "
"ഈ കൊല്ലണം, ചാവണം എന്നൊക്കെ ചിന്ത വരുമ്പോ സൂക്ഷിക്കണം. അതൊരു സൈക്കോ ആവുന്നേൻ്റെ ലക്ഷണമായിക്കൂടായ്കയില്ല. "
"ചാവുന്ന ഉറുമ്പുകളുടെ ആയിരക്കണക്കിനാത്മാവുകൾ ….. ചത്താ പിന്നെ മനുഷ്യൻ്റെ ആത്മാവ് ഉറുമ്പിൻ്റെ ആത്മാവ് എന്ന വേർത്തിരിവൊന്നും ഇല്ലല്ലോ. അങ്ങനെ നോക്കുമ്പോ ഞാനൊരു എമണ്ടൻ കൊലപാതകിയാവും. അല്ലെങ്കിലും ഈ ഉറുമ്പോൾടെ കാര്യം നോക്ക്. റാണിയീച്ചയുമായി ഇണചേർന്നാ ഉടനെ ആണുറുമ്പ് ചാവും. എന്നിട്ടും അവറ്റോള് തിക്കിതിരക്കുന്നതെന്തിനാ ? ഈ റാണിനെ സെറ്റാക്കാൻ. ആ ഞാൻ നിനക്കൊരു ഫേയ്സ്ബുക്ക് പേജ് അയച്ച് തരാം. പലതരം ജീവികളുടെ ജനനമരണ കാമക്രോധ മോഹാതികളെ പറ്റി വിശദമായി അതിൽ പറയുന്നുണ്ട്. ഈയിടെ പൂച്ചകൾ ഇണചേരുമ്പോൾ കടികൂടി ഒച്ചവെയ്ക്കുന്നതെന്തിനാണെന്ന് അതിലുണ്ടായിരുന്നു. അതെൻ്റെയും ഒരു വലിയ സംശയമായിരുന്നു. പിന്നെ…."
ബാബുലാലിൻ്റെ വട്ടുചിന്തകൾ ഈ വിധത്തിൽ തുടരുമെന്നറിയാവുന്നതിനാലും അത് ചെന്ന് നിൽക്കുന്നത് എവിടെയായിരിക്കും എന്നറിയാവുന്നതിനാലും ചർച്ചക്കായി ഞാനൊരു ദിവസം വരാം എന്ന വാഗ്ദാനത്തിൽ റൈനു ഫോൺ കട്ട് നടത്തത്തിൻ്റെ സ്പീഡ് കൂട്ടി..
റൈനുവിൻ്റെ കോൾ നൽകിയ പ്രതീക്ഷയിൽ ഉറുമ്പുകളെവിടെ പോയി എന്നൊന്ന് പരതിയ ശേഷം ബാബുലാൽ ചില തലതിരിപ്പൻചിന്തകളോടെ പതിവ് പ്രഭാതപരിപാടികളിലേക്ക് നീങ്ങി. ജനനത്തോടെ ഒന്നും ആരംഭിക്കുന്നില്ലെന്നും മരണത്തോടെ ഒന്നും അവസാനിക്കുന്നില്ലെന്നും കരുതാനാണ് ഇപ്പോഴയാൾക്കിഷ്ടം. മനുഷ്യരുടെ കണ്ണുകൾക്കും കാതുകൾക്കുമപ്പുറം പല കാഴ്ച്ചകളും കേൾവികളും ഈ ലോകത്തിലുണ്ടെന്നുള്ളത് സത്യമാണല്ലോ. എങ്കിൽ അങ്ങനെയൊരു കാണാലോകം, കേൾക്കാലോകം മരിച്ചവരുടെതായി ഉണ്ടെങ്കിലോ? നമ്മോടൊപ്പം തന്നെ പാരലലായ മറ്റൊരു ജീവിതം അവരിവിടെ ജീവിക്കുന്നുണ്ടായിരിക്കും. പരസ്പരം കാണാനാവുന്നില്ലെന്നേയുള്ളൂ. കേൾക്കാനും തൊടാനും കഴിയുന്നില്ലെന്നെയുള്ളൂ. നമുക്കിടയിൽ അവരുമുണ്ട്. ബാബുലാൽ അമ്മയെ പറ്റിയോർത്തു. ഇവിടെ തൻ്റെ തൊട്ടടുത്ത് നിന്ന് അമ്മ എല്ലാം നോക്കിക്കാണുന്നുണ്ടാവില്ലെന്ന് എങ്ങനെ പറയാനൊക്കും! അയാൾ അമ്മ അവിടെ ഉണ്ടെന്നപോലെ ശൂന്യതയിലേക്ക് സൂക്ഷിച്ച് നോക്കി.
മകളുടെ ജനനത്തോടെയാണ് ശരിക്കും താനിനി ജീവിക്കാൻ പോകുന്നത് എന്നായിരുന്നു ഒരു കാലത്ത് ബാബുലാലിൻ്റെ വിചാരം. അതുകൊണ്ടാണ് കുഞ്ഞിനയാൾ ആദി എന്ന് പേരിട്ടത്. കടുത്ത ബാലാരിഷ്ടതകളും അതിനേക്കാൾ മോശപ്പെട്ട കൗമാരകോലാഹങ്ങളും കഴിഞ്ഞ് യൗവ്വനാരംഭത്തിൻ്റെ ബലിഷ്ഠതയിൽ ആത്മവിശ്വാസത്തോടെ ജീവിതത്തെ നോക്കിക്കാണുന്നതിനിടയിലാണ് അയാൾ അരുണിമയെ പരിചയപ്പെടുന്നത്.
സുഹൃത്തിൻ്റെ കാമുകിയായിരുന്നു അരുണിമ. കാമുകൻ്റെ തേപ്പ് കിട്ടി ഡിപ്രഷൻ മൂഡിലായിരുന്ന അരുണിമയ്ക്കൊരു ജീവിതം കൊടുക്കാൻ ബാബുലാൽ തയ്യാറായതിന് പിന്നിലെ പ്രധാന കാരണം ഒരിക്കലും സഹതാപമായിരുന്നില്ല. സുഹൃത്തിൻ്റെ ചതിക്കുള്ള പരിഹാരവുമായിരുന്നില്ല. ബാബുലാലിൻ്റെ വീട്ടിലെ സാഹചര്യങ്ങൾ വച്ച് അതിവിദൂരത്തിലെങ്ങാനും നടന്നേക്കാവുന്ന ഒരു സംഭവമായിരുന്നു വിവാഹം. ചിലപ്പോൾ നടക്കാൻ സാധ്യതയില്ലാത്തതും. ജോലീം കൂലീം ഇല്ലാത്തവർ ഒരിക്കലും പെണ്ണ് കെട്ടരുതെന്നാണ് അയാളുടെ അമ്മ സ്വന്തം അനുഭവത്തിലൂന്നി എപ്പോഴും പറയാറുള്ളത്. വേണ്ടത്ര പ്രായോം പക്വതേം ആയില്ലെന്ന കാരണത്താൽ ഗൗരവമുള്ള ജോലികളിൽ നിന്നൊക്കെ മാറ്റിനിർത്തപ്പെടുന്ന അവസ്ഥയും അപ്പോഴുണ്ടായിരുന്നു.
ഉൽപാദനപരവും പ്രത്യുൽപാദനപരവുമായ കാര്യങ്ങൾക്ക് ഏറ്റവും യോഗ്യമായ യൗവ്വനാരംഭത്തെ വേണ്ടവിധം ഉപയോഗിക്കുന്നതിൽ നിന്ന് ചെറുപ്പക്കാരെ വിലക്കുകയും അവരുടെ ആരോഗ്യവും ക്രിയേറ്റിവിറ്റിയും കാര്യക്ഷമമായി ഉപയോഗപ്പെടുത്താതെ അവരെ മാറ്റി നിർത്തുകയും ചെയ്യുന്ന ഇത്തരം സാമൂഹ്യസാഹചര്യങ്ങളോടുണ്ടായിരുന്ന എതിർപ്പ് പ്രകടിപ്പിക്കാനും, തിളച്ചുമറിയുന്ന യൗവ്വനത്തെ മിതശീതോഷ്ണത്തിലേക്ക് എത്തിക്കുക എന്ന അന്ത്യന്താപേക്ഷിതമായ അത്യാവശ്യത്തിന് വിവാഹമാണല്ലോ ഏറ്റവും നല്ല മാർഗ്ഗമെന്ന സ്വന്തം താൽപര്യത്താലുമാണ് സ്ഥിരവരുമാനമില്ലാത്ത ഇരുപത്തിരണ്ടുകാരനാണ് താനെന്ന കാര്യം തൽക്കാലത്തേക്ക് മറന്ന് അരുണിമക്കയാൾ രക്ഷകനായത്.
രണ്ട് മക്കളെ വളർത്താൻ തനിയെ കഷ്‌ടപ്പെടുന്നതിനിടയിൽ ജീവിതം എന്തെന്ന് തന്നെ മറന്നുപോയ അയാളുടെ അമ്മ മരുമകളെയും കൂട്ടി വന്ന മകനെ കണ്ടമ്പരന്നു. അപ്പോഴവരുടെ കണ്ണിലുണ്ടായ നീർത്തിളക്കം എന്തിൻ്റെയായിരുന്നിരിക്കും! വലതുകയ്യിലെ കഴച്ചുകയറ്റം കുടഞ്ഞെറിഞ്ഞ് മക്കളെ അകത്തേക്കാനയിക്കുമ്പോൾ അടുക്കളയിൽ ഒരാൾക്ക് കൂടിയെടുക്കാൻ ബാക്കിയെന്തുണ്ട് എന്നായിരുന്നു അവരാലോചിച്ചു കൊണ്ടിരുന്നത്. ഒറ്റമുറി മകനൊഴിഞ്ഞ് കൊടുക്കുമ്പോൾ ” കുറച്ചൊന്ന് ശ്രദ്ധിക്കണേ മോനേ…. " യെന്ന് മാത്രം മകനോട് ചെവിയിൽ പറഞ്ഞു.
മാനസികമായി പ്രായപൂർത്തിയിലെത്തുന്നതുവരെയെങ്കിലും മൂന്നാമതൊരാൾ വരാതിരിക്കാൻ ശ്രദ്ധിക്കണമെന്ന അമ്മയുടെ ഉപദേശം പാലിക്കാൻ കഴിയാതിരുന്നതിൻ്റെ കുറ്റബോധത്തോടെ ഇരുപത്തിമൂന്നാം വയസ്സിൽ തന്നെ ബാബുലാൽ അഛനായി. ഇത്രയും കാലത്തെ ഉഴപ്പലെല്ലാം നിർത്തണം. മിടുക്കനായി ജോലിക്ക് പോയി തുടങ്ങണം. ഭാര്യയെയും കുഞ്ഞിനെയും നോക്കണം എന്നൊക്കെയുള്ള ചിന്തയുണ്ടായിരുന്നെങ്കിലും കുഞ്ഞിൻ്റെ മുഖം നോക്കിയിരിക്കാനുള്ള കൊതി കാരണം മൂന്നാല് മാസത്തേക്ക് അയാളും ഭാര്യക്കൊപ്പം പ്രസവാവധിയെടുത്ത് വീട്ടിലിരുന്നു.
അമ്മയുടെ അപ്രതീക്ഷിതമായ വീഴ്ച്ചയോടൊപ്പം കടം കിട്ടാനുള്ള അവസാന വഴിയും അടഞ്ഞു. അപ്പോഴാണ് മാനസികമായ പ്രായപൂർത്തിയെ കുറിച്ച് കേട്ട അമ്മഭാഷണങ്ങളിൽ സത്യമുണ്ടെന്ന് അയാൾക്ക് ബോധ്യം വന്നത്. ലാക്ടോടെക്സും ബേബിസോപ്പും ബേബി പൗഡറും ബേബിക്രീമുമടങ്ങുന്ന നീണ്ട ലിസ്റ്റുമായി അരുണിമ ഭീഷണി മുഴക്കിയപ്പോൾ മനസ്സില്ലാമനസ്സോടെ അയാൾ കിട്ടിയ ജോലിക്കെല്ലാം പോയി തുടങ്ങി.
താഴ്ന്ന ലെവലിലാണെങ്കിലും വലിയ പ്രശ്നങ്ങളൊന്നും ഇല്ലാതെ ജീവിതമങ്ങിനെ തട്ടിമുട്ടി മുന്നോട്ട് പോയ്ക്കൊണ്ടിരുന്നു. കുഞ്ഞിൻ്റെ ആരോഗ്യപ്രശ്നങ്ങൾ ബാധ്യതകളാകാൻ തുടങ്ങിയപ്പോഴാണ് വീഴ്ച്ചയുടെ തട്ടുകേട് വകവയ്ക്കാതെ അമ്മ വീണ്ടും അടുക്കളപ്പണിക്ക് പോയിത്തുടങ്ങിയത്. എല്ലാ ഇഷ്ടങ്ങളും മാറ്റിവച്ച് ഇഷ്‌ടമില്ലാത്ത പ്രവാസത്തിലേക്കയാളെ നിർബന്ധിച്ചയച്ചത് അമ്മയുടെ ആ തീരുമാനമായിരുന്നു.
അയാൾ മുമ്പേ ചിന്തിച്ചത് ശരിയായിരുന്നു. മകളുടെ ജനനത്തോടെയായിരുന്നു അയാളുടെ ജീവിതം ശരിക്കും തുടങ്ങിയത്. മകൾക്ക് ഒന്നര വയസ്സുള്ളപ്പോൾ അരുണിമ അയാളെയും കുഞ്ഞിനെയും ഉപേക്ഷിച്ച് മറ്റൊരു ജീവിതത്തിലേക്ക് പോയതിന് ശേഷമാണ് ഒരു മിനിറ്റ് ഇരിക്കാനും ചിന്തിക്കാനുമിടയില്ലാത്ത വിധം അയാൾ ശരിക്കും ജീവിക്കാൻ തുടങ്ങിയത്. ഗൾഫിൽ ആറ് മാസം എങ്ങനെയും തള്ളിനീക്കി, കൊള്ളാവുന്നൊരു ജോലി ശരിയാക്കി നാട്ടിൽ തിരിച്ചെത്തിയപ്പോൾ അതിൽ തന്നേക്കാൾ സന്തോഷിക്കുന്നത് അരുണിമയായിരിക്കും എന്നായിരുന്നു അയാൾ കരുതിയിരുന്നത്. പക്ഷേ, അയാളെത്തും മുൻപേ അരുണിമ മറ്റൊരു തീരുമാനത്തിലെത്തിയിരുന്നു.
അയാൾക്കൊപ്പമായിരുന്ന ജീവിതത്തിൻ്റെ ഒരോർമ്മയും കൂടെയുണ്ടാകരുത് എന്ന് കരുതിയാകണം പുതിയൊരു ജീവിതത്തിലേക്ക് പോകുമ്പോൾ കുഞ്ഞിനെ ബാബുലാലിന് കൊടുക്കാനുള്ള സൻമനസ്സവർ കാണിച്ചത്. അരുണിമയുടെ ആസൗജന്യത്തിന് പ്രത്യുപകാരമായി ബാബുലാൽ ഒരു ഡിമാൻ്റും വയ്ക്കാതെ ഡിവോഴ്സ് പേപ്പറിൽ ഒപ്പിട്ടുകൊടുത്തു.
പണിയെടുത്ത് തേഞ്ഞ ഡിസ്‌കുകൾ പണിമുടക്കി അമ്മ വീണ്ടും കിടപ്പിലായപ്പോൾ മുതൽ രാവിലെ വീട്ടുജോലി കഴിഞ്ഞ് കുഞ്ഞിനെയും കൊണ്ട് ഡേകെയറിലേക്ക് , പിന്നെ വരുമാനത്തിനുള്ള മറ്റു ജോലികളിലേക്ക്. വൈകിട്ട് ഡേകെയറിൽ നിന്ന് കുഞ്ഞിനെയുമെടുത്ത് തിരികെ വീട്ടിലേക്ക്.വീണ്ടും വീട്ടുജോലികൾ. അങ്ങനെ ആദിയെന്ന കുഞ്ഞുലോകത്തിൽ മറ്റൊന്നും ചിന്തിക്കാൻ സമയമില്ലാതെ അന്തമില്ലാതങ്ങനെ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുന്നതിനിടയിലാണ് അയാൾ റൈനുവിനെ കണ്ടുമുട്ടുന്നത്.
കുഞ്ഞുങ്ങളോടുള്ള ഇഷ്‌ടം കൊണ്ടും അവരെ ഓമനിക്കാനുള്ള കൊതികൊണ്ടും റൈനു കുറേക്കാലം ഒരു ഡേകെയറിൽ ജോലി ജോലി ചെയ്തിരുന്നു. ഹൈഫൈ സൗകര്യങ്ങളുള്ള ഡേ കെയർ ആയിരുന്നതിനാൽ ഹൈഫൈ മാതാപിതാക്കളാണധികവും കുട്ടികളുമായി വന്നുകൊണ്ടിരുന്നത്. അതിൽ സിംഗിൾ പേരൻ്റ്സും ഉണ്ടായിരുന്നു. അതിനിടയിലേക്കോണ് ഒരു ദിവസം രണ്ടു വയസ്സുകാരിയായ ആദിയെയും കൊണ്ട് ബാബുലാൽ എത്തുന്നത്. അയാൾ ജോലി ചെയ്തുണ്ടാക്കുന്നതിൻ്റെ പകുതിയിലധികവും ഡേ കെയറിലടയ്ക്കണം. സിംഗിൾ മദേഴ്‌സിൻ്റെ ഏകാന്തയാത്രയെ പറ്റി കൊട്ടിഘോഷിക്കപ്പെടുന്ന കാലത്ത് സ്വന്തം കുഞ്ഞിനെ ചേർത്ത് പിടിച്ച് നെട്ടോട്ടമോടുന്ന ഒരു സിംഗിൾ ഫാദർ. പ്രത്യേകിച്ചൊരു ഡിമാൻ്റുമില്ലാതെ കുഞ്ഞിനെ വിശ്വസിച്ചേൽപ്പിക്കുകയും ചോദ്യങ്ങളൊന്നുമില്ലാതെ തിരികെ കൊണ്ടുപോകുകയും ചെയ്യുന്ന ബാബുലാലിൻ്റെ തത്രപ്പാടുകൾ അപ്പൻ്റെ ഏകാന്തയാത്രയോട് ചേർത്തു വച്ചാലോചിച്ചപ്പോൾ അയാളോടും, തൻ്റെത്തന്നെ കുട്ടിപ്പതിപ്പെന്ന തോന്നലിൽ ആദിയോടും കൂടുതലായൊരടുപ്പം റൈനുവിന് തോന്നി.
ഡേ കെയർ കാലം കഴിഞ്ഞു. പ്ലേ സ്കൂളും എൽ കെജിയും യുകെജിയും പിന്നിട്ട് സ്‌കൂൾ വിദ്യാർത്ഥിയായപ്പോഴും നാലുമണിക്ക് സ്കൂൾ സമയം കഴിഞ്ഞാൽ ബാബുലാൽ ജോലി കഴിഞ്ഞെത്തും വരെ റൈനു ആദിയുടെ കെയർടേക്കറായി തുടർന്നു. കുഞ്ഞിനോടുള്ള സ്‌നേഹത്തോടൊപ്പം കുഞ്ഞിന് ഒരസുഖം വന്നാൽ കുഞ്ഞിനേക്കാൾ തളരുന്ന അച്ഛനോടുള്ള സഹതാപവും കൂടിയായപ്പോൾ റൈനു ഒരു ദിവസം ചോദിച്ചു.
"ലാൽ …. ഒരു മുഴുവൻ സമയകെയർടേക്കറെ ആവശ്യമുണ്ടോ?" ഈ പാർട്ട്ടൈം നമുക്ക് ഫുൾടൈമാക്കിയാലെന്താ….?"
ബാബുലാലിന് മറിച്ചാലോചിക്കേണ്ട കാര്യം ഉണ്ടായിരുന്നില്ല. എങ്കിലും അരുണിമയുടെ പെട്ടെന്നുണ്ടായ തീരുമാനവും അതേതുടർന്ന് കുഞ്ഞുമായി ജീവിച്ചുതീർത്ത നാളുകളും താനൊരു നല്ല ഭർത്താവായിരുന്നില്ല എന്ന ബോധ്യം അയാളിലുണ്ടാക്കിയിരുന്നു. അതുകൊണ്ട് ആഗ്രഹമുണ്ടായിരുന്നെങ്കിലും റൈനുവിൻ്റെ ഓഫർ സ്വീകരിക്കാൻ അയാളൊന്നമാന്തിച്ചു.
"ടെൻഷനടിക്കണ്ട ലാലേ … പറ്റീല്ലെങ്കിൽ നമുക്കെവിടെ വെച്ച് വേണേലും
രണ്ട് വഴിക്ക് നടക്കാലോ “ എന്ന റൈനുവിൻ്റെ ആത്മവിശ്വാസത്തോടെയുളള ഉറപ്പിലാണ് അയാളന്നതിന് തയ്യാറായത്. അരുണിമ പോയപ്പോഴേതിലും ശൂന്യതയുണ്ടാക്കികൊണ്ടാണ് അമ്മ അയാളെ വിട്ട് പോയത്. ആ ശൂന്യതയെ മറികടക്കാൻ അപ്പോഴയാൾക്ക് ഒരു കൂട്ടാവശ്യമായിരുന്നു.
വർഷങ്ങളായി അടക്കിവച്ചിരുന്ന ജൈവികാവശ്യങ്ങൾ. ഒരുപക്ഷേ അരുണിമ പോയതിന് പിന്നിലെ ഒരു കാരണം അതായിരിക്കാം എന്ന ചിന്തയും അയാൾ റൈനുവിനോട് പറയാതിരുന്നില്ല. " അന്നെനിക്ക് കുറച്ചാക്രാന്തം കൂടുതലായിരുന്നു. ഒരു പക്ഷേ …. അരുണിമ… "
"അന്നത്തെ ആ തീരുമാനം ഒരെടുത്തുചാട്ടമായിരുന്നില്ലേ ?. മുന്നും പിന്നും നോക്കാണ്ടാണ് താനെപ്പഴും ഓരോന്ന് ചെയ്യാറ്. എന്നാലും ഇത് സ്വന്തം ജീവിതം വെച്ചായിരുന്നില്ലേ? ബാബുലാലിനെ പറ്റിയുള്ള സംസാരങ്ങൾക്കിടയിൽ ഒരിക്കൽ മായ റൈനുവിനോട് ചോദിച്ചു. റൈനു ചിരിക്കുകയല്ലാതെ മറുപടിയൊന്നും കൊടുത്തില്ല.
"ആ തീരുമാനം ശരിയായിരുന്നെങ്കി താനിപ്പോഴും അയാളോടൊപ്പം ജീവിച്ചേനെ."
"ഇപ്പോഴും ഞാനയാളോടൊപ്പം ജീവിക്കുന്നുണ്ടല്ലോ."
"അതന്ന്യാ ഞാൻ പറയണെ. ആ ജീവിതം അത്ര നല്ലതാന്ന് എനിക്ക് തോന്നണില്ല്യ.
എട്ട് കൊല്ലത്തെ ഒന്നിച്ചുള്ള താമസത്തിന് ശേഷം പരസ്പരസമ്മതത്തോടെ പിരിയുകയും ആവശ്യമെങ്കിൽ ഇടക്കൊക്കെ പരസ്പരസമ്മതത്തോടെ ഒന്നിച്ച് കഴിയുകയും ചെയ്യുന്ന റൈനുവിൻ്റെയും ബാബുലാലിൻ്റെയും ജീവിതം മായയുടെ ദഹനശേഷിക്കപ്പുറമായിരുന്നു. മായയിൽ ഇപ്പോഴുമവശേഷിക്കുന്ന അത്തിക്കാവുകാരി ഇടയ്ക്കൊക്കെ ഇങ്ങനെ പുറത്ത് വരാറുണ്ട്. റൈനു അപ്പോഴൊക്കെ താൻ കഴിച്ച ബീഫ് കറിയുടെയും പഴംപൊരിയുടെയും രുചിയെ പറ്റി മായയെ വർണ്ണിച്ച് കേൾപ്പിക്കും. അനുഭിവച്ചറിയേണ്ട കാര്യങ്ങൾ ആരേയും പറഞ്ഞ് ബോധ്യപ്പെടുത്താൻ കഴിയില്ലെന്ന് ഓർമ്മിപ്പിക്കും. അനുഭവങ്ങളുടെ ചില ഓർമ്മകളിൽ മായയപ്പോൾ പിടയും. അറിയാതെ ചെയ്ത് പോയൊരു തെറ്റ് മായയ്ക്കുള്ളിലിരുന്ന് വിങ്ങുന്നതറിയാതെ റൈനുവപ്പോഴും താനറിഞ്ഞ ജീവിതാസാദ്യതയെക്കുറിച്ച് വിവരിച്ച് കൊണ്ടേയിരിക്കും.
ഒരു മണിക്കൂർ നേരത്തെ നടത്തത്തിടുവിൽ റൈനു വിയർത്ത ശരീരവുമായി മുകളിലേക്കുള്ള സ്റ്റെപ്പിൽ ചെന്നിരുന്നു. ടീച്ചറുടെ അടച്ചിട്ട വാതിൽക്കലേക്ക് നോക്കി. ടീച്ചറുടെ പകലുറക്കത്തിനുള്ള സമയമായിട്ടില്ല. . രാവിലെ അകത്തുനിന്നെടുത്ത ടീച്ചറുടെ പർച്ചൈസിംഗ് ലിസ്‌റ്റ് പോക്കറ്റിൽ തന്നെയുണ്ടെന്ന് ഉറപ്പുവരുത്തി. അടുത്ത ആഴ്ച്ച നിഷി ഉമ്മയുടെ അടുത്തേക്ക് പോകും. മായയെ അത്തിക്കാവിലേക്ക് പറഞ്ഞയക്കണം. ബാഷയെപറ്റി പറയുമ്പോഴുള്ള താൽപര്യക്കുറവിന് മറ്റെന്തോ കാരണമുണ്ട്. അതൊരുപക്ഷേ അത്തിക്കാവ് യാത്രയോടെ മാറിക്കിട്ടിയാലോ ?
അരുണിമ വീണ്ടും റൈനുവിൻ്റെ ചിന്തയിലേക്കെത്തി. ഒരേ കാര്യം ഒരാൾക്ക് മധുരവും മറ്റൊരാൾക്ക് കയ്പ്പുമാവുന്നതിലെ യുക്തിയെന്തായിരിക്കും? അടുത്തയാഴ്ച്ച ലാലിനെ കാണാൻ പോകാമെന്ന ആലോചനക്കിടയിൽ ഫോണിൽ ഒരു മെസേജ് ടിംങ് എന്ന് ശഖ്ദത്തോടെ വന്നു വീണു. "അടുത്തൊരു ദിവസം പ്രതീക്ഷിക്കുന്നു" ഉള്ളിൽ ഉണർന്നണഞ്ഞ കുളിർ റൈനുവിൻ്റെ മുഖത്ത് പുഞ്ചിരിയായി വിടർന്നു. ആ പുഞ്ചിരിയുമായി മുകളിലെത്തിയ റൈനുവിനേയും കാത്ത് പ്രസന്നമായ മുഖത്തോടെ മായ നിൽക്കുന്നുണ്ടായിരുന്നു.
"അടുത്ത ആഴ്ച്ച അത്തിക്കാവിലേക്ക് പോകാമെന്ന് കരുതുന്നു. നിങ്ങളും കൂടി
പോരുന്നോ?” റൈനുവിൻ്റെ മനസ്സ് വായിച്ചിട്ടെന്നോണം മായ ചോദിച്ചു.
തുടരും .....
Read More: https://www.emalayalee.com/writer/284