Image

അവാര്‍ഡ് വന്നുപോയ വഴി (രാജു മൈലപ്രാ)

Published on 31 May, 2026
അവാര്‍ഡ് വന്നുപോയ വഴി (രാജു മൈലപ്രാ)

അടുത്തകാലത്തായി, അമേരിക്കയിലെ  ചില  ദേശീയ സംഘടനകള്‍ മികച്ച മലയാള സാഹിത്യകൃതികള്‍ക്ക് അവാര്‍ഡ് നല്കുന്നു എന്നു വാര്‍ത്ത വന്നതിനു പിന്നാലെ, അതേപ്പറ്റി അല്ലറചില്ലറ കശപിശകള്‍ നടന്നു വരികയാണല്ലോ!.

ഈ അവാര്‍ഡുകള്‍കൊണ്ട് പ്രത്യേകിച്ചൊരു പ്രയോജനവുമില്ല. മാസാമാസം പെന്‍ഷന്‍ നല്‍കുന്ന പരിപാടിയൊന്നുമല്ല. എങ്കിലും സ്റ്റേജില്‍ കയറി, വിശിഷ്ടാതിഥിയില്‍ നിന്നും ഈ അവാര്‍ഡ് ദാനമായി വാങ്ങിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു 'ത്രില്‍' ഉണ്ടല്ലോ! ഹെന്റെ പൊന്നേ! അതു പറഞ്ഞറിയിക്കാന്‍ പറ്റുകയില്ല. അനുഭവിച്ചുതന്നെ അറിയണം.

ഈ അവസരത്തില്‍ രസകരമായ ഒരു സംഭവം ഓര്‍മ്മയില്‍ വരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നതാണ്. ഒരു പ്രത്യേക സാഹചര്യത്തില്‍ ഒരു പുതിയ സംഘടന കൂടി രൂപംകൊള്ളുന്നു. അമേരിക്കന്‍ മലയാളികളെ മാത്രം ഒരു ചരടില്‍ കോര്‍ത്തിണക്കിയാല്‍ പോരാ! അഖിലലോക മലയാളികളെ, ജാതിമതഭേദമെന്യേ ഒരു കുടക്കീഴില്‍ കൊണ്ടുവരണം. അങ്ങിനെ ഒരു ആഗോള മലയാളി സംഘടന കൂടി ജന്മമെടുക്കുന്നു.

സാഹിത്യമില്ലാതെ എന്തു സംഘടന! ഈ ആഗോള സംഘടനയുടെ ഒരു പ്രഥമ 'ലിറ്റററി ചെയര്‍മാന്‍' എന്നൊരു അത്യുന്നത പദവി എനിക്ക് ലഭിക്കുന്നു. 'കേന്ദ്ര സാഹിത്യ അക്കാദമി ചെയര്‍മാന്‍' എന്ന സ്ഥാനത്തിനു തുല്യമായോ, അതിനുപരിയായോ ഉള്ള ഒരു പദവി. ഡയറക്ട് അപ്പോയിന്റ്‌മെന്റ് ആയിരുന്നു. കാരണം സംഘടനയുടെ സ്ഥാപക പ്രസിഡന്റ് എന്റെ സുഹൃത്ത് ശ്രീ ആന്‍ഡ്രൂ പാപ്പച്ചനായിരുന്നു.

സാഹിത്യമായാല്‍ 'അവാര്‍ഡുദാനം' ഒരു മസ്റ്റാണല്ലോ! ഓണ്‍ലൈന്‍ മീഡിയ കടന്നുവരാതിരുന്ന ആ കാലത്ത് അമേരിക്കയില്‍ മലയാള അച്ചടി പ്രസിദ്ധീകരണങ്ങളുടെ ഒരു വസന്തകാലമായിരുന്നു. പ്രഭാതം, കേരള ഡൈജസ്റ്റ്, അശ്വമേധം, കൈരളി, കേരള എക്‌സ്പ്രസ്, നാദം തുടങ്ങി മലയാളം പത്രം വരെ- ഒരു നീണ്ട നിര.

എല്ലാ പത്രങ്ങളിലും അവാര്‍ഡിനുള്ള കൃതികള്‍ ക്ഷണിച്ചുകൊണ്ട്, എന്റെ ഫോട്ടോയുള്‍പ്പടെ, വാര്‍ത്ത പ്രസിദ്ധീകരിച്ചു.

പരിഗണിക്കപ്പെടേണ്ട കൃതികളുടെ അഞ്ചു കോപ്പികള്‍ വീതം അയക്കണം. അതു കഥയോ, കവിതയോ, ലേഖനമോ നോവലോ എന്തുമായിക്കൊള്ളട്ടെ- 'തിരിച്ചു നല്‍കുന്നതല്ല' എന്നൊരു നിബന്ധനയുണ്ട്.

പ്രതീക്ഷിച്ചതിലധികം പ്രതികരണമുണ്ടായി. ഒരു പേജില്‍ ഒതുങ്ങുന്ന 'മിനിക്കഥ' മുതല്‍, മുന്നൂറിലധികം പേജുകള്‍ വരുന്ന മെഗാ നോവലുകള്‍ വരെ. പ്രിന്റു ചെയ്തവ കൂടാതെ, കൈയ്യെഴുത്തു പ്രതികളും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു.

അന്ന് ' ഹാള്‍മാര്‍ക്ക് ' കടയില്‍ ഏതിനം സര്‍ട്ടിഫിക്കറ്റുകളുടേയും, അവാര്‍ഡുകളുടേയും ബ്ലാങ്ക് കോപ്പികള്‍ കിട്ടും. നല്ല സുവര്‍ണ്ണ ബോര്‍ഡറുള്ള, തങ്കലിപികളില്‍ ആലേഖനം ചെയ്യപ്പെട്ടവ. ചേരുംപടി പേര് എഴുതി ചേര്‍ക്കുക എന്നൊരു ഭാരിച്ച ഉത്തരവാദിത്വം മാത്രമേ നമ്മള്‍്ക്കുള്ളൂ. വിലയോ തുച്ഛം; ഗുണമോ മെച്ചം!

ജഡ്ജിംഗ് കമ്മിറ്റിയില്‍, വലിയ ചെയര്‍മാനായ എന്നെക്കൂടാതെ, എന്റെ സുഹൃത്തുക്കളായ ജോയന്‍ കുമരകം, ജോസ് ചെരിപുറം, ജയന്‍ കെ.സി, മനോഹര്‍ തോമസ് തുടങ്ങിയ ചെറിയ ചെയര്‍മാന്‍മാരും ഉണ്ടായിരുന്നു. ബഹുമാനപ്പെട്ട ചെറിയാന്‍ കെ. ചെറിയാനെ ക്ഷണിച്ചെങ്കിലും വലിയ ചെയര്‍മാനായ എന്റെ കീഴില്‍ ഒരു ചെറിയ ചെയര്‍മാനായി സേവനം അനുഷ്ഠിക്കുവാന്‍ അദ്ദേഹം വിസമ്മതിച്ചു.

വിധികര്‍ത്താക്കള്‍ ഒരുമിച്ചുകൂടിയത് എന്റെ ഭവനത്തില്‍ വെച്ചായിരുന്നു. അതാണല്ലോ അതിന്റെ ഒരു ഇത്. ഞാനാണല്ലോ വലിയ ചെയര്‍മാന്‍.

ഡൈനിംഗ് ടേബിളില്‍ പുസ്തകങ്ങള്‍ നിരത്തി. ഒരാള്‍ വായിക്കുക- ഓരോ ജഡ്ജസും പ്രത്യേകം പ്രത്യേകം മാര്‍ക്കിടുക. അവസാനം എല്ലാംകൂടി കൂട്ടിനോക്കി, ഹരിച്ചും, ഗുണിച്ചും, കിഴിച്ചും കൂടുതല്‍ മാര്‍ക്ക് കിട്ടുന്നവരെ വിജയിയായി പ്രഖ്യാപിക്കുക. ഇതായിരുന്നു പരിപാടി. സിമ്പിള്‍ പ്രോസ്സസ്.

ഒന്നുരണ്ടു പുസ്തകങ്ങള്‍ ഓടിച്ചൊന്നു വായിച്ചപ്പോള്‍ തന്നെ സമയം ഏറെയായി. എല്ലാംകൂടി, എല്ലാവരും ചേര്‍ന്ന് വായിക്കണമെങ്കില്‍ ഒരു മൂന്നു മാസമെങ്കിലും എടുക്കും. തുടക്കത്തില്‍ 'സിമ്പിള്‍' എന്നു തോന്നിയ സംഗതി 'ഇമ്പോസിബിള്‍' ആണെന്നു മനസ്സിലായി.

ന്യൂജേഴ്‌സിയില്‍ മേളിക്കുന്ന സമ്മേളനത്തിന് ഒരു മാസംകൂടി മാത്രമേയുള്ളു. അതിനുള്ളില്‍ വിജയികളെ പ്രഖ്യാപിക്കണം.

ഇതിനിടയില്‍ എന്റെ ഭാര്യ, ഭവ്യതയോടുകൂടി എന്നെ അകത്തേക്കു ആംഗ്യഭാഷയില്‍ ക്ഷണിച്ചു.

'ദേ, ഞാന്‍ ഡ്യൂട്ടിക്കു പോകുവാ. ഞാന്‍ വരുന്നതിനു മുമ്പ് മര്യാദയ്ക്ക് എല്ലാത്തിനേം പറഞ്ഞുവിട്ടേക്കണം'

അതൊരു 'റിക്വസ്റ്റ്' അല്ലായിരുന്നു. ഒരു 'ഓര്‍ഡര്‍' ആയിരുന്നു. മറുപടിക്ക് കാത്തു നില്‍ക്കാതെ അവള്‍ പോയി.

എന്റെ ഭാര്യ പോയിക്കഴിഞ്ഞപ്പോള്‍ സംഗതി ഒന്നുകൂടി ഉഷാറായി. സ്ത്രീകള്‍ വീട്ടില്‍ ഇല്ലെങ്കില്‍ അതിഥിയും, ആതിഥേയനും തമ്മിലുള്ള അകലം കുറയും.

'കുടിക്കാനൊന്നുമില്ലിയോ?' - കൂട്ടത്തില്‍ ഒരാള്‍ക്ക് ദാഹം. 
'കാപ്പിയോ, ചായയോ?' ഞാന്‍ ആദരവോടുകൂടി ചോദിച്ചു. 
'കാപ്പി എന്റെ പട്ടിക്കുവേണം. തൊണ്ട നനയ്ക്കുവാന്‍ പറ്റിയ സാധനം വല്ലതുമുണ്ടോ എന്നാണ് ചോദിച്ചത്'

'താന്‍ ബേജാറാവാതെ; സാധനം കൈയ്യിലുണ്ട്' കൂട്ടത്തിലുണ്ടായിരുന്ന അബ്കാരി മൊഴിഞ്ഞു. 
ഉറപ്പുവരുത്താനായി മറ്റൊരാള്‍ ചോദിച്ചു; 
'സാധനം കൈയ്യിലുണ്ടോ?'
'സാധനം കൈയ്യിലുണ്ട്' മുതലാളി മറു കോഡ് പറഞ്ഞു. വന്നവര്‍ തന്നെ കിച്ചനില്‍ കയറി ഐസും, ഗ്ലാസും, സോഡയും മറ്റും സംഘടിപ്പിച്ചു.

ഇതിനിടയില്‍ ജോയന്‍ കുമരകം മദ്യപാനത്തിന്റെ ദോഷ വശങ്ങളെപ്പറ്റി വാചാലനായി.

ഇതുകേട്ട് ചെരിപുറത്തിനു ദേഷ്യമായി.

'ജോയന്‍ അവിടെയെങ്ങാനും അടങ്ങിയിരുന്ന് അവാര്‍ഡിനുള്ള പുസ്തകം തെരഞ്ഞെടുക്ക്- ഇവിടെ ഒരു മംഗള കര്‍മ്മം നടക്കുവാന്‍ പോകുകയാണ്. ഞങ്ങളിതൊന്നു തീര്‍ത്തോട്ടെ!'

മറ്റുള്ളവര്‍ ജോസിന്റെ അഭിപ്രായത്തോട് യോജിച്ചു. 'ട്ച്ചിംഗ്‌സൊന്നുമില്ലേ?'

കൂട്ടത്തില്‍ ഒരു കുറ്റാന്വേഷണ വിദഗ്ധന്‍ ഞങ്ങളുടെ മകന് കൊടുക്കുവാന്‍ വേണ്ടി, തലമുറ തലമുറ കൈമാറി വന്ന 'സീക്രട്ട് റെസിപ്പി' പ്രകാരം തയാറാക്കി ഭദ്രമായി സൂക്ഷിച്ചു വെച്ചിരുന്ന മീന്‍ അച്ചാറിന്റെ കുപ്പി കണ്ടുപിടിച്ചു.

എന്റെ തലയിലൊരു വെള്ളിടി വെട്ടി. ഈ കാലമാടന്മാര്‍ അച്ചാറു തീര്‍ത്താല്‍, എന്റെ കാര്യം കട്ടപ്പുക.

പുസ്തകങ്ങള്‍ വായിച്ചു വിലയിരുത്തുന്നതിനു പകരം, മറ്റുള്ളവരുടെ കുറ്റം പറഞ്ഞ് ഞങ്ങള്‍ ഓരോ നിമിഷവും ആനന്ദിച്ചു.

അഞ്ചുമണി കഴിഞ്ഞ് സമയം ആറിനോടടുക്കുന്നു. പരിചയമുള്ള ആരുടേയും ബുക്കുകള്‍ കൂട്ടത്തിലില്ല.

നടനും സാഹിത്യകാരനുമായ ശ്രീ. തമ്പി ആന്റണിക്ക് അവാര്‍ഡ് കൊടുത്താലോ എന്നാലോചിച്ചു. അദ്ദേഹത്തെ വിളിച്ചു ചോദിച്ചപ്പോള്‍ അവാര്‍ഡ് മത്സരത്തിനൊന്നും താന്‍ പങ്കെടുക്കാറില്ല. തനിക്കു വേണ്ട എന്നു പറഞ്ഞു. അങ്ങിനെ കൊടുക്കാത്ത അവാര്‍ഡ് തമ്പി നിരസിച്ചു.

സുഹൃത്തായ ജോണ്‍ ഇളമതയെ ഒന്നു ഇളക്കുവാന്‍ നോക്കി. ജര്‍മ്മനിയില്‍ തുടങ്ങി കാനഡയിലൂടെ, അമേരിക്കയിലെത്തി കടലു കടന്ന് കേരളം വരെ പരന്നു കിടക്കുന്നു അദ്ദേഹത്തിന്റെ സാഹിത്യ സപര്യ. ന്യൂജേഴ്‌സിയില്‍ വരെ വന്നു അവാര്‍ഡ് സ്വീകരിക്കുവാന്‍ ബുദ്ധിമുട്ടുണ്ടെന്നു പറഞ്ഞ് അദ്ദേഹവും ഒഴിഞ്ഞു.

ശ്രീ അബ്ദുള്‍ പുന്നയൂര്‍ക്കുളം മലയാളത്തിലും ഇംഗ്ലീഷിലും സാഹിത്യം പേശുന്ന ആളാണ്. വിളിച്ചുചോദിച്ചു.

' വണ്ടിക്കൂലിയും വള്ളക്കൂലിയും കൊടുക്കാമെങ്കില്‍ വരാമെന്ന് പറഞ്ഞു'

അതിനു വകുപ്പില്ല. സംഘടന ശൈശവ ദശയിലാണ്. ഫണ്ട് പിരിവ് തുടങ്ങിയിട്ടില്ല. സ്‌പോണ്‍സേഴ്‌സ് മുഖം തിരിച്ചു നില്‍ക്കുകയാണ്.

എന്നാല്‍പ്പിന്നെ 'കൊച്ചാപ്പിക്കഥകള്‍' എഴുതി പ്രശസ്തി നേടിയ ശ്രീ. ജോര്‍ജ് തുമ്പയിലിനോട്   അന്വേഷിക്കാമെന്നു കരുതി.

' അതു ശരിയാവില്ല, ന്യൂജേഴ്‌സിക്കാരനായ ഞാന്‍, ന്യൂജേഴ്‌സിയില്‍ നടക്കുന്ന ഒരു പരിപാടിയുടെ അവാര്‍ഡ് സ്വീകരിക്കുന്നതില്‍ അനൗചിത്യമുണ്ട്.' തുമ്പയില്‍ തന്ത്രത്തില്‍ ഒഴിഞ്ഞുമാറി.

അവാര്‍ഡ് കമ്മിറ്റിയിലെ വലിയ ചെയര്‍മാനായ ഞാനും, കൂടെയുള്ള ചെറിയ ചെയര്‍മാന്‍മാരും 'ജ്ഞാനപീഠം' അവാര്‍ഡിനു വരെ അര്‍ഹതയുള്ളവരാണ്. ഞങ്ങള്‍ ആരെങ്കിലും അവാര്‍ഡ് അടിച്ചുമാറ്റിയാല്‍ അതിലൊരു 'Conflict of interest' ആരോപണ സാദ്ധ്യതയുണ്ട്.

ചെറിയ ചെയര്‍മാന്‍മാരില്‍ ഒരാളുടെ കണ്ണുകള്‍ ' കാറ്റിലാടുന്ന തെങ്ങോലകള്‍' എന്ന കൃതിയില്‍ തറച്ചു. നോവലിസ്റ്റിനെ വിളിച്ചു. പുള്ളിക്കാരന് സന്തോഷംകൊണ്ട് ഇരിക്കാന്‍ പറ്റാത്ത ഒരവസ്ഥ. പത്തുപുത്തന്‍ വേണമെങ്കില്‍ ്ഇങ്ങോട്ടുതരാമെന്നുള്ള വാശിക്കാരന്‍.

അവാര്‍ഡിനൊരു പേരുവേണം. 'എഴുത്തച്ഛന്‍' , 'വള്ളത്തോള്‍' തുടങ്ങിയ പേരുകളിലൊക്കെ അവാര്‍ഡുകള്‍ നിലവിലുണ്ട്. അതുക്കും മേലെ നില്‍ക്കണം നമ്മുടെ അവാര്‍ഡ്.

ആര്‍ത്തവം, മുല, ഗര്‍ഭം, ഭ്രൂണം തുടങ്ങിയ വാക്കുകളൊക്കെ അവിടെയും ഇവിടെയുമൊക്കെ പെറുക്കി വെച്ച് 'ആധുനിക കവി' എന്നു പേരെടുത്തിട്ടുള്ള ജയന്‍, 'ഹെര്‍മന്‍ ഗുണ്ടര്‍ട്ട്'  അവാര്‍ഡ് എന്നു പേരു നിര്‍ദേശിച്ചു. പേരിനൊരു 'ഗും' ഉണ്ട്. അത് എല്ലാവരും സ്വീകരിച്ചു.

പത്തുമുപ്പത് പേരടങ്ങിയ ഒരുനിറഞ്ഞ സദസിനെ സാക്ഷി നിര്‍ത്തിക്കൊണ്ട്, നമ്മുടെ നോവലിസ്റ്റ്, എല്ലാവര്‍ക്കും ഗുരുതുല്യനായ ഡോ. എ.കെ.ബി പിള്ളയില്‍ നിന്നും 'ഡോ. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട്' അവാര്‍ഡ് ഏറ്റുവാങ്ങി.

'ഏതു കോപ്പനാ ആ ഗുണ്ടര്‍ട്ട്?' ചെരിപുറം എന്നോട് ചോദിച്ചു.

'ആര്‍ക്കറിയാം? ആരായാല്‍ നമുക്കെന്നാ? ഏതായാലും പരിപാടി ഭംഗിയായി നടന്നല്ലോ! നമുക്കതു മതി'.

എങ്ങും തൊടാതെ ഒരു മറുപടി കൊടുത്തിട്ട് ഞാന്‍ അവിടെനിന്നും മുങ്ങി.

Join WhatsApp News
കാവിൽ 2026-05-31 03:19:17
അമേരിക്കയിലെ എഴുത്ത്കാർ ക്ക് വിധികർത്താ ക്കളായി അമേരിക്കൻമലയാളികളെ ആക്കുന്ന യുക്തി മനസ്സിലാകുന്നു . ഇത് വിരോധാഭാസം . കൂടുതൽ പുസ്‌തകങ്ങൾ വരുമ്പോൾ പരിചയകാർക്കു കൊടുക്കുന്ന പാരമ്പര്യം നിർത്തണം
Jayan varghese 2026-05-31 05:20:07
അവാർഡ് അംഗീകാരവും ആദരവുമാണ്. കിട്ടാത്തവർക്ക് അത് പുളിക്കുന്ന മുന്തിരിങ്ങ.
തങ്കച്ചൻ പിണറായി 2026-05-31 07:42:39
പൊതുവായി പറഞ്ഞാൽ, പലപ്പോഴും അവാർഡ് കൊടുക്കാൻ വിധികർത്താക്കൾ ആയി വരുന്നവർ യാതൊരു വിധത്തിൽ യോഗ്യതകൾ ഇല്ലാത്തവർ ആയിരിക്കും. . അവരിൽ പലരും SSLC മാത്രം പാസായവർ Phd പി എച്ച് ഡി കാർക്ക് മാർക്കിടുന്നതും മാതിരി ആയിരിക്കും എന്ന് ചിലർ പറയുന്നു. അതൊരു കാര്യം. ഒരിക്കൽ ഒരു അവാർഡ് കമ്മറ്റി ജഡ്ജസ് ഒരു വീട്ടിൽ അവാർഡ് നിർണയിക്കാനായി കൂടിയിരിക്കുകയാണ്. കൃതികൾ എല്ലാം മേശപ്പുറത്ത് നിരത്തിവച്ചു. ചില ജഡ്ജിമാർ അവരുടെ ജാതിക്കാർക്കും മതക്കാർക്കും അവാർഡ് കൊടുക്കണം എന്ന് പിടിവാശിയായി. മറ്റുചില ജഡ്ജിമാർക്ക് കാണാൻ ചന്തമുള്ള സുന്ദരിമാരായ എഴുത്തുകാർക്ക് അവാർഡ് കൊടുക്കണമെന്ന് വാദിച്ചു. അവാർഡ് തന്നാൽ ജഡ്ജിമാർക്ക്പണം കൊടുക്കാം എന്ന് വാഗ്ദാനം ചെയ്തവർക്ക് അവാർഡ് കൊടുക്കണം എന്ന് ഒരു ജഡ്ജി അഭിപ്രായപ്പെട്ടു. Lottu - Lodukku സിനിമയിൽ അഭിനയിച്ച രണ്ടു മൂന്നു വ്യക്തികളുടെയും കൃതികൾ വന്നിട്ടുണ്ട്. അവർക്ക് സമ്മാനം കൊടുത്താൽ നമുക്ക് സിനിമയിൽ ചാൻസ് കിട്ടിയിരിക്കും ഒരു ജഡ്ജ് അഭിപ്രായപ്പെട്ടു. അതുവേണ്ട, ഇവിടെ അയച്ചു തന്നിരിക്കുന്ന മറ്റു പലരുടെയും കൃതികൾ ഒറിജിനൽ അല്ല എന്ന് നമുക്കറിയാമല്ലോ. ആ കൂട്ടത്തിൽ പെട്ടതാണ് ഈ രണ്ട് സിനിമക്കാരുടെയും കൃതികൾ. അതായത് അവർ നാട്ടിൽ നിന്ന് കൂലി കൊടുത്ത് എഴുതിച്ച കൃതികളാണ് ഇവയെല്ലാം എന്നുപറഞ്ഞ് മറ്റൊരു ജഡ്ജി കേറി ഉടക്കി. സ്വന്തമായി എഴുതാനും, സംസാരിക്കാനും, ഒക്കെ കഴിവുള്ള, അതുപോലെ സംഘടന പ്രവർത്തനത്തിലും മികവ് തെളിയിച്ച രണ്ടുമൂന്ന് എഴുത്തുകാരുടെ കൃതികളും വന്നിട്ടുണ്ടല്ലോ. അവർക്ക് അവാർഡുകൾ അങ്ങ് കൊടുത്താലോ എന്ന് വേറൊരു അഭിപ്രായം ഒരു ജഡ്ജി പുറപ്പെടുവിച്ചു. " വേണ്ട വേണ്ട അത്തരക്കാർക്ക് അത്തരക്കാരുടെ കൃതികൾക്ക് അവാർഡ് ഒരിക്കലും കൊടുക്കരുത് കാരണം അവർ കൂടുതൽ അഹങ്കാരികൾ ആയിരിക്കും. അവരെ അങ്ങനെ അവാർഡ് കൊടുത്ത് തിളങ്ങാൻ ഒന്നും വിടാൻ പാടില്ല. ഒരു ജഡ്ജും അങ്ങേരുടെ ഭാര്യയും അഭിപ്രായം തട്ടിവിട്ടു. ഒരു ജഡ്ജിയും ആരുടെ കൃതിയും ഒരുവട്ടം പോലും വായിച്ചു നോക്കിയതുമില്ല. " ആരെക്കൊണ്ട് പറ്റും ഇതെല്ലാം കുത്തിയിരുന്ന് വായിച്ച് മാർക്കിടാൻ.., നമുക്ക് ചർച്ചചെയ്ത് നമുക്ക് എല്ലാവർക്കും ഗുണകരമായ കുറേ പേർക്ക് ഈ അവാർഡുകൾ പെറുക്കി അങ്ങ് കൊടുത്തേക്കാം. അങ്ങനെ അവരങ്ങ് തീരുമാനിച്ച് അവാർഡ് ജേതാക്കളെ തീരുമാനിച്ചു. കള്ളും കപ്പയും മീനും മറ്റുപദാർത്ഥങ്ങളും ചീഫ് ജഡ്ജിയുടെ വീട്ടുകാരി തയ്യാറാക്കി ശാപ്പാടിന് മാടി വിളിച്ചു. സാഹിത്യ ജഡ്ജികളെല്ലാം മൂക്കുമുട്ട തട്ടി. അവാർഡ് ജേതാക്കളുടെ പേര് കൺവെൻഷൻ ഭാരവാഹികൾക്ക്, അതായത് മെഗാ സംഘടന ഭാരവാഹികൾക്ക് അയച്ചുകൊടുത്തു. മെഗാ സംഘടനയുടെ ഹൈക്കമാന്റിൽ നിന്ന് അവാർഡ് കിട്ടിയവരുടെ വാർത്തയിൽ ജഡ്ജസ് അയച്ചുകൊടുത്ത ഒരാളുടെ പേര് പോലും കണ്ടില്ല. അതിനകം സംഘടനയുടെ ഹൈക്കമാൻഡ് സ്വന്തമായി പുസ്തകങ്ങളുടെയും കൃതികളുടെയും അവാർഡുകൾ അവൾ പ്രഖ്യാപിച്ചു. സംഘടനാ ഹൈക്കമാൻഡിന് സ്പോൺസർഷിപ്പും, ധാരാളം പണവും ഒക്കെ നൽകിയ, അതുപോലെ സുന്ദരികൾക്കും, സുന്ദരികളായ ഭാര്യമാരുള്ള ഭർത്താക്കന്മാർക്കും എഴുത്തിന്റെ, നോവലിൻറെ, കവിതയുടെ, അവാർഡുകൾ, പൊന്നാടകൾ പ്രഖ്യാപിച്ചു. SSLC കാരായ നിശ്ചയിച്ചിരുന്ന ജഡ്ജികൾ ആകപ്പാടെ നാണം കെട്ടു- Blink ആയിപ്പോയി. അവാർഡ് കിട്ടിയവരിൽ അധികംപേരും എഴുതാത്ത എഴുത്തുകാരും, കൂലിക്ക് എഴുതിക്കുന്നവരും (Ghost writers), കുറച്ച് സിനിമ ചുമയുള്ള വരും ഒക്കെ ആയിരുന്നു. പ്രതികരണ കോളത്തിൽ എഴുതിയ ഈ ഷോർട് സ്റ്റോറിക്ക് അവാർഡ് കിട്ടുമോ ആവോ?
ജോർജ് തുമ്പയിൽ 2026-05-31 09:37:08
രാജു, അതൊക്കെ ഒരു കാലം! ഇത് പോലെത്രയോ കഥകൾ! ജീവിതഗന്ധിയായ കഥകൾ. മൈലപ്ര കഥകൾ എൻ്റെയൊക്കെ മുപ്പതുകളുടെ മധ്യത്തിൽ നമ്മൾ പിന്നിട്ട വഴികളിലൂടെ ഈ കഥകൾ നമ്മെ കൊണ്ട് പോകുന്നു. എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ! കൈക്കൂടുന്ന നിലാവ് പകരുന്ന ആ ദിവസങ്ങളിലേക്ക് ഒരു മടക്കം കൂടി! താങ്ക് യു രാജു.
Mathew Sam 2026-05-31 09:55:55
അവാർഡ് നിർണ്ണയത്തിൻ്റെ പിന്നാമ്പുറ രഹസ്യങ്ങളെപ്പറ്റിയുള്ള സത്യസന്ധമായ, സരസമായ ഒരു ലേഖനം. വ്യക്തിപരമായി ആരെയും വിമർശിക്കാതെ , എത്തേണ്ടടുത് എത്തുന്ന, അതിനു വിധേയകർ ആകുന്നവർ പോലും ആസ്വദിക്കുന്ന ആഖ്യാന ശൈലി മൈലപ്രാക്കുള്ള ഒരു സിദ്ധിയാണ്. അതുകൊണ്ടാണ് പേരെടുത്തു വിമർശിക്കുമ്പോഴും ശത്രുക്കൾ ഇല്ലാതെ പോകുന്നത്. ഈ ലേഖനത്തിൻറെ പശ്ചാത്തലം വേൾഡ് മലയാളീ കൗൺസിലിൻറെ തുടക്കം ആണെന്ന് മനസ്സിലാക്കാം. മേയർ അബ്രാഹമിന്റെയും , ആൻഡ്രൂ പാപ്പച്ചന്റെയും, മധു നായരുടെയും, വിളനിലത്തിന്റെയും , മറ്റും നേതൃത്വത്തിൽ ആരംഭിച്ച വേൾഡ് മലയാളീ കൗൺസിലിന്റെ പിതൃത്വം ഏറ്റെടുത്തുകൊണ്ട് ഇന്ന് ചില പുത്തൻ പണക്കാർ എട്ടുകാലി മമ്മുഞ്ഞുമാരായി രംഗത്തുണ്ട്.
Self-goal 2026-05-31 12:21:05
സെൽഫ്‌ഗോൾ അടിച്ചു, മൈലപ്ര സാർ അവാർഡ് പട്ടികയിൽ നിന്നും പുറത്തായി. ഇത്രയും നാൾ എഴുതിക്കൂട്ടിയതെല്ലാം വെറുതേ ആയിപ്പോയല്ലോ. കിട്ടും, എന്നെങ്കിലും ഒരു അവാർഡ്. ക്ഷമയോടെ കാത്തിരിക്കുക. അവാർഡ് കിട്ടിയവരെ മാത്രമാണ് ഇ-മലയാളി വായനക്കാർ അംഗീകരിക്കുന്നത്.
Award Drama 2026-05-31 12:36:55
സമഗ്ര സംഭാവനക്കുള്ള അവാർഡ് ജയൻ വര്ഗീസ് സാറിന് കൊടുക്കണം. അദ്ദേഹത്തിന്റെ നാടകങ്ങൾ കേരളത്തിൽ അങ്ങോളം ഇങ്ങോളം നിറഞ്ഞ സദസിൽ അനേകം സ്റ്റേജുകളിൽ കളിച്ചവയാണ്. മാത്രവുമല്ല, കേരള നാടക അക്കാഡമിയുടെ അവാർഡും കിട്ടിയിട്ടുണ്ട്. ജയൻ സാറിൻറെ നാടകം തിരഞ്ഞു പിടിച്ചു , ഇംഗ്ലീഷിലേക്കു പരിക്ഷപ്പെടുത്തി കൊളംബിയ, ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ പഠന വിഷയമായി തിരഞ്ഞെടുത്തിട്ടുമുണ്ട്. കൂടാതെ ഇ-മലയാളിൽ രെജിസ് നെടുങ്ങാടനോടു കട്ടക്ക് കട്ടക്ക് പിടിച്ചു നിൽക്കുന്നുണ്ട്. എല്ലാംകൊണ്ടും തികച്ചും അർഹൻ.
പ്രിൻസ് തോപ്രാംകുടി 2026-05-31 17:10:11
ഒരു പുസ്തകം എഴുതുന്നതിനോ പ്രസിദ്ധീകരിക്കുന്നതിനോ യാതൊരു മാനദണ്ഡവും ഇല്ലാതിരിക്കേ എങ്ങിനെയാ ഒരു നല്ല സാഹിത്യകാരൻ /കാരി യെ തിരഞ്ഞെടുക്കുക ? സാഹിത്യത്തിൽ ആരാണ് "മികച്ചത് " എന്നു നിർണ്ണയിക്കുന്നത് വളരെ ആത്മനിഷ്ഠമാണ്, കാരണം കലയെ വസ്തുനിഷ്ഠമായ അളവുകൾ കൊണ്ട് മാത്രം അളക്കാൻ കഴിയില്ല. എന്നിരുന്നാലും, വിമർശകരും അക്കാദമിക് വിദഗ്ധരും വായനക്കാരും പൊതുവെ എഴുത്തുകാരെ വിലയിരുത്തുന്നത് സാങ്കേതിക കരകൗശല വൈദഗ്ദ്ധ്യം, വൈകാരിക സ്വാധീനം, സാംസ്കാരിക സഹിഷ്ണുത എന്നിവയുടെ സംയോജനത്തെ അടിസ്ഥാനമാക്കിയാണ്. ആ നിലക്ക് നോക്കിയാൽ അമേരിക്കൻ മലയാളികളിൽ ആരും മികച്ചതല്ല . എല്ലാം ഒരു തരം എഴുത്തുകാർ . കാക്കത്തൊള്ളായിരം പുസ്തകം എഴുതിയതുകൊണ്ടോ മറ്റു ഭാഷകളിലേക്ക് തർജ്ജമ ചെയ്തതുകൊണ്ടോ ആരും ആരേക്കാൾ മികച്ചതാകുന്നില്ല.വായനക്കാരാണ് ആത്യന്തിക മേധാവികൾ! പ്രിൻസ് തോപ്രാംകുടി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക