Image

ഓർമ്മത്താളുകൾ (പി.സീമ)

Published on 31 May, 2026
ഓർമ്മത്താളുകൾ (പി.സീമ)

"അവളെ ഇത്ര നേരത്തെ കല്യാണം കഴിപ്പിച്ചത് കഷ്ടായി.. ഒരു ജോലിക്കും വിടുന്നില്ലല്ലോ എന്നൊരു സങ്കടം "

"കുട്ടി കാണാൻ നല്ലതല്ലേ.. ജോലിക്കൊക്കെ വിട്ടാൽ വല്ലോരും നോക്കും മിണ്ടും എന്നൊക്കെ ഓർത്താവും വിടാത്തെ.. തണ്ണാത്തി എന്തിനാ വിഷമിക്കുന്നെ?"

എന്നെപ്പറ്റിയാണ് പണിക്കു വന്ന കുഞ്ഞുപെണ്ണേച്ചി പറയുന്നത്. അന്ന്  ഈഴവരെ തണ്ണാത്തി എന്നും  ത ണ്ണാ ൻ എന്നും നായന്മാരെ തമ്പ്രാൻ എന്നും തമ്പ്രാട്ടി എന്നും ഒക്കെയാണ് പണിക്കാർ വിളിച്ചിരുന്നത്. ഞാൻ എണീറ്റു കണ്ണാടിയിൽ നോക്കി. ആരേലും നോക്കാനും മിണ്ടാനും വേണ്ടി അത്ര ചന്തമൊന്നും എനിക്ക്   അത് വരെ തോന്നിയിട്ടില്ല.  ഇപ്പോഴും ഇല്ല. ( ഒന്ന് നന്നായാൽ അമ്മ വീട്ടിൽ നിന്നു പാരമ്പര്യമായി കിട്ടിയ കവിൾ   വീർക്കും. കാണാൻ മെച്ചമാകും.അസുഖം വല്ലതും വന്നു Weight കുറഞ്ഞാൽ കവിളൊട്ടി കണ്ണ് കുഴിഞ്ഞു പ്രേതം പോലാകും.)

നിറമാണെങ്കിൽ അദ്ദേഹത്തിന്   തെല്ലും ഇഷ്ടമില്ലാത്ത  വെളുപ്പ്,   ഒട്ടും സമൃദ്ധമല്ലാത്ത   ഒരു ചെറിയ ശരീരം, പിന്നെ ഒന്നാമനെ പെറ്റപ്പോൾ വീണ്ടും തഴച്ചു  വളർന്ന മുടി അന്ന് സമ്പത് സമൃദ്ധമായിരുന്നു.

അതും ഞങ്ങൾക്കിടയിലെ   ഒരു ജീവിത പ്രശ്നമായിരുന്നു  മിക്കവാറും കുളിപ്പിന്നലിൽ അഴിഞ്ഞു പടർന്നു കിടക്കുന്ന മുടി നോക്കി അമർഷത്തോടെ അദ്ദേഹം ചോദിച്ചിട്ടുണ്ട്. "നിനക്ക് ഇങ്ങനെ മാത്രമേ മുടി കെട്ടാൻ അറിയുള്ളുവോ " എന്ന്.   മുടിക്കു നീളവും ഉള്ളും കുറഞ്ഞവർ  പെട്ടെന്ന് വട കെട്ടും പോലെ  മുടി ഉയർത്തി കെട്ടി വെയ്ക്കാനാണ് ആൾ ഉദ്ദേശിച്ചത്. പക്ഷെ   അന്ന് പിടിയിൽ ഒതുങ്ങാത്ത  തിങ്ങിയ നീളൻ മുടിയെ എങ്ങനെ വടയാക്കും എന്നത് എന്റെ ധർമ്മസങ്കടവും. അമ്മ മുടി പിന്നി കുഞ്ചലം കെട്ടി അതുമായി സ്കൂളിൽ പോയിരുന്ന എനിക്ക് എന്റെ മുടിയുടെ ഭൂമിശാസ്ത്രമോ, ചരിത്രമോ തെല്ലും നിശ്ചയവും ഇല്ല. ഉള്ളത് പറഞ്ഞാൽ ഇപ്പോഴും നേരെ ചൊവ്വേ മുടി ചീകി സ്ലൈഡ് കുത്താൻ അറിയാത്ത കടിഞ്ഞൂൽ പൊട്ടി ഞാൻ എന്ന് തന്നെ പറയാം.  ഏതായാലും അമ്മയും കുഞ്ഞു പെണ്ണേച്ചിയും സംസാരിച്ചു നിന്ന നേരത്ത് മൂത്ത മോൻ  വിഷ്ണു കുഞ്ഞു കൈയിൽ ഒരു പിടി അരിയുമായി ഓടി വരുന്നത് അമ്മ കണ്ടു പിടിച്ചു.

ഇതെന്തിനാ അരി എന്ന അമ്മയുടെ ചോദ്യത്തിന്   എന്റെ അമ്മയ്ക്ക് തിന്നാൻ കൊടുക്കാനാ..എന്നവൻ മറുപടി പറഞ്ഞു.

"അരി തിന്നാൽ പിത്തം പിടിക്കും. നീ പിത്തക്കാടി  ആയിപ്പോകും കേട്ടോ " എന്ന് അമ്മ  എന്നെ നോക്കി കോപിച്ചു 
എന്റെ വീർത്ത വയറിന്റെ വ്യാക്കൂൺ അമ്മയ്ക്ക് മനസ്സിലായി. അന്നൊക്കെ ഭൂമിയിലെ ഏറ്റവും മനോഹരമായ ഗന്ധം അരിപ്പെട്ടിയിൽ നിന്നാണ് വരുന്നതെന്ന് എനിക്ക് തോന്നിയിരുന്നു.  ഞാൻ പെറ്റിട്ട രണ്ടാമന് വൈറ്റ് വാഷ് ചെയ്ത ഭിത്തിയുടെ തൂവെള്ള നിറവും നല്ല തുടുത്ത ശരീരവും ആയിരുന്നത് ആ അരി തീറ്റ കൊണ്ടാകാം . പിന്നെ നിറം മങ്ങി വന്നു.

മകനെ പെൺ പേരിട്ടു കൃഷ്ണേന്ദു എന്ന് വിളിച്ചു അദ്ദേഹം ആത്മ നിർവൃതിയടഞ്ഞു. ചിണ്ടൻ എന്ന് ഒരു സഖാവ് ഉണ്ടായിരുന്നു ആ പേരിടാം എന്ന് പറഞ്ഞെങ്കിലും അതിലേക്കു പോയില്ല. എങ്കിൽ എന്തിനാ എനിക്ക് ചിണ്ടൻ എന്ന് പേരിട്ടത് എന്നവൻ ഇപ്പോൾ  ഉച്ചത്തിൽ ചോദിച്ചേനെ.

ഏതായാലും   അതോടെ ഞാൻ ഗൃഹഭരണം തൊഴിലാക്കി. അദ്ദേഹം ജോലിക്ക് വിട്ടില്ല. ഞാൻ പോയുമില്ല.  രണ്ടു ചെക്കന്മാരുടെ പഠനം ഏറ്റെടുത്തു. അപ്പുറവും ഇപ്പുറവും ഇരുത്തി പഠിപ്പിച്ചു.   പുറം ലോകത്തിലെ ഏറെ ആരെയും കാണാനും മിണ്ടാനും ഇടയായില്ല. വല്ലപ്പോഴുമൊക്കെ ഓരോ കഥ ന്യൂസ്‌ പ്രിന്റ് സന്ദേശ് എന്ന കമ്പനി ഹൌസ് മാഗസിനിൽ വന്നു. എന്റെ ലോകവും   പണ്ടേ ദരിദ്രമായ  വായനയും എന്നിലേക്ക്‌ ഠ വട്ടത്തിൽ ചുരുങ്ങി. എങ്കിലും ചില നിയോഗങ്ങൾ  ഉണ്ടല്ലോ. അവ കിട്ടേണ്ടവയെ എന്നിലേക്ക്‌ തന്നെ എത്തിച്ചു.  വിവർത്തന മേഖലയിൽ എനിക്ക്   എഴുതാൻ പ്രേരണയും പ്രചോദനവുമായ ചില  പ്രസാധകരെയും ലഭിച്ചു.

കാലത്തിനു ചില തീരുമാനങ്ങൾ ഉണ്ട്‌. അതനുസരിച്ചു  ജീവിതം തെളിച്ചു തരുന്ന വഴികളിൽ ചതിക്കുഴികൾ  ഏറെ ഇല്ലെങ്കിൽ ഏത് പെണ്ണിനും അവസാന നിമിഷം വരെ ജീവിതത്തോട് പോരാടാൻ കഴിയും. ഈ യുദ്ധത്തിനിടയിൽ   ഇപ്പോൾ ഉള്ളു കുറഞ്ഞ മുടിയിൽ ഒരു വട കെട്ടാം എന്നു  മുറ്റത്തെ വെള്ളിലത്താളി പരിഹസിക്കാറുണ്ട്. കാതിലെ ഞാത്തു കമ്മൽ മാറ്റണം  വയസ്സായില്ലേ എന്ന് കാലം ഓർമ്മിപ്പിക്കുന്നുണ്ട്.  അപ്പോഴും ഇനിയുമൊരു വസന്തമുണ്ടെന്നു മനസ്സ് ചെറുപ്പമാകുമ്പോൾ...ദാസേട്ടന്റെ പ്രണയഗാനങ്ങൾ കേൾക്കുമ്പോൾ എന്റെ മനസ്സിന് എത്ര വയസ്സുണ്ടെന്നു എനിക്ക് പോലുമറിയില്ല. നിങ്ങൾക്ക് പറയാൻ പറ്റുമോ? എനിക്ക് തന്നെ എന്നെ മനസ്സിലാകുന്നില്ല. പിന്നെയോ മറ്റുള്ളവർക്ക്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക