Image

കാനഡയിൽ പുതിയ പൗരത്വ നിയമം നിലവിൽ വന്നു; പൗരത്വം നേടുന്നവരിൽ പകുതിയും അമേരിക്കക്കാർ

Published on 30 May, 2026
  കാനഡയിൽ പുതിയ പൗരത്വ നിയമം നിലവിൽ വന്നു; പൗരത്വം നേടുന്നവരിൽ പകുതിയും അമേരിക്കക്കാർ


ഓട്ടവ: കാനഡയിൽ കഴിഞ്ഞ വർഷം അവസാനം നടപ്പിലാക്കിയ പുതിയ പൗരത്വ നിയമ ഭേദഗതിയെത്തുടർന്ന് ആയിരക്കണക്കിന് ആളുകൾക്ക് കനേഡിയൻ പൗരത്വം ലഭിച്ചു. ഇങ്ങനെ പൗരത്വം നേടുന്നവരിൽ പകുതിയോളം പേർ അമേരിക്കക്കാരാണെന്ന് ഇമിഗ്രേഷൻ വിഭാഗത്തിൽ നിന്നുള്ള പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ഡിസംബറിൽ പ്രാബല്യത്തിൽ വന്ന 'ബിൽ സി-3 (BILL C-3) നിയമപ്രകാരം, കനേഡിയൻ പാരമ്പര്യമുള്ള വിദേശങ്ങളിൽ ജീവിക്കുന്ന ആളുകൾക്ക് കാനഡയിലെ പൗരത്വത്തിന് അപേക്ഷിക്കാൻ സാധിക്കും. മുൻതലമുറകളിൽ ആരെങ്കിലും കാനഡ വിട്ടുപോയവരാണെങ്കിൽ പോലും അവരുടെ വംശാവലി തെളിയിക്കാൻ കഴിഞ്ഞാൽ ഇവർക്ക് പൗരത്വം ലഭിക്കും. 

മുൻപത്തെ നിയമമനുസരിച്ച് കാനഡയ്ക്ക് പുറത്ത് ജനിക്കുന്ന ആദ്യ തലമുറയ്ക്ക് മാത്രമേ മാതാപിതാക്കൾ വഴി പാരമ്പര്യ പൗരത്വത്തിന് അവകാശമുണ്ടായിരുന്നുള്ളൂ. എന്നാൽ ഈ നിയന്ത്രണം ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വിധിച്ചതോടെയാണ് സർക്കാർ നിയമം ഭേദഗതി ചെയ്തത്. പുതിയ നിയമം നിലവിൽ വന്ന ശേഷമുള്ള ആദ്യ മൂന്ന് മാസങ്ങളിൽ മാത്രം 4,075 പേർക്ക് ഈ നിയമപ്രകാരം പൗരത്വ സർട്ടിഫിക്കറ്റ് ലഭിച്ചു. യു. എസ് 1955 പേർ, മെക്സിക്കോ 900 പേർ, യു.കെ 140 പേർ. ഇതുകൂടാതെ, പഴയ ഒന്നാം തലമുറ നിയമപ്രകാരം ഇതേ കാലയളവിൽ 13,310 പേർക്കും പൗരത്വം അനുവദിച്ചിട്ടുണ്ട്. 

അമേരിക്കയിൽ നിന്നുള്ള അപേക്ഷകരുടെ എണ്ണത്തിൽ വലിയ വർധനയാണ് രേഖപ്പെടുത്തുന്നത്. അമേരിക്കയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും മാറിയ നിയമങ്ങളുമാണ് പലരെയും കാനഡയിലേക്ക് ആകർഷിക്കുന്നത്. തങ്ങളുടെ കുട്ടികളുടെ സുരക്ഷിതത്വത്തെക്കരുതിയും, ഭാവിയിൽ അമേരിക്കയിൽ നിർബന്ധിത സൈനിക സേവനം ഏർപ്പെടുത്തിയാൽ അതിൽ നിന്ന് രക്ഷപ്പെടാനുമൊക്കെ ഒരു ബാക്കപ്പ് എന്ന നിലയിലാണ് പല അമേരിക്കക്കാരും കനേഡിയൻ പൗരത്വത്തിന് അപേക്ഷിക്കുന്നതെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.


പൗരത്വ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിലൂടെ ഇവർക്ക് കാനഡയിലേക്ക് താമസമാറ്റാനും കനേഡിയൻ പാസ്പോർട്ട് സ്വന്തമാക്കാനും സാധിക്കും. എന്നാൽ കാനഡയിൽ ഒരിക്കലെങ്കിലും ജീവിച്ചിട്ടുള്ളവർക്ക് മാത്രമേ തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാൻ അവകാശമുണ്ടാവുകയുള്ളൂ. 

പുതിയ നിയമം വന്നതോടെ പൂർവ്വികരുടെ ജനന വിവാഹ സർട്ടിഫിക്കറ്റുകൾ കണ്ടെത്താനായി ആളുകൾ കൂട്ടത്തോടെ അപേക്ഷിക്കുന്നതിനാൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നിലവിൽ പൗരത്വ സർട്ടിഫിക്കറ്റുകൾക്കായുള്ള അപേക്ഷകളുടെ എണ്ണം 70,400 ആയി ഉയർന്നിട്ടുണ്ട്. മുൻപ് 5 മാസത്തിനുള്ളിൽ ലഭിച്ചിരുന്ന പൗരത്വ സർട്ടിഫിക്കറ്റുകൾക്ക് ഇപ്പോൾ ഏകദേശം 12 മാസം വരെ സമയമെടുക്കുമെന്നാണ് ഔദ്യോഗിക വെബ്സൈറ്റ് വ്യക്തമാക്കുന്നത്. എങ്കിലും, കാനഡയ്ക്ക് പുറത്തുള്ള വിദൂര കനേഡിയൻ പാരമ്പര്യം ഉള്ളതുകൊണ്ട് മാത്രം ഒരാൾക്ക് പൗരത്വം ലഭിക്കില്ലെന്നും, തങ്ങളുടെ പൂർവ്വീകർ 1947 ജനുവരി 1-ന് ശേഷവും കനേഡിയൻ പൗരന്മാരായിരുന്നു എന്ന് കൃത്യമായി തെളിയിക്കേണ്ടതുണ്ടെന്നും ഇമിഗ്രേഷൻ വകുപ്പ് വക്താവ് അറിയിച്ചു.

Join WhatsApp News
Fact Finder 2026-05-30 20:19:47
Many Canadians in the US hate maga cults. That is why they are returning. Tourists from Canada & European countries to the USA were at their lowest. Beeches were empty, rentals were vacant, "Snow Birds' didn't come.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക