Image

സിനിമയെ ജീവിതമാക്കിയ ജോൺ എബ്രഹാം : ആർ ഗോപാലകൃഷ്ണൻ

Published on 30 May, 2026
സിനിമയെ ജീവിതമാക്കിയ ജോൺ എബ്രഹാം : ആർ ഗോപാലകൃഷ്ണൻ

 

ജോൺ എബ്രഹാം ഓർമ്മയായിട്ട് 39 വർഷം ...

 

ഫ്രാൻസിലെ കാനിൽ നടന്ന വിശ്വേത്തര ഫിലിം ഫെസ്റ്റുവലൽ അതിൻ്റെ ക്ലാസിക് വിഭാഗത്തിൽ ജോണിൻ്റെ അവസാന ചിത്രമായ 'അമ്മ അറിയൻ' പ്രദർശിപ്പിച്ചത് ഇക്കഴഞ്ഞവാരത്തിലാണ്; ഈ വേളയിൽ, ഈ വർഷത്തെ ' ജോൺ ഓർമ്മ'ക്ക് സവിശേഷ പ്രാധാന്യമുണ്ട്.

ഒരു സിനിമയ്‍ക്കുള്ള ചേരുവകള്‍ ജോണ്‍ എബ്രഹാമിൻ്റെ സ്വന്തം ജീവിതത്തില്‍ സന്നിവേശിപ്പിക്കപ്പെട്ടിട്ടുണ്ട്. സൗഹൃദത്തിന്റെ ലഹരി ആ ചേരുവകള്‍ക്ക് ചിലപ്പോഴൊക്കെ നിറം പിടിപ്പിച്ചു. വാക്കുകളില്‍ വിശേഷണങ്ങള്‍ ചൊരിഞ്ഞ്, പലവിധ ക്ലീഷേകളില്‍ ഇതിഹാസവത്ക്കരിച്ച്, ചിലരെങ്കിലും വീണ്ടും വീണ്ടും ആ ജീവിതം വാറ്റിയെടുത്തു ലഹരി നുണയുന്നുണ്ട്.

ഞാൻ ആദ്യമായി ജോണ്‍ എബ്രഹാം എന്ന കഥാപുരുഷനെ കാണുന്നത് 1975 -ൽ 'ചരൽകുന്നി'ൽ വച്ച് കേരളാ യൂണിവേഴ്സിറ്റി നടത്തിയ ഒരു 'സർഗ്ഗ സംവാദം' ക്യാമ്പിൽ വച്ചാണ്; ഞാൻ അന്ന് വെറുമോരു പ്രീ-ഡിഗ്രി വിദ്യാർഥിയും. മറ്റ് പല സെലിബ്രറ്റികളിൽ നിന്ന് വ്യത്യസ്തമായ അദ്ദേഹം വിദ്യാർത്ഥികളായ ഞങ്ങളുമായി അടുത്ത് സൗഹൃദത്തിലാണ്;  അന്ന് അദ്ദേഹത്തിന്റെ ആദ്യ മലയാള ചിത്രം മാത്രമേ ചെയ്തിരുന്നുള്ളു: 'വിദ്യാര്‍ഥികളെ, ഇതിലേ ഇതിലേ' - അന്ന് 'അഗ്രഹാരത്തിൽ കഴുതൈ' പ്രോജക്റ്റ് തയ്യാറായിരുന്നു; ഷൂട്ടിങ്ങ് തുടങ്ങിയിരുന്നില്ല.

പിന്നീട്, തൊടുപുഴ ഫിലിം സൊസൈറ്റി വഴി ജോണിൻ്റെ പൂനാ (പൂണൈ) ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡിപ്ലോമ സിനിമ (പഠനം പൂർത്തി യാക്കുന്നതിൻ്റെ ഭാഗമായി എടുത്ത ഹ്രസ്വ സിനിമ) കണ്ടിട്ടുണ്ട് - ശീർഷകം 'പ്രിയ': പൂനയിൽ പഠനം നടത്തിയ മറ്റുചില പ്രശസ്തരുടെ സമാന ചിത്രങ്ങളേക്കാൾ  മികച്ചതായിരുന്നു ഇത്. രാമചന്ദ്രബാബു ആയിരുന്നു അതിന്റെ ഛായാഗ്രഹണം എന്നാണ് ഓർമ്മ.

കുട്ടനാട്ടിലെ ചേന്നങ്കരി വാഴക്കാട് വി.റ്റി ഏബ്രഹാമിന്റെയും സാറാമ്മയുടെയും മകനായി 1937 ഓഗസ്റ്റ് 11-ന് കുന്നംകുളത്ത് ജനനം. ചേന്നങ്കരി പിതാവിൻറെ ജന്മദേശം. 'കുന്നംകുളം' അമ്മവീട്. ജോണിന്റെ സഹോദരിമാർ സൂസനും ശാന്തയും; മൂത്ത സഹോദരി സൂസൻ ജോസഫ് (94-ാം വയസ്സിൽ, 2023 മേയ് 18-നാണ്, ചെന്നൈയിൽ നിര്യാതയായത്. (ജോൺ എബ്രഹാമിന്റെ രണ്ടു സിനിമകളുടെ -  അഗ്രഹാരത്തിൽ കഴുതൈ (1977) , ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ (1979) - നിർമ്മാതാവുമാണീ സഹോദരി.)

കോട്ടയത്തു മുത്തച്ഛനോടൊപ്പം താമസിച്ചായിരുന്നു ജോൺ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നടത്തിയത്. ആ കാലത്ത് സിനിമയെ കൂടുതല്‍ അറിയാൻ മുത്തച്ഛൻ ജോണിനെ സഹായിച്ചു. കോട്ടയം യൂണിയൻ ക്ലബ്ബിന് സമീപം താമസിച്ചിരുന്ന അതി സുന്ദരനായിരുന്ന, കൗമാരക്കാരൻ ജോൺ എബ്രഹാമിനെ എഴുത്തുകാരൻ സി. ആർ. ഓമനക്കുട്ടൻ പല കുറിപ്പുകളിലും സംഭാഷണങ്ങളിലും ഓർമ്മിക്കുന്നുണ്ട്. അക്കാലത്ത് ഒരു പാട്ടുകാരൻ കൂടിയായിരുന്നു ജോൺ.

ചങ്ങനാശ്ശേരിക്ക് സമീപമുള്ള കുട്ടനാട്ടിൽ വച്ച് പ്രാഥമിക വിദ്യാഭ്യാസവും തുടർന്ന് കോട്ടയം സി.എം.എസ്. സ്‌കൂളിലും ബോസ്റ്റൺ സ്‌കൂളിലും എം.ഡി. സെമിനാരി സ്‌കൂളിലുമായി ഹൈസ്‌കൂൾ വിദ്യാഭ്യാസവും പൂർത്തീകരിച്ചു.  മാർത്തോമ കോളേജിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി. ദർവാസ് യൂണിവേഴ്‌സിറ്റിയിൽ രാഷ്ട്ര മീമാംസയിൽ ബിരുദാനന്തരബിരുദത്തിന് ചേർന്നെങ്കിലും പൂർത്തീകരിച്ചില്ല.

1962-ൽ കോയമ്പത്തൂരിലെ എൽ.ഐ.സി. ഓഫീസിൽ ഉദ്യോഗസ്ഥനായി ജോലി ചെയ്തു. എന്നാൽ സിനിമയോടുള്ള അഭിനിവേശം കാരണം മൂന്ന് വർഷത്തിന് ശേഷം ജോലി രാജി വച്ച് പൂണൈ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ (FTII) ചേർന്നു പഠിച്ചു. ഇദ്ദേഹം വിഖ്യാത ബംഗാളി സംവിധായകനായിരുന്ന ഋത്വിക് ഘട്ടക്കിന്റെ പ്രീയ ശിഷ്യനായിരുന്നു; സ്വർണ്ണമെഡലോടു കൂടി അവിടെ നിന്ന് സംവിധാനത്തിൽ FTII-ഡിപ്ലോമ പൂർത്തിയാക്കി.

ഫിലിം ഇൻസ്റ്റിറ്റ്യൂട്ടു കാലത്തിനു ശേഷം മണി കൗളിന്റെ 'ഉസ്കി റൊട്ടി' (1969) എന്ന സിനിമയിൽ സഹായിയായി പ്രവർത്തിച്ചു. ഈ ചിത്രത്തിൽ ജോൺ ഒരു ഭിക്ഷക്കാരന്റെ വേഷവും അഭിനയിച്ചതായി കണ്ട ഓർമ്മയുണ്ട്. ഫിലിം ഫിനാസ് കോർപറേഷൻ ധനസഹായം നൽകിയ സിനിമകളുടെ ഒരു ഫെസ്റ്റുവേലിൽ, 1974-ൽ തിരുവനന്തപുരം പട്ടം 'കല്പന' തീയറ്ററിൽ ഞാൻ ഈ സിനിമ കാണുമ്പോൾ ജോണ്‍ എബ്രഹാം തിയറ്ററിൽ ഉണ്ടായായിരുന്നു എന്നും ഓർക്കുന്നു... (കാര്യവട്ടം കേരളാ യൂണിവേഴ്സിറ്റി ക്യാമ്പസിൽ അന്ന് എം. എ. വിദ്യാർത്ഥിയായിരുന്ന കോയ മുഹമ്മദും (പിന്നീട് പത്രപ്രവർത്തകൻ) എന്നോടൊപ്പം ഉണ്ടായിരിന്നു...)


പൂണൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ചലച്ചിത്ര പഠനത്തിനു ശേഷം 'വിദ്യാർത്ഥികളെ ഇതിലേ ഇതിലേ' എന്ന ഫീച്ചർ ഫിലിം ചെയ്തുകൊണ്ടാണ് ജോൺ സിനിമയിൽ തുടക്കം കുറിക്കുന്നത്. "ആ ചിത്രം മദിരാശിയിലെ ജീവിതം വഴിമുട്ടിയ കാലത്ത് ചെയ്തു പോയതാണെന്ന്" ജോൺ പിന്നീട് പലകുറി ഏറ്റുപറഞ്ഞിട്ടുണ്ട്. 'അഗ്രഹാരത്തിലെ കഴുതൈ' എന്ന തമിഴ് സിനിമയുടെ പണിപ്പുരയിൽ ആയിരുന്നു അന്ന്. അതാണ് ജോണ്‍ എബ്രഹാമിന്റെ സിനിമകളിൽ ഏറ്റവും മികച്ചത് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. 
'ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍', 'അമ്മ അറിയാന്‍' എന്നിവ പിന്നീട് വന്നു. ('കോയ്ന നഗർ' (1967); 'ഹൈഡ്സ് ആന്റ് സ്ട്രിംഗ്സ്' (1969) എന്നി സിനിമകളും ജോൺ എബ്രഹാമിന്റേതായി ഉണ്ട്; ഇവ ഞാൻ കണ്ടിട്ടില്ല.)

ജോൺ തന്റെ സർഗ്ഗ സപര്യക്കിടയിൽ പല ചലച്ചിത്ര സംരംഭങ്ങളും ആലോചിച്ചെങ്കിലും ഒന്നും യാഥാർത്ഥ്യമായില്ല. സാഹിത്യകാരൻ സക്കറിയാ തിരക്കഥ എഴുതിയ 'ജോസഫ് ഒരു പുരോഹിതൻ'; ടി.ആറിന്റെ 'നന്മയിൽ ഗോപാലൻ'; ജോൺ തന്നെ തിരക്കഥ എഴുതിയ 'കയ്യൂർ ഗാഥ' എന്നിവയാണ് നടക്കാതെ പോയ സിനിമകളിൽ ചിലത്... ജോൺ ചലച്ചിത്രമാക്കിയതിനേക്കാൾ മഹത്തായതാണ് ജോൺ എടുക്കാതെ പോയ സിനിമകൾ എന്ന് ടി.ആർ. ഒരിക്കൽ പറഞ്ഞിട്ടുണ്ട്!

ജോൺ എബ്രാഹം എന്ന പ്രതിഭയുടെ സർഗ്ഗശക്തിയെ പൂർണ്ണമായി നീതീകരിക്കുന്ന സിനിമകൾ ഉണ്ടായിട്ടില്ലന്ന തോന്നലാണ് വ്യക്തിപരമായി എനിക്കുള്ളത്; സിനിമയുടെ സാമ്പത്തികവും രാഷ്ട്രീയവുമായ സവിശേഷതകളും അദ്ദേഹത്തിന്റെ ആത്മഭാവവും തമ്മിലുള്ള വൈരുദ്ധ്യം ഇതിനൊരു കാരണമാണ്.

ജോണിനെക്കുറിച്ച് കെ.ജി. ജോര്‍ജിന്റെ ഒരു നിരീക്ഷണവും പ്രസക്തമാണ്.
കെ.ജി.ജോര്‍ജിനോടുള്ള ഒരു ചോദ്യം: "ജോണ്‍ എബ്രഹാമിന്റെ അടുത്ത സുഹൃത്തായിരിക്കുമ്പോഴും കെ.ജി. ജോര്‍ജിന്റെ സിനിമാവഴികള്‍ തികച്ചും വ്യത്യസ്തമായിരുന്നല്ലോ?"

കെ.ജി. ജോര്‍ജിന്റെ ഉത്തരം: "ജോണുമായി അടുത്ത ബന്ധമാണ്. അവസാനം വരെ അത് തുടര്‍ന്നു. വലിയ പ്രതിഭയായിരുന്നു. പക്ഷേ, ഒന്നിലും ഒരു ചിട്ടയില്ലായിരുന്നു. അതാണ് പറ്റിയത്. രണ്ട് സിനിമയിലും ഞാന്‍ ഒപ്പമുണ്ടായിരുന്നു. സിനിമയെടുക്കാന്‍ സ്‌ക്രിപ്റ്റ് ഒന്നും കൃത്യമായി ഉണ്ടാവില്ല. വലിയ സങ്കല്പങ്ങളൊക്കെയായിട്ട് തുടങ്ങും. പക്ഷേ, പതുക്കെപ്പതുക്കെ എല്ലാം കൈവിട്ടു പോകും. ചിട്ടയില്ല..."

തീവ്ര കമ്മ്യൂണിസ്റ്റ് അനുഭാവികളായിരുന്ന ഒരു കൂട്ടം ചെറുപ്പക്കാർ ചേർന്ന് കുന്നുംപുറം സാംസ്കാരിക വേദിക്ക് രൂപം നൽകിയ കാലം. അവരിൽ ഒരു വിഭാഗത്തിൻ്റെ സഹകരണത്തിലൂടെ ജോൺ ഫോർട്ടുകൊച്ചിയിൽ 'നായ്ക്കളി' എന്ന പേരിൽ ഒരു തെരുവു നാടകം ചിട്ടപ്പെടുത്തുന്നത്. അക്കാലത്ത് ഗസൽ ഗായകനായ ഉമ്പായിയോടൊപ്പം ഇദ്ദേഹത്തെ പലപ്പോഴും കണ്ടിരുന്നു. ഇതിനു ശേഷമാണ്, CPI (ML) / തീവ്രകമ്മ്യൂണിസ്റ്റ് അനുഭാവികൾ മുൻകൈ എടുത്തു ഒഡേസ്സ കളക്റ്റീവ് /മൂവീസ് പിറക്കുന്നത്. ഒരു സിനിമ ജനപങ്കാളിത്തത്തോടെ നിർമ്മിക്കണമെന്ന ഒഡേസ്സയുടെ ആശയം 'അമ്മ അറിയാന്‍'-ആയി രൂപംകോണ്ടു.

ജോണിൻ്റെ 'അമ്മ അറിയൻ' എന്ന ചിത്രം ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂടെ വീണ്ടെടുത്തു ഫ്രാൻസിലെ കാനിൽ നടന്ന വിശ്വേത്തര ഫിലിം ഫെസ്റ്റുവലൽ അതിൻ്റെ ക്ലാസിക് വിഭാഗത്തിൽ പ്രദർശിപ്പിച്ച ചരിത്രപരമായ സംഭവം ഏതാനും ആഴ്ചകൾക്കു മുമ്പാണ് ഉണ്ടായത്.

'അഗ്രഹാരത്തിൽ കഴുത'യും 'അമ്മ അറിയാനും' പസ്സോറ ഫെസ്റ്റിവെലിൽ പ്രദർശിപ്പിച്ച് ഊർജ്ജസ്വലനായി മടങ്ങി എത്തിയ ശേഷമായിരുന്നു ജോണിന്റെ അവിചാരിതമായ അന്ത്യം...

കോഴിക്കോട്ട് മിഠായി തെരുവിൻ്റെ ഓരത്തെ മൊയ്തീൻ പള്ളിറോഡിലെ പണി പൂർത്തിയാക്കിക്കൊണ്ടിരുന്ന 'ഒയാസിസ് കോംപ്ലക്‌സി'ൻ്റെ മുകളില്‍ നിന്ന് ജോണ്‍ മരണത്തിലേക്ക് വീണിട്ട്  മുപ്പത്തിയേഴ് വർഷം ആകുന്നു. (1987 മേയ് 30-ന് നിര്യാതനായി.) അന്ന് സായാഹ്നത്തിൽ വീണു പരിക്കേറ്റ ജോണിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക