
ഇന്ത്യയിലെ ഏറ്റവും പ്രശസ്തയായ തോഴിയെ പരിചയപ്പെടുത്തിയതിനു വായനക്കാര്‍ മാലനോടു നന്ദി ഉള്ളവരാകണം.
നോവലെഴുത്ത് സങ്കീര്‍ണ്ണമായ ഒരു പ്രക്രിയയാണ്.യാഥാര്‍ത്ഥ്യത്തിനു അനുപമവും ഉള്‍ക്കാഴ്ചയുള്ളതുമായ വ്യാഖ്യാനം നല്‍കുകയെന്നതാണ് ഒരു നല്ല നോവലിസ്റ്റിന്റെ വെല്ലുവിളി . ആന്തരികമായ അനുഭവങ്ങള്‍ക്കും അത് സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങള്‍ക്കും വാക്കുകളിലൂടെയും അനുഭവങ്ങളിലൂടെയും മൂര്‍ത്ത രൂപം നല്‍കുക സുസാധ്യമല്ല.ജീവിതത്തിന്‍റെ ദുഷ്ക്കരമായ പാതകളിലൂടെ ഒരു അവധൂതന്റെ നിര്‍മമതയോടെ ചരിക്കുകയും വ്യക്തിയെയും സംഭവങ്ങളെയും വ്യത്യസ്തമായ ഒരു ദൃഷ്ടികോണില്‍ നിന്ന് കാണുകയും ചെയ്യുന്നവര്‍ക്കെ നല്ല നോവല്‍ എഴുതാന്‍ കഴിയൂ .സിദ്ധി കൊണ്ടും സാധനകൊണ്ടും മെരുക്കിയെടുത്ത സര്‍ഗ്ഗാല്‍മക പ്രതിഭയാണ് ഇവിടെ അവശ്യമായിരിക്കുന്നത് .അനുഭവ പ്രപഞ്ചത്തില്‍ നിന്നുയിര്‍കൊള്ളുന്ന നവീന ജീവിതമാണ് നോവലിന്‍റെ കാതല്‍ .അത് ഒരേ സമയം സാധാരണതകള്‍ നിരാകരിക്കുകയും ജൈവികവും യാഥാര്‍ത്യവുമായതിനെ സ്വീകരിക്കുകയും ചെയ്യുന്നു .പാഴ്വസ്തുക്കളില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്ന പോലെ ഒരു അതിന്ദ്രിയ സര്‍ഗാല്മക വ്യാപാരമാണ് നോവലെഴുത്ത്.മുന്‍കാലങ്ങളില്‍ നാടകങ്ങള്‍ എന്നത് പോലെ നിരവധി അങ്കങ്ങളും വൈകാരിക മുഹൂര്‍ത്തങ്ങളും നിറഞ്ഞ ഒരു നവീന സൃഷ്ടിയാണ് നോവല്‍ .ഓരോ കാലത്തും സ്വയം പരുവപ്പെടുത്തുന്ന വിചിത്രമായ വഴികള്‍ സ്വീകരിക്കുന്ന ,വ്യത്യസ്തമായ ആഖ്യാനങ്ങള്‍ നടത്തുന്ന ഒരു സര്‍ഗ്ഗാല്‍മക ലോകമാണിത് .ആ ലോകത്തില്‍ ഭാവനയാണ് എഴുത്തുകാരന്‍റെ ആയുധം .തന്‍റെ ചിന്തയുടെ ഉലയില്‍ സ്വന്ത ലോക ക്രമം ഉരുവാക്കാനുള്ള ശേഷി അത് അവനു സമ്മാനിക്കുന്നു .ജീവിതത്തിന്‍റെ ഭാവന സമ്പന്നമായ സര്‍ഗ്ഗാല്‍മക സൃഷ്ടിയാകുന്നു നോവല്‍ .എന്നാല്‍ പൊള്ളുന്ന യാഥാര്‍ത്ഥ്യം തന്നെ സര്‍ഗാല്മക സൃഷ്ടിയുടെ മൂശ്ശയായാല്‍ എന്തായിരിക്കും ഫലം ?
എറിക് ഹോബ്സ്വോം പോലെയുള്ളവര്‍ യാഥാര്‍ത്ഥ ജീവിതത്തെ ,നമ്മുടെ കാലഘട്ടത്തിലെ മനുഷ്യരെ നായകരാക്കി ചരിത്രം രചിച്ചിട്ടുണ്ട് .വ്യക്തികളുടെ അനുഭവങ്ങള്‍ ചരിത്രത്തിന്‍റെ പുതിയ പാഠങ്ങളായി നമുക്ക് മുന്നില്‍ ഉണ്ട് .ഒരു കാലത്തും ചരിത്രത്തില്‍ ഇടം പിടിക്കാത്ത സമൂഹത്തിലെ അരികുവല്‍ക്കരിക്കപ്പെട്ടവര്‍ ഇന്ന് ഈ ചരിത്രത്തിലെ പ്രധാന വ്യക്തികള്‍ ആണ് .അതോടൊപ്പം ഓരോ ദേശീയതയും സ്വത്വ നിര്‍മ്മാണവും സൃഷ്ടിക്കുന്ന യാഥാര്‍ത്ഥ്യത്തിന്‍റെ പുതിയ ഫാക്ടറികളും നമ്മെ വലയം ചെയ്യുന്നു .കൊച്ചു കൊച്ചു വര്‍ത്തമാനങ്ങളുടെ ,നിരവധി പൈങ്കിളി കഥകളുടെ നവീന ഫാക്ടറി കൂടിയാണ് ഈ പുതിയ ചരിത്രം .ചെമ്പോ സ്വര്‍ണ്ണമോ എന്ന് തെളിയാന്‍ പോലും അവസരം നല്‍ക്കാതെ നമ്മെ നിത്യ നരകത്തില്‍ കൊണ്ടു ചെല്ലുന്ന വിവര സമുദ്രത്തില്‍ നാം ചത്തൊടുങ്ങുകയാണ് .ഈ ലോകത്ത് നിന്ന് രക്ഷപെടാന്‍ അറിവുള്ളവര്‍ ,അറിയാവുന്നവര്‍ ,ലോകം കണ്ടവര്‍ ജനത്തിനു വേണ്ടി സംസാരിക്കണം .കള്‍ട്ടിന്റെ പിന്‍ ബലമുള്ള ,ഭാവിയും ഭൂതവും നിയന്ത്രിക്കുന്ന ശക്തികളെ കുറിച്ചാകുമ്പോള്‍ ഇത് എളുപ്പമല്ല .തങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ ഭാരത്തില്‍ അവര്‍ സ്വയം തകര്‍ന്നു പോകുന്നു .പക്ഷെ അങ്ങനെ പോകേണ്ടതാണോ നമ്മുടെ ഈ ലോകം ?ആരെങ്കിലും അത് പറയേണ്ടെ?പ്രത്യേകിച്ചും ഇതെല്ലാം ഉള്ളില്‍ നിന്ന് കണ്ടവര്‍ .
സത്യം എന്തെന്ന് അറിയുന്നവര്‍ സംസാരിക്കുകയോ അല്ലെങ്കില്‍ അവരെ അവഗണിക്കുകയോ അല്ലെങ്കില്‍ അവരുടെ വാക്കുകളെ വിവര വിസ്ഫോടനത്തില്‍ തകര്‍ക്കുകയോ ചെയ്യുന്നത് ഇന്ന് പതിവായിരിക്കുന്നു .ഇസങ്ങളും സ്വത്വ ബോധവും കള്‍ട്ടുകളും സത്യത്തെ തമ്സക്കരിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ തങ്ങളുടെ പ്രത്യേക സ്ഥാനം കൊണ്ടും പദവി കൊണ്ടും പ്രവൃത്തി കൊണ്ടും അറിയുന്ന അറിയപ്പെടാത്ത രഹസ്യങ്ങള്‍ നാം എങ്ങനെ പുറത്തു കൊണ്ടു വരും ?ഉള്ളില്‍ നിന്ന് ശക്തമായ സമര്‍ദ്ദം ഉണ്ടെങ്കിലും അത് സൃഷ്ടിക്കുന്ന പൊല്ലാപ്പുകള്‍ ഭയന്ന് ആരും അതിനു മുതിരാറില്ല .മുതിര്‍ന്നാല്‍ അവര്‍ അവഗണിക്കപ്പെടും .അല്ലെങ്കില്‍ അവരുടെ കഥ -നരേട്ടീവ് -ശരിയല്ലെന്നു സമര്‍ഥിക്കപ്പെടും .അതിനെ ഒരു സര്‍ഗാല്മക എഴുത്തുകാരന്‍ എങ്ങനെ പ്രതിരോധിക്കും ?
തമിഴിലെ പ്രമുഖ പത്രാധിപരും എഴുത്തുകാരനുമായ മാലന്‍ നാരായണന്‍ അനുഭവങ്ങളുടെ വലിയ കലവറയാണ് .രാഷ്ട്രീയ സംഭവങ്ങളുടെ ദൃക്സാക്ഷിയാണ് .തിരുവായ്ക്ക് എതിര്‍ വായില്ല എന്ന് കരുതപ്പെടുന്ന ,വ്യക്തി ആരാധന നിറഞ്ഞ നാട്ടില്‍ സ്വതന്ത്രമായ അഭിപ്രായം കാത്തു സൂക്ഷിക്കുന്ന എഴുത്തുകാരനാണ് അദ്ദേഹം .അദ്ദേഹത്തിനു പോലും തമിഴ് നാട്ടില്‍ സമകാലിന ചരിത്രം എഴുതാന്‍ സാങ്കല്‍പ്പിക ചരിത്രം രചിക്കേണ്ടി വരുന്നു.അതിലെ ഓരോ വാക്കും സംഭവവും നടന്നതും സംഭാവ്യവും ആണെങ്കിലും .പേര് ഒഴികെ എല്ലാം സത്യം എന്ന് പ്രമുഖ എഴുത്തുകാരന്‍ പാ രാഘവന്‍ സാക്ഷ്യപ്പെടുത്തുന്നു .കഴിഞ്ഞ നാല്പതു വര്‍ഷമായി തമിഴ് രാഷ്ട്രീയം നോക്കി കാണുന്ന ,അതിലെ പല സംഭവങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുള്ള എനിക്കും അതെല്ലാം തന്നെ സത്യമാണെന്ന് നന്നായി അറിയാം .ഒരു സഹപ്രവര്‍ത്തകന്‍ എന്ന നിലയിലും മാലന്‍ എന്ന വ്യക്തിയെയും ഏഴുത്തുകാരനെയും എനിക്കറിയാം .ആ നിലക്ക് അദ്ദേഹത്തിന്‍റെ തോഴി സമീപകാല തമിഴ് നാട് രാഷ്ട്രീയത്തിലെ വിഭ്രമകരമായ സംഭവങ്ങളുടെ ആഖ്യാനമാണ് .നമ്മെ ആ കാലത്തിലോട്ടു കൊണ്ടു പോകുകയും ആ കാലത്തെ പറ്റി ചിന്തിപ്പിക്കുകയും ചെയ്യുന്ന സൃഷ്ടി .

മാലന്‍
തമിഴകത്തില്‍ മുഖ്യമന്ത്രിയാകുകയും ഇന്നും ഒരു കള്‍ട്ട് പോലെ ആരാധിക്കപ്പെടുകയും ചെയ്യുന്ന ഒരു സിനിമതാരത്തിന്റെ ജീവിതവും അവരുടെ എകാന്തതയുമാണ് തോഴിയില്‍ മാലന്‍ അവതരിപ്പിക്കുന്നത് . അതോടൊപ്പം അവരെ രാഷ്ട്രീയത്തിലേക്ക് കൊണ്ടു വന്ന പെരിയവര്‍ എന്ന നേതാവും മുഖ്യമന്ത്രിയും കടന്നു വരുന്നത് ഇതാരുടെ കഥയാണ് എന്ന് വ്യക്തമായി സൂചിപ്പിക്കുന്നു .പക്ഷെ നാട് കണ്ട ഏറ്റവും പ്രശസ്തയായ തോഴിയുടെ ഹൃദയത്തിലേക്കാണ് മാലന്‍ ഇറങ്ങി ചെല്ലുന്നത് .പെരിയവര്‍ തന്‍റെ വരുംകാല നായികയെ സഹായിക്കാനും നിരീക്ഷിക്കാനും അയച്ച ഒരു സാധാരണക്കാരിയായ പെരിയ നായകിയും കുടുംബവും എങ്ങനെ തമിഴ് നാട്ടിലെ ഏറ്റവും സ്വാധീനമുള്ള കുടുംബമായി മാറിയെന്നു മാലന്‍ നോവലില്‍ വരച്ചു കാട്ടുന്നു .ഒരു പക്ഷെ അവര്‍ മുഖ്യമന്ത്രിക്കസേരയുടെ അടുത്തു തന്നെ എത്തി .
വാര്‍ദ്ധക്യത്തിന്റെ പിടിയില്‍ കഴിയുന്ന പെരിയവര്‍ തന്‍റെ കക്ഷിക്ക് ഒരു അനന്തരാവകാശിയെ കണ്ടെത്താന്‍ ശ്രമിക്കുന്നിടത്തു നിന്നാണ് കഥയുടെ തുടക്കം.അവരുടെ ഓരോ നീക്കങ്ങളും വീഡിയോ ചെയ്യാന്‍ നിയോഗിക്കപ്പെട്ട സ്ത്രീ നായികയുടെ വീടിന്റെ ഭരണം തന്നെ കയ്യാളുന്നു .തന്‍റെ കുടുംബക്കാരെ മുഴുവന്‍ അവരുടെ കലാനിലയത്തിലെ ജോലിക്കാരാക്കി നിയന്ത്രണം ഉറപ്പാക്കുന്നു .ഇതിനിടെ അവരുടെ ഭര്‍ത്താവ് സ്വാമിനാഥനും പെരിയവരുടെ നിര്‍ദ്ദേശം അനുസരിച്ചു അവരുടെ രാഷ്ട്രീയ ഉപദേശകനാകുന്നു .
കഴിവിലും അറിവിലും മുന്നിലാണെങ്കിലും ജീവിതത്തില്‍ താന്‍ എത്രയോ ഭീഷണമായ വലയ്ക്കുള്ളില്‍ ആണെന്ന് ആ സ്ത്രീ അറിയാന്‍ വൈകി പോയി .രാഷ്ട്രീയമായി ഉയരുമ്പോഴും സ്വന്തം വീട്ടില്‍ അവര്‍ ഏകാന്തതയുടെ തടവറയില്‍ ആയിരുന്നു .ഒരു സ്ത്രീ ആണെന്നത് അവരുടെ ദുരന്തത്തിന്‍റെ വ്യാപ്തി കൂട്ടുന്നു .ജീവിതത്തില്‍ മുഴുവനും അഛm മുതല്‍ താഴോട്ടു എല്ലാവരില്‍ നിന്നും അവഗണന നേരിട്ട ഒരു പെണ്‍കുട്ടിയുടെ കഥ കൂടിയാണ് മാലന്‍ ഇവിടെ പറയുന്നത് .
വിദ്യയുടെയും തോഴി ചിത്ര എന്ന പെരിയ നായകിയുടെയും കഥ മാത്രമല്ല ഇത് .രാഷ്ട്രീയ രംഗത്ത് ഓരോ നേതാക്കളും നടത്തുന്ന കരുനീക്കങ്ങളുടെ സൂക്ഷ്മമായ ചിത്രീകരണം കൂടിയാണ് ഇത് .പ്രതിയോഗികളെ താഴ്ത്തികെട്ടാനും അധീശത്വം ഉറപ്പു വരുത്താനും രാഷ്ട്രീയ നേതാക്കള്‍ നടത്തുന്ന ഹീനമായ നീക്കങ്ങളുടെ ചില അപൂര്‍വ്വ കഥകള്‍ കൂടി ഈ നോവലില്‍ ഉണ്ട് .അതോടൊപ്പം എങ്ങനെ ഡല്‍ഹി എങ്ങനെയാണ് ഈ പ്രാദേശിക നേതാക്കളെ വശീകരിക്കുകയോ ഭീഷണി പ്പെടുത്തുകയോ ചെയ്യുന്നത് എന്നതും വ്യക്തമായി മാലന്‍ ചൂണ്ടിക്കാട്ടുന്നു .അതൊക്കെ യാഥാര്‍ത്ഥ്യവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു .എന്നാല്‍ യാഥാര്‍ത്ഥ്യവുമായുള്ള ചെറിയ വ്യത്യാസങ്ങള്‍ അതിനു അകല്‍ച്ച നല്‍കുകയും ചെയ്യുന്നു .ചിത്രയെയും സ്വാമിനാഥനെയും ശ്രീ രഞ്ജിനി തിരിച്ചറിയുന്നതും അത് അവരുടെ നേരെ ആസിഡ് അക്രമത്തില്‍ കലാശിക്കുന്നതും തമ്മില്‍ ബന്ധമുണ്ടോ എന്ന് സംശയം തോന്നാം .പക്ഷെ അത് അങ്ങനെ നടന്നതില്‍ കഥാപാത്രങ്ങളുടെ മനസ്സു വായിക്കുന്ന ആര്‍ക്കും സംശയം ഉണ്ടാകില്ല .
ചരിത്രവും സംഭവങ്ങളും ചാക്രികമാണ് .അവയെ അടയാളപ്പെടുത്താന്‍ കൃത്യമായ സമയരേഖ വേണം .എന്നാല്‍ ഒരു നോവല്‍ ആകുമ്പോള്‍ അത് ആവര്‍ത്തന വിരസവും ജഡിലവുമായി മാറുന്നു .കാലത്തെ ഒരു ചിമിഴില്‍ എന്ന പോലെ ഒതുക്കാനും കഥാപാത്രങ്ങളെ വരുതിക്ക് നിര്‍ത്താനും ഇവിടെ ഭാവന സഹായിക്കുന്നു .തമിഴ് നാട് നിയമസഭയിലെ അക്രമവും രാഷ്ട്രപതി ഭരണവും പുതിയ താരരോദയവും പൊടുന്നനെയുണ്ടായതല്ല .നിരവധി സംഭവങ്ങളുടെ തുടര്ച്ചയാണ് അത്.എന്നാല്‍ മാലന്‍ ആ സംഭവങ്ങളെ ചുരുക്കി ഫിക്ഷനൈസ് ചെയ്തിരിക്കുന്നു .ഇത് വായനക്ക് സുഖകരമാണ് .ഭാവനക്ക് സ്വാതന്ത്ര്യം നല്‍കുന്നതാണ് .പക്ഷേ പില്‍ക്കാലത്ത് ഇത് പൂര്‍ണ്ണ ചരിത്രം ആണെന്ന നിലയില്‍ ആരെങ്കിലും വായിക്കുകയാണെങ്കില്‍ അത് തെറ്റിദ്ധാരണ സൃഷ്ടിക്കാം . കഥ സാങ്കല്‍പ്പികം ആണെന്ന് മാലന്‍ തന്നെ തുടക്കത്തില്‍ ജാമ്യമെടുത്തിരിക്കുന്ന സാഹചര്യത്തില്‍ യഥാര്‍ത്ഥ ചരിത്രവുമായി അത് കൂട്ടി വായിക്കേണ്ടതില്ല …
ചരിത്രത്തിലെ നിര്‍ണ്ണായക സന്ധികളില്‍ അകപ്പെട്ടു പോയ ചിലരുടെ ജീവിത കഥകള്‍ എന്ന് വിലയിരുത്തുമ്പോഴെ ഇതിനു മാധുര്യം ഉണ്ടാകൂ . അഗമ്യമായ ഒരു കോട്ടയായിരുന്നു ജയലളിതയുടെ വേദനിലയം .നോവലില്‍ കലാനിലയവും അങ്ങനെ തന്നെ .തോഴിയുടെ ബന്ധുക്കള്‍ കാവല്‍ നില്‍ക്കുന്ന ഈ കലാനിലയത്തില്‍ തമിഴ് നാട്ടിലെ ഏറ്റവും അധികാരമുള്ള ഒരു സ്ത്രീ എങ്ങനെ നിസ്സഹായായി കഴിഞ്ഞു എന്ന് മാലന്‍ നാരായണന്‍ വരച്ചു കാട്ടുന്നു .ആ തോഴിഎങ്ങനെ അധികാരത്തില്‍ പങ്കാളിയായി എന്നും എങ്ങനെ അഴിമതിയുടെ തേന്‍ നുണഞ്ഞുവെന്നും .അവസാനം അഴിമതിപ്പണത്തിന്‍റെ ഉത്തരവാദിത്തത്തെ പറ്റിയുള്ള തര്‍ക്കത്തില്‍ സ്വാമിനാഥന്റെ അടിയില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്ന വിദ്യ കട്ടിളയില്‍ തല തട്ടി വീഴുന്നു .ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം എന്നായിരുന്നു വിധി . വിദ്യയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചു കൊണ്ടാണ് നോവല്‍ അവസാനിക്കുന്നത് .ഒരു പക്ഷെ അത് ഒരിക്കലും നിര്‍ദ്ധാരണം ചെയ്യാന്‍ പോകുന്നുമില്ല .ഒരു രാജ്ഞിക്ക് പോലും സങ്കല്പ്പിക്കാനാകാത്ത ജനപ്രവാഹത്തിനു നടുവിലായിരുന്നു കടുത്ത വിവാദങ്ങളില്‍ പെട്ടിട്ടും അവരുടെ മരണാന്തര ചടങ്ങുകള്‍ .
“നാല്പതു വര്‍ഷത്തെ ഭരണത്തെ പറ്റി പറയാന്‍ എനിക്ക് കഥാപാത്രങ്ങളും സംഭവങ്ങളും സംഭാഷണങ്ങളും ആവശ്യമായി വന്നു .ആ 40 വര്‍ഷത്തെ സംഭവങ്ങള്‍ ചേര്‍ത്തു വെയ്ക്കുമ്പോള്‍ ഏതു വിധത്തിലുള്ള ഭരണമാണ് നമ്മുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടത് എന്ന് ദൃശ്യമാകുന്നു. അത് കണ്ടു ഞാന്‍ അമ്പരന്നു .ആ രാഷ്ട്രീയത്തെ പറ്റിയാണ് ഞാന്‍ എഴുതിയിരിക്കുന്നത് .നിങ്ങള്‍ക്ക് അറിയാവുന്ന കഥാപാത്രങ്ങളിലൂടെ “,മാലന്‍ തുറന്നു പറയുന്നു .
സുഗമമല്ല ഇങ്ങനെയൊരു നോവല്‍ എഴുതി തീര്‍ക്കാന്‍ .കക്ഷി രാഷ്ട്രീയം ശക്തമായ ഒരു നാട്ടില്‍ രണ്ടു പക്ഷത്തു നിന്നും ആക്രമണം ഉണ്ടാകാം എങ്കിലും ആരെയും നോവിക്കാതെ കഥ പറഞ്ഞു പോകുക എന്ന സമീപനമാണ് മാലന്‍ സ്വീകരിച്ചിരിക്കുന്നത് .സമീപകാല ചരിത്രത്തിലേക്കുള്ള ഒരു കണ്ണാടി എന്ന നിലയില്‍ ഇത് വായനക്കാരെ ഹരം കൊള്ളിക്കും .നിത്യജീവിതത്തിന്റെ തിരക്കുകള്‍ കഴിഞ്ഞു ചരിത്രം തന്നെ മാറി മറിയുമ്പോള്‍ ഇങ്ങനെയും ഒരു ഭൂതകാലം തങ്ങള്‍ക്കുണ്ടായിരുന്നു എന്ന് പില്‍ക്കാല തലമുറ അതിശയം കൊള്ളും .
ശോഭ വര്‍മയാണ് തോഴി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത് .ശ്രദ്ധേയമായ ഒരു ഉദ്യമമാണ് ഇത് .
സഖാവ് ,തോഴി തുടങ്ങിയ വാക്കുകള്‍ നമ്മുടെ സമൂഹത്തില്‍ സ്വര്‍ണ്ണത്തില്‍ കൊത്തി വെച്ച വാക്കുകള്‍ ആണ് .അത് കൊണ്ടു തന്നെ ആ വാക്കുകള്‍ക്കു ഉണ്ടാകുന്ന അപചയം കാലം ഒരിക്കലും പൊറുക്കില്ല .ഇന്ത്യയിലെ ഏറ്റവും പ്രശസ്തയായ തോഴിയെ പരിചയപ്പെടുത്തിയതിനു വായനക്കാര്‍ മാലനോടു നന്ദി ഉള്ളവരാകണം.