
മലയാള ഭാഷയെക്കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെച്ച് ബോളിവുഡ് താരം ജാൻവി കപൂർ. മലയാളം വളരെ മനോഹരമായ ഭാഷയാണെങ്കിലും പഠിക്കാനും സംസാരിക്കാനും ഏറെ ബുദ്ധിമുട്ടുള്ള ഒന്നാണെന്നാണ് താരം പറയുന്നത്. തന്റെ പുതിയ ചിത്രമായ ‘പെദ്ധി’യുടെ പ്രൊമോഷൻ പരിപാടിക്കിടെയായിരുന്നു ജാൻവിയുടെ പ്രതികരണം.
“മലയാളം ഇനിയും ട്രൈ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല, കാരണം ആ ഭാഷ മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്. വളരെ മനോഹരമായ ഭാഷയാണ് മലയാളം. എന്നാൽ തമിഴ്, തെലുങ്ക് ഭാഷകൾ കൈകാര്യം ചെയ്യാൻ എനിക്ക് കൂടുതൽ എളുപ്പമാണ്. അതുകൊണ്ടുതന്നെ തെലുങ്ക് സിനിമകളിൽ അഭിനയിക്കുന്നത് ഞാൻ ആസ്വദിക്കുന്നുണ്ട്. തമിഴ് ഭാഷ കൂടുതൽ എക്സ്പ്ലോർ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം,” ജാൻവി പറഞ്ഞു. സിദ്ധാർത്ഥ് മൽഹോത്രയ്ക്കൊപ്പം അഭിനയിച്ച ‘പരം സുന്ദരി’ എന്ന ചിത്രത്തിൽ മലയാളിയായ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ ജാൻവിയുടെ മലയാളം സംസാര രീതി വലിയ തോതിലുള്ള ട്രോളുകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ പുതിയ പ്രതികരണം.
മെഗാ സ്റ്റാർ രാം ചരൺ നായകനാകുന്ന ‘പെദ്ധി’ എന്ന ചിത്രത്തിലാണ് ജാൻവി കപൂർ ഇപ്പോൾ അഭിനയിക്കുന്നത്. ആക്ഷൻ, ഡ്രാമ, റൊമാൻസ്, ത്രിൽ എന്നിവ കോർത്തിണക്കി ഒരുക്കുന്ന ചിത്രം വലിയ പ്രതീക്ഷയാണ് ആരാധകർക്കിടയിൽ ഉണ്ടാക്കിയിരിക്കുന്നത്. ടൈറ്റിൽ കഥാപാത്രമായ ‘പെദ്ധി’യായി രാം ചരൺ വേഷമിടുന്ന ചിത്രത്തിൽ ക്രിക്കറ്റ്, ഗുസ്തി, ഓട്ടം എന്നിവ കഥാഗതിയിൽ നിർണ്ണായക പങ്കുവഹിക്കുന്നുണ്ട്. രാം ചരൺ ചിത്രത്തിനായി നടത്തിയ ശാരീരിക മാറ്റങ്ങളും ആക്ഷൻ രംഗങ്ങളും സിനിമയുടെ പ്രധാന ആകർഷണങ്ങളായിരിക്കും.