Image

ഡോ. പ്രമോദ് പയ്യന്നൂരിന് ആദരവൊരുക്കി 'സര്‍ഗ്ഗസ്‌നേഹം...'

അജയ് തുണ്ടത്തില്‍ Published on 30 May, 2026
 ഡോ. പ്രമോദ് പയ്യന്നൂരിന് ആദരവൊരുക്കി 'സര്‍ഗ്ഗസ്‌നേഹം...'

തിരുഃ കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെ മെമ്പര്‍ സെക്രട്ടറിയായി 10 വര്‍ഷം പൂര്‍ത്തീകരിച്ച ഡോ. പ്രമോദ് പയ്യന്നൂരിന് സാംസ്‌കാരിക കേരളം ആദരവ് ഒരുക്കുന്നു. 'സര്‍ഗ്ഗസ്‌നേഹം' എന്ന പേരില്‍ കേരളത്തിലെ അമ്പതോളം സാംസ്‌കാരിക സംഘടനകളാണ് ശ്രദ്ധേയമായ സാംസ്‌കാരിക ദൗത്യം നിര്‍വ്വഹിച്ച കേരളത്തിന്റെ പ്രിയപ്പെട്ട നാടക ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഡോ. പ്രമോദ് പയ്യന്നൂരിന് ആദരവ് ഒരുക്കുന്നത്. 

മെയ് 31ന് രാവിലെ ഭാരത് ഭവന്‍ ഹൈക്യൂ തിയേറ്ററില്‍ ആരംഭിക്കുന്ന സാംസ്‌കാരിക ദിനരാത്രത്തിലാണ് ആദരവൊരുക്കുന്നത്. രാവിലെ 10ന് വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖിയെ അവലംബിച്ച് പ്രമോദ് പയ്യന്നൂര്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച്, മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി അഭിനയിച്ച 'ബാല്യകാലസഖി' പ്രദര്‍ശിപ്പിക്കും. ഉച്ചമുതല്‍ നാടകാവതരണം, സംഗീത വിരുന്ന്, ആധുനിക നൃത്താവിഷ്‌കാരങ്ങള്‍, ഇംപ്രോ തീയറ്റര്‍ അവതരണം, ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവയും നടക്കും. വൈകുന്നേരം 5.30 ന് ഡോ. ജോര്‍ജ്ജ് ഓണക്കൂറിന്റെ അധ്യക്ഷതയില്‍ ചേരുന്ന സാംസ്‌കാരിക കൂട്ടായ്മ ഡോ.കെ. ജയകുമാര്‍ ഐ.എ.എസ് ഉദ്ഘാടനം ചെയ്യും. 

ചടങ്ങില്‍ പത്മശ്രീ ഡോ. കെ. ഓമനക്കുട്ടി, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, പാളയം ഇമാം വി.പി.സുഹൈബ് മൗലവി, മോണ്‍. ഫാ യൂജിന്‍ പെരേര, സൂര്യ കൃഷ്ണമൂര്‍ത്തി, കൈരളി സീനിയര്‍ ഡയറക്ടര്‍ വെങ്കിട്ട് രാമന്‍, ഡോ.പുനലൂര്‍ സോമരാജന്‍, കവയിത്രി റോസ് മേരി, പണ്ഡിറ്റ് രമേശ് നാരായണന്‍, വട്ടപ്പറമ്പില്‍ പീതാംബരന്‍, പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍, എം.ആര്‍.ഗോപകുമാര്‍, ഡോ.നീനാ പ്രസാദ്,നടന്‍ അപ്പാനി ശരത്ത്, പിന്നണി ഗായികമാരായ അഖില ആനന്ദ്, അനിതാ ഷെയ്ക്ക്, റാണി മോഹന്‍ദാസ്, നടി സേതു ലക്ഷ്മി, ഗായകന്‍ ശ്രീറാം, നടന്‍ ജോബി, മാധ്യമ പ്രവര്‍ത്തകരായ ബൈജു ചന്ദ്രന്‍, എസ്. രാധാകൃഷ്ണന്‍ തുടങ്ങി സാംസ്‌കാരിക സാമൂഹ്യ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളും ഇന്ത്യയിലെ വിവിധ ഭാഷാ അസോസിയേഷന്‍ പ്രതിനിധികളും പങ്കെടുക്കും. കേരളത്തിലെ 50 ഓളം സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികളും, ഭാരത് ഭവന്റെ 10 വര്‍ഷക്കാലയളവിലെ ഭരണ നിര്‍വ്വഹണ സമിതി അംഗങ്ങളും, തൈക്കാട് റെസിഡന്റ്‌സ്അസോസിയേഷന്‍  പ്രതിനിധികളും, ഓട്ടോ തൊഴിലാളികളും പങ്കെടുക്കും രാവിലെ 10 മുതല്‍ രാത്രി 9 വരെ നടക്കുന്ന സര്‍ഗ്ഗസ്‌നേഹം പരിപാടിയില്‍ പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടകരായ കള്‍ച്ചര്‍ വണ്‍ സാംസ്‌കാരിക കൂട്ടായ്മയുടെ ഭാരവാഹികള്‍ അറിയിച്ചു.
 

Join WhatsApp News
ajay 2026-05-30 16:54:36
GREAT !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക