
കോഴിക്കോട്: റിലീസിനൊരുങ്ങുന്ന 'അജസുന്ദരി' സിനിമാ സംഘം വ്യാപാരികളെ കബളിപ്പിച്ചതായി ആരോപണം. ജോജു ജോര്‍ജും ലിജോമോള്‍ ജോസും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്ന ആഷിഖ് അബു-മനു ആന്റണി ചിത്രം അജസുന്ദരിയുടെ ഷൂട്ടിംഗ് സംഘം പലചരക്കുസാധനങ്ങള്‍ വാങ്ങി ലക്ഷങ്ങളുടെ കുടിശ്ശിക തല്‍കാതെ പറ്റിച്ചുവെന്നാണ് കോഴിക്കോട് വിലങ്ങാടുള്ള വ്യാപാരികളുടെ ആരോപണം. ഷൂട്ടിംഗ് കഴിഞ്ഞ് മൂന്ന് മാസമായിട്ടും പണം നല്‍കിയിട്ടില്ലെന്നും വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ലെന്നും വ്യാപാരികള്‍ പറയുന്നു.
വിലങ്ങാട്ടെ നാല് കടകള്‍ക്കാണ് ലക്ഷങ്ങളുടെ ബാധ്യതയുണ്ടാക്കി സിനിമാ സംഘം പോയത്.
ഷൂട്ടിംഗുമായി ബന്ധപ്പെട്ട് പ്രദേശത്ത് എത്തിയ സംഘം മൂന്ന് മാസത്തിലധികം താമസിച്ച് ചിക്കനും ബീഫും താറാവും നാടന്‍ കോഴിയും താറാവ് മുട്ടയും അടക്കം വാങ്ങിയെന്നും മുഴുവന്‍ തുകയും നല്‍കിയില്ലെന്നുമാണ് പരാതി. പ്രൊഡക്ഷന്‍ കണ്ട്രോളര് ആയ ബിജു കടവൂരിനെ മറ്റൊരു കക്ഷി വഴി ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വിഷയത്തില്‍ നിന്നും ഒഴിഞ്ഞുമാറുന്ന നിലയിലാണ് പ്രതികരിച്ചതെന്നും വ്യാപാരികള്‍ പറയുന്നു.
കാന്‍സര്‍ രോഗിയായ കച്ചവടക്കാരന് പി.എസ് മനോജിന് മസാലകള്‍ വാങ്ങിയ ഇനത്തില്‍ 47,000ത്തിലധികം രൂപ നല്കാനുണ്ടെന്നതിന് പുറമെ മറ്റൊരു കച്ചവടക്കാരന് പാലും തൈരും വാങ്ങിയ വകയില്‍ 42,000 രൂപയും തേങ്ങ വാങ്ങിയ വകയില്‍ 14,000 രൂപയും നല്‍കാനുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. കട പൂട്ടിയിടേണ്ട സ്ഥിതിയാണെന്നും കച്ചവടക്കാര്‍ പറയുന്നു.
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടലിന് ശേഷമാണ് അജസുന്ദരി സിനിമയുടെ സംവിധായകരായ അഷിഖ് അബു, മനു ആന്റണി, നടന് ജോജു ജോര്‍ജ് ടീം വിലങ്ങാട് എത്തിയത്. ഇവര്‍ ഷൂട്ടിംഗ് കഴിഞ്ഞ് പോയതിന് ശേഷമാണ് ഭീമമായ ഒരു തുക വ്യാപാരികള്‍ക്ക് കൊടുക്കാന്‍ ഉണ്ടെന്ന് അറിഞ്ഞതെന്നാണ് വ്യാപാരി വ്യവസായ ഏകോപന സമിതി അറിയിച്ചത്. തുടക്കത്തില്‍ സംഘം ഫോണ്‍ എടുക്കുമെങ്കിലും ഇപ്പോള്‍ പ്രതികരണം ഇല്ലെന്നും സമിതി വ്യക്തമാക്കി. ഇന്ന് പോലീസിനെ സമീപിക്കാനാണ് ഇവരുടെ തീരുമാനം
കഴിഞ്ഞ ഉരുള്‍പൊട്ടലില്‍ പൂര്‍ണമായും നശിച്ചുപോയതാണ് മനോജിന്റെ കട. ശേഷം വ്യാപാരി വ്യവസായി ഏകോപന സമിതയുടെ സഹായത്താലും കുടുംബശ്രീ ലോണെടുത്തുമെല്ലാമാണ് വീണ്ടും വിലങ്ങാട് ടൗണില്‍ കട തുടങ്ങിയത്. ആയഞ്ചേരി സ്വദേശിയായ സാജിദ് എന്ന വ്യക്തി കരാര്‍ അടിസ്ഥാനത്തിലാണ് സെറ്റിലേക്കുള്ള മെസ്സ് നടത്തിയത്. ഇയാളെ
പിന്നീട് ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും മനോജ് പറയുന്നു. കഴിഞ്ഞ ദിവസം സാജിദിന്റെ വീട്ടിലേക്ക് കടക്കാര് അന്വേഷിച്ച് പോയെങ്കിലും സാജിദ് അവിടെ ഉണ്ടായിരുന്നില്ല.
വിലങ്ങാട് മില്‍മ ബൂത്തും മറ്റുമൊക്കെയായി മുന്നോട്ട് പോവുന്ന അപ്പച്ചന് 46,000 രൂപയോളമാണ് കൊടുക്കാനുള്ളത്. പാലിന് പുറമെ പാചകവാതകത്തോടുകൂടിയുള്ള നാല് വാണിജ്യസിലിണ്ടറും ഇവിടെ നിന്ന് സിനിമാസംഘം കൊണ്ടുപോയിരുന്നു. ഇതടക്കമാണ് അപ്പച്ചന് നഷ്ടമായത്.
വാര്‍ത്ത പുറത്തുവന്നതോടെ സിനിമയുടെ നിര്‍മാതാവ് കൂടിയായ ആഷിഖ് അബു ബന്ധപ്പെട്ടിരുന്നുവെന്ന് കടക്കാര് പറയുന്നു. രണ്ട് ദിവത്തിനുള്ളില്‍ ബാധ്യത തീര്‍ക്കാമെന്നാണ് ഏറ്റിരിക്കുന്നത്. അല്ലാത്തപക്ഷം കേസുമായി മുന്നോട്ട് പോവുമെന്നും കടക്കാര് പറയുന്നുണ്ട്.