
വന്‍ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പിന് ഇരയായി പ്രശസ്ത ഹോളിവുഡ് നടന്‍ ജോണി ഡെപ്പ്. 6,90,000 ഡോളര്‍ (ഏതാണ്ട് 7 കോടി രൂപ)യാണ് അദ്ദേഹത്തിന് ഈ തട്ടിപ്പിലൂടെ നഷ്ടമായത്. രണ്ട് വര്‍ഷത്തോളം ഈ തട്ടിപ്പ് ആരുടേയും ശ്രദ്ധയില്‍പ്പെടാതെ തുടര്‍ന്നുപോരുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 27-കാരനെ ഹംഗേറിയന്‍ സായുധ പോലീസ് അറസ്റ്റ് ചെയ്തു. ഇതിന്റെ വീഡിയോ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്.
2024 ജനുവരി മുതല്‍ 2025 ഡിസംബര്‍ വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. ഈ വര്‍ഷം ആദ്യം എഫ്.ബി.ഐ.യുടെ ബുഡാപെസ്റ്റ് ഓഫീസിലേക്ക് ക്രമരഹിതമായ ചില പണം പിന്‍വലിക്കലുകളെക്കുറിച്ച് യു.എസ്. ബാങ്ക് സൂചന നല്‍കിയതിനെത്തുടര്‍ന്നാണ് കേസ് ആരംഭിച്ചത്. ഡെപ്പിന്റെ ക്രെഡിറ്റ് കാര്‍ഡിലൂടെ 308 അനധികൃത ഇടപാടുകള്‍ നടന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഏകദേശം 5,36,534 പൗണ്ട് മൂല്യമുള്ള ഈ ഇടപാടുകള്‍ പ്രധാനമായും ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്കും ഹോട്ടലില്‍ മുറിയെടുക്കുന്നതിനുമായാണ് ഉപയോഗിച്ചിരിക്കുന്നത്
അന്വേഷണത്തിനൊടുവില്‍ ബുഡാപെസ്റ്റിലെ അങ്ക്യല്‍ഫോള്‍ഡ് ഏരിയയിലുള്ള ഒരു വാടക അപ്പാര്‍ട്ട്‌മെന്റിലേക്ക് പണമിടപാടുകള്‍ എത്തുന്നതായി അധികൃതര്‍ കണ്ടെത്തി. തുടര്‍ന്ന് മെയ് 6-ന് അപ്പാര്‍ട്ട്‌മെന്റിന് പുറത്തുവെച്ച് 27 വയസ്സുകാരനായ ഒരു യുവാവിനെ ഹംഗേറിയന്‍ പോലീസ് അറസ്റ്റ് ചെയ്തു. ഡെപ്പിന്റെ ക്രെഡിറ്റ് കാര്‍ഡിനുള്ള ഉയര്‍ന്ന പരിധി മുതലെടുത്താണ് പ്രതി തട്ടിപ്പ് നടത്തിയത്. ബാങ്കിന്റെ സുരക്ഷാ സംവിധാനങ്ങളുടെ കണ്ണില്‍പ്പെടാതിരിക്കാന്‍ ചെറിയ തുകകളുള്ള നിരവധി ഇടപാടുകളാണ് ഇയാള്‍ നടത്തിയത്. ഹംഗേറിയന്‍ ഫോണ്‍ നമ്പര്‍, ഐ.പി അഡ്രസ്സുകള്‍, ഇമെയില്‍ അക്കൗണ്ടുകള്‍ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കാന്‍ സഹായിച്ചത്. പ്രതി താമസിച്ചിരുന്ന സ്ഥലത്തുനിന്ന് ഇലക്ട്രോണിക് ഉപകരണങ്ങളും ലഹരിമരുന്ന് എന്ന് സംശയിക്കുന്ന വസ്തുക്കളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.