
ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച അഞ്ചു ഇന്ത്യൻ അമേരിക്കൻ വ്യക്തികളെ ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് പീപ്പിൾ ഓഫ് ഇന്ത്യൻ ഒറിജിൻ (ജി ഓ പി ഐ ഓ) കണക്ടിക്കട്ട് ചാപ്റ്റർ ജൂൺ 13നു ദരിയാനിൽ നടക്കുന്ന 20ആം വാർഷിക ആഘോഷത്തിൽ ആദരിക്കും.
സ്റ്റേറ്റ് സെനറ്റർ പ്രഫസർ സുജാത ഗഡ്കർ-വിൽകോക്‌സ്, സംരംഭകൻ അനിൽ ദിവാൻ, പത്ര പ്രവർത്തകൻ അജയ് ഘോഷ്, സി ഇ ഓ നിതിൻ മാത്രേ, പ്രഫസർ ഹേംചന്ദ്ര ഷേർതുട്കെ എന്നിവരെയാണ് തൊഴിലിലും രാജ്യസേവനത്തിലുമുള്ള മികവിന്റെ പേരിൽ ആദരിക്കുക.
ജി ഓ പി ഐ ഓ-സി ടി പ്രസിഡന്റ് മഹേഷ് ജാൻജിയാനി പറഞ്ഞു: "നമ്മുടെ സമൂഹത്തിനു മേൽ സ്വാധീനം ചെലുത്തിയവരെയും മികച്ച സേവനം നൽകിയവരെയുമാണ് നമ്മൾ തിരഞ്ഞെടുത്തത്."
സ്ഥാപക പ്രസിഡന്റ് ഡോക്ടർ തോമസ് ഏബ്രഹാം പറഞ്ഞു: "ഈ വ്യക്തികൾ നമ്മുടെ പുതിയ തലമുറകൾക്കു മാതൃകയാണ്."
നാനോവിരിസൈഡ്‌സ് സ്ഥാപകനും പ്രസിഡന്റ്റും എക്സിക്യൂട്ടീവ് ചെയർമാനുമായ ഡോക്ടർ അനിൽ ആർ. ദിവാനെ ആദരിക്കുന്നത് സംരംഭക-ബിസിനസ് രംഗത്തെ മികവിനാണ്. വൈറസുകളെ ലക്‌ഷ്യം വച്ചു നശിപ്പിക്കുന്ന 'നാനോവിരിസൈഡ്' സാങ്കേതിക വിദ്യ കൊണ്ടുവന്നാണ് അദ്ദേഹം ശ്രദ്ധേയനായത്. അദ്ദേഹം വികസിപ്പിച്ചെടുത്ത എൻവി-387 എന്ന ഔഷധം കൊറോണ, ഇൻഫ്ളുവൻസ, ആർ എസ് വി, എംപോക്‌സ്, സ്‌മോൾ പോക്‌സ്, മീസിൽസ്, എബോള എന്നിവ ചികിൽസിക്കുന്നതിൽ ഫലപ്രദമായിട്ടുണ്ട്.
രാഷ്ട്രീയ നേതൃത്വ വിഭാഗത്തിലാണ് സുജാത ഗഡ്കർ-വിൽകോക്സിനുള്ള അവാർഡ്. 2024 മുതൽ സ്റ്റേറ്റ് സെനറ്ററായ അവർ ക്വിനിപിയാക്ക് യൂണിവേഴ്സിറ്റിയിൽ നിയമപഠന പ്രഫസറാണ്. 2015-2017ൽ ഫുൾബറൈറ് സ്കോളർ ആയിരുന്നു.
പ്രഗത്ഭനായ പത്ര പ്രവർത്തകൻ അജയ് ഘോഷ് ആരോഗ്യ രക്ഷാ രംഗത്തും സജീവമാണ്. മൂന്നു പതിറ്റാണ്ടായി ഈ രംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്നു. ഗ്ലോബൽ ഹെൽത്ത് ന്യൂസ്, ഹെൽത്ത് ആൻഡ് വെൽനെസ് ന്യൂസ് എന്നീ പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്ററാണ്.
ഏഷ്യൻ ഇറാ, ഇന്ത്യൻ എക്സ്പ്രസ്സ്, നോർത്ത് അമേരിക്ക, യൂണിവേഴ്സൽ ന്യൂസ് നെറ്റ്വർക് എന്നിവയിലും പ്രവർത്തിച്ചിട്ടുള്ള അജയ് ഘോഷ് ഇന്തോ-അമേരിക്കൻ പ്രസ് ക്ലബ്ബ് സ്ഥാപകനുമാണ്. മാധ്യമ രംഗത്തെ മികവിനുള്ള അവാർഡാണ് ഘോഷിനു നൽകുന്നത്.
കോർപറേറ്റ് നേതൃത്വ രംഗത്തെ അവാർഡിനു തിരഞ്ഞെടുക്കപ്പെട്ട നിതിൻ മാത്രേ സിറ്റി ബാങ്കിലും വെബ്സ്റ്റർ ബാങ്കിലും ഉയർന്ന ചുമതലകളും ബെർക്ഷയർ ബാങ്കിൽ സി ഇ ഓ പദവിയും വഹിച്ചിരുന്നു.
2026 ഏപ്രിലിൽ ഫസ്റ്റ് കൺട്രി ബാങ്ക് സി ഓ ആയി. 174 വർഷമായി ഫെയർഫീൽഡ് കൗണ്ടിയിലും കണക്ടിക്കറ്റിലും മികച്ച സേവനം നൽകിയ കമ്മ്യൂണിറ്റി ബാങ്കാണിത്.
മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്നു എൻജിനിയറിങ് ബിരുദവും എം ബി എയും എടുത്ത അദ്ദേഹം ഹാർവാർഡിൽ എക്സിക്യൂട്ടീവ് പഠനവും നടത്തിയിട്ടുണ്ട്.
ഹേംചന്ദ്ര ഷേർതുട്കെ യൂണിവേഴ്സിറ്റി ഓഫ് ഹാർട്ട്ഫോർഡിൽ നാലു പതിറ്റാണ്ടായി കോളജ് ഓഫ് എൻജിനിയറിംഗ്, ടെക്നോളജി ആൻഡ് ആർക്കിടെക്ച്ചറിൽ പ്രഫസറാണ്. ഖരഗ്‌പൂർ ഐ ഐ ടിയിൽ നിന്നു ബിരുദമെടുത്ത അദ്ദേഹം യൂണിവേഴ്സിറ്റി ഓഫ് കണക്റ്റിക്കറ്റിൽ നിന്നു പിഎച് ഡിയും നേടി. അധ്യാപകൻ എന്നതിലുപരി ഗവേഷകനും സംരംഭകനും കൂടിയാണ്.
വാർഷിക ആഘോഷ ചടങ്ങിൽ ജി ഓ പി ഐ ഓ സ്ഥാപക അംഗങ്ങളായ ഡോക്ടർ തോമസ് ഏബ്രഹാം, വിരേഷ് ശർമ, സംഗീത-പോൾ അഹൂജ, മീരാ-ബോയിം ബാന്റ, ഗാരി ഗിൽ എന്നിവരെയും പ്രത്യേകമായി ആദരിക്കും.
മുൻ പ്രസിഡന്റുമാരായ സംഗീത അഹൂജ, ശൈലേഷ് നായിക്, ഷെല്ലി നിച്ചാനി, അനിത ഭട്ട്, അശോക് നിച്ചാനി, ജയാ ദപ്റാർഡർ എന്നിവർക്കും ബഹുമതികൾ നൽകും. വർഷങ്ങളോളം യൂത്ത് കോ-ഓർഡിനേറ്റർ ആയി പ്രവർത്തിച്ച ഷാരോൺ പ്രിയ ബാന്റയ്ക്കും പ്രത്യേക ആദരം നൽകും.
GOPIO to honor five Indian American achievers