Image

പെല്ലിങ് മലയിലെ കാരുണ്യദേവൻ (സിക്കിം യാത്ര- 4: സുഭാഷ് വലവൂർ)

Published on 29 May, 2026
പെല്ലിങ് മലയിലെ കാരുണ്യദേവൻ  (സിക്കിം യാത്ര- 4: സുഭാഷ് വലവൂർ)

സിക്കിമിലെ മനോഹരമായ ഒരു സ്ഥലമാണ് പെല്ലിങ്. രാത്രി  ഇടുങ്ങിയ നാൽക്കവലയിലൂടെ  ഹോട്ടലിലേക്ക് വന്നു കയറിയപ്പോൾ അത്ര സുഖം തോന്നിയില്ല. എന്നാൽ അതിരാവിലെ നടക്കാനിറങ്ങിയപ്പോൾ കാര്യം മാറി. നേരം വെളുത്തുവന്നപ്പോൾ നടവഴിയുടെ ഇടതുഭാഗത്ത് ദൂരെ ഒരു നീലച്ഛായയിൽ കാഞ്ചൻജംഗ. മൊബൈലിൽ അതിന്റെ സൗന്ദര്യം പൂർണ്ണമായി കിട്ടിയില്ലെങ്കിലും ആ ഫോട്ടോകൾ ഫേസ് ബുക്കിൽ പങ്കുവച്ചപ്പോൾ പെയിന്റിംഗ്‌ പോലെ തോന്നിയെന്ന് പലരും പറഞ്ഞു. ഗാങ്ടോക്കിൽ കണ്ട കാഞ്ചൻ ജംഗയായിരുന്നില്ല പെല്ലിങ്ങിൽ. ആദ്യദിവസം കാണാൻ കഴിഞ്ഞത് നന്നായി. പിറ്റേദിവസം മുതൽ കാഞ്ചൻ ജംഗ വെള്ളപ്പുതപ്പിൽ ആയിരുന്നു.

പെല്ലിങ്ങിലെ ഒരു കാഴ്ച്ച കുന്നിൻ മുകളിലെ അവലോകിതേശ്വര പ്രതിമയാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ വിനോദസഞ്ചാരം കൂടി കണക്കിലെടുത്തുകൊണ്ടാകാം ഇത്രയും വലിയ പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ അവലോകിതേശ്വര പ്രതിമയാണിത്. 'ചെൻ റെസിഗ്' എന്നാണ് നാട്ടുകാർ അവലോകിതേശ്വരനെ വിളിക്കുന്നത്. പ്രവേശന കവാടം കഴിഞ്ഞാൽ ഉടൻതന്നെ ഒരു സ്കൈവാക്കും തുടങ്ങുന്നു.

ഞാൻ ചെല്ലുമ്പോൾ അവിടെ എല്ലാവർഷവുമുള്ള ബുദ്ധമത പ്രാർത്ഥനാപരിപാടി നടക്കുകയായിരുന്നു.  സ്കൈവാക് കടന്ന് അവലോകിതേശ്വര പ്രതിമയുടെ സമീപത്തേയ്ക്കുള്ള വലിയ പടിക്കെട്ടു കയറിച്ചെന്നു. പടിക്കെട്ടിന്റെ വശത്തു സ്ഥാപിച്ചിട്ടുള്ള പ്രാർത്ഥനാ ചക്രങ്ങൾ കറക്കിക്കൊണ്ടാണ് കയറിയത്. 'ഓം മണി പത്മേ ഹും' എന്ന അവലോകിതേശ്വര മന്ത്രം ജപിക്കാനും മറന്നില്ല. ടിബറ്റൻ ബുദ്ധിസം നടപ്പിലുള്ള ഹിമാലയ പ്രദേശങ്ങളിൽ എവിടെ ചെന്നാലും അവലോകിതേശ്വരനാണ് അവരുടെ രക്ഷാ ദേവത. ഹിന്ദുക്കൾ നാരായണ ജപിക്കുന്നതുപോലെയാണ് അവർ 'ഓം മണി പത്മേ ഹും' ജപിക്കുക. കാരുണ്യത്തിന്റെ ദേവനാണ് അവലോകിതേശ്വരൻ. എനിക്കും ആ കാരുണ്യം അൽപ്പം അനുഭവിക്കാൻ കഴിഞ്ഞു. രാവിലെ ഭക്ഷണം കഴിക്കാതെയാണ് ഇറങ്ങിയിരുന്നത്. പ്രതിമയുടെ ചുറ്റും നടന്നു നീങ്ങുമ്പോൾ ഒരാൾ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചു. പ്രാർത്ഥനാ പരിപാടിയുടെ ഭാഗമായി നടത്തുന്ന ഭോജനശാലയാണെന്ന് തോന്നുന്നു. ഞാൻ വളരെക്കുറച്ച് എടുത്തപ്പോൾ നല്ലോണം എടുത്തോളൂ യാത്ര ചെയ്യുകയല്ലേ എന്നു പറഞ്ഞു നിർബന്ധിച്ചു. സ്നേഹത്തോടെ ഭക്ഷണം വിളമ്പിത്തന്നു.

സിക്കിമിലെ ഇത്തരം വലിയ പ്രതിമകളുടെ ഉള്ളിൽ പല നിലകളുണ്ട്. നമുക്കവിടെ കയറാം. ഇടയ്ക്കുള്ള ബാൽക്കണിയിൽ നിന്നാൽ ചുറ്റുമുള്ള താഴ്‌വരയും അതിനപ്പുറമുള്ള മലകളും കാണാം. അത് സിക്കിം യാത്രയിലെ മനോഹരമായ അനുഭവമാണ്.

അവലോകിതേശ്വരനെ പലരീതിയിൽ ചിത്രീകരിക്കാറുണ്ട്. ആയിരം കൈകളുള്ള ചെൻറെസിഗ് വിഗ്രഹങ്ങൾ പലയിടത്തുമുണ്ട്. രണ്ടു കൈകളുള്ളവയുമുണ്ട്. എന്നാൽ വലിയ പ്രതിമകൾ ചതുർബാഹുവായിട്ടാണ് കാണുക. പെല്ലിങിലും ചതുർബാഹുവാണ്. ബോധിസത്വനാണ് അദ്ദേഹം. അതായത് ബുദ്ധപദം പ്രാപിച്ചിട്ടില്ല. പ്രധാനമായും എട്ടു ബോധിസത്വന്മാരാണ് ആരാധിക്കപ്പെടുന്നത്. ചതുർബാഹു പ്രതിമയിൽ രണ്ടു കൈകൾ തൊഴുതു പിടിച്ചിരിക്കുന്ന രീതിയിലാണ്. കാരുണ്യത്തിന്റെ സൂചനയായി  നെഞ്ചോട് ചേർത്തുവെച്ചിരിക്കുന്നു. മിക്കപ്പോഴും ആഗ്രഹപൂർത്തിയ്ക്കുള്ള അനുഗ്രഹം ചൊരിയുന്ന ഒരു രത്നം അദ്ദേഹത്തിന്റെ കൈകളിൽ കാണാം. മറ്റു രണ്ടു കൈകളുള്ളതിൽ വലത്തേ കൈയിൽ ജപമാല.  ഇടത്തേ കൈയിൽ ഒരു നീലോത്പലം.  

ഈ പ്രതിമയുടെ ചുവട്ടിൽ നിന്നും കഷ്ടിച്ച് അഞ്ഞൂറ് മീറ്റർ നീങ്ങി പുരാതനമായൊരു മൊണാസ്റ്ററിയുണ്ട്. സംഗചോലിങ് മൊണാസ്റ്ററി. പതിനേഴാം നൂറ്റാണ്ടിൽ സ്ഥാപിച്ച സന്യാസിമഠമാണിത്. വജ്രയാനത്തിലെ നിങ്മ വിഭാഗത്തിന്റെ അധീനതയിലുള്ള ഈ മൊണാസ്റ്ററി പുരുഷന്മാർക്കുവേണ്ടിയുള്ളതാണ്. മനോഹരമായ ചുവർ ചിത്രങ്ങൾ ഇവിടെയുണ്ട്. പല തവണ തീപിടുത്തം നടന്ന കെട്ടിടമായതുകൊണ്ട് ഇപ്പോഴുള്ള സംവിധാനങ്ങൾ അത്ര പഴക്കമുള്ളതാകാൻ വഴിയില്ല.

പെല്ലിങ്ങിൽ 'യാങ്‌താങ് ഫാംസ്' എന്ന പേരിൽ ഒരു സ്വകാര്യ വിനോദസഞ്ചാര കൗതുകമുണ്ട്.  നല്ലൊരു പക്ഷികേന്ദ്രവും മ്യൂസിയവും അതിന്റെ ഭാഗമായി നിർമ്മിച്ചിരിക്കുന്നു. വിവിധയിനം മനോഹരങ്ങളായ പക്ഷിവർഗ്ഗങ്ങളെ ഇവിടെ കാണാം. മനോഹരമായിട്ടാണ് അവയ്‌ക്കുള്ള കൂടുകൾ ഒരുക്കിയിട്ടുള്ളത്. അതുപോലെ മ്യൂസിയവും ഭംഗിയായി ക്രമീകരിച്ചിട്ടുണ്ട്. സിക്കിമിന്റെ സാംസ്‌കാരിക പൈതൃകം അടയാളപ്പെടുത്തുന്ന നിരവധി പ്രദർശന വസ്‌തുക്കൾ ഇവിടെയുണ്ട്. സിക്കിമിലെ ജീവിതരീതി താന്ത്രിക ബുദ്ധമതവുമായി ബന്ധപ്പെട്ടതുകൊണ്ടാകാം ഏറെ വസ്‌തുക്കൾ അനുഷ്ഠാന സാമഗ്രികളാണ്.

പെല്ലിങ്ങിൽ നിന്ന് പത്തുമുപ്പതു കിലോമീറ്റർ മാത്രം അകലെയുള്ള വിശുദ്ധ തടാകം കാണാൻ പോയിരുന്നു. 'ഖേചിയോപൽറി' തടാകം എന്നാണ് അതറിയപ്പെടുന്നത്. ഒരു മൊണാസ്റ്ററിയുടെ സമീപത്തുകൂടി ചെറിയൊരു ട്രെക്കിങ്ങ് ആവശ്യമാണ്. പടിക്കെട്ടുകൾ ഉണ്ട്. ട്രെക്കിങ്ങിനിടയിൽ വഴിയിൽ നിന്നു മുകളിൽ പാറക്കെട്ടും ഗുഹയും കണ്ടപ്പോൾ കയറാനൊരു മോഹം തോന്നി. അതിനകത്തൊരു വിഗ്രഹവുമുണ്ടെന്ന് എഴുതിവെച്ചിട്ടുണ്ടായിരുന്നു. അവിടെ നിർമ്മിച്ചിട്ടുള്ള ഒരു ഗോവണി കയറി രണ്ടുപാറകൾക്കിടയിലൂടെ കടക്കണം. എന്നാൽ ഗോവണി കയറിനിന്നപ്പോൾ ഒരാൾ വിലക്കി. ഉദ്ദേശിക്കുന്നതുപോലെ ബാലൻസ് കിട്ടാനിടയില്ലാത്തതുകൊണ്ട് ഒരു വിടവിലൂടെ ഗുഹയിലെ വിഗ്രഹം കണ്ടു താഴെയിറങ്ങാൻ അയാൾ ഉപദേശിച്ചു. ഒറ്റയ്ക്കായതുകൊണ്ട് ആ നിർദ്ദേശം സ്വീകരിച്ചു.  തുടർന്ന് മുകളിലെത്തി കാഴ്ചത്തറയിൽ നിന്ന് താഴേയ്ക്കു നോക്കിയപ്പോൾ മനോഹരമായ ചെറിയൊരു തടാകം. ബുദ്ധമതവിശ്വാസികൾ അതിനെ പരിശുദ്ധമായി കണക്കാക്കുന്നു,


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക