Image

കാലത്തിൽ മുദ്രിതമായ ജീവിത പതാക (പ്രദീപ് പനങ്ങാട്)

Published on 29 May, 2026
കാലത്തിൽ മുദ്രിതമായ ജീവിത പതാക (പ്രദീപ് പനങ്ങാട്)

പ്രമുഖ അഭിനേത്രിയും സാംസ്ക്കാരിക പ്രവർത്തകയും എഴുത്തുകാരിയുമായ സജിത മഠത്തിലിന്റെ വെള്ളി വെളിച്ചവും വെയിൽ നാളങ്ങളും എന്ന രചനയിലൂടെ ഒരു യാത്ര


വർത്തമാന കാല മലയാളിസാംസ്കാരിക ചരിത്രത്തിൽ കൊത്തിവെയ്ക്ക പെട്ടതാണ് സജിത മഠത്തിലിന്റെ ജീവിതം.ആ ജീവിതത്തിനുള്ളിൽ കലയുടെയും സംസ്കാരത്തിന്റെയും രാഷ്ട്രീയത്തിന്റെയും ആക്ടിവിസത്തിന്റെയും അതിജീവനത്തിന്റെയും വിഭിന്ന അടരുകൾ ഉണ്ട്. സവിശേഷ സാമൂഹിക ബോധത്തിന്റേയും രാഷ്ട്രീയനൈതികതയുടെയും ആധുനിക ആശയ സമീക്ഷകളുടേയും അടിത്തറയിലാണ് ആ ജീവിതത്തിന്റെ പ്രതിഷ്ഠാപനം നിർവഹിച്ചിരിക്കുന്നത്.സജിത മഠത്തിലെ അറിയുക എന്നത്,ആധുനിക സ്ത്രീ ജീവിതത്തെ വായിക്കുക എന്ന കർമ്മമാണ് സാധ്യമാകുന്നത്. ഈ ആലോചനകൾക്ക് കാരണം സജിത മഠത്തിൽ എഴുതിയ വെളളിവെളിച്ചവും വെയിൽ നാളങ്ങളും എന്ന കൃതിയാണ്. വായനയുടെ സൗന്ദര്യവും ചരിത്ര സന്ദിഗ്ധതയുടെ അവിഷ്കാരവുമാണ് ഈ പുസ്തകം.

വിഭിന്ന ജീവിത വഴികളിലൂടെയാണ് സജിത മഠത്തില്‍ കടന്നു പോയത് . ഒരു സാധാരണ കുടുംബത്തിന്റെ ജീവിത പരിസരത്തുനിന്ന് തുടങ്ങിയ യാത്ര കാലത്തിന്റെ രഥവേഗങ്ങളിലൂടെയാണ് പാഞ്ഞു പോയത്. ഇടതു രാഷ്ട്രീയത്തിന്റെ പ്രകാശപഥങ്ങളാണ് ആ സഞ്ചാരത്തെ പ്രചോദിപ്പിച്ചത് നാടക പ്രവർത്തക, സാമൂഹിക സമര സഖാവ്, അഭിനേത്രി, ഗവേഷക, മാധ്യമ പ്രവർത്തക, ചലച്ചിത്ര സഞ്ചാരി എന്നീ ജീവിത മുഖങ്ങളുടെ സമഹാരമാണ് സജിത മഠത്തിൽ.എൺപതുകളോടെ കേരളീയ സമൂഹത്തിൽ രൂപം കൊണ്ട പ്രതിബദ്ധവും സൂക്ഷ്മ ചിന്താഭരിതവും ലിബറൽ ജനാധിപത്യ സംവേദന സാധ്യവുമായ സാംസ്കാരിക അന്തരീക്ഷത്തിൽ നിന്ന് ലഭിച്ച ഊർജവും പ്രകാശവുമാണ് സജിതയെ പോലുള്ള നിരവധി പേരെ സൃഷ്ടിച്ചത്. ശാസ്ത്ര സാഹിത്യ പരിഷത്ത്, വിവിധ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾ,സ്ത്രി കേന്ദ്രീകൃത നാടക വേദികൾ, ഔപചാരികവും അനൗപചാരികവുമായ കൂടിയിരുപ്പുകൾ, സംവാദവും സംവേദനവും സാധ്യമായിരുന്ന ബദൽ സാമൂഹിക കൂട്ടായ്മകൾ, സമാന്തര പ്രസാധനത്തിന്റെ തുറന്നിടലുകൾ, തുടങ്ങി എല്ലാം ചേർന്ന ഒരു ജൈവ കാലത്തിന്റെ  സാക്ഷ്യങ്ങളാണ് സജിത മഠത്തിലിനെ പോലുളളവർ. സജിത ഈ പുസ്തകത്തിലൂടെ അവതരിപ്പിക്കുന്ന ജീവിത ദൃശ്യങ്ങൾ ആ കാലത്തെ വീണ്ടെടുക്കുന്നു.

സാമൂഹിക പ്രവർത്തനത്തിന്റെ വിശാല പശ്ചാത്തലം സജിതക്കുണ്ട്. എൺപതുകളിൽ ഉയർന്നുവന്ന നവലിബറൽ നാവോഥാന പ്രസ്ഥാനത്തോടൊപ്പം സജിത സഞ്ചരിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത്, സാക്ഷരതാ പ്രസ്ഥാനം തുടങ്ങിയവയിൽ സജീവമായി. വ്യവസ്ഥാപിത രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ചട്ട കൂടുകളിൽ നിന്നും വിഭിന്നമായ ചിന്താ/പ്രവർത്തന സാഹചര്യങ്ങൾ ഇത്തരം പ്രസ്ഥാനങ്ങളിലുണ്ടായിരുന്നു. അക്കാലത്തെ യുവതയെ സ്വതന്ത്രരും പ്രതിബദ്ധരുമാക്കാൻ അവർക്ക് കഴിഞ്ഞു. സജിത എഴുതുന്നു," പരിഷത്ത് ക്ലാസ്സുകൾ എടുക്കാനായി യാത്ര ചെയ്യുവാൻ തുടങ്ങിയപ്പോഴാണ് കോഴിക്കോടിന്റെ ഉൾഗ്രാമങ്ങൾ ഞാൻ ശരിക്കും കണ്ടു തുടങ്ങിയത് എന്റെ ലോകം മാളികപറമ്പും കല്ലായിയും പന്നിയങ്കര യും തിരുവണ്ണൂരും കടന്ന് കോഴിക്കോട് മുഴുവനായത് അക്കാലത്താണ്. ഓരോ യാത്രയും ക്ലാസുകളും അവിടെ എത്തി ചേർന്ന സ്ത്രീകളുടെ അനുഭവങ്ങളും എല്ലാം എന്നെ മാറ്റി.ഞാൻ അവരുടെ മുമ്പിൽ അവർക്ക് ആവാൻ സാധ്യതമല്ലാത്ത ഒരാളായി പ്രത്യക്ഷപെട്ടു"

പരമ്പരാഗത ജീവിത സങ്കൽപങ്ങളിൽ നിന്ന് മാറി സഞ്ചരിക്കാൻ  സാമൂഹിക ജീവിതത്തിന്റെ തുടക്കം മുതൽ തന്നെ ശ്രമിച്ചു. സ്ത്രീ പുരുഷ ബന്ധത്തിന്റെ വിഭിന്ന തലങ്ങൾ, സ്ത്രീ വ്യക്തിത്വത്തിന്റെ അനിവാര്യത തുടങ്ങിയവ ബോധ്യപെട്ടിരുന്നു.യാഥാർത്ഥ്യവും ഇച്ഛയും തമ്മിലുള്ള സംഘർഷം തുടക്കം മുതൽ തന്നെ ഉണ്ടായിരുന്നു, സജിത എഴുതുന്നു," പതിവ് സ്ത്രീ ജീവിതം മാറ്റിമറിക്കണമെന്ന ആഗ്രഹമുണ്ട്. ഇതുപോലെയല്ല ജീവിക്കേണ്ടത് എന്ന ബോധ്യമുണ്ട്. എനിക്ക് വിവാഹമൊന്നും വേണ്ട, പത്തു മുപ്പത് വയസ്സായിട്ട് ഞാൻ വേണമെങ്കിൽ കല്യാണം കഴിച്ചോളാം എന്ന് പറയാനുള്ള സാഹചര്യമില്ല. ഒറ്റക്ക് ജീവിച്ചു നോക്കണമെന്ന ആഗ്രഹമുണ്ടെങ്കിലും അതിനുള്ള ധൈര്യമില്ല, എനിക്ക് ഒറ്റയ്ക്ക് ജീവിക്കാനുള്ള  ധൈര്യം യഥാർത്ഥ്യത്തിൽ കിട്ടിയത് എന്റെ അമ്പതാമത്തെ വയസ്സിലാണ്."സജിത എന്നും തീഷ്ണമായ ജീവിത സമരം നയിച്ചിരുന്നു. കലയിലും കാലത്തിലും അതിന്റെ അടയാളങ്ങൾ പതിഞ്ഞിട്ടുണ്ട്.

നാടകമാണ് സജിതയുടെ കലാ മാധ്യമം. എൺപതുകളുടെ അവസാനം കേരളത്തിൽ രൂപം കൊണ്ട നവ നാടകവേദിയുടെ ഭാഗമായിരുന്നു സജിത ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഉദ്ബോധന നാടകങ്ങൾ, സ്ത്രീ വേദികളുടെ പെൺപക്ഷ നാടകങ്ങൾ തുടങ്ങിയ ആവിഷ്ക്കാരങ്ങളിൽ സജീവമായിരുന്നു. സജിത എഴുതുന്നു" ടൗൺഹാളിൽ പോയി നാടകങ്ങൾ കാണുകയും രാതി വീട്ടിലേക്ക്  തിരിച്ചെത്തുകയും ചെയ്യുന്നതു തന്നെ എന്ന സംബന്ധിച്ചിടത്തോളം വിപ്ലവകരമായിരുന്നു. ജോലിയും സാമൂഹിക പ്രവർത്തനവും ചേർന്ന്‌ ചിതറിയകാലം' നൃത്തം പതുക്കെ ശരിരത്തിൽ നിന്ന് ഒഴിഞ്ഞു തുടങ്ങി. നാടകം പടിവാതിക്കൽ എത്തിയിട്ടേ ഉണ്ടായിരുന്നുളളൂ." പിന്നീട് നാടകം ജീവിതത്തിന്റെ ഇന്ധനവും പ്രകാശവുമായി മാറി. അത് സമകാലിക മലയാള നാടക വേദിയുടെ ദിശാബോധത്തെ തന്നെ സ്വാധീനിച്ചു.

സജിത നാടക പഠനത്തിന് തിരഞ്ഞെടുത്തത് കൽക്കത്തയിലെ രബീന്ദ്ര ഭാരതി സർവകലാശാലയാണ്. കൽക്കത്തയിലെ കലാഭ്യസനവും അതിജീവനവും സജിതയുടെ ജീവിതന്നെ മാറ്റിമറിച്ചു. പുതിയ ലോകവും പുതിയ ആകാശവും കണ്ടെത്തി. സജിത എഴുതുന്നു ," ലോകത്തിന്റെ പല ഭാഗത്തു നിന്നുള്ള നാടക സംഘങ്ങൾ അവിടേക്ക് എത്തി. അവ എന്റെ നാടക കാഴ്ചകളെ മാറ്റിമറിച്ചു. നാടകം ചെയ്തും കണ്ടും ഉറ്റവരെ പിരിഞ്ഞിരിക്കുന്നതിൽ കരഞ്ഞും നാഷണൽലൈബ്രറിയിൽ മണിക്കൂറുകൾ ചെലവഴിച്ചും കൽക്കത്താ ജീവിതം പൂർത്തിയാക്കി. കൽക്കത്തയിൽ ജീവിച്ച ദിവസങ്ങളാണ് എന്റെ നാടക പഠനത്തിന് അടിത്തറയിട്ടത്."

സജിത ശ്രദ്ധേയമായ നിരവധി നാടകങ്ങൾ അവതരിപ്പിച്ചു. ഓരോ നാടകങ്ങളും ഓരോ പുതിയ അനുഭവങ്ങളാണ് നൽകിയത്. ആന്തരിക സംഘർഷങ്ങളും ജീവിത പരിസരത്തിന്റെ സന്ദിഗ്ധതകളും ഒരു നാടകക്കാരിയെ പലപ്പോഴും പ്രതിസന്ധി ഘട്ടങ്ങളിലേക്ക് നയിക്കും. ഒരു സാധാരണ ജീവിതത്തിൽ നിന്നും പുറത്തേക്ക് കുതിക്കുന്ന ഒരു കലാകാരിയുടെ വഴികൾ അത്ര സുഗമമായിരിക്കില്ല. സജിത എഴുതുന്നു "ഒരു സ്ത്രീ എന്ന നിലയിൽ നാടകം ചെയ്യാൻ സാധ്യമേ അല്ലാത്ത സാഹചര്യത്തിൽ നിന്ന് വരുന്ന എന്നെ പോലൊരാൾക്ക് ജീവിത സാഹചര്യങ്ങൾ നൽകുന്ന കുറ്റബോധവും നാടകക്കാരുടെ പരിഹാസ മുനകളും ഒരേ പോലെ നേരിടേണ്ടിവരും. ഒന്നിന്റെ ക്ഷീണവും പേറി ഏറെ നാൾ ജീവിച്ചു കഴിയുമ്പോഴാണ് അടുത്ത നാടകം എന്നിലേക്ക് എത്തുക. അതിന് ചിലപ്പോൾ വർഷങ്ങൾ കാത്തിരിക്കേണ്ടിവരും."

ദക്ഷിണാഫ്രിക്കയിലേക്ക് നടത്തിയ നാടക പര്യടനം നിരവധി പ്രതിസന്ധികൾക്കിടയിലും ആത്മവിശ്വാസം നേടാൻ സജിതക്ക് കഴിഞ്ഞു മല്‍സ്യഗന്ധി എന്ന നാടകം അവിടെ അവതരിപ്പിച്ചു. പുതിയ അനുഭവ ലോകമാണ് അവിടെ തുറന്നിട്ടത്. ഒരു പുതിയ കലാകാരിയെ അവിടെ ഊഷ്മളമായി സ്വീകരിച്ചു. ആ കാലം സജിത ഓർക്കുന്നു, "ദക്ഷിണാഫ്രിക്ക എനിക്ക് നൽകിയ ആത്മവിശ്വാസം ചെറുതല്ലായിരുന്നു. ഞാനാ സംഘത്തിൽ അഭിനയിക്കുക മാത്രമല്ലായിരുന്നു. നാടക രചനയിലും രംഗഭാഷയിലും ഏറെ ഇടപെടലുകൾ നടത്താൻ എനിക്കായി എന്റെ അഭിപ്രായങ്ങളെ അവർ ഗൗരവത്തോടെ കണ്ടു. നാടക രംഗത്തേക്ക് പുതുതായി കടന്നുവന്ന  എന്നെ സ്വീകരിക്കാൻ മലയാള നാടക പ്രവർത്തകർക്ക് ഏറെ ബുദ്ധിമുട്ടായിരുന്ന ആ കാലത്ത് ആഫ്രിക്കൻ അനുഭവം എന്റെ സർഗാത്മകതയെ കെടുത്താതെ മുന്നോട്ട് കൊണ്ടുപോയി."

നാടകത്തിന്റെ അരങ്ങിൽ നിന്നും ചലച്ചിത്ര അഭിനയത്തിലേക്കും സജിത കടന്നു. ഒരു ചലച്ചിത്ര അഭിനേത്രിയുടെ സവിശേഷ സാന്നിധ്യം മലയാളത്തിൽ സൃഷ്ടിച്ചു. നാടകം തീവ്ര  അഭിലാഷത്തിന്റെ കണ്ടെത്തലായിരുന്നു. ജീവിതത്തെ വിവർത്തനം ചെയ്തത് അരങ്ങിലേക്കാണ്. എന്നാൽ സിനിമ യാദൃശ്ചികമായ കടന്നുവരവായിരുന്നു. അരങ്ങിൽ കിട്ടാതിരുന്ന തിരിച്ചറിവുകളും തിരിച്ചറിയലും ചലച്ചിത്ര രംഗത്ത് കിട്ടി. നാൽപതോളം ചലച്ചിത്രങ്ങളിൽ സജിത വേഷമണിഞ്ഞു. "നാടകം എന്നെ സംബന്ധിച്ച് ഏറ്റവും വലിയ പാഷനാണ്. പക്ഷെ അംഗീകാരം തിരിച്ചറിയപെടുക എന്നതൊക്കെ വേറൊരു ഫീലിംഗാണ്. അതു തന്നത് സിനിമയാണ്. സിനിമ മറ്റൊരു ലോകത്തേക്ക് നടത്തിക്കും. നമ്മൾ ആത് ആ സ്വദിക്കാൻ തുടങ്ങും. സൂക്ഷിച്ചില്ലങ്കിൽ വലിയ അബദ്ധങ്ങളും സംഭവിക്കും. സിനിമ ഇനിയും ചെയ്യണമെന്ന് ആഗ്രഹിച്ചു തുടങ്ങും പതിയെ. അവസരങ്ങൾ വരാതിരിക്കുമ്പോൾ സങ്കടം വരും. ഇതിലൂടെയെല്ലാം ഇന്ന് ഞാനും കടന്നു പോകുന്നുണ്ട്."

സജിതയുടെ ജീവിതം സന്ദിഗ്‌ധതകളുടെ സമാഹാരമാണ്. അതിൽ എപ്പോഴും കലയുടെ തിരയിളക്കങ്ങള്‍   ദൃശമാണ്. അതിജീവനത്തിന്റെ  ആസക്തിയും കണ്ടെത്തലിന്റെ ആകാംഷയും സജീവമായി തുടരുന്നു. "പ്രതിസന്ധികൾക്കു മുന്നിൽ എന്തു ചെയ്യണമെന്നറിയാതെ നിന്ന, വീണു പോകുമെന്ന് തോന്നിയ നിരവധി സന്ദർഭങ്ങളുണ്ടായിരുന്നു - ഒട്ടും സർഗാത്മാകമല്ലാത്ത നൊമ്പരങ്ങളുടെ പൊള്ളൽ ശരീരവും മനസ്സും ഏറ്റുവാങ്ങിയ ദിനങ്ങൾ.അപ്പോഴെല്ലാം ഞാൻ തിരിച്ചറിഞ്ഞ ഒരു കാര്യം സർഗാത്മകതയുടെ ലോകത്തെ ഉപേക്ഷിക്കാൻ എനിക്കാവില്ല എന്നതായിരുന്നു. ആ തിരിച്ചറിവിന് അതിൽ ഉറച്ചുനിൽക്കാനുള്ള തീരുമാനത്തിന് വലിയ വില കൊടുക്കേണ്ടി വന്നു - പക്ഷേ ഞാന്‍ എന്‍റെ  തീരുമാനത്തെ ചൊല്ലി തരിമ്പും ഖേദിക്കുന്നില്ല"

ഒരു ജീവിത കഥയുടെ ആഴമുള്ള അകവും അസ്വസ്ഥമായ പുറവുമാണ് സജിത മഠത്തിൽ വെള്ളിവെളിച്ചവും വെയിൽ നാളങ്ങളും എന്ന രചനയിലൂടെ ആവിഷ്ക്കരിക്കുന്നത്. ജീവിതത്തിന്റെ വളവുകളിലും തിരിവുകളിലും കാത്തിരിക്കുന്ന ആനിശ്ചിതത്തിന്റെ നിഴലും ധീരമായി നേരിടുന്ന ആത്മ സംഘർഷങ്ങളുടെ രണഭൂമിയും ഇവിടെ മുദ്രിതമാണ്. സജിത കാലത്തെ കണ്ടെത്തുന്നു. കാലം സജിതയെ തിരിച്ചറിയുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക