Image

ഉണങ്ങിയ മരങ്ങൾ (കവിത: അന്നാ പോൾ )

Published on 29 May, 2026
ഉണങ്ങിയ മരങ്ങൾ  (കവിത: അന്നാ പോൾ )

അവസാനത്തെ ഇലയും പൊഴിഞ്ഞ്

പൂക്കളും കനികളുമില്ലാതെ

വേരുകൾ പുതച്ച്

മഹാ മൗനത്തിലാണ്ടു പോയ

ഉണങ്ങിയ മരങ്ങൾ

എന്നാലും

പച്ചമരങ്ങളേക്കാൾ ഏറെ പറയാനുണ്ടാവു o

ഉണക്കമരങ്ങൾക്കു

വൃദ്ധജനങ്ങളെപ്പോലെ.

നെഞ്ചുപൊട്ടി പെയ്തലിഞ്ഞ

ഇന്നലകൾ

പറയാനാവാതെ കാത്തുവെച്ച വാക്കുകൾ

ഓർമ്മകളുടെ നിലവറകളിൽ

തൊട്ടിലാട്ടങ്ങൾ: പാടിയ താരാട്ടുകൾ കുട്ടിക്കുറുമ്പുകൾ

മായാതെ കിടക്കുന്ന എത്രയെത്ര മധുര സ്മരണകൾ

എത്രയെത്ര മുഖങ്ങൾ....

പുറത്തുചാടാനാവാതെ ഉള്ളിൽ പതുങ്ങിക്കിടക്കുന്ന

കൊടുങ്കാറ്റുകൾ!!

ഉടലുതുക്കങ്ങളിൽ അലിത്ത ലിഞ്ഞ്

നിശബ്ദമായി പ്പോയ ഹുങ്കാരങ്ങൾ.!!

കൺകയങ്ങളിൽ

വറ്റിപ്പോയ കണ്ണീർക്കടൽ

വിടരാതെ കൊഴിഞ്ഞു പോയ

മനസ്സിൽ പൂത്ത വെള്ളാമ്പലുകൾ...

   പുകയുന്ന പകലുകൾ

വെയിൽ വീണ വേദനകൾ

മായാത്ത മുറിവുകൾ

വിളർത്തു പോയ ഞരമ്പുകൾ

നിരാസങ്ങളുടെ കരിമ്പാറകളിൽ

വീണുടഞ്ഞു പോയ

സ്നേഹത്തിന്റെ തേൻകുടങ്ങൾ ....


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക