
ഞാൻ സാരി ഉടുത്തു തുടങ്ങിയ 80 കളുടെ ആരംഭം.
ബ്ലൗസിന്റെ തുന്നലിന് ജീവിതത്തിൽ വലിയ സ്ഥാനമുണ്ടെന്ന ചിന്ത എങ്ങനെയോ തുടക്കം മുതൽ എന്നിൽ ഉണ്ടായിരുന്നു. സിനിമാ താരങ്ങളായിരുന്നുവല്ലോ അന്ന് എന്റെ ലോകം നിറയെ. പെണ്ണിന്റെ അഴക് തയ്യൽക്കാരനിൽ ആണെന്ന് ആരോ പറഞ്ഞത് മനസ്സിൽ പതിഞ്ഞിരുന്നു.
സുഹാസിനി, മാധവി, സറീന വഹാബ്, പൂർണ്ണിമ ജയറാം , ശോഭ, മേനക ഇവരെല്ലാം പുതിയ തരം blouse ധരിക്കുമ്പോൾ ഞാൻ അത്തരം blouse ന് മോഹിച്ചു. പൂമാനമേ പാടുന്ന സുമലതയുടെ കദളിപ്പൂ നിറമുള്ള ' blouse, നാഥാ നീ വരും പാടുന്ന സറീനയുടെ പച്ച ബ്ലൗസ്, മൗനം പോലും മധുരം പാടുന്ന ജയപ്രദയുടെ chiffon silk blouse, ചില്ലിൽ അവസാന സീനിൽ ശാന്തി കൃഷ്ണ അണിഞ്ഞിരുന്ന അയഞ്ഞ blouse , മേധാ പട്ക്കറുടെ അയഞ്ഞ blouse, ഒക്കെ എന്നെ കൊതിപ്പിച്ചു. ഇന്ദിരാ ഗാന്ധി, സോണിയാ ഗാന്ധി, ബൃന്ദാ കാരാട്ട് ഇവരെയെല്ലാം ഞാനിങ്ങനെ നോക്കി. വൃത്തിയുള്ള blouse ധരിച്ചിട്ടുണ്ടെങ്കിൽ എത്ര മോശം സാരിക്കും ഒരു ഭംഗി തോന്നും. ആരെ കണ്ടാലും വൃത്തിയുള്ള ഉപ്പൂറ്റിയാണോ എന്ന് നോക്കുന്ന ഒരു സുഹൃത്തുണ്ടെനിക്ക് . ഞാൻ ഏതു സ്ത്രീയെ കണ്ടാലും അവർ ധരിച്ചിരിക്കുന്ന blouse ആണ് നോക്കുക.

ആദ്യമാദ്യം തൊട്ടടുത്ത വീട്ടിലെ ചാന്ദ്നിച്ചേച്ചിയാണ് blouse തുന്നിത്തന്നിരുന്നത്. മുറി നിറയെ നിരന്നു കിടക്കുന്ന തമിഴ്/മലയാളം / ഇംഗ്ലീഷ് സിനിമാ മാസികകൾ ആണ് ചാന്ദ്നിച്ചേച്ചിയുടെ തയ്യൽ മുറിയുടെ പ്രധാന ആകർഷണം. അന്നന്നത്തെ ട്രെൻഡനുസരിച്ചുള്ള blouse പാറ്റേണുകൾ സിനിമാ നടികളുടേത് നോക്കി ഞാൻ ചേച്ചിയോടു പറയും. കഴുത്തിങ്ങനെ , sleeve ഇങ്ങനെ എന്നെല്ലാം. ചേച്ചിയുടെ തയ്യൽ മാത്രമല്ല, ചേച്ചിയുടെ സിനിമാ പ്രേമവും പാട്ടു പ്രേമവും യേശുദാസ് ഭ്രമവും തമിഴ് ആചാരങ്ങളും എല്ലാം എന്നെ ആകർഷിച്ചിരുന്നു. അന്ന് പല കാലത്തെ അന്വേഷണങ്ങൾക്കൊടുവിൽ കോട്ടയത്തെ ബ്ലൗസ് തുന്നലിൽ പേരു കേട്ട തയ്യൽക്കടകൾ ഞാൻ കണ്ടെത്തി. തിരുനക്കരയിലെ Zaina tailors, ശീമാട്ടിക്കടുത്തുള്ള വിമൻസ് ടെയ്ലേഴ്സ്, അവിടെ നിന്നു പിരിഞ്ഞ നിർമ്മലാന്റിയുടെ Women 's Special tailors, തിരുനക്കര bus stand ന് മുകളിൽ മൂകരും ബധിരരും ആയ സ്ത്രീകളുടെ Decos Tailors, കഞ്ഞിക്കുഴിയിലെ swapna tailors ….
പ്രേമഗീതങ്ങളിൽ അംബിക ധരിച്ചിരുന്ന കോളർ വെച്ച് കൈയിറക്കം കുറഞ്ഞ blouse അന്ന് വലിയ ഫാഷനായിരുന്നു. നനഞ്ഞ ചിതലിന്റെ നിറമുള്ള അമേരിക്കൻ ജോർജറ്റ് സാരിക്ക് ഞാൻ ചാന്ദ്നി ചേച്ചിയെ കൊണ്ട് കോളറുള്ള short sleeve blouse തയ്പിച്ചു. മുടി വലിച്ചു മുറുക്കി പിന്നിയിട്ട് അംബികയെന്ന മട്ടിൽ നടന്നു.. ചാന്ദ്നിച്ചേച്ചിക്ക് തിരക്കു കൂടിയപ്പോൾ സമയത്ത് blouse തുന്നിക്കിട്ടാതായി.

അപ്പോഴാണ് റീനയുമായി അടുക്കുന്നതും റീനയുടെ മമ്മിയുടെ തയ്യൽ സ്ഥാപനം എന്റെ സ്ഥിരം താവളമാകുന്നതും. കോട്ടയം ശീമാട്ടിക്കെതിർവശത്ത് co-optex ന് ചേർന്നുള്ള ഇടവഴിയിലൂടെ ഇറങ്ങിയാണ് റീനയുടെ വീട്ടിലേക്ക് പോകുന്നത് . തയ്യൽ ഇങ്ങനെ പാഷനും ഭ്രാന്തുമായ ഒരാളെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല. നമ്മൾ പറയുന്നതല്ല, നമുക്കിണങ്ങുന്നതെന്താണെന്നാണ് മമ്മി നോക്കുന്നത്. ആദ്യം തന്നെ നമ്മളെ ഒരൽപം അകറ്റി മാറ്റി നിർത്തിയിട്ട് ഒരു വിഹഗവീക്ഷണം നടത്തും. നമ്മുടെ അളവുകൾ മനസ്സിലാക്കും. കൃത്യം പാകത്തിനുള്ള inner ആണോ ധരിച്ചിരിക്കുന്നതെന്ന് പരിശോധിക്കും. ശരിയല്ലെന്നു തോന്നിയാൽ , 'തൊട്ടപ്പുറത്തല്ലേ ശീമാട്ടി. പുതിയതൊന്നു വാങ്ങി വാ ' എന്നു പറയും. താൻ തുന്നുന്ന blouse ൽ അത് ധരിക്കുന്ന ആൾ എത്രമാത്രം ഫിറ്റ് ആയിരിക്കണം എന്നതിന് മമ്മിക്ക് ഒരു കണക്കുണ്ട്. അത് ശരിയാകാതെ മമ്മി blouse തന്നയക്കില്ല. നമ്മളേക്കാൾ നമ്മുടെ ശരീരത്തെ സ്നേഹിക്കുന്ന മമ്മി തുന്നിയ ബ്ലൗസുകൾ എത്ര പഴകിയാലും ഉപേക്ഷിക്കാൻ തോന്നില്ല. മമ്മിയുടെ അളവെടുപ്പിനും ഉണ്ട് പ്രത്യേകതകൾ . കൈക്കുഴി തൊട്ട് കൈമുട്ട് വരെ 8 അളവുകളങ്കിലും എടുക്കും. കൈവണ്ണം ഓരോ ഇഞ്ചിനും വ്യത്യാസമുണ്ട് എന്നാണ് മമ്മിയുടെ പക്ഷം. front tuck ഒക്കെ അളവ് എടുക്കാൻ മമ്മിക്ക് കുറെ അധികം സമയം വേണം. തയ്ച്ച് ഇട്ടു കഴിയുമ്പോൾ നമുക്ക് വിശ്വസിക്കാനാകാത്ത ഭംഗി അനുഭവപ്പെടും.
ആ ഭംഗി അൽപം ദൂരെ മാറി നിന്ന് മമ്മി നോക്കുന്ന ഒരു നോട്ടമുണ്ട്. ഒരു ചിത്രകാരൻ തന്റെ പെയ്ന്റിങ് നോക്കുന്നതു പോലെയോ ഒരു ശിൽപി തന്റെ ശിൽപത്തിലേക്ക് നോക്കി നിൽക്കുന്നതു പോലെയോ ആണ് മമ്മി താൻ തുന്നിയ blouse അണിഞ്ഞു നിൽക്കുന്നയാളെ നിരീക്ഷിക്കുന്നത്. പണത്തിലല്ല, Perfection ലാണ് മമ്മിയുടെ ശ്രദ്ധ. തയ്യൽ കൂലി വാങ്ങാൻ ചിലപ്പോൾ മറന്നു പോകും. എത്ര blouse തയ്പിച്ചു എന്നു നമ്മൾ പറയണം . മമ്മിക്ക് അത് ഓർമ്മയുണ്ടാവില്ല. പക്ഷേ, തന്റെ customer ടെ ശരീരഅളവുകൾ ഏതുറക്കത്തിൽ ചോദിച്ചാലും മമ്മി പറയും. നമ്മുടെ സ്വന്തം കല്യാണത്തിനാണെങ്കിൽ പോലും രാവിലെ വാങ്ങി ധൈര്യമായി ആ blouse ധരിച്ച് കല്യാണം കഴിക്കാൻ പോകാം . മമ്മി തുന്നിയ blouse ഇട്ടാൽ കിട്ടുന്ന ഒരു confidence ജീവിതത്തിൽ പിന്നീട് ഒരു തുന്നൽക്കടയിൽ നിന്നും കിട്ടിയിട്ടില്ല. നമ്മളെന്തെല്ലാം ജീവിതവിശേഷങ്ങളും വർത്തമാനങ്ങളും സംഭാഷണത്തിനിടയിൽ പറഞ്ഞാലും മമ്മി, പഴയ കുട നന്നാക്കുകാരനെ പോലെ ഒടുവിൽ ഒരു ചോദ്യം ചോദിക്കും, 'എന്നാ പിന്നെ അതിങ്ങു കൊണ്ടു വന്നാൽ പോരായിരുന്നോ'? എന്തു കൊണ്ടുവരുന്ന കാര്യമാ മമ്മി പറയുന്നത് എന്നു ചോദിച്ചാൽ, ' blouse alter ചെയ്യുന്ന കാര്യമല്ലേ ഇത്രയും നേരം പറഞ്ഞത് ' എന്ന് ചോദിച്ചു കളയും !! തൊഴിലിൽ ഒരാളെ ഞാൻ ഗുരുവാക്കിയിട്ടുണ്ടെങ്കിൽ അത് മമ്മിയെയാണ്.
എനിക്ക് മാത്രമല്ല, കോട്ടയത്തെ പല പെണ്ണുങ്ങൾക്കും സ്വന്തം ശരീരത്തോട് ഭ്രമം വളർത്തുന്നതിൽ മമ്മിക്ക് വലിയൊരു റോളുണ്ട്. മമ്മി തുന്നിത്തന്ന blouse ശീലമായവർക്ക് പിന്നീട് അതൊരു obsession തന്നെയായി മാറിയിട്ടുണ്ട്. Sujatha Mukundan
പിന്നീട് അതുപോലെ തുന്നൽ പാഷനാക്കിയ ഒരാളെ ഞാനറിയുന്നത് മീനയുടെ അമ്മയെയാണ് . Sunil Elayidom Meena Sunil മീനയേക്കാൾ, അടുത്തു നിൽക്കുന്ന സുനിലിനേക്കാൾ, ഞാൻ ആ ബ്ലൗസിൻ്റെ പൂർണ്ണതയെ ശ്രദ്ധിച്ചു തുടങ്ങി. മീന പറഞ്ഞു 75 വയസ്സുള്ള അമ്മയാണത് തുന്നുന്നതെന്ന്.
തയ്യൽ പാഷനായിരുന്ന എൻ്റെ ഭാരതിയമ്മയെ ഞാനോർത്തു. അകാലത്തിൽ അന്ധത ബാധിക്കുന്നതു വരെ അമ്മ തുന്നലിൽ മുഴുകി. തയ്യൽ മെഷീനിൽ എണ്ണയൊഴിച്ചോ എന്ന അന്വേഷണം മരണം വരെ തുടർന്നു. അടിനൂൽ മുറുക്കമില്ലെങ്കിൽ ഇടയ്ക്ക് തയ്യൽ പൊട്ടുമെന്നും തുന്നൽ വൃത്തിയാവില്ല എന്നും അമ്മ ഓർമ്മിപ്പിച്ചു കൊണ്ടേയിരുന്നത് ജീവിതത്തെ കുറിച്ചു തന്നെയാകും.
ചങ്ങനാശേരിയിൽ താമസം തുടങ്ങിയ ആദ്യ കാലങ്ങളിൽ blouse തുന്നിക്കാനായി കോട്ടയം വരെ പോകുമായിരുന്നു. പിന്നെ ചങ്ങനാശേരിയിൽ മികച്ച തയ്യൽക്കാരെ കണ്ടുപിടിക്കാനുള്ള ശ്രമമായി. ഒരിടത്തും തൃപ്തി വരുന്നില്ല. ഇങ്ങനെയൊന്നുമല്ല അളവെടുക്കേണ്ടത് എന്നൊരു അതൃപ്തി എന്നെ വിടാതെ പിടികൂടി. തുന്നലിലുള്ള മമ്മിയുടെ അസാധാരണപാഷൻ ഞാൻ സാധാരണ തുന്നൽക്കാരിൽ അന്വേഷിച്ചു നടന്നു. .

ഇടക്കാലത്ത് എനിക്ക് കൈയിൽ സൂര്യപ്രകാശത്തിന് അലർജി ഉണ്ടായ സമയത്ത് full sleeve blouse സ്ഥിരമായി ഉപയോഗിക്കേണ്ടി വന്നു. മെലിഞ്ഞു വരുന്ന കയ്യുടെ വൃത്തികേട് മറയ്ക്കാനും അത് നല്ലതാണെന്ന് തോന്നി. മമ്മിയോട് ഞാൻ സാറാ ജോസഫിന്റെ ( Gitanjali Sarah ) blouse pattern കാണിച്ചിട്ടു പറഞ്ഞു ഇതുപോലെയാണ് ഞാൻ ഇനി blouse തയ്ക്കാൻ പോകുന്നത് എന്ന് . പണ്ട് സിനിമാ താരങ്ങളോടുണ്ടായിരുന്ന ഭ്രമം അപ്പോഴേക്ക് എനിക്ക് എഴുത്തുകാരോടായി മാറിയിരുന്നു .
സാറാ ടീച്ചർ Sara Joseph പ്രസംഗിക്കുമ്പോഴൊക്കെ ഇങ്ങനെ ഒരു blouse സംഘടിപ്പിക്കണം എന്നാഗ്രഹിച്ചു. മമ്മിയോട് ആഗ്രഹം പറഞ്ഞു. പക്ഷേ, മമ്മി സമ്മതിച്ചില്ല. അതു ശരിയാവില്ല എന്ന് മമ്മി പറഞ്ഞു. എനിക്കാണെങ്കിൽ മെലിഞ്ഞു വരുന്ന കൈകൾ വലിയ പ്രശ്നമായിത്തുടങ്ങി. അങ്ങനെ ചങ്ങനാശ്ശേരി YMCA ക്ക് സമീപമുള്ള Rins taylors കണ്ടെത്തി. അവിടെ നിന്ന് നല്ല ഭംഗിയിൽ full sleeve blouse കൾ തുന്നി കിട്ടി. മമ്മി തുന്നിത്തന്ന പഴയ ബ്ലൗസുകൾ കാണിച്ച്, ഇങ്ങനെ വേണം മുൻകഴുത്ത്, ഇങ്ങനെ വേണം പിൻകഴുത്ത് എന്നെല്ലാം പറഞ്ഞേൽപ്പിച്ചു. അങ്ങനെ ധാരാളം Full sleeve blouse കൾ തുന്നിയെടുത്തു.
കോഴിക്കോട്ടേക്ക് ഇടക്കാലത്ത് താമസം മാറിയപ്പോൾ പുതിയ തുന്നൽക്കാരെ തേടി നടന്നു. ഒടുവിൽ ചേവായൂർ കൊച്ചിൻ ബേക്കറിക്കു മുകളിലെ നിലയിലെ Flaunt ൽ എത്തിപ്പെട്ടു. Flauntആണ് എന്നെ ആകർഷിച്ച മറ്റൊരു തുന്നൽക്കട . Flaunt ൽ ready made designer blouse കളും ധാരാളമായി കിട്ടും. സാരിയും കൊണ്ടു ചെന്നാൽ മതി. പല material ൽ പല പാറ്റേണിലുള്ള ബ്ലൗസുകൾ . അവിടെയാണ് embroidery work ന്റെ പിന്നിലെ അധ്വാനം ഞാൻ ശരിക്കും മനസ്സിലാക്കുന്നത്. മണിക്കൂറുകളോളം ഒരൊറ്റ blouseനു മുന്നിൽ കുനിഞ്ഞിരുന്ന് ഏകാഗ്രതയോടെ പണിയെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾ. ഒരു നോവലിസ്റ്റോ തിരക്കഥാകൃത്തോ തന്റെ കൃതിയുടെ അവസാന മിനുക്കുപണിയിൽ ഏർപ്പെടുമ്പോഴുള്ള അതേ ജാഗ്രത! തുന്നി കൈയ്യിൽ കിട്ടിയാലല്ലാതെ തുന്നൽ ചാർജ് പറയാൻ പറ്റില്ല. തുന്നിക്കിട്ടിയാലോ, അവർ ചെയ്ത പണിക്കു മുന്നിൽ ഇതെത്ര നിസ്സാരമെന്നു തോന്നുകയും ചെയ്യും.
ഇപ്പോൾ ഏറെയും ready made blouse കൾ ആയി. കോവിഡിനു ശേഷം ഓൺലൈൻ blouse കളുടെ കാലമാണ്. amazon ൽ നിന്ന് നമ്മുടെ അളവിൽ മികച്ച ഫാഷനുകളിൽ നാനാവർണ്ണത്തിൽ ബ്ലൗസുകൾ. OTT യിൽ സിനിമ, ഓൺലൈനിൽ shopping. അതാണിന്ന് പതിവ്. ഞാനറിയാത്ത തുന്നൽക്കാർ എവിടെയോ ഇരുന്ന് എന്റെ അളവിൽ blouse കൾ തുന്നുന്നു. മോഡലുകളുടെ ഫോട്ടോ നോക്കി എനിക്കേറ്റവും പ്രിയപ്പെട്ടവ ഞാൻ തിരഞ്ഞെടുക്കുന്നു.
നിങ്ങൾ ഏറ്റവും അധികം സ്നേഹിക്കുന്നതാരെയാണ് ? അച്ഛനെ ?അമ്മയെ ? മക്കളെ ? കൂട്ടുകാരെ ? ആയിരിക്കാം. പക്ഷേ, എന്റെ ശരീരത്തെ സ്നേഹിക്കാൻ എന്നും എനിക്കൊപ്പം നിന്ന സിനിമാതാരങ്ങളും പാട്ടുകാരും , എഴുത്തുകാരും, ഒപ്പം അത്യന്തം ആസക്തിയോടെ നമുക്കിണങ്ങുന്ന മോഡലുകൾ ഭാവന ചെയ്ത് തുന്നിത്തരുന്ന അതതു കാലത്തിന്റെ ഈ 'ഫാഷൻ ഡിസൈനേഴ്സ്' കൂടിയുണ്ട്. അവർ എന്നും എന്റെ അത്ഭുതങ്ങളാണ്.
ബോദ്ലേറിന്റെ ചില്ലു വിൽപനക്കാരൻ എന്ന കഥയിലെ ഉന്മാദിയായ കഥാപാത്രത്തെ പോലെ ഉന്മാദികളായ തുന്നൽക്കാർ എന്നോടു പറയുന്നു, 'ജീവിതത്തെ സുന്ദരമാക്കെടോ, ജീവിതത്തെ സുന്ദരമാക്കെടോ'. അവരെന്നെ ഒരിക്കലും ഒരു ദേഹം മാത്രമായി ചുരുക്കുന്നില്ല. എന്റെ അകത്തെ തൃപ്തിപ്പെടുത്താനുള്ള പുറംവേലകൾ, ചിത്രപ്പണികൾ , embroidery വേലകൾ ചെയ്യുന്നവരാണവർ.