
വി.ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തില്‍ ദേശീയഗീതമായ വന്ദേമാതരം പൂര്‍ണമായി ആലപിക്കാത്തതില്‍ അതൃപ്തി പരസ്യമാക്കി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. മുഴുവനായും ആലപിക്കണമെന്നതാണ് പ്രോട്ടോക്കോളെന്നും എന്നാല്‍ ഉണ്ടായില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. വിശദീകരണം തേടുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ എന്തു നടപടിയെടുക്കുമെന്ന് നോക്കാമെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരിക്കുന്നു. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ വന്ദേമാതരത്തെച്ചൊല്ലിയുള്ള വിവാദങ്ങള്‍ ഒന്നിന് പുറകെ ഒന്നായി സംസ്ഥാന രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുകയാണ്. അതിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ സംഭവം. നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി വന്ദേമാതരം ആലപിച്ചുകൊണ്ടാണ് 16-ാം നിയമസഭാ നടപടികള്‍ ആരംഭിച്ചത്. എന്നാല്‍ ഇന്ന് വന്ദേമാതരം മുഴുവന്‍ ആലപിച്ചില്ല.
മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതര ആലാപനത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ കെട്ടടങ്ങുന്നതിന് മുന്‍പാണ് നയപ്രഖ്യാപനത്തിനായി ചേര്‍ന്ന നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ നേരിട്ട് ഇടപെട്ട് വന്ദേമാതരം ആദ്യ ഭാഗം മാത്രമാക്കി ചുരുക്കിയത് പുതിയ വിവാദങ്ങള്‍ക്ക് വഴിതുറന്നത്. ഗവര്‍ണറെ നിയമസഭയിലേക്ക് സ്വീകരിക്കുന്നതിന്റെ ഭാഗമായി വന്ദേ മാതരം മുഴുവന്‍ ആലപിക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ തള്ളിയതാണ് വിവാദമായിരിക്കുന്നത്. കേരള പൊലീസിന്റെ ബാന്റ് വന്ദേ മാതരത്തിന്റെ ആദ്യ ഭാഗം മാത്രം വായിച്ച് നിര്‍ത്തുകയായിരുന്നു. ഇന്നലെ റിഹേഴ്‌സല്‍ കണ്ടപ്പോള്‍ തന്നെ വന്ദേ മാതരം മുഴുവന്‍ പാടാന്‍ ലോക് ഭവന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ആദ്യ ഭാഗം മാത്രം പാടിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
ഈ നടപടി ഗവര്‍ണ്ണറോടും ദേശീയ ഗീതത്തോടുമുള്ള അവഹേളനമാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തുമ്പോള്‍, വന്ദേമാതരം മുഴുവനായി ആലപിക്കേണ്ടതില്ലെന്നും അത് ആര്‍.എസ്.എസ് അജണ്ടയാണെന്നുമാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വാദം. വന്ദേമാതരം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കേണ്ടതില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു. പിണറായി വിജയന്‍ അവകാശപ്പെടുന്നത് പോലെ ആദ്യത്തെ രണ്ട് ഭാഗങ്ങള്‍ മാത്രം പാടിയാല്‍ പോരെന്നും, വന്ദേമാതരം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കേണ്ടതില്ലെന്ന വാദം പുതിയ നിയമപ്രകാരം നിലനില്‍ക്കില്ലെന്നുമാണ് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. യു.ഡി.എഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതര ഗാനം പൂര്‍ണ്ണരൂപത്തില്‍ അവതരിപ്പിച്ചത് മതേതരത്വത്തിന് പോറലേല്‍പ്പിക്കുന്ന നടപടിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് നേരത്തെ ആരോപിച്ചിരുന്നു.
എന്നാല്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവന്‍ ആലപിക്കുന്നത് തങ്ങള്‍ക്ക് മുന്‍കൂട്ടി അറിയില്ലായിരുന്നുവെന്നും രാജ്ഭവനില്‍ നിന്നുള്ള ഔദ്യോഗിക നിര്‍ദ്ദേശം അനുസരിച്ചാണ് അത് ചെയ്തതെന്നുമാണ് മുഖ്യമന്ത്രി വി.ഡി സതീശന്‍ വ്യക്തമാക്കിയത്. സാധാരണ ദേശീയ ഗാനമാണ് ആലപിക്കാറുള്ളതെന്നും വന്ദേമാതരം അവിടെ ആലപിച്ചത് തങ്ങള്‍ അറിഞ്ഞുകൊണ്ടല്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. എങ്കിലും കേന്ദ്രത്തിന്റെ പുതിയ നിയമ ഭേദഗതിയോടെ ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേമാതരത്തിന് ദേശീയഗാനത്തിന് തുല്യമായ പ്രോട്ടോക്കോള്‍ പാലിക്കാന്‍ സംസ്ഥാന ഭരണകൂടങ്ങള്‍ നിയമപരമായി ബാധ്യസ്ഥരാണ്.
വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് 2026 ജനുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച പുതിയ ഔദ്യോഗിക ഉത്തരവ് പ്രകാരം വന്ദേമാതരം ആറ് പദ്യങ്ങളോടുകൂടിയ പൂര്‍ണ്ണ പതിപ്പ് (3 മിനിറ്റ് 10 സെക്കന്റ്) രാജ്യത്തെ വിവിധ ഔദ്യോഗിക സര്‍ക്കാര്‍ ചടങ്ങുകളില്‍ നിര്‍ബന്ധമാക്കിയിരുന്നു. ദേശീയ ഗാനമായ ജനഗണമനയ്ക്ക് ഭരണഘടനാപരമായി നല്‍കുന്ന അതേ ബഹുമാനവും പദവിയും പവിത്രതയും ദേശീയ ഗീതമായ വന്ദേമാതരത്തിനും നല്‍കുന്ന രീതിയില്‍ 'ദേശീയ ബഹുമതികളെ അപമാനിക്കുന്നത് തടയല്‍ നിയമ'ത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര മന്ത്രിസഭ അടുത്തിടെ അംഗീകാരം നല്‍കിയിരുന്നു. പുതിയ ഭേദഗതി പ്രകാരം വന്ദേമാതരത്തെ ഏതെങ്കിലും രീതിയില്‍ അപമാനിക്കുകയോ ആദരിക്കാതിരിക്കുകയോ ചെയ്യുന്നത് മുതല്‍ രാജ്യത്ത് കരിനിയമം അനുസരിച്ചുള്ള ക്രിമിനല്‍ കുറ്റമാണ്.
കേന്ദ്ര ഗവണ്‍മെന്റിന്റെ ഔദ്യോഗിക പ്രോട്ടോക്കോള്‍ അനുസരിച്ച്, ഗവര്‍ണ്ണര്‍ ഔദ്യോഗികമായി ഒരു പൊതുചടങ്ങിലേക്ക് എത്തുമ്പോഴും, ചടങ്ങുകള്‍ പൂര്‍ത്തിയാക്കി അദ്ദേഹം വേദിയില്‍ നിന്നും മടങ്ങുമ്പോഴും വന്ദേമാതരത്തിന്റെ പൂര്‍ണ്ണരൂപം നിര്‍ബന്ധമായും ആലപിച്ചിരിക്കണം. പുതിയ നിയമപ്രകാരം ദേശീയഗാനം ആലപിക്കുമ്പോള്‍ രാജ്യത്ത് പാലിക്കേണ്ട അതേ തത്തുല്യമായ പ്രോട്ടോക്കോള്‍ തന്നെയാണ് വന്ദേമാതരത്തിനും ബാധകമാക്കിയിരിക്കുന്നത്. അതിനാല്‍ വന്ദേമാതരം ആലപിക്കുന്ന സമയം മുഴുവന്‍ ചടങ്ങില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള എല്ലാവരും നിര്‍ബന്ധമായും അറ്റന്‍ഷനായി നിന്ന് ആദരവ് പ്രകടിപ്പിക്കേണ്ടതുണ്ട്.
നൂറ്റമ്പത് വര്‍ഷം മുന്‍പ് ബങ്കിം ചന്ദ്രചാറ്റര്‍ജി എഴുതി ഇന്ത്യന്‍ ജനതയുടെ ദേശീയ ബോധത്തെ ഉണര്‍ത്തി, കാത്തുസൂക്ഷിച്ച്, ദേശീയ മന്ത്രമായി മാറിയ വന്ദേമാതരം ഇപ്പോള്‍ വീണ്ടും പൂര്‍ണ്ണരൂപത്തില്‍ സര്‍ക്കാറിന്റെ ഔദ്യോഗിക ചടങ്ങുകളില്‍ മുഴങ്ങാന്‍ തുടങ്ങുമ്പോള്‍ രാഷ്ട്രീയ വിവാദങ്ങളും കൊടുമ്പിരി കൊള്ളുകയാണ്. വന്ദേമാതരം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഏറ്റവും വലിയ പ്രതീകമായി അലയടിച്ച ഗാനങ്ങളൊന്നായിരുന്നു. രാഷ്ട്രീയമായ ചില കാരണങ്ങളാല്‍ ഇന്ത്യയുടെ ദേശീയ ഗാനമാകാതെ പോയ വന്ദേമാതരം ദേശീയ ഗാനമായ ജനഗണമനക്കൊപ്പം ഇപ്പോഴും ആദരിക്കപ്പെടുന്നു. വന്ദേമാതരം പ്രക്ഷേപണം ചെയ്തു കൊണ്ടാണ് ആകാശവാണിയുടെ പ്രഭാത പരിപാടികള്‍ ആരംഭിക്കുന്നത്.
സൃഷ്ടി മുതല്‍ ചരിത്രത്തിന്റെ വിവിധ കാലഘട്ടങ്ങളില്‍ വിവാദങ്ങളിലൂടെ കടന്നുപോയ, ഇന്ത്യന്‍ സമൂഹത്തില്‍ എല്ലായ്‌പ്പോഴും അലയടിച്ച ഒരു ഗാനമാണ് വന്ദേമാതരം. കുറേ കാലഘട്ടത്തേക്കെങ്കിലും വന്ദേമാതരം ഇന്ത്യയുടെ ദേശീയഗാനമായാണ് കരുതപ്പെട്ടിരുന്നത്. ഭാരതത്തെ മാതാവായി കണക്കാക്കി പൂജിക്കുന്നു എന്ന കാരണത്താല്‍ ഇസ്ലാം മതവിശ്വാസികള്‍ ഇത് ഉള്‍ക്കൊള്ളാന്‍ വിസമ്മതിച്ചിരുന്നു. വന്ദേമാതരം ഉള്‍പ്പെട്ടിരുന്ന ആനന്ദമഠം എന്ന പുസ്തകത്തില്‍ മുസ്ലീം വിരുദ്ധ സന്ദേശങ്ങള്‍ ഉണ്ട് എന്നതാണ് വിമര്‍ശനത്തിന്റെ കാതല്‍.
വന്ദേ മാതരം വിഷയത്തില്‍ യു.ഡി.എഫിനകത്ത് വലിയ ആശങ്ക നിലനില്‍ക്കുന്നുണ്ട്. മുസ്ലിം ലീഗ് ഈ വിഷയത്തില്‍ ഇതുവരെ വിയോജിപ്പ് അറിയിച്ചിട്ടില്ലെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രശ്‌നം വൈകാരികമായി ഉയരുമോയെന്ന് അവര്‍ ഭയക്കുന്നുണ്ട്. കോണ്‍ഗ്രസ് വന്ദേ മാതരം ഗാനത്തിന്റെ ആദ്യ രണ്ട് വരികള്‍ മാത്രമാണ് ഔദ്യോഗികമായി ദേശീയ ഗാനമായി അംഗീകരിച്ചത്. പിന്നീടുള്ള വരികളില്‍ ദുര്‍ഗ, ലക്ഷ്മി തുടങ്ങിയ ഹിന്ദു ദേവതകളെ പരാമര്‍ശിക്കുന്നുണ്ട്. ഈ ഗാനം പൂര്‍ണമായി ആലപിക്കുന്നത് യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം അംഗീകരിക്കാന്‍ കഴിയില്ല. ഇന്ത്യ പോലുള്ള ബഹുമത സമൂഹത്തില്‍ എല്ലാവരെയും ഒന്നിപ്പിക്കുന്ന ഗാനമാകണമെന്ന ധാരണയില്‍ ടാഗോര്‍, നെഹ്രു തുടങ്ങിയവരുടെ കാര്‍മികത്വത്തിലാണ് പിന്നീടുള്ള ഭാഗങ്ങള്‍ ഒഴിവാക്കിയതും ആദ്യരണ്ട് വരികള്‍ മാത്രം ശുപാര്‍ശ ചെയ്തതും.
എ.എല്‍.എയുടെ
'വന്ദേഭാരത്...'
വന്ദേ മാതരത്തെ 'വന്ദേഭാരത്' ആക്കിയ കോന്നി എം.എല്‍.എ കെ യു ജനീഷ് കുമാറിനെതിരെ ട്രോളുകളുടെ പ്രളയം. വിഡി സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ വന്ദേ മാതരം ആലപിച്ചതിനെ വിമര്‍ശിക്കുന്നതിനിയിലാണ് ജനീഷ് വന്ദേ മാതരത്തെ 'വന്ദേഭാരതം' എന്ന് തെറ്റായി പറഞ്ഞത്. ''വി.ഡി സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ അടക്കം വന്ദേഭാരത്തിന്റെ മുഴുവന്‍ ഈരടികള്‍ ആലപിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗാന്ധിയും നെഹ്‌റുവും എല്ലാം ഉപേക്ഷിച്ച വന്ദേഭാരതത്തിന്റെ അതേ ഈരടികള്‍. അവിടെ ബി.ജെ.പിയുടെ നിര്‍ദ്ദേശമാണ് നടന്നത്...'' എന്നായിരുന്നു എം.എല്‍.എയുയെ വിമര്‍ശനം. പിന്നെ രണ്ടാമതും വന്ദേ ഭാരതം എന്ന് പറഞ്ഞപ്പോള്‍ മാധ്യമ പ്രവര്‍ത്തകരാണ് തെറ്റ് ചൂണ്ടികാട്ടിയത്. പിന്നീട് എം.എല്‍.എ വന്ദേമാതരം എന്ന് തിരുത്തിയെങ്കിലും സ്വയം പരിഹാസ്യനായി. 'വന്ദേഭാരത്' ട്രെയിന്‍ യാത്രയുടെ ഹാങ് ഓവറിലായിരുന്നിരിക്കാം എം.എല്‍.എ.