Image

നോവലിസ്റ്റ് മാത്യു മറ്റം ; ജനപ്രിയ വായനയിലെ 'മകാര'താരം

(ആർ. ഗോപാലകൃഷ്ണൻ) Published on 29 May, 2026
നോവലിസ്റ്റ് മാത്യു മറ്റം ; ജനപ്രിയ വായനയിലെ 'മകാര'താരം

ജനപ്രിയ നോവലിസ്റ്റ്‌ മാത്യു മറ്റം 

അന്തരിച്ചിട്ട് ഒരു പതിറ്റാണ്ട്. 

ഉദ്വേഗജനകവും വായനാ ലഹരി പിടിപ്പിക്കുന്നതുമായ കഥകളിലൂടെ എഴുത്തിന്റെയും വായനയുടേയും വേറിട്ടതലം സൃഷ്‌ടിച്ച എഴുത്തുകാരിലാണ്‌ മാത്യു മറ്റവും ഉൾപ്പെടുന്നത്‌. 

ജനപ്രിയ എഴുത്തുകാരിൽ‍ മുൻ നിരയിൽ നിൽ‍ക്കുന്ന മാത്യൂ മറ്റം, 270-ലധികം നോവലുകൾ‍ എഴുത്തിയിട്ടുണ്ട്‌. 'ലക്ഷംവീട്'‌, 'കരിമ്പ്'‌, 'മെയ്‌ദിനം', 'അഞ്ചു സുന്ദരികൾ'‍, 'ആലിപ്പഴം', 'ദൈവം ഉറങ്ങിയിട്ടില്ല', 'പോലീസുകാരൻ്റെ മകൾ'‍, 'മഴവില്ല്'‌, 'റൊട്ടി', 'പ്രൊഫസറുടെ മകൾ'‍ തുടങ്ങി അനേകം നോവലുകൾ‍ അദ്ദേഹം രചിച്ചു.

എരുമേലി പമ്പാവാലി എന്ന സ്ഥലത്ത് 1951- ൽ ജനനം. പിതാവ് ഒരു ദന്തഡോക്ടർ ആയിരുന്നു. ഏഴു മക്കളിൽ ഒരാൾ; അഞ്ച് സഹോദരിമാരും ഒരു ചേട്ടനും. പിതാവ് പാമ്പാടിയിൽ വെച്ചുണ്ടായ ഒരു ബസപകടത്തില്‍ മരിച്ചതിന് ശേഷം സാമ്പത്തികമായി ഇത്തിരി ബുദ്ധിമുട്ടിലായിരുന്നു മാത്യുവിന്റെ കുടുംബം. അന്നു മാത്യുവിന് ഒരു വയസ്സ് മാത്രം. ആ കുടുംബത്തിന് മൂന്നേകാലേക്കര്‍ സ്ഥലമുണ്ടായിരുന്നു; പക്ഷേ, കാര്യമായ ആദായമൊന്നുമില്ല. അക്കാലത്ത് സ്‌ഥലത്തിന് റിയൽ എസ്റ്ററ്റ് വിപണിയിൽ യാതൊരു വിലയുമില്ലായിരുന്നുവല്ലോ. 

ആ നാട്ടിൽ അടുത്ത് സ്‌കൂളൊന്നുമില്ല. എട്ട് മൈല്‍ നടന്നാണ് പഠിച്ചുകൊണ്ടിരുന്നത്. അങ്ങോട്ടുമിങ്ങോട്ടുമായി 16 മൈല്‍ ഓരോ ദിവസം നടന്നു. വെണ്‍കുറിഞ്ഞി എസ്.എന്‍.ഡി.പി. ഹൈസ്‌കൂളിലും കാഞ്ഞിരപ്പള്ളി എസ്.ഡി. കോളേജിലും ആണ് പഠിച്ചത്. 

'പേനാമുന'യിലൂടെയാണ് ആ കഷ്ടപ്പാടുകളില്‍ നിന്നൊക്കെ  രക്ഷപ്പെട്ടത് എന്ന് അദ്ദേഹം തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്. അച്ഛന്‍ മരിച്ചപ്പോഴുണ്ടായ ബുദ്ധിമുട്ടുകളാണ് അന്നത്തെ വെറും മാത്യുവിനെ പ്രസിദ്ധനായ 'മാത്യു മറ്റ'മാക്കിയത് എന്നു പറയാം.

'കാട്ടാറും കന്യകയും' എന്നാണ് ആദ്യ നോവലിന്റെ പേര്. വളരെ ചെറുപ്പത്തിൽ ആണ് ഇതെഴുതിയതു്. വായിച്ചവർ പ്രോത്സാഹനജനമായി പ്രതികരിച്ചു.

ടെലിവിഷൻ മലയാളികൾക്ക് സുപരിചിതമാകുന്നതിനു മുമ്പുള്ള, അതായത് 80-കളിൽ മലയാളിക്കുടുംബങ്ങളിൽ, പ്രത്യേകിച്ച് വീട്ടമ്മമാരിൽ വായനയുടെ തരംഗം സൃഷ്ടിച്ചതിൽ പ്രധാന പങ്കാണ് കോട്ടയത്ത് നിന്നിറങ്ങിയിരുന്ന ആഴ്ചപ്പതിപ്പുകളും അതിൽ പ്രസിദ്ധീകരിച്ചുവന്നിരുന്ന 'പൈങ്കിളി' എന്ന പേരിൽ വിശേഷിപ്പിക്കപ്പെട്ടിരുന്ന നോവലുകളും ! മലയാളത്തിലെ ഒട്ടേറെ 'പൈങ്കിളി' ആനുകാലികങ്ങളിൽ‍ ശ്രദ്ധേയമായ അനേകം നോവലുകളും കഥകളും രചിച്ച അദ്ദേഹത്തിൻ്റെ രചനയ്‌ക്കായി 80-കളിൽ‍ കേരളത്തിലെ പ്രമുഖ 'മ' വാരികകൾ‍ മത്സരിച്ചിരുന്നു. ആഴ്‌ചകൾ തോറും വായനക്കാരെ ആകാംഷാഭരിതരാക്കുന്ന നോവലുകളികളിലൂടെ കേരളത്തിൽ‍ അനേകം വായനക്കാരെ (അവരെ 'പൈങ്കിളി' എന്ന് വേണമെകിൽ വിളിക്കാം! പൈങ്കിളി ഒരു മോശം കിളിയല്ലല്ലോ!) അദ്ദേഹം ഇളക്കി മറിച്ചു. ആഴ്‌ചപ്പതിപ്പുകളിൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിൻ്റെ നോവലുകൾ‍ ഏറെ ആരാധകരെ സൃഷ്‌ടിച്ചിരുന്നു.

മാത്യു മറ്റം രചിച്ച പ്രണയത്തിൻ്റെയും പ്രതികാരത്തിൻ്റെയും കഥകൾ ആൺ-പെൺ വ്യത്യാസമില്ലാതെ ('ആബാലവൃദ്ധം') 'മ' വായനക്കാരെയും വായനയുടെ ലോകത്ത് പിടിച്ചിരുത്താൻ വലിയ പങ്കാണ് വഹിച്ചത് ! ഉദാത്തമോ, ബൌദ്ധികമോ, ആയ ഭാരമൊന്നുമില്ലാതെ 'സാധാരണക്കാരൻ്റെ ഭാഷയിൽ' എഴുതപ്പെട്ട സൃഷ്ടികൾ തുടരനായി (ഖണ്ഡശ്ശമായി) 'മ' പ്രസിദ്ധീകരണങ്ങളിലൂടെ പ്രവഹിച്ചു! അക്കാലത്തെ ജനത അത് വാളോളം കോരിക്കുടിച്ചു.

നഗരവും സമ്പന്നകുടുംബങ്ങളിലെ പ്രശ്‌നങ്ങളും സിനിമയുടെ പ്രധാന പ്രമേയമാകുന്ന കാലത്താണ്, ഈ ജനപ്രിയ നോവലുകള്‍ മലയോരങ്ങളിലും, മലമുകളിലുമുള്ള മാടക്കടകളില്‍ ചൂടപ്പം പോലെ, (മനോരമയും, മംഗളവുമൊക്കെയായി) വെള്ളിയാഴ്ചകളില്‍ വിറ്റുപോയത്. എന്നാൽ പ്രമുഖ ജനപ്രീയ വരികയായിരുന്ന 'മനോരാജ്യ'ത്തിൽ മാത്യു മാറ്റത്തിന്റെ നോവലുകൾ ഒന്നും പ്രസിദ്ധീകരിച്ചിരുന്നില്ല - പിൽക്കാലത്തു,  'മനോരാജ്യം' ഗ്രൂപ്പിലെ മറ്റൊരു വാരികയായ 'കണ്മണി'യിൽ എഴുതിയിട്ടുണ്ട്.

മലയാളത്തിലെ 'ജനപ്രീയ കഥ'കൾക്ക്‌ പ്രാമുഖ്യം നല്‍കുന്ന ഒരു എഴുത്തുശൈലി രൂപപ്പെടുത്തിയ കഥാകാരന്മാരുടെ പരമ്പരയിൽപ്പെടുന്ന മാത്യു മറ്റം, ഏറ്റവും വലിയ നോവല്‍ എന്ന അവകാശപ്പെട്ട്‌ (ആകെ പേജ് 523 മാത്രം) പ്രസിദ്ധീകരിച്ച 'ലോകാവസാനം' എന്ന നോവലായിരുന്നു അവസാനമായി ശ്രദ്ധ പിടിച്ചു പറ്റിയത്‌.

ഈ നോവലുകള്‍ പലതും പിന്നീട്‌ സിനിമയ്‌ക്കും സീരിയലുകള്‍ക്കും അവലംബിത കഥകളായി മാറുകയും ചെയ്‌തിരുന്നു. 'കരിമ്പ്‌', 'മെയ്‌ദിനം' എന്നീ കൃതികൾ സിനിമകളായപ്പോൾ‍ 'ആലിപ്പഴം' പോലെയുള്ള നോവലുകൾ ടെലിവിഷൻ സീരിയലായും ജനപ്രിയമായി.

മാത്യു മറ്റം ഒരു അഭിമുഖത്തിൽ പറഞ്ഞു: "മുട്ടത്തു വര്‍ക്കി, കാനം... ഇവരുടെ കഥകള്‍ അടുക്കള സാഹിത്യമെന്ന് പറഞ്ഞാണ് അന്ന് പുച്ഛിച്ചിരുന്നത്. മുട്ടത്തു വര്‍ക്കിക്ക് കൊടുത്ത സ്ഥാനപ്പേരാണ് 'പൈങ്കിളി'. അത് പിന്നെ ഈ മാത്യു മറ്റത്തിനും കിട്ടി. ആക്ഷേപിക്കുകയാണ് ചെയ്യുന്നത്. പലരും ഇങ്ങനെ പറയുന്നതു കേട്ടിട്ടുണ്ട്. പൊതുവേദിയില്‍ വച്ച് ആരും പറഞ്ഞിട്ടില്ല. പറഞ്ഞാല്‍ പറയുന്നവന് ഞാന്‍ മറുപടിയും കൊടുക്കും."

മാത്യു മറ്റം ഓർക്കുന്നു: "ഞാൻ എഴുതിത്തുടങ്ങിയപ്പോൾ‍ മുട്ടത്തുവർ‍ക്കിയും കാനവുമുണ്ട്. പിന്നെയാണ് ജോയ്‌സി, ഏറ്റുമാനൂർ‍ ശിവകുമാർ‍, ബാറ്റൺ ‍ ബോസ് തുടങ്ങിയവരൊക്കെ വന്നത്."

കോട്ടയം സംക്രാന്തിയിലുള്ള വീട്ടിലാണ് താമസിച്ചിരുന്നത്. ഭാര്യ: സാറാമ്മ; മക്കൾ: കിഷോർ (മനോരമ), എമിലി (ഇസ്രായൽ‍)

2016 മെയ് 29-ന് കാലത്ത്, 65-ാം വയസ്സിൽ, കോട്ടയം മെഡിക്കൽ കോളേജിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. 

10-ാം ഓർമ്മദിനത്തിൽ സ്മരണാഞ്ജലികൾ!

കടപ്പാട്: ടി.സി. രാജേഷ് (@azhimukham)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക