
തിരുവനന്തപുരം: നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ വന്ദേമാതരം ആലപിച്ചതില്‍ തെറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. രണ്ട് ഖണ്ഡിക മാത്രമാണ് ആലപിച്ചത്. അതില്‍ തെറ്റില്ല. മുഴുവന്‍ പാടുന്നത് ആര്‍.എസ്.എസ് അജണ്ടയാണ്. അത് ഇവിടെ നടപ്പാക്കേണ്ട കാര്യമില്ല. ദേശീയ ഗാനം പോലെ വന്ദേമാതരം പാടുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കേണ്ട കാര്യവുമില്ല. മറ്റുള്ളവര്‍ എഴുന്നേറ്റതിനാല്‍ തങ്ങളും എഴൂന്നേറ്റു എന്നു മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ഇ.ഡി റെയ്ഡിനെകുറിച്ച് മുഖ്യമന്ത്രി പ്രതികരിക്കാത്തതില്‍ അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് പിണറായി വിജയന്‍ ചോദ്യത്തോട് പ്രതികരിച്ചു. തന്റെ വീട്ടില്‍ നടന്ന ഇ.ഡി റെയ്ഡിലും അദ്ദേഹം പ്രതികരണം നടത്തി. രാജ്യത്ത് ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ബിജെപി ഇതര സര്‍ക്കാരുകള്‍ക്കെതിരെ പല നടപടികളും സ്വീകരിക്കും. അതില്‍ ഏറ്റവും വൃത്തികെട്ടി നിലപാടാണ് ഇ.ഡി റെയ്ഡ്. എന്നല്‍ കോണ്‍ഗ്രസിനെതിരെ വരുമ്പോള്‍ അവര്‍ പ്രതികരിക്കും. മറ്റുള്ളവര്‍ക്കെതിരെ വരുമ്പോള്‍ അവര്‍ പ്രതികരിക്കില്ല. എന്തുകൊണ്ടാണ് കേസെടുക്കാത്തത് എന്ന് ചോദിക്കും. കേസ് എടുക്കുമ്പോള്‍ പടക്കം പൊട്ടിക്കും. കോണ്‍ഗ്രസിന് വലിയ മാറ്റമൊന്നും വന്നിട്ടില്ല എന്നാണ് ഇത് തെളിയിക്കുന്നത്.
മാധ്യമങ്ങളില്‍ കാണുന്ന നമ്പര്‍ ബാങ്ക് അക്കൗണ്ട് ഒന്നും വീണയ്ക്കില്ല. വീണയ്ക്ക് ഒരു അക്കൗണ്ട് ആണുള്ളത്. അത് ഫ്രീസ് ചെയ്തു എന്നത് വാസ്തവമാണ്. തന്നോട് ഇ.ഡി ഒന്നും ചോദിച്ചിട്ടില്ല. വീണയോടാണ് ചോദിച്ചത്. ബിജെപിയുടെ ഇത്തരം നീക്കങ്ങള്‍ ഒറ്റക്കെട്ടായി ചെറുക്കേണ്ടതാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലേക്ക് താമസം മാറ്റുന്നതിനെ കുറിച്ചും മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. 'കന്റേ്ാണ്‍മെന്റ് ഹൗസില്‍ താമസിക്കുന്ന ആള്‍ അവിടെ നിന്ന് മാറിയ ശേഷം അല്ലറ ചില്ലറ മെയിന്റനന്‍സ് നടത്താനുണ്ട്. അതിനു ശേഷം അങ്ങോട്ട് മാറാം.' എന്നായിരുന്നു പ്രതികരണം.
ഇ.ഡി ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ടതില്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. വലിയ പ്രതിഷേധംഅവിടെ ഉണ്ടായി എന്നു മാത്രമാണ് പറഞ്ഞത്.
സര്‍ക്കാരിനെ കാര്യമായി വിമര്‍ശിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇതേസമയം, എക്സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അന്വേഷണം തടയണം എന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. കേസില്‍ അന്വേഷണം തുടരാമെന്ന ഹൈക്കോടതി സിംഗില്‍ ബെഞ്ച് ഉത്തരവ് മരവിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്. സിഎംആര്‍എല്‍ സീനിയര്‍ മാനേജര്‍ എന്‍ സി ചന്ദ്രശേഖരന്‍, സീനിയര്‍ ഓഫീസര്‍ അഞ്ജു റേച്ചല്‍ കുര്യന്‍, എംഡി എസ്എന്‍ ശശിധരന്‍ കര്‍ത്ത, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കെ സുരേഷ് കുമാര്‍ അടക്കമുള്ളവരാണ് അപ്പീല്‍ നല്‍കിയത്.
ഇല്ലാത്ത തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇ ഡി അന്വേഷണം എന്നും എസ്എഫ്ഐഒ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കമ്പനിക്കെതിരെ അന്വേഷണം നടത്താനാകില്ലെന്നും അടക്കം സിംഗിള്‍ ബെഞ്ചിന് മുന്നില്‍ വെച്ച അതേ വാദങ്ങളാണ് ഡിവിഷന്‍ ബെഞ്ചിന് മുന്നിലും സിഎംആര്‍എല്‍ വെച്ചത്. തങ്ങളുടെ വാദം കേള്‍ക്കുന്നതുവരെ നിലവിലെ അന്വേഷണം സ്റ്റേ ചെയ്യണമെന്നും അപ്പീലില്‍ ആവശ്യപ്പെടുന്നു.
കഴിഞ്ഞ ദിവസമായിരുന്നു സിഎംആര്‍എല്‍ - എക്സാലോജിക് കരാറില്‍ ഇ ഡിയുടെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്. ഇ ഡി അന്വേഷണം തടയണം എന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി തള്ളികൊണ്ടായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ നടപടി. അന്വേഷണം തുടരാന്‍ അനുവദിക്കണമെന്ന ഇ ഡിയുടെ ആവശ്യം സിംഗിള്‍ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. പിന്നാലെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലേയും വീട്ടിലും, ആലുവയിലെ സിഎംആര്‍എല്‍ ഓഫീസിലും ബെംഗളൂരുവിലെ എക്സാലോജിക്ക് ഓഫീസിലും അടക്കം വ്യാപകമായ റെയ്ഡ് ഇ ഡി സംഘടിപ്പിക്കുകയുണ്ടായി. തുടര്‍ന്ന് വീണ ടിയില്‍ നിന്നും മൊഴി ശേഖരിക്കുകയും ഒരു ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സിഎംആര്‍എല്‍ ഇന്ന് വീണ്ടും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്.
പിണറായി വിജയന്റെ മകള്‍ വീണ തൈക്കണ്ടിയിലിന്റെ കമ്പനിക്ക് മാസപ്പടി നല്‍കിയെന്ന കേസിലാണ് ഇ ഡിയുടെ അന്വേഷണം. സിഎംആര്‍എല്ലില്‍ നിന്ന് എക്സാലോജിക് സൊല്യൂഷന്‍സ് സേവനം നല്‍കാതെ ഒരു കോടി 72 ലക്ഷം രൂപ കൈപ്പറ്റിയെന്ന ആക്ഷേപമാണ് ഇ ഡി അന്വേഷിക്കുന്നത്. സാമ്പത്തിക ഇടപാട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരും എന്നാണ് ഇഡിയുടെ വാദം.