Image

യുദ്ധഭൂമിയിലെ കണക്കെടുപ്പുകാരന്‍ (കഥ: ബാജി ഓടംവേലി, ഡാലസ്)

Published on 28 May, 2026
യുദ്ധഭൂമിയിലെ കണക്കെടുപ്പുകാരന്‍  (കഥ: ബാജി ഓടംവേലി, ഡാലസ്)

ആയിരം രൂപയുടെ മത്തി വാങ്ങി തലച്ചുമടായി കൊണ്ടു നടന്ന് വിറ്റാല്‍, കച്ചവടം കഴിഞ്ഞ് മത്തിമണമുള്ള കീശ തപ്പി നോക്കി അതില്‍ ആയിരത്തി അഞ്ഞൂറു രൂപ അവശേഷിക്കുന്നെങ്കില്‍ അഞ്ഞൂറു രൂപയാണ് ലാഭം.
വിറ്റവില - വാങ്ങിയ വില = ലാഭം 
വിറ്റവിലയില്‍ നിന്നും വാങ്ങിയ വില കുറച്ചാല്‍ കിട്ടുന്നതാണ് ലാഭമെന്ന് മീന്‍‌ കച്ചവടക്കാർക്കു മാത്രമല്ല, സ്‌ക്കൂളിൻ്റെ തിണ്ണ കാണാത്തവർക്കും അറിയാം. 
ഒന്ന് അലോചിച്ചു നോക്കിയാൽ അവശേഷിക്കുന്ന അഞ്ഞൂറു രൂപ മാത്രമാണോ ലാഭാം, അല്ലേയല്ല. കച്ചവടത്തിലായാലും ജീവിതത്തിലായാലും ലാഭങ്ങളുടെ കണക്കിൽപെടത്ത ചില ലാഭങ്ങളാകും ശരിയായ ലാഭങ്ങൾ. 
സത്യത്തില്‍ ഈ കച്ചവടത്തിൽ അഞ്ഞൂറു രൂപ മാത്രമല്ല ലാഭം. കണക്കില്‍ പെടാത്ത ചില ലാഭങ്ങളും ഇല്ലാതില്ല. 
സ്വന്തം വീട്ടിലേക്ക് കൊണ്ടു പോകാനായി മാറ്റിവെച്ചിരിക്കുന്നതും, കച്ചവട വഴിയില്‍ ആരോരും അറിയാതെ പരിചയക്കാരി ജാനുവിനു ഫ്രീയായി കൊടുത്തതും ലാഭാമാണ്.
കുട്ടയിലെ മത്തി നോക്കി വാലുനീട്ടി വെള്ളമിറക്കി നിന്ന പൂച്ചയ്‌ക്ക് എറിഞ്ഞു കൊടുത്ത രണ്ട് ചള്ളിയ മത്തിയും ലാഭമായിത്തന്നെ കണക്കാക്കണം. പിന്നീട് കാണുമ്പോഴൊക്കെ ആ പൂച്ച വാലാട്ടുകയും സ്‌നേഹത്തോടെ അരികില്‍ വന്ന് കാലില്‍ ഉരുമ്മുകയും ചെയ്യുന്നതൊക്കെ ലാഭക്കണക്കില്‍ തന്നെയാണ് ഉള്‍പ്പെടുത്തേണ്ടത്. 
ഇടയ്‌ക്ക് ചായക്കടയില്‍ കൊടുത്ത കാശും ഉപ്പിട്ട നാരങ്ങാവെള്ളം കുടിച്ചതും ലാഭമാണ്.
വഴിയാത്രയിൽ കണ്ണൂകൾക്ക് ലഭിച്ച കുളിർമ്മയുള്ള കാഴ്ചകളോക്ക ാാ. 
ഇത്രയും നടന്നതിലൂടെ ശരീരത്തിനും മനസ്സിനും ഹൃദയത്തിനും ലഭിച്ച ആരോഗ്യം ലാഭമാണ്. എത്ര പണം കൊടുത്താലും വാങ്ങാൻ ആവാത്തതാണ് ആരോഗ്യം.

ശൂന്യാകാശത്തായാലും കടലിലായാലും കരയിലായാലും കണക്കെടുപ്പുകാരന്റെ പണി കണക്കെടുക്കുക എന്നത് മാത്രമാണ്. ഈ ലോകത്തെവിടെ ആയാലും അതിന് മാറ്റമുണ്ടാകാന്‍ വഴിയില്ല.
യുദ്ധഭൂമിയില്‍ കണക്കെടുപ്പിന് ആളെ വേണമെന്ന പരസ്യം പത്രത്തില്‍ക്കണ്ട് ആയിരങ്ങളാണ് എഴുത്തുപരീക്ഷയ്‌ക്കും തുടര്‍ന്ന് നടന്ന മുഖാമുഖത്തിനുമായ് അവിടെ ഓടിയെത്തിയത്. 
യുദ്ധമായാലെന്ത് സമാധാനമായാലെന്ത് എവിടെയായാലും അക്കൌണ്ടന്റ് കണക്കു നോക്കിയാല്‍ മതിയല്ലോ. 
‘മനുഷ്യന്റെ കണക്കു കൂട്ടലുകളൊക്കെ പിഴയ്‌ക്കുന്ന ഒരു ദിനം വരും, അന്നുവരെ കണക്കപ്പിള്ള കണക്ക് നോക്കിക്കൊണ്ടേയിരിക്കും‘ എന്നത് പ്രവാചക വചനങ്ങളാണ്.
ഇപ്പോള്‍ കിട്ടുന്നതില്‍ നിന്നും വളരെ ഉയര്‍ന്നൊരു ശമ്പളം അതേ ജോലിയ്‌ക്ക് പ്രതിമാസം കിട്ടുമെന്ന് കേട്ടപ്പോള്‍ എല്ലാവരുടേയും മനസ്സിളകി. ഒരു കൈ ശ്രമിച്ചു നോക്കാന്‍ മിക്കവരും തീരുമാനിച്ചു. 
നിരന്തരമായ പരിശ്രമങ്ങളാണല്ലോ മനുഷ്യ പുരോഗതിയ്‌ക്ക് നിദാനം. ചിലവു ചുരുക്കുകയും വരവ് വര്‍ദ്ധിപ്പിക്കുകയും ചെയ്‌തെങ്കിലല്ലേ വല്ലതും മിച്ചം വെച്ച് നല്ലൊരു ഭാവിയൊരുക്കാനാവൂ. 
ഞങ്ങളോ വളരെ കഷ്‌ടപ്പെട്ടാണ് വളര്‍ന്നത്, ഞങ്ങളുടെ മക്കളെങ്കിലും അങ്ങനെയാകരുത്. അവര്‍ക്ക് ശരീരം വിയര്‍ക്കാതെ കാലും നീട്ടിയിരുന്ന് നാലു നേരം കഴിക്കാനുള്ളത്, ആരോഗ്യമുള്ള കാലത്തു തന്നെ ഉണ്ടാക്കിയിടണം. അല്ലെങ്കില്‍ പിന്നെ ഞാനെന്തു തന്ത.  

എനിക്ക് ഇന്റര്‍‌വ്യൂവില്‍ പങ്കെടുക്കണമെന്നോ യുദ്ധഭൂമിയിലേക്ക് പോകണമെന്നോ താത്‌പര്യമുണ്ടായിരുന്നില്ല. പരിചയക്കാരെല്ലാവരും കൂട്ടത്തോടെ പോകുന്നത് കണ്ടപ്പോള്‍ അവരുടെ കൂടെ ഞാനും വെറും വെറുതേ കാഴ്‌ചക്കാരനായി പോയെന്നേയുള്ളൂ. നാട് ഓടുമ്പോള്‍ നടുവേ ഓടണമല്ലോ. അല്ലെങ്കില്‍ ഓടാത്തവന്‍ മണ്ടനാകില്ലേ.
എഴുത്തു പരീക്ഷയ്‌ക്കു ശേഷം ഇന്റര്‍വ്യൂയിലൂടെ ഈ പച്ചപ്പാവം എന്നെ തെരഞ്ഞെടുത്തെന്ന അറിയിപ്പു കിട്ടിയപ്പോള്‍ എനിക്കു പോലും വിശ്വസിക്കാനായില്ല. വിശ്വാസം അതല്ലേ എല്ലാം എന്ന് ചെവിയില്‍ മുഴങ്ങി കേട്ടു. കൂട്ടുകാരൊക്കെ ഉള്ളിലൊളിപ്പിച്ച അസൂയയോടെ എന്റെ മുഖത്തു നോക്കി ചിരിക്കാന്‍ ശ്രമിച്ചു. 
“നിന്റെ ഭാഗ്യമെന്നല്ലാതെ എന്തു പറയാന്‍“ എന്നു പറഞ്ഞവര്‍ എന്റെ തോളത്ത് തട്ടി അസൂയയോടെ അഭിനന്ദിച്ചു. 
ജീവിതച്ചിലവ് അനുദിനം കൂടി വരുന്നകാര്യം ദൈവത്തിനും അറിവുള്ളതാണല്ലോ. ദൈവമേ നന്ദി, ഒരായിരം നന്ദി. ദുഃഖത്തില്‍ മാത്രമല്ല സന്തോഷത്തിലും ദൈവത്തെ ഓര്‍ക്കുന്നത് നല്ലതാണ്.

മുഖാമുഖത്തിലെ ചോദ്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് ചെസ്സ് കളിയെക്കുറിച്ചായിരുന്നു. മറ്റെല്ലാ മിടുക്കന്മാരും ശരിയായി ഉത്തരം പറഞ്ഞെങ്കിലും അതേ വിഷയത്തില്‍ തന്നെയുള്ള ഉപചോദ്യങ്ങളിലും മറുചോദ്യങ്ങളിലും കുടുങ്ങി പുറത്താവുകയായിരുന്നു. 
ചെസ്സ് കളിയേക്കുറിച്ച് എനിക്കൊന്നും അറിയില്ലായിരുന്നു. 
“കളിക്കാനറിയില്ല, കളി കണ്ടിട്ടേയുള്ളൂ“ എന്ന സത്യപ്രസ്താവനയാകാം എന്നെ തെരെഞ്ഞെടുക്കാന്‍ കാരണമായത്. അല്ലെങ്കിലും ഞാനങ്ങനെയാണ് ആവശ്യമില്ലാതെ കള്ളം പറയാറില്ല.
അവര്‍ക്ക് കളിക്കാന്‍ അറിയാവുന്നവരെ ആയിരുന്നില്ല ആവശ്യമുണ്ടായിരുന്നത്. കളിയറിയാത്ത കാഴ്‌ചക്കാരനെയായിരുന്നു വേണ്ടിയിരുന്നത്. 
തേരും കുതിരയും ആനയുമൊക്കെ കളിക്കളത്തില്‍ വീഴുന്നത് കണ്ടു നിന്നിട്ടുണ്ട്. 
അവസാന ശ്വാസം വരെ രാജാവിനെ സംരക്ഷിക്കാന്‍ പാടുപെടുന്ന സാധാ പടയാളികളെ കണ്ട് മനസ്സലിഞ്ഞിട്ടുണ്ട്. 
കാലാളുകളെ വെട്ടി വീഴ്‌ത്തുന്നതിന്റെ കണക്കെടുത്തിട്ടുണ്ട്. 
ചെക്കു പറഞ്ഞ് രാജാവിനെ ബന്ധനസ്ഥനാക്കുന്നത് ദുഃഖത്തോടെ നോക്കി നിന്നിട്ടുണ്ട്. 
കളിയിൽ തോൽക്കുമെന്നാകുമ്പോൾ ചെസ്സ് ബോർഡും കരുക്കളും എതിരാളിയും ഈ ലോകവും പാതാളത്തിലേക്ക് താഴ്ന്നു പോയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന പരാജിതൻ്റെ മുഖഭാവം കണ്ടിട്ടുണ്ട്.
അങ്ങനെ കളിയില്‍ വെറും കാഴ്‌ചക്കാരനായ ഞാന്‍ യുദ്ധഭൂമിയിലെ കണക്കെടുപ്പുകാരനായി.

ആയിരങ്ങളില്‍ നിന്ന് എന്നോടൊപ്പം തെരഞ്ഞെടുക്കപ്പെട്ട മറ്റൊരാള്‍ ഒരു പാകിസ്ഥാനിയായിരുന്നു. പാകിസ്ഥാനേക്കുറിച്ച് ഞാന്‍ പോലും അറിയാതെ ആരോ എന്നില്‍ കുത്തിവെച്ചിരിക്കുന്ന വിരോധം തിളച്ചെങ്കിലും വേഗത്തില്‍ തണുപ്പിക്കേണ്ടി വന്നു. ചൂടുവെള്ളമാണ് പച്ചവെള്ളത്തേക്കാൾ വേഗത്തിൽ ഐസ്‌കട്ട ആകുന്നതെന്ന അറിവെനിക്ക് അന്നു കിട്ടി.
അയല്‍‌പക്കത്തുകാരന്റെ കണക്ക് മിക്കപ്പോഴും പിഴക്കാറാണ് പതിവെങ്കിലും ഈ പാകിസ്ഥാനിക്ക് അസാമാന്യ ധൈര്യമുണ്ടായിരുന്നു. അത് എന്റെ പക്കല്‍ കുറവായതിനാല്‍ അയാളുടെ കൂട്ട് എനിക്ക് സന്തോഷം പകര്‍ന്നു. വിരോധങ്ങളോക്കെ മറന്ന് അവനെ എന്റെ കൂട്ടുകാരനായി ‘ആഡു‘ ചെയ്‌തു.

പാകിസ്ഥാനി ഇക്കാര്യം അവരുടെ എംബസിയില്‍ അറിയിച്ചപ്പോള്‍, വളരെ സന്തോഷത്തോടെയാണ് അയാളെ ഇറക്കിലേക്ക് പോകാന്‍ അനുവദിച്ചത്. 
ഇന്ത്യന്‍ എംബസിയില്‍ ഞാന്‍ അപേക്ഷ കൊടുത്തപ്പോള്‍ അനുവദിച്ചില്ലെന്നു മാത്രമല്ല. യുദ്ധഭൂമിയിലേക്ക് പോകാന്‍ അനുവദിക്കുന്നില്ലെന്ന സീലും പാസ്സ്‌പോര്‍ട്ടിന്റെ ഒരു പേജില്‍ സ്ഥാനം പിടിച്ചു. 
എംബസിയിലെ ദുഷ്‌ടന്മാരായ ഉദ്യോഗസ്ഥർ എന്നെ സഹായിച്ചില്ലെന്നു മാത്രമല്ല ദ്രോഹിക്കുക കൂടി ചെയ്‌തു. 
“ഓ.., ഇന്ത്യന്‍ എംബസിയാണോ എനിക്ക് ചിലവിന് തരുന്നത്. അവര് പോകരുതെന്ന് പറഞ്ഞാല്‍ പോകാതിരിക്കാന്‍ ഞാനെന്താ അവരുടെ അടിമയാണോ“ എന്നൊക്കെ ദ്വേഷ്യപ്പെട്ടു പിറുപിറുത്തു. 
ജീവിക്കാനായി മരിക്കാനും തയ്യാറുള്ളവര്‍ക്കേ ഇവിടെ ജീവിക്കാനാവൂ. നാലു കാശുണ്ടാക്കാന്‍ പാതാളത്തില്‍ പോകേണ്ടി വന്നാലും അതിന് തയ്യാറാകേണ്ടിയിരിക്കുന്നു. പാതാളത്തില്‍ പോയില്ലെങ്കിലും ഇവിടം പാതാളമാക്കി ജീവിക്കുന്നവരും ഉണ്ട്.
 എംബസി യുദ്ധഭൂമിയിലേക്ക് പോകരുതെന്ന് വിലക്കിയെങ്കിലും യുദ്ധ ഭൂമിയിലേക്ക് പോകാനുള്ള ക്രമീകരണങ്ങളൊക്കെ വളഞ്ഞവഴിയിലൂടെ കമ്പനി സ്വയം ചെയ്‌തു തന്നു. വേണേല്‍ ചക്ക എംബസിയ്‌ക്കു പുറത്തും കായിക്കും. 
കുടുംബം വളരെ ആശങ്കയോടെയും ദുഃഖത്തോടെയും എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞൊക്കെയാണ് ആ യുദ്ധക്കളത്തിലേക്ക് പറഞ്ഞയച്ചത്. 
“മോനെ നീ പോകണ്ട“ എന്ന് ആരും പറഞ്ഞതുമില്ല.

അവിടെയെത്തി ആദ്യ ദിവസങ്ങളില്‍ ഇത്തിരി ബുദ്ധിമുട്ട് തോന്നിയെങ്കിലും പിന്നീട് ജോലി വളരെ എളുപ്പമായി തോന്നി. കുറെയെധികം ടെലിവിഷനുകളുടെ മുമ്പിലാണ് ഇരിപ്പ്. സിനിമാ കാണുന്ന ടി.വി. അല്ല, മരണം കാണിക്കുന്ന ജീവനുള്ള ടി.വി യാണത്. 
എട്ടു മണിക്കൂറിനു ശേഷമുള്ള ഇരിപ്പിന് ഓവര്‍‌ടൈം ശമ്പളം കിട്ടും. ദേഹം അനങ്ങി ഒന്നും ചെയ്യേണ്ടതില്ല. അവിടെ ഇരുപത്തിനാലു മണിക്കൂറും ഇരിക്കാന്‍ മനസ്സായിരുന്നെങ്കിലും പരമാവധി പതിനാറു മണിക്കൂര്‍ ഇരിക്കാനേ കമ്പനിക്കാര്‍ അനുവദിച്ചുള്ളൂ. 
വെടിയുണ്ടയും, ബോബും, മിസൈലും ശല്യപ്പെടുത്താത്ത അവസരങ്ങളില്‍ നോവലുകള്‍ വായിച്ച് രസിക്കാനും എനിക്ക് സൌകര്യമുണ്ടായിരുന്നു. ഇംഗ്ലീഷ് ക്ലാസിക്ക് നോവലുകളാണ് കൂടുതലായി വായിച്ചത്. നഗരം കത്തിയെരിയുമ്പോള്‍ സുരക്ഷിത സ്ഥാനത്തിരുന്ന് നോവല്‍ വായിക്കുന്നതിന്റെ രസം പറഞ്ഞറിയിക്കാനാവില്ല, അനുഭവിച്ചറിയേണ്ടതാണ്.
അവിടെ നടക്കുന്ന യുദ്ധത്തില്‍ ചാകുന്നവരുടെ കണക്കെടുത്ത് ഓരോ മണിക്കൂറുകളിലും അറിയിച്ചു കൊണ്ടിരിക്കണം, അതായിരുന്നു എന്റെ ജോലി. മരണം കണ്ട് അറപ്പുമാറിയവനേപ്പോലെ അഭിനയിച്ച് ജോലി ചെയ്‌തു. 
ഞങ്ങള്‍ വേട്ടക്കാരുടെ കണക്കെടുപ്പുകാരായിരുന്നതിനാല്‍ അവരോടു മാത്രമേ കണക്ക് ബോധിപ്പിക്കുവാന്‍ ബാധ്യസ്ഥരായിരുന്നുള്ളൂ. 
മരിക്കുന്നവരുടെ എണ്ണം പെരുപ്പിച്ചു കാണിക്കുന്നത് അവര്‍ക്ക് ഹരം പകര്‍ന്നതിനാല്‍ അങ്ങനെ ചെയ്‌തു കൊണ്ടേയിരുന്നു. പത്തു പേര്‍ മരിച്ചാല്‍ നൂറു പേരെന്ന് പറഞ്ഞാല്‍ അവര്‍ക്ക് വളരെ സന്തോഷമാകും. 
മരണത്തോടൊപ്പം നമ്മള്‍ ഇന്ത്യക്കാര്‍ കണ്ടു പിടിച്ച വിലയില്ലാത്ത പൂജ്യങ്ങള്‍ വെറുതേ കൂട്ടിപ്പറഞ്ഞു കൊണ്ടിരുന്നു. കൂടുതല്‍ എണ്ണം കൊടുക്കുന്ന ദിവസങ്ങളില്‍ സന്തോഷം കൊണ്ട് അവര്‍ ചില സമ്മാനങ്ങളും തരുമായിരുന്നു.
അതിനിടയില്‍ ഇരകളുടെ പ്രതിനിധിയും ഞങ്ങളില്‍ നിന്ന് രഹസ്യമായി കണക്കറിഞ്ഞ് ഞങ്ങളെ കാണേണ്ടതു പോലെ കണ്ടു. 
വിവരങ്ങള്‍ ഇന്ന് ആരുടേയും കുത്തകയല്ലല്ലോ എന്ന ചിന്തയാണ് ഞങ്ങളെ ആ ഡബിള്‍ റോള്‍ കളിക്കാന്‍ പ്രേരിപ്പിച്ചത്. അവരോട് മരിക്കുന്നവരുടെ എണ്ണം വല്ലാതെ കുറച്ചു പറഞ്ഞ് അവരുടെ വിഷമം കുറയ്‌ക്കാന്‍ ഞങ്ങളാലാകും വിധം ശ്രമിച്ചു.
ഇരുകൂട്ടരും ശത്രുക്കളെ പിടിച്ച് ബന്ധികളാക്കി മരുഭൂമിയില്‍ കൊണ്ടു തള്ളി വെടിവെച്ചു കൊല്ലുകയായിരുന്നു പതിവ്. ആ ജഡം കഴുകന്മാര്‍ ഭക്ഷണമാക്കിയതിനാല്‍ മരണാനന്തര ചെലവിനത്തില്‍ ധാരാളം പണം ലാഭിക്കാനായി.

കണക്കെടുക്കുന്നവന്‍ കരയാന്‍ പാടില്ലെന്നറിയാമെങ്കിലും ഇടയ്‌ക്കൊക്കെ എന്റെ കണ്ണും നിറയുമായിരുന്നു. 
ചന്തയില്‍ വില്‍ക്കാനും വാങ്ങാനും വന്നവരെ മുഴുവന്‍ വെടിവെച്ച് കൊല്ലുന്ന കാഴ്‌ച സഹിക്കാനായില്ല. സ്‌ക്കൂള്‍ കുട്ടികളെ അസംബ്ലിയില്‍ നിരത്തി നിര്‍ത്തി വെടിവെച്ചിടുന്നത് കണ്ണടച്ചാണ് കണ്ടത്. കരയാന്‍ തോന്നിയപ്പോയൊക്കെ ബാത്തു റൂമില്‍ പോയി ആരും കാണാതെ നന്നായി കരഞ്ഞ്, കണ്ണുനീരൊക്കെ വറ്റിച്ച് പുറത്തു വന്ന് ഞാനു ചങ്കുറപ്പ് അഭിനയിച്ചു.

യുദ്ധങ്ങളിലൊന്നും ആരും ജയിക്കുന്നില്ലെന്ന തിരിച്ചറിവ് മനുഷ്യര്‍ക്കെന്നാണുണ്ടാവുക. ഓരോ യുദ്ധങ്ങളും ജനതയുടെ ജീവിതവും സംസ്കാരവും ചരിത്രവുമൊക്കെ നശിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.
എല്ലാ യുദ്ധത്തിന്റെയും അവസാനം നഷ്‌ടങ്ങളുടെ കണക്കേ ബാക്കിയുണ്ടാവുകയുള്ളൂ. രാജ്യത്തെ യുദ്ധത്തിലേക്ക് വലിച്ചെറിയപ്പെടുന്നതിന് ശരിയായ കാരണം, ആയുധ കച്ചവടക്കാരായ കഴുകന്മാരുടെ ലാഭക്കൊതിയാണെന്ന് ജനത എന്നാണ് തിരിച്ചറിയുക.

ഈ യുദ്ധം അവസാനിച്ചപ്പോള്‍ കണക്കിലെ കള്ളക്കളികള്‍ ഇരുകൂട്ടരും കണ്ടെത്തി. 
തെറ്റു ചെയ്‌തതിനുള്ള ശിക്ഷയും വെടിയായിരുന്നു. അവര്‍ ഞങ്ങള്‍ക്കു നേരെയും ചെറിയ വെടിയുണ്ടകള്‍ ഉതിര്‍ത്തു. തന്റെ നേരെ ആദ്യവെടി പൊട്ടിയപ്പോള്‍ത്തന്നെ പാകിസ്ഥാനി തന്റെ രാജ്യത്തേക്ക് വിമാനം കയറിക്കഴിഞ്ഞിരുന്നു. അയാള്‍ക്ക് വെടിയേറ്റോ എന്ന് എനിക്കുറപ്പിക്കാനാവുന്നില്ല.
എന്റെ കാലിലൊ മറ്റോ വെടി കൊണ്ടെന്നാ തോന്നുന്നത്. എന്തായാലും ഞാന്‍ മരിച്ചവനേപ്പോലെ കണ്ണടച്ചു കിടന്നു. മരിച്ചവനെ വീണ്ടും കൊല്ലാനാവില്ലല്ലോ?
ഞാന്‍ ഇന്ത്യക്കാരനാണ് എന്നെ സ്വദേശത്തേക്ക് എത്തിക്കേണ്ടത് എന്റെ രാജ്യത്തിന്റെ ചുമതലയാണെന്ന് മനസ്സ് മന്ത്രിച്ചു. 
എന്റെ രാജ്യത്തിന്റെ പതാക വെച്ച വിമാനം വരുന്നതും കാത്ത് ഞാന്‍ കണ്ണൂകള്‍ ഇറുക്കെയടച്ചു കിടന്നു.
 

Join WhatsApp News
Thomas Koovalloor 2026-05-30 02:07:38
I read the Short Story of Baji Odamveli and I really enjoyed the story. Usually I don’t read carefully, but this Story about the Record Keeper of Battlefield and the presentation of different scenarios makes the story a quality one. Congratulations Baji Odamveli. If I misspelled your name, please excuse me. Best Wishes and expecting more Stories like this. Sincerely, Thomas Koovalloor
RoyJoy 2026-06-01 02:49:41
നന്നായിരിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക