
മരിച്ചവർ കഥ പറയുന്നത് കണ്ടിട്ടുണ്ടോ നിങ്ങൾ?
ഞാൻ കണ്ടിട്ടുണ്ട്. തിരുത്തിയെഴുതാൻ കഴിയാത്ത ജീവിത യാഥാർഥ്യങ്ങളുടെ തണുത്തുറഞ്ഞ മരവിപ്പിൽ നിന്നുകൊണ്ട് മരിച്ചവർ പറയുന്ന കഥ ഞാൻ കേട്ടിട്ടുണ്ട്. അഗാധമായ നിശ്ശബ്ദതയാണ് അവരുടെ ഭാഷ. റിവേഴ്‌സ് ഓർഡറിലാണ് അവർ കഥ പറയുന്നത് — ഒടുങ്ങിയെടുത്തിടത്ത് നിന്ന് ഉത്ഭവത്തിലേക്ക്. സിംഗിൾ പേഴ്സണിലുള്ള കഥപറച്ചിൽ.
അവിടെ വാക്കുകൾ കൊണ്ടുള്ള വിളമ്പരമുണ്ടാവാറില്ല. ജീവിത ചിത്രങ്ങൾ കൊണ്ടുള്ള ഒരു പരിശോധനയാണത്. അവശേഷിപ്പുകളിലൊക്കെയും ജീവിത വ്യാഖ്യാനങ്ങളുടെ വെള്ളിപ്പലകകൾ കാണാം. താൻ എന്തായിരുന്നു എന്നുള്ള ഒരു തുറന്നെഴുത്താണത്. അത് നമ്മെ ചിന്തിപ്പിക്കുകയും, സ്വയം വിലയിരുത്താൻ പ്രേരിപ്പിക്കുകയും, പ്രചോദിപ്പിക്കുകയും ചെയ്യും. ചിലപ്പോൾ ചിന്തയുടെ ഉയർന്ന വിഹായസിലേക്ക് പറക്കാൻ പോലും അവ നമ്മെ പ്രേരിപ്പിക്കും.
അതെ… മരണം തീക്ഷ്ണതയുള്ളതാണ്. നിങ്ങളുടെ ചിന്തകളെ ജീവനിലേക്ക് വഴി തിരിച്ചു വിടാൻ കഴിയുന്നത്ര തീക്ഷ്ണം.
ജീവിതത്തിൽ പരാജയപ്പെട്ട ഒരാൾ…
പെട്ടെന്നൊരുനാൾ ആക്‌സിഡന്റിൽ അയാൾ കൊല്ലപ്പെടുന്നു.
കഥ തുടങ്ങുന്നത് അവിടെ നിന്നാണ്. റിവേഴ്‌സ് ഓർഡറിൽ…
മരിച്ചയാൾ എന്റെ ഒരു പഴയ പരിചയക്കാരനായിരുന്നു. ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ഉയർന്ന പദവിയിൽ ജോലി ചെയ്തിരുന്ന, ടെക്നിക്കലി ഹൈലി സ്കിൽഡ് ആയ ഒരാൾ. പക്ഷേ നന്നായി മദ്യപിക്കും. അന്ന് ഞാനും അതിന് അത്ര പിന്നിലല്ലാതിരുന്നതുകൊണ്ട് ഇടയ്ക്കിടെ കമ്പനി കൊടുക്കാറുണ്ടായിരുന്നു.
മദ്യപിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് അയാളുടെ മൂഡ് മാറും. വാചാലനായിരുന്നയാൾ പെട്ടെന്ന് നിശ്ശബ്ദനാകും. ഗ്ലാസിൽ ബാക്കിയിരിക്കുന്ന പെഗ്ഗിലേക്ക് ഏറെ നേരം അനക്കമില്ലാതെ നോക്കിയിരിക്കും. ഞാൻ വിളിച്ചാലൊന്നും പെട്ടെന്ന് കേൾക്കില്ല. അല്പം കഴിഞ്ഞാൽ ആ കണ്ണുകൾ നിറയുന്നത് കാണാം. പിന്നെ ഉറക്കത്തിൽ നിന്നെന്നപോലെ ബോധത്തിലേക്ക് തിരിച്ചു വന്ന് പറയും:
“പോകാം…”
പിന്നെ വേഗം ബാറിലെ ബിൽ കൊടുത്ത് പുറത്തിറങ്ങും. അല്പം പ്രായമായ ആളായിരുന്നതുകൊണ്ട് ഞാൻ വീട്ടിൽ കൊണ്ടുവിടുമായിരുന്നു. വീട്ടിലെത്തുന്നിടം വരെ മിണ്ടില്ല. വീട്ടുപടിക്കൽ ഇറക്കിവിട്ട് ഞാൻ പോകും. ഞാൻ പോകുമ്പോൾ അയാൾ വീട്ടിൽ കയറാതെ ഗേറ്റിൽ പിടിച്ചുകൊണ്ട് അകലേക്ക് നോക്കി നിൽക്കുന്നത് കാണാമായിരുന്നു.
ഞങ്ങൾ തമ്മിൽ കൂടുന്ന ഓരോ തവണയും ഇങ്ങനെ സംഭവിക്കുമായിരുന്നു.
ആദ്യമൊക്കെ അയാളുടെ ഈ സ്വഭാവമാറ്റം വല്ല മാനസിക പ്രശ്നമാണോയെന്ന് കരുതി ചെറിയ ഭയം തോന്നിയിരുന്നു. പിന്നീട് അത് അഡ്ജസ്റ്റ് ആയി.
ഈ ഒരു പ്രശ്നം കാരണം, അയാളെ കാണുന്നത് ഞാൻ ക്രമേണ ഒഴിവാക്കി.
ഒരിക്കൽ ഒരു വൈകുന്നേരം അയാൾ ആ ഗേറ്റിൽ പിടിച്ചുകൊണ്ട് അകലേക്ക് നോക്കി നിശ്ചലമായി നിൽക്കുന്നത് കണ്ടു. അയാളോട് സംസാരിക്കണമെന്ന് തോന്നി. ഞാൻ വണ്ടി നിർത്തി പതിയെ അയാളുടെ അടുത്ത് ചെന്നു ചോദിച്ചു:
“എന്ത് പറ്റി? കുറെയായല്ലോ ആലോചന?”
പതിവുപോലെ മറുപടി ഒന്നുമുണ്ടായില്ല.
അൽപനേരം കഴിഞ്ഞ് അയാൾ തലയുയർത്തി ശാന്തമായി ചോദിച്ചു:
“നിനക്ക്… ആഗ്രഹങ്ങൾ ഉണ്ടായിട്ടുണ്ടോ?”
“ഉണ്ട്…”
“എന്നിട്ട്?”
“കുഴപ്പമില്ല…”
“എന്ന് വച്ചാൽ?”
“കാര്യങ്ങൾ നന്നായി പോകുന്നു…”
“So… you are satisfied?”
“Yes…”
അല്പനേരത്തെ നിശ്ശബ്ദതയ്ക്ക് ശേഷം അയാൾ പറഞ്ഞു:
“But I am not…”
അയാൾ തുടർന്നു:
“ഈ കള്ളുകുടി ഒരു പരിധിക്കപ്പുറം നല്ലതല്ല. നഷ്ടപ്പെടുന്നത് കാശല്ല.. ബോധമാണ്… നമ്മുടെ സുബോധമാണ് .”
“ഈ ആഗ്രഹങ്ങൾ എന്ന് വച്ചാൽ എന്താണെന്ന് അറിയുമോ നിനക്ക്?”
“ഇല്ല…”
“ആത്മാവിന്റെ ആകെ മൂല്യമാണ് ആഗ്രഹങ്ങൾ…”
“അപ്പൊ അതൊക്കെ നഷ്ടപ്പെട്ടാലോ..?”
“കുടി തുടങ്ങിയാൽ പിന്നെ ഈ സ്വപ്നങ്ങളും, ആഗ്രഹങ്ങളും, ഒക്കെ നമ്മളങ്ങ് മറക്കും.. അതിലേക്ക് നടന്നടുക്കേണ്ട ഓരോ ദിവസത്തെയും ചെറിയ ചെറിയ ഉത്തരവാദിത്തങ്ങളൊക്കെ നമ്മൾ നിസാരമെന്നു കരുതിത്തുടങ്ങും..
ഏറെ ദൂരം പിന്നിട്ട ശേഷമായിരിക്കും നമ്മൾ ഒന്ന് തിരിഞ്ഞു നോക്കുക.. അപ്പോഴേക്കും കയ്യേറ്റിപ്പിടിക്കാനാവാത്ത വിധം കാര്യങ്ങൾ അകന്നു പോയിരിക്കും.. അത് നമ്മളിൽ വല്ലാത്തൊരു വേദനയുണ്ടാക്കും. പ്രായം കൂടുംതോറും ആ വേദനയുടെ ആഴം കൂടിക്കൊണ്ടേയിരിക്കും.”
“ഒരു ലഹരികൊണ്ടും മൂടിവെക്കാൻ കഴിയാത്തത്ര രീതിയിൽ അത് നമ്മളെ കീഴടക്കും.”
“നഷ്ടപ്പെട്ടു എന്നുള്ള ബോധം ഉണ്ടാകുമ്പോഴേക്കും ജീവിതം ഏറെക്കുറെ കഴിഞ്ഞിരിക്കും. ഒരു തിരിച്ചുപോക്ക് സാധ്യമല്ലാത്ത രീതിയിൽ നമ്മൾ തളർന്നിരിക്കും…”
“എന്റെ മോൾക്ക് ഈ വർഷം പ്രായം ഇരുപത്തിയെട്ട് കഴിഞ്ഞു… അവൾക്കൊരു പയ്യനെ കണ്ടുപിടിക്കാൻ ഇതുവരെ പറ്റിയില്ല…”
അയാളുടെ തൊണ്ട ഇടറി.
അയാൾ കരയുകയായിരുന്നു.
അയാളെ ആശ്വസിപ്പിക്കാൻ ഞാൻ പാടുപെട്ടു.
അയാളുടെ മകളും ഭാര്യയും പുറത്തിറങ്ങി വന്നു. അയാളെ ശകാരിച്ചുകൊണ്ട് അവർ അയാളെ വീട്ടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി.
ഞാൻ ഒരു നിമിഷം അവിടെ തന്നെ നിന്നു.
അയാളുടെ ഉള്ളിലെ നോവിന്റെ ആഴം ഞാൻ കണ്ടു.
കാട്ടിനുള്ളിലെ പൊട്ടക്കിണർ പോലെ അയാളുടെ ചിന്തകൾക്ക് അപകടകരമാം വിധം ആഴമുണ്ട്.. തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ “കുടിയൻ” എന്ന ചാപ്പയാൽ ആ കിണറിന്റെ മുകൾ ഭാഗം കാട് പിടിച്ചു കിടന്നു.
അയാളുടെ മക്കൾ പോലും ഒരിക്കലും അയാളെ മനസിലാക്കിയിരുന്നില്ല.
അന്നത്തെ ആ സംഭവത്തിന് ശേഷം അയാൾ എന്നോട് അധികം സംസാരിച്ചിരുന്നില്ല.
പിന്നീട് ഞാൻ അയാളെ കാണാതെയായി.
വർഷങ്ങൾക്ക് ശേഷം ഒരുനാൾ വഴിവക്കിലെ ഒരു ഫ്ലെക്സിൽ എന്റെ കണ്ണുടക്കി.
“Sad Demise……” കൂടെ അയാളുടെ ഫോട്ടോയും..
ഞാൻ അടുത്തുകണ്ട ആളുകളോട് അന്വേഷിച്ച് അയാളുടെ പുതിയ താമസസ്ഥലം കണ്ടെത്തി.
കുറച്ച് ആളുകൾ അങ്ങിങ്ങായി നിൽക്കുന്നു. അയാളുടെ വീടിന്റെ തവിട്ടുനിറമുള്ള ഇടുങ്ങിയ വരാന്തയിൽ വെള്ള പുതച്ച അയാളുടെ ശരീരം ചലനമറ്റു കിടക്കുന്നു.
കരഞ്ഞിട്ടെന്നപോലെ അയാളുടെ കണ്ണുകൾ നനഞ്ഞു കലങ്ങിയിരുന്നു. പാതി തുറന്ന കണ്ണുകളിലൂടെ അയാൾ എന്നെ തുറിച്ചു നോക്കി.
ഞാൻ വേഗം പുറത്തിറങ്ങി.
അടുത്തുകണ്ട ഒരു കടയിൽ നിന്ന് ഒരു സിഗരറ്റ് കത്തിച്ചു.
അയാൾ പണ്ട് പറഞ്ഞ വാക്കുകൾ ഇടയ്ക്കിടെ ഓർക്കാറുണ്ടായിരുന്നു.,
“നിനക്ക് ആഗ്രഹങ്ങൾ ഉണ്ടായിട്ടുണ്ടോ, റോയ്…?”
ഇപ്പോൾ ഈ ചോദ്യം ഓർക്കുമ്പോൾ അന്നില്ലാതിരുന്ന ഒന്ന് ഇന്ന് മനസ്സിൽ കനപ്പെട്ടു തുടങ്ങിയിട്ടുണ്ട്.
നഷ്ടബോധം…
ഉള്ളൊന്നു പിടച്ചു.
ഒരു നിമിഷം — മിഥ്യാലോകത്തിൽ നിന്ന് ഞെട്ടിയുണർന്നപോലെ…
എന്റെ സ്വപ്നങ്ങളുടെ വലിയ ആകാശത്ത് ദിക്കറിയാത്ത ഒരു കൊച്ചു കുട്ടിയെപ്പോലെ ഞാൻ ഭാരമില്ലാതെ പാറി നടന്നു..
പണ്ടെപ്പോഴോ മൊട്ടിട്ട ആഗ്രഹങ്ങളും, അതിനായി ചിലവഴിച്ച അത്യാധ്വാനവുമൊക്കെ ഓർമ്മയുടെ പല കോണുകളിൽ നിന്നും വന്നു മിന്നിമറഞ്ഞു.
ബിസിനസ്.. വിപ്ലവം.. പ്രണയം.. എഴുത്ത്.. ഫിനാൻസ്.. യാത്രകൾ.. അങ്ങനെയെല്ലാം.. എല്ലാം എല്ലാം..
“ശരിയാണ്… ആഗ്രഹങ്ങൾ ചെറുതായിരുന്നില്ല.. വെറും ആഗ്രഹമല്ല അതിനൊപ്പം നിൽക്കുന്ന അറിവും ഹാർഡ് വർക്കും.. മനോഭാവവും..
ഒരിക്കൽ കയ്യിലിരുന്ന മാങ്ങയണ്ടി കാണിച്ചുകൊണ്ട് ഞാൻ അവളോട് ചോദിച്ചു..
“ഇത് എന്താണന്നറിയുമോ നിനക്ക്?”
“മാങ്ങയണ്ടി ”
“അല്ല”
“പിന്നെ”
“ഇതൊരു കാടാണ്..”
“നിനക്ക് വട്ടാ?”
“അതേടീ എനിക്ക് വട്ടാണ്.. മുഴുത്ത വട്ട്”
“ഞാൻ ഇത് ദാ അവിടെ കുഴിച്ചു വക്കും.. തടമെടുക്കും വളമിടും.. വെള്ളമൊഴിക്കും.. ഇതവിടെ കിടന്നു വളർന്നു മാങ്ങയുണ്ടായി അത് പഴുത്തു താഴെ വീണു അവിടെ കിടന്നു കിളിർത്തു.. അവിടെ വരുന്ന പക്ഷികൾ പാകുന്ന വിത്തിൽ മുളക്കുന്ന മറ്റുമരങ്ങളും കൂടെ വളർന്നു... അതിലും നിറയെ ഫലങ്ങൾ വന്ന് വീണ്ടും പഴുത്തു വീണു കിളിർത്തു വളർന്നു കിളിർത്തു ഒരു നൂറു വർഷം കൊണ്ട് ഇതൊരു വലിയ വനമാകും.. വലിയ വനം..”
“അപ്പൊ എന്റെ ഉള്ളം കയ്യിലിരിക്കുന്നത് നിനക്ക് വെറും മാവിൻകാ ആ യിരിക്കും.. പക്ഷേ.. എനിക്കിത് കാടാണ്. ഇടതൂർന്ന വനം..”
ഇതായിരുന്നു മനോഭാവം.
ഇടക്കെവിടെയോ ഇതൊക്കെ നഷ്ടപ്പെട്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.
ഒരിക്കൽ അയാൾ ചോദിച്ചു:
“ലോകത്തെ ഏറ്റവും വലിയ വേദന ഏതാണെന്നറിയുമോ നിനക്ക്?”
“ജീവിതത്തിൽ പരാജയപ്പെട്ടുപോയി എന്ന് തിരിച്ചറിയുന്നതാണ്…”
“പിടി വിട്ടാൽ പിന്നെ കിട്ടില്ല…”
അന്ന് അത് മനസിലായിരുന്നില്ല. പക്ഷെ ഇപ്പൊ അയാളുടെ വാക്കുകൾ എവിടെയോ തൊടുന്നപോലെ…
വണ്ടിയെടുത്ത് ഞാൻ വീട്ടിലേക്ക് പാഞ്ഞു.
ഫ്രിഡ്ജ് തുറന്ന് ഒരു കുപ്പി വെള്ളം ഒറ്റവിഴുക്കിന് കുടിച്ചു തീർത്തു.
എന്തോ ഒരു ഭയം പോലെ…
അയാളെയല്ല…
ജീവിതത്തെ.
കൂരിരുട്ട്…
വിജനമായ മലമുകളിലെ ഇരുൾ നിറഞ്ഞ മൊട്ടക്കുന്നുകളിലൊന്നിൽ, മുഖത്തും ദേഹമാസകലവും ചോരപ്പാടുകളോടുകൂടിയ മുറിവുകളുമായി, ഒരു തീപ്പന്തവും കയ്യിലേന്തി ഒറ്റയ്ക്ക് നിൽക്കുന്ന ഞാൻ…
മല കയറി വരുന്ന ഒരായിരം വേട്ടപ്പട്ടികളുടെ ശബ്ദം…
നെഞ്ചിലൊരു തീയാളുന്നു…
അണയാറായ തീപ്പന്തം ആഞ്ഞുവീശി, കാട്ടിലെ കുറ്റാക്കൂരിരുട്ടിലൂടെ എങ്ങോട്ടെന്നില്ലാതെ ഓടിയ ഞാൻ, ഒരു പൊട്ടാക്കിണറിൽ വീഴാതെ വേച്ചു നിൽക്കുമ്പോൾ,...
ആളിയലറിയൊരു തീനാളമായി കിണറിനുള്ളിൽ നിന്ന് പൊങ്ങി വന്ന അയാൾ എന്റെ മുന്നിൽ നിന്ന് കത്തുന്നു…
“ലോകത്തിലെ ഏറ്റവും വലിയ വേദന എന്താണെന്നറിയുമോ നിനക്ക്?”
“മരിച്ചാൽ പോലും നമ്മെ വേട്ടയാടുന്ന വേദന…???”
അയാൾ അലറിക്കൊണ്ട് ചോദിച്ചു.
ഞാൻ ഞെട്ടിയുണർന്നു.
“What happened, dear?”
ബെഡ്റൂമിലെ ലൈറ്റ് ഇട്ടുകൊണ്ട് അവൾ എന്റെ അടുത്തു വന്നിരുന്നു.
“അതെ.. സ്വപ്നങ്ങൾ നഷ്ടപ്പെടുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ വേദന…”
“സാരമില്ല.. നോവ് നല്ലതാണ്.. ക്ഷതം തിരിച്ചറിയുന്നതിന്റെ ലക്ഷണമാണത്..
ഒരു നല്ല ലക്ഷണം..”
അവൾ എന്നെ പിറകിൽ കൂടി വന്ന് കെട്ടിപ്പിടിച്ചുകൊണ്ട് ചോദിച്ചു..
“അന്ന് നീ പറഞ്ഞ ആ കഥ നിനക്കോർമ്മയുണ്ടോ?”
“ഏത്..?”
“ആ കാടിന്റെ കഥ..?”
“ഉം…” ഞാൻ മൂളി.
“എനിക്കറിയാം.. നിന്റെ ചിന്തയിലുള്ളത്ര കാട് ഒരു വനത്തിലുമുണ്ടാവില്ലന്ന്.. അവിടെ പൂക്കാത്ത പൂവില്ലന്നും.. നീയതിലെ മൃഗമാണന്നും...”
“മരിച്ചയാൾ വെളിയിലുള്ള പോലെ..”
ഞാൻ ജനലഴികളിലൂടെ പുറത്തേക്ക് നോക്കി.. പുറത്ത് പുലരി തെളിഞ്ഞിരുന്നു.. പൂത്തു നിൽക്കുന്ന തബൂബിയ റോസിന്റെ ശിഖരത്തിനു മുകളിൽ അയാളുടെ രൂപം ഞാൻ കണ്ടു. പറന്നടുത്ത അയാളുടെ ശവക്കച്ച പിടിച്ചു അയാൾക്കൊപ്പം ഞാൻ താഴേക്ക് ഊർന്നിറങ്ങി. അയാളുടെ മരണം പതഞ്ഞ മഞ്ഞക്കണ്ണുകൾ അവിടെയാരെയോ പരതുന്നുണ്ടായിരുന്നു.
താഴെ കാർ പാർക്കിങ്ങിലെ ആളൊഴിഞ്ഞ നിശ്ശബ്ദതയിൽ ചേർന്ന് നിന്നു ഞാൻ അയാളുടെ ചേറ് നാറുന്ന ചെവിയിൽ ചുണ്ട് ചേർത്ത് ചോദിച്ചു..
“ഇനി പറ.. നീ എങ്ങിനെയാണ് തോറ്റത്??”
അയാൾ പറഞ്ഞു തുടങ്ങി..
“എന്റെ മരണത്തിനു 16 നാഴിക മുൻപ്......”........... "..."
Ph- +91 953300101