Image

നിശേഷ് ബാസവറെഡ്ഡി പൊരുതിത്തോറ്റു

സ്‌പോര്‍ട്‌സ് ലേഖകന്‍ Published on 28 May, 2026
നിശേഷ് ബാസവറെഡ്ഡി പൊരുതിത്തോറ്റു

ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസിന്റെ പുരുഷ സിംഗിള്‍സ് ആദ്യ റൗണ്ടില്‍ അട്ടിമറി നടത്തിയ, യു.എസി.ന്റെ ഇന്ത്യക്കാരനായ കളിക്കാരന്‍ നിശേഷ് ബാസവറെഡ്ഢി രണ്ടാം റൗണ്ടില്‍ പൊരുതിത്തോറ്റു. ലോക റാങ്കിങ്ങില്‍ 148 മാത്രമായ നിശേഷ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായാണ് ഫ്രഞ്ച് ഓപ്പണിന് എത്തിയത്. ആദ്യ റൗണ്ട് എതിരാളിയാകട്ടെ യു.എസി.ന്റെ തന്നെ ഏഴാം സീഡ് ടെയ്‌ലര്‍ ഫ്രിറ്റ്‌സും. നാലു സെറ്റ് നീണ്ട മത്സരത്തില്‍ ഇരുപത്തൊന്നുകാരന്‍ നിശേഷ് അഭ്ഭുത വിജയം നേടി(7-6,7-6,6-7,6-1).

ക്ലേ കോര്‍ട്ട് വിദഗ്ദ്ധനെങ്കിലും ഇരുപത്തെട്ടുകാരന്‍ ടെയ്‌ലര്‍ ഫ്രിറ്റ്‌സ് കാല്‍മുട്ടിലെ പരുക്കുമൂലം രണ്ടു മാസത്തോളം മത്സര രംഗത്തില്ലായിരുന്നു. പക്ഷേ, അത് നിശേഷിന്റെ വിജയത്തിന്റെ മാറ്റ് കുറയ്ക്കുന്നില്ല. മൂന്നാം സെറ്റ് നഷ്ടപ്പെടുത്തിയ നിശേഷ് നാലാം സെറ്റില്‍ സമ്പൂര്‍ണ ആധിപത്യമാണ് പ്രകടിപ്പിച്ചത്. രണ്ടാം റൗണ്ടില്‍ യു.എസിന്റെ തന്നെ അലക്‌സ് മിക്കെല്‍സണ്‍ ആണ് നിശേഷിനെ പരാജയപ്പെടുത്തിയത്(7-6, 6-3, 3-6, 6-3). ഒരു സെറ്റ് നേടാന്‍ നിശേഷിനു സാധിച്ചു. ഈ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണിലും നിശേഷ് രണ്ടാം റൗണ്ടില്‍ കടന്നിരുന്നു.

നെല്ലൂരില്‍ നിന്ന് 1999 ല്‍ യു.എസില്‍ എത്തിയതാണ് റെഡ്ഢി കുടുംബം. കാലിഫോര്‍ണിയയില്‍ ആണ് നിശേഷ് ജനിച്ചത്. 2024 ല്‍ പ്രഫഷണല്‍ ടെന്നിസില്‍ എത്തി. പോയ വര്‍ഷം വിമ്പിള്‍ഡനിലും യു.എസ് ഓപ്പണിലും മത്സരിച്ചിരുന്നെങ്കിലും ആദ്യ റൗണ്ടില്‍ പരാജയപ്പെട്ടിരുന്നു. ഇക്കുറി ഫ്രഞ്ച് ഓപ്പണിലെ ആദ്യ റൗണ്ട് വിജയം നിശേഷിന് വലിയ പ്രചോദനമായി. ശ്രദ്ധേയമായ വിജയം.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക