Image

മുട്ടത്തു വർക്കി, 37-ാം ഓർമ്മദിനം,: ആർ. ഗോപാലകൃഷ്ണൻ

Published on 28 May, 2026
മുട്ടത്തു വർക്കി, 37-ാം ഓർമ്മദിനം,: ആർ. ഗോപാലകൃഷ്ണൻ

'പാടാത്ത പൈങ്കിളി' പോലുള്ള നിരവധി കൃതികളിലൂടെ മനുഷ്യ ഗാഥകൾ പാടുകകയും പറയുകയും ചെയിതു, മലയാളികളെ ആനന്ദിപ്പിച്ച പ്രിയപ്പെട്ട 'പൈങ്കിളി'... 'പൈങ്കിളി സാഹിത്യ'മെന്ന എന്ന ഒരു സാഹിത്യ വിഭാഗത്തിന് തന്നെ നാന്ദിയായ എഴുത്തുകാരൻ!    

"സാധാരണക്കാരായ മലയാളിക്ക് വായനയുടെ വാതായനങ്ങള്‍ തുറന്നിട്ട അനശ്വരപ്രതിഭയാണ് മുട്ടത്തു വര്‍ക്കി."

- കേസരി

"സാഹിത്യ ലോകത്തിലേക്ക് മലയാളികളെ നയിച്ച ആദ്യപടി മുട്ടത്തുവര്‍ക്കിയാണ്. മുട്ടത്തു വര്‍ക്കിയെ വായിച്ചതിന് ശേഷമാണ് മലയാളി തകഴിയിലേക്കെത്തിയത്."

-എൻ.വി. കൃഷ്ണവാര്യർ

'മുട്ടത്തുവർക്കി അവാർഡ്' നേടിയ ആദ്യത്തെ മൂന്നുപേർ: 1992- ഒ.വി. വിജയൻ; 1993- വൈക്കം മുഹമ്മദ് ബഷീർ; 1994- എം.ടി. വാസുദേവൻ നായർ. (അക്കാലത്തെ, അവാർഡ് തുക: 33333 രൂപ ആയിരുന്നു; അക്കാലത്ത് അതൊരു വലിയ തുക തന്നെയായിരുന്നു.) 

നാലഞ്ച് പതിറ്റാണ്ടുകൾക്കു മുമ്പ് മുട്ടത്തു വർക്കിയെ പോലുള്ള എഴുത്തുകാരെ ക്കുറിച്ചു വരേണ്യ സാഹിത്യ നായകന്മാർക്കുണ്ടായിരുന്ന പരമപുഛം ഒട്ടൊക്കെ മാറ്റിയെടുക്കുവാൻ 'മുട്ടത്തുവർക്കി അവാർഡും' അതു നേടിയവരുടെ പ്രസംഗങ്ങളും സഹായിച്ചു.

മുട്ടത്തു വർക്കിയെ 'ഒരു കുടയും കുഞ്ഞുപെങ്ങളും' എന്ന നോവലിലൂടെയാണ് ഞാൻ പരിചയപ്പെടുന്നത്. ആറാം ക്ലാസ്സിൽ ഉപപാഠ പുസ്തകമായിരുന്നു അത്. പിന്നീട് മുട്ടത്തു വർക്കിയുടെ പല നോവലുകകളും വായിച്ചിട്ടുണ്ടങ്കിലും, ആറാം ക്ലാസ്സുകാരന് 'ഒരു കുടയും കുഞ്ഞുപെങ്ങളും' ഇഷ്ട്ടമായതു പോലെ മറ്റൊന്നും തോന്നിയില്ല.

മുട്ടത്തു വർക്കിയെ വായിച്ചതുപോലെ അദ്ദേഹത്തിൻറെ കഥകളെ അടിസ്ഥാനമാക്കിയുള്ള സിനിമകളും കണ്ടിട്ടുണ്ട്. 'കരകാണാക്കടൽ' ആണ് അവയിൽ ഏറ്റവും മികച്ചത്. പ്രശസ്ത സംവിധായകൻ കെ.എസ്. സേതുമാധവൻ ആയിരുന്നു അത് സിനിമാക്കിയത്. ബോറിസ് പാസ്റ്റര്‍നാക്കിൻ്റെ 'ഡോക്ടര്‍ ഷിവാഗോ' മുട്ടത്തു വർക്കി ഭാഗിയായി പരിഭാഷപ്പെടുത്തിയത് ചെറുപ്പത്തിലേ വായിക്കാൻ ഇടവന്നിട്ടുണ്ട്. (ജേഷ്ടന് സ്കൂളിൽ നിന്ന് സമ്മാനമായി ഇത് കിട്ടിയത് മൂലം പുസ്‌തകം വീട്ടിലുണ്ടായിരുന്നു.) 

ചങ്ങനാശ്ശേരിയിലെ ചെത്തിപ്പുഴയിൽ മുട്ടത്തു മത്തായിയുടേയും അന്നമ്മയുടേയും ഒൻപതു മക്കളിൽ നാലാമനായി 1915 ഏപ്രിൽ 28-നാണ് മുട്ടത്ത് വർക്കി ജനിച്ചത്.

ചങ്ങനാശ്ശേരി എസ്.ബി. കോളേജിൽ നിന്നു സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം ചങ്ങനാശ്ശേരി എസ്.ബി. ഹൈസ്കൂളിൽ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് അദ്ധ്യാപകവൃത്തികൊണ്ട് കുടുംബം പുലർത്താൻ കഴിയില്ല എന്നു വന്നപ്പോൾ അല്പംകൂടി ഭേദപ്പെട്ട ശമ്പളം പ്രതീക്ഷിച്ച് കൂടിക്കലിലെ തടിഫാക്ടറിയിൽ കണക്കെഴുത്തുകാരനായി. കുറച്ചു നാൾ എം.പി. പോളിന്റെ ട്യൂട്ടോറിയലിൽ പഠിപ്പിച്ചു.

പിന്നീട്, 'ദീപിക' പത്രാധിപ സമിതിയിൽ ജോലിചെയ്തു. 1947-50 കാലത്ത് 'ദീപിക' ആഴ്ചപ്പതിപ്പിലാണ് വർക്കി തുടങ്ങിയത്.1950 മുതൽ 1976 വരെ അദ്ദേഹം 'ദീപിക' പത്രത്തിന്റെ പത്രാധിപസമിതിയിൽ ഉണ്ടായിരുന്നു. പിന്നെ വാരാന്തപ്പതിപ്പില്‍ 79-80 കാലം വരെ തുടര്‍ന്നു. 

'ദീപിക'പത്രത്തിലെ 'നേരും നേരമ്പോക്കും' എന്ന പംക്തി എഴുതിയിരുന്നത് അദ്ദേഹമായിരുന്നു.  'നേരും നേരമ്പോക്കും' പംക്തി അദ്ദേഹം 'ജിന്‍' എന്ന പേരിലാണ്  എഴുതിയിരുന്നത്. ആക്ഷേപഹാസ്യ രീതിയിലുള്ള രാഷ്ട്രീയ വിമർശനങ്ങളാണ് ഈ പംക്തിയിലൂടെ നിര്‍വഹിച്ചിരുന്നത്.

'ആത്മാഞ്ജലി' എന്ന ഖണ്ഡകാവ്യമാണ് മുട്ടത്തു വർക്കിയുടെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യകൃതി. അതിനു അവതാരിക എഴുതിയ എം.പി. പോൾ ആണ് വർക്കിയെ ഗദ്യമേഖലയിലേക്ക് തിരിച്ചു വിട്ടത്.

81 നോവലുകൾ, 16 ചെറുകഥാ സമാഹാരങ്ങൾ, 12 നാടകങ്ങൾ, 17 വിവർത്തന കൃതികൾ, 5 ജീവചരിത്രങ്ങൾ എന്നിവയടക്കം അനേകം കൃതികൾ എഴുതി; ഇരുന്നൂറോളം എന്നൊരു കണക്കും വായിച്ചിട്ടുണ്ട്. മദ്ധ്യകേരളത്തിലെ സാധാരണക്കാരുടെ ജീവിതം ഹൃദയാവർജ്ജകമായി ആവിഷ്കരിച്ചു, മുട്ടത്തു വർക്കി. ആ കാലഘട്ടമാകു മ്പോഴേക്ക് മദ്ധ്യകേരളത്തിലെ ജനങ്ങളിൽ നിന്ന് ഗണ്യമായ ഒരു വിഭാഗം ഉത്തര കേരളത്തിലേക്ക് കുടിയേറിയിരുന്നു എന്നതു കൊണ്ട് ഈ ജീവിത പരിസരം കേരളത്തിൻ്റെ തെക്കും അതുപോലെ വടക്കും ഒട്ടൊക്കെ പരിചിതമായിരുന്നു. ഈയൊരു കാലഘട്ടത്തിലെ മലയാളി ജീവിതം ലളിതവും സുന്ദരവും ഋജുവുമായ ഭാഷയിൽ ആവിഷ്കരിച്ച എഴുത്തുകാരനായിരുന്നു മുട്ടത്തുവർക്കി.

മുട്ടത്തുവർക്കിയുടെ 26 നോവലുകൾ ചലച്ചിത്രങ്ങളായിട്ടുണ്ട്. എല്ലാം തന്നെ തിയേറ്ററുകൾ നിറഞ്ഞോടിയ ചിത്രങ്ങളായിരുന്നു താനും. ആദ്യമായിട്ട് ചലച്ചിത്രമാകുന്നത് 'പാടാത്ത പൈങ്കിളി' എന്ന രചനയാണ്; മെരിലാൻഡ് സ്റ്റുഡിയോയിൽ ചിത്രീകരിച്ച ഈ ചിത്രം 1957 മാർച്ച് 23-ന് പ്രദർശനം തുടങ്ങി.

പ്രേംനസീർ, മിസ് കുമാരി എന്നിവർ അവിസ്മരണീയമാക്കിയ 'പാടാത്ത പൈങ്കിളി'യും സത്യൻ അഭിനയിച്ച 'കരകാണാക്കടലും', മമ്മൂട്ടി നായകനായ 'കോട്ടയം കുഞ്ഞച്ചനും' എടുത്തു പറയേണ്ട സിനിമകളാണ്. 'ഇണപ്രാവുകൾ', 'വെളുത്ത കത്രീന', 'ലോറാ നീ എവിടെ?', 'പ്രിയമുള്ള സോഫിയ', 'അഴകുള്ള സെലീന', 'മൈലാടുംകുന്ന്', 'ലൈൻ ബസ്' തുടങ്ങിയവയെല്ലാം വൻ ബോക്സ് ഓഫീസ് വിജയം നേടി.

ഒരു എഴുത്തുകാരൻ്റെ 26 നോവലുകൾ ചലച്ചിത്രമാകുക എന്നു പറയുമ്പോൾ, ആ നോവലിസ്റ്റിന്റെ അക്കാലത്തെ പൊതു സ്വീകാര്യതയാണ് അത് വെളിവാക്കുന്നത്.....

മുട്ടത്തുവർക്കിയുടെ ജനനം, ഏപ്രിൽ 28 (1913) ആണ്; നിര്യാണം മറ്റൊരു 28-ന്: 1989 മേയ് 28-ന് ! 

'മുട്ടത്തു വർക്കി'യെക്കുറിച്ചുള്ള ഇക്കാര്യങ്ങൾ നിങ്ങൾക്കറിയാമോ?

മുട്ടത്തു വർക്കി കഥയും തിരക്കഥയും രചിച്ച 'പാടാത്ത പൈങ്കിളി' എന്ന ചലച്ചിത്രത്തിന് പ്രസിഡന്റിൻ്റെ വെള്ളിമെഡൽ (1957) ലഭിച്ചു.

നോബൽ സമ്മാനം ലഭിച്ച ബോറിസ് പാസ്റ്റർ‍നാക്കിൻ്റെ 'ഡോക്ടർ‍ ഷിവാഗോ' മുഖ്യ കൃതി മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയത്‌ മുട്ടത്തു വർക്കിയാണ്.

1958 കാലത്ത് എ. സി. എ. സി. (ആൻറി കമ്യൂണിസ്റ്റ് ആർട്സ് ക്ലബ്) എന്ന നാടക സമിതിക്ക് വേണ്ടി വിമോചന സമര പ്രചനത്തിനായി അരങ്ങേറിയ 'ഞങ്ങൾ വരുന്നു' എന്ന നാടകം മുട്ടത്തു വർക്കി എഴുതിയതാണ്.

മുട്ടത്തു വർക്കിയുടെ മരണശേഷം ഇറങ്ങിയ 'കോട്ടയം കുഞ്ഞച്ചൻ' (ഡെന്നിസ് ജോസഫ്) എന്ന സിനിമയുടെ കഥ വർക്കിയുടെ 'വേലി' എന്ന നോവൽ ആണ്.


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക