
കുമ്മായപ്പുര ദേശചരിത്ര ചുവരിൽ ഇനിയും മാഞ്ഞുപോകാത്ത കാലത്തിന്റെ നീലംമുക്കിയ ചുവരെഴുത്താണ്. നാടുനീങ്ങിയ നാട്ടുസാങ്കേതിക വിദ്യയുടെ പേരുതന്നെ ദേശചരിത്രത്തിലെ മങ്ങിയ ചുവരെഴുത്താക്കിയ മണർകാട്ടെ കുമ്മായപ്പുര വീടിന്റെ കഥ
വാർഷിക കായികമത്സര പിറ്റേന്ന് ആളൊഴിഞ്ഞ സ്കൂൾ കളിക്കളത്തിലെ മങ്ങിയ കുമ്മായവരകൾപോലെ മണർകാട്ടെ കുഞ്ഞിന്റെ കുമ്മായപ്പുര എന്റെ ഓർമ്മയിൽ തെളിയുന്നു.
കോട്ടയത്തുനിന്ന് കെ കെ റോഡിലൂടെ വരുമ്പോൾ മണർകാട് കവലക്കു തൊട്ടുമുമ്പ് വഴിക്കു വടക്കായിരുന്നു കുമ്മായപ്പുരയിലെ കുഞ്ഞിന്റെ വീട്. വഴിക്കിപ്പുറത്ത് മരിച്ചവർക്കു ശവക്കല്ലറക്കു മുകളിൽ നാട്ടാനുള്ള കുരിശും മരണംകുറിച്ച കറുത്ത കല്ലുകളും വിൽക്കുന്ന കടയ്ക്കടുത്തു തന്നെയാണ് ഇപ്പോൾ നാട്ടുകാർക്ക് കള്ളും വിദേശമദ്യവും വിളമ്പുന്ന ഷാപ്പും വലിയ ഹോട്ടലും.
നഗരങ്ങളിൽപോലും ഓട്ടോറിക്ഷകൾ അപൂർവ്വമായിരുന്ന ആ പഴയകാലത്ത് നാട്ടുകവലയിലെ ആദ്യ ടാക്സിക്കാരിലൊരാളായിരുന്നു കുഞ്ഞ്. അരീപ്പറമ്പിൽ പ്ലാക്കിയിൽ കുഞ്ഞമ്മ കുഞ്ഞിന്റെ ഭാര്യ.1972 ഓഗസ്റ്റിലായിരുന്നു കുഞ്ഞിന്റെയും കുഞ്ഞമ്മയുടെയും കല്യാണം.
പണ്ട് കുമ്മായപ്പുര ഇരുന്ന പറമ്പിന്റെ തെക്കു പടിഞ്ഞാറെ മൂലയിൽ ഇപ്പോൾ കുഞ്ഞിന്റെ ഇളയമകൻ ബിനോയിയുടെ ഇരുനില വീട്. വീടിന്റെ തെക്കു പടിഞ്ഞാറെ മൂലയിൽ സ്വന്തം കടമുറി. കുഞ്ഞിന്റെ മൂത്തമകൻ ബെന്നി പണ്ടേ ചരിത്രപുരുഷൻ. ഇത്തിരിക്കാലം പാറേൽ ബെന്നിയുടെ വക്കീലും ഫ്ളാറ്റിലെ താമസക്കാരിയുമായിരുന്ന കുന്നംകുളത്തു നിന്നെത്തിയ എഴുത്തുകാരിയുടെ കോട്ടയം ഡയറിയിലെ കഥപറച്ചിലുകാരായ ഓട്ടോ ഡ്രൈവർമാരിൽ ഒരാൾ. ബെന്നിക്കു ഒരു മകൻ. ബിനോയിക്ക് ഒരു മകനും മകളും. സ്വന്തം മിനി ലോറിയിൽ വീടുകളിലും ടാങ്കുകളിലും കുടിവെള്ളം വിതരണം ചെയ്യാൻ ബിനോയി പോകുമ്പോൾ അമ്മയോ ഭാര്യയോ കടയിലിരിക്കും.
കുമ്മായപ്പുര ദേശചരിത്ര ചുവരിൽ ഇനിയും മാഞ്ഞുപോകാത്ത കാലത്തിന്റെ നീലംമുക്കിയ ചുവരെഴുത്താണ്. അരനൂറ്റാണ്ടോളം നാടിന്റെ വെട്ടുകല്ലിൽ തീർത്ത ചുവരുകൾ കെട്ടിഉയർത്താനും വെള്ളതേപ്പിക്കാനും ഇടക്കിടെ വെള്ളപൂശാനും കുമ്മായക്കൂട്ടൊരുക്കിയ കുമ്മായപ്പുര. വെറ്റിലമുറുക്കുകാർക്ക് കൂവയിലയിൽ വാഴനാരിട്ടുകെട്ടി ദീർഘചതുരാകൃതിയിൽ ചുണ്ണാമ്പു കെട്ടൊരുക്കിയ വീട്.
കുമ്മായപ്പുര എന്നും എനിക്ക് സ്വപ്നസഞ്ചാരങ്ങളുടെയും ഇടം. വായനക്കാലത്തെന്നോ കൂടെക്കൂടിയ മാർക് ട്വയിനിന്റെ ടോം സോയറിന്റെയും ഹക്കിൾബറി ഫിനിന്റെയും സാഹസകഥകളിലെ കഥാപാത്രങ്ങളെ ചിലപ്പോൾ കുമ്മായപ്പുരയിലേക്കു ചുമ്മാ കൂട്ടിക്കൊണ്ടുവരും. എന്നിട്ട് പോളി മുത്തശ്ശിയുടെ പത്രാസും മൂക്കിൻതുമ്പിൽ വലിച്ചുതാഴ്ത്തിവെച്ച വട്ടക്കണ്ണടയും അതിലൂടെയുള്ള ആ നോട്ടവും കുഞ്ഞിന്റെ അമ്മ മറിയാമ്മക്കുമുണ്ടോ എന്ന് കിനാവുകാണാൻ നോക്കും. മരത്തിന്റെ പുറംപൊളികൊണ്ടു നിർമിച്ച ആ കൂറ്റൻ മുളവേലിയും അത് വെള്ളപൂശാൻ മുത്തശ്ശിയേൽപ്പിച്ച കുമ്മായതൊട്ടിയുമായി നിൽക്കുന്ന ടോമിനെയും കുമ്മായപ്പുരയിൽ തിരയും. ആളെക്കിട്ടിയാലും ഇല്ലെങ്കിലും പൊട്ടിച്ചിരിക്കും.
എൻബിടിക്കായി സുഹൃത്ത് കവി അൻവർ അലി പരിഭാഷപ്പെടുത്തിയ കൊച്ചു ടോടോ ചാന്റെ വികൃതിക്കഥകൾക്കിടയിൽ കഴുത്തോളം കുമ്മായം (പോലൊരു പൊടിയിൽ) മൂടികിടക്കുന്ന ടോടോച്ചാനെ ഞാനെന്റെ ഒപ്പം കൂട്ടി. കുമ്മായപ്പുരയിലെ കുമ്മായപ്പൊടി കൈവിരലുകളിൽ കുത്തിയിളക്കി തല്ലുവാങ്ങുന്നതും കുമ്മായച്ചൂളയിൽ കനലെരിയുന്നതറിയാതെ ചാടി കാലുപൊള്ളിക്കുന്നതുമൊക്കെ ഒത്തിരിക്കാലം സ്വപ്നംകണ്ടു സുഖിച്ചിട്ടുമുണ്ട്. ആണ്ടറുതി ദിനത്തിൽ രാവിലെ അൻവർ തിരുത്തുന്നതുവരെ ഞാൻ ടോടോ ചാനൊപ്പം കുമ്മായപ്പൊടിയിലും കളിച്ചിരുന്നു.
കുമ്മായചൂളപോലെ കക്ക, നീറ്റുകക്ക, കുമ്മായം, കുമ്മായപ്പുര, കുമ്മായത്തൊട്ടി, ഇടിമന്ത്, തേപ്പ്, വെള്ള പൂശൽപോലെ കേരളത്തിൽ നിലനിന്ന ഈ നാട്ടുസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട പദങ്ങളിൽ ചിലതും പുതിയ തലമുറയിലെ ചിലർക്കെങ്കിലും അപരിചിതം ആയിരിക്കും.

വര : സലിമോൻ
ലൈം എന്ന ചുണ്ണാമ്പു കല്ലിന്റെ ഇംഗ്ലീഷ് വാക്കിൽ നിന്നല്ലേ ലൈം ലൈറ്റ് (limelight) എന്ന വാക്കിന്റെ പിറവി. പുരാതന നാടകങ്ങളിൽ രംഗങ്ങളെ ഭാവതീവ്രമാക്കിയ ചുണ്ണാമ്പുകല്ലിൽ തീർത്ത പ്രകാശസ്രോതസ്സ് തന്നെ ശ്രദ്ധാകേന്ദ്രത്തിന്റെ ഇംഗ്ലീഷ് വാക്കാവുന്നു.
ചുണ്ണാമ്പുകല്ല്, കക്കകൾ എന്നിവ ചൂളകളിൽ വലിയ ചൂടിൽ സംസ്കരിക്കുമ്പോൾ വിഘടിപ്പിക്കുന്നതാണ് നീറ്റുകക്ക (കാൽസ്യം ഓക്സൈഡ്, CaO). സ്ഥിരത ഒട്ടുമില്ലാത്ത നീറ്റുകക്ക ജലവുമായി ചേരുമ്പോൾ ജലത്തിന്റെ അളവിനൊപ്പം അത് കുമ്മായമോ ചുണ്ണാമ്പോ (കാൽസ്യം ഹൈഡ്രോക്സൈഡ്, Ca(OH)2) ആകുന്നു. കൃഷിയ്ക്കും വ്യാവസായിക ആവശ്യങ്ങൾക്കും മാത്രമല്ല വെറ്റില മുറുക്കിനും ചുണ്ണാമ്പ് ഉപയോഗിക്കുന്നു.
കക്ക നീറ്റിയെടുക്കുമ്പോൾ ലഭിക്കുന്ന വെളുത്ത പൊടിയായ കുമ്മായം ഒരു കാലത്ത് ചാന്തുകൂട്ടാനും വെള്ളപൂശാനും മറ്റും ഉപയോഗിച്ചിരുന്ന അസംസ്കൃത പദാർത്ഥമായിരുന്നു. കുമ്മായത്തിനായി കക്ക നീറ്റുന്ന സ്ഥലമാണ് കുമ്മായച്ചൂള. കുമ്മായവും മണലും ബലവും ആയുസ്സും കൂട്ടാനുള്ള പ്രത്യേക വസ്തുക്കളും (തുരിശ്, പഞ്ചസാര/ശർക്കര... പോലെ) ആണ് കുമ്മായക്കൂട്ടിലെ ചേരുവകൾ. ആദ്യം ദീർഘചതുരാകൃതിയിലുള്ള കുമ്മായകുഴികളിൽ നല്ലപോലെ ഇളക്കിയും പിന്നെ കോണാകൃതിയിൽ നീണ്ട ഭാരമുള്ള ഇടിമന്തുകൊണ്ട് ഇടിച്ചും പിന്നെ വെള്ളം ചേർത്തു കുഴച്ചും നിശ്ചിതദിവസം കൂട്ടിയിട്ടും വീണ്ടും കുഴച്ചുമാണ് കുമ്മായക്കൂട്ടൊരുക്കുക. കുമ്മായക്കൂട്ടിൽ ആവശ്യത്തിന് വെള്ളം ചേർത്തുകുഴച്ചാണ് തേക്കാനുള്ള ചാന്തുണ്ടാക്കുക.
മൂന്നു തലമുറമുമ്പ് കുഞ്ഞിന്റെ അപ്പൻ പൂതിരിക്കൽ ആലവേലിൽ കുഞ്ഞപ്പിയുടെയും ഭാര്യ മറിയാമ്മയുടെയും കാലത്താണ് മണർകാട്ടെ കുമ്മായപ്പുരയുടെ തുടക്കം. കക്കാ കിട്ടുന്നിടത്തു കഷ്ടപ്പെട്ടുപോയി വാങ്ങി സ്വന്തമായി രൂപകല്പന ചെയ്തു വികസിപ്പിച്ച ചൂളയിൽ നീറ്റിയായിരുന്നു ഒത്തിരിക്കാലം നീറ്റുകക്കയുടെയും കുമ്മായത്തിന്റെയും ചുണ്ണാമ്പിന്റെയും കച്ചവടം നടത്തിയത്. ആദ്യം മണർകാട്-പാലാ റോഡിൻറെ തുടക്കത്തിൽ കണ്ണമ്പുറം തോടിനു തൊട്ടുചേർന്നായിരുന്നു വീടും കുമ്മായപ്പുരയും. കെ കെ റോഡരുകിൽ ചെമ്മാത്തുകാരുടെ വീടിനെതിരെ കുന്നത്തിച്ചേരയിലെ അപ്പച്ചിയുടെ 10 സെൻറ് സ്ഥലം വാങ്ങി അവിടെ വീടുവച്ചപ്പോൾ അടുത്തുതന്നെ ചൂളയും കുമ്മായപ്പുരയും ഒരുക്കി. 1953 ൽ കുഞ്ഞപ്പി മരിക്കുന്നത് ഈ വീട്ടിൽ വച്ചായിരുന്നു. കുഞ്ഞപ്പിക്കും മറിയമ്മക്കും രണ്ടുകെട്ടിൽ മക്കളായി നാലാണും മൂന്നു പെണ്ണും.
കുഞ്ഞപ്പിയുടെ മരണശേഷം മറിയാമ്മയായിരുന്നു മൂന്നു പതിറ്റാണ്ടു കാലത്തോളം കുമ്മായപ്പുരയുടെ നടത്തിപ്പുകാരി. കുമരകത്തുനിന്നു കക്ക കൊണ്ടുവന്നിരുന്നതു ആദ്യം വള്ളത്തിൽ. പിന്നെ കാളവണ്ടിയിലും പിടിവണ്ടിയിലും. അവസാന കാലത്ത് മോട്ടോർ വാഹനങ്ങളിൽ.
വണ്ടിയിൽ വഴിക്കരികിൽ ഇറക്കുന്ന കക്ക പണിക്കാർ ചുമന്നു കക്കാപ്പുരയിൽ കൊണ്ടിടും. തീ പിടിപ്പിക്കാൻ ആവശ്യമുള്ളത്ര നല്ല ഉണങ്ങിയ തൊണ്ടും ചിരട്ടക്കരിയും നേരത്തെതന്നെ അമ്മ കരുതിയിരിക്കും. തൊണ്ടു വാങ്ങുന്ന തേങ്ങാ അട്ടികളിൽനിന്നും ചിരട്ടയും വാങ്ങി അവിടെത്തന്നെ കൂനകൂട്ടിയാവും മിക്കവാറും ചിരട്ടക്കരി തയ്യാറാക്കുക. കക്കയും ചിരട്ടക്കരിയുംകൂടി നന്നായി ഇളക്കി ചൂളയിൽ നിറക്കും. ഒരു തവണ ചൂളയിൽ നീറ്റാനുള്ള കക്ക, അടിയിൽ നിരത്താനുള്ള തൊണ്ട്, കൂട്ടിയിളക്കാനുള്ള ചിരട്ടക്കരി ഇവക്കൊക്കെ മറിയാമ്മക്ക് കൃത്യമായ കണക്കുണ്ട്.
കുമ്മായപ്പുരയും ചൂളയും വ്യത്യസ്തമായ കാഴ്ച. ആശാരിക്കുന്നിൽ പണ്ടേ കണ്ടിട്ടുള്ള കൊല്ലൻ കുട്ടപ്പന്റെ പഴയ ഉലയുടെ ഇത്തിരി പരിഷ്കരിച്ച ലേശം വലിയ പതിപ്പ്. എട്ട് വെട്ടുകല്ല് തൂണിൽ ഇരുവശങ്ങളും ചാർത്തുകളുമായി ആദ്യം ഓലമേഞ്ഞ കുമ്മായപ്പുര പിന്നീടെപ്പൊഴോ മേച്ചിലോട്ടിട്ടു. ചുളയുടെ മുകളിൽ മാത്രം മേൽക്കൂര മറ്റിടങ്ങളിൽനിന്നും അല്പം ഉയരത്തിലാണ്. ഇരു മേൽക്കൂരകൾക്കുമിടയിലെ വലിപ്പമുള്ള വിടവ് വായുസഞ്ചാരം സുഗമമാക്കും. ചൂളക്കു തീയിടുമ്പോളുള്ള ചൂടും പുകയും തങ്ങിനിൽക്കാതിരിക്കാനുള്ള സംവിധാനമാണിത്.
കുമ്മായപ്പുരയുടെ ഇരുവശത്തുമുള്ള ചാർത്തുകളുടെ നടുവിൽ നാലുതൂണുകളുടെ ഇടയിലാണ് കുമ്മായച്ചൂള. നിലനിരപ്പിൽനിന്ന് ഉദ്ദേശം രണ്ടടി പൊക്കത്തിൽ ഒരുമൂന്നു കിണറിന്റെ വാവട്ടത്തിൽ. താഴേക്ക് കോണാകൃതിൽ വട്ടം കുറഞ്ഞുകുറഞ്ഞു നിലനിരപ്പിൽനിന്നും രണ്ടടി താഴെ ചൂളയുടെ അടിയിലെത്തുമ്പോൾ ഏതാണ്ട് സാധാരണ കിണറിന്റെ ചുറ്റളവുമാത്രം.
വലത്തെ ചാർത്തിൽ രണ്ടു കുമ്മായക്കുഴികൾ. ഇടത് വശത്തെ ചാർത്തിൽ കറക്കാൻ കൈപിടിയുള്ള ചക്രവും നടുക്കുള്ള റിംഗിന്റെ തൊട്ടുപുറത്ത് ചൂളയിൽ പടർത്താനുള്ള കാറ്റുതീർക്കുന്ന കാറ്റാടി യന്ത്രവും. ചക്രത്തിലെ കറക്കം കാറ്റാടിയിലെത്തുക രണ്ടിനെയും ചുറ്റിയുള്ള കയറുകളുടെ കറക്കത്തിലൂടെയാണ്.
കാറ്റാടിയിൽനിന്നും കുഴമണ്ണുപൊത്തി ചാണകം മെഴുകി വെടിപ്പാക്കിയ കുഴലിലൂടെത്തുന്ന കാറ്റിനെ ചുളയുടെ നാലുപാടും ഒരുപോലെ എത്തിക്കുന്ന ഇരുമ്പിൽതീർത്ത സംവിധാനം റിംഗിന്റെ ഒത്തനടുക്കാണ്.
നിലനിരപ്പിൽനിന്നു വെട്ടുകല്ലുകെട്ടി അകവും പുറവും മണ്ണുതേച്ചുമിനുക്കി ചാണകം മെഴുകി തയ്യാറാക്കിയ ചൂളകൾ ചൂടിൽ വിണ്ടുകീറുന്നതിനാൽ നിരന്തരം മണ്ണുപൊത്തിയും ചാണകം മെഴുകിയും സംരക്ഷിച്ചിരുന്നു.
ചൂളയുടെ ഏറ്റവും അടിയിൽ ഉണങ്ങിയ തൊണ്ട് മലർത്തി അടുക്കും. അതിനുമുകളിൽ ചിരട്ടക്കരിയും കക്കയും കൂട്ടി ഇളക്കിയ മിശ്രിതം നിരത്തും. തീയിട്ടു കഴിയുമ്പോൾ ആ പണി നന്നായി അറിയാവുന്ന ആളുനിന്നു ചക്രം കറക്കും. കാറ്റിന്റെ അളവും ശക്തിയും അതുവഴി തീയും ചക്രത്തിന്റെ കറക്കത്തിലൂടെ നിയന്ത്രിക്കും. ചക്രത്തിന്റെ കറക്കത്തിനൊപ്പം കാറ്റാടി കറങ്ങുമ്പോൾ ചൂളയിലേക്ക് സമൃദ്ധമായെത്തുന്ന കാറ്റിൽ അടിയിൽ നിരത്തിയ തൊണ്ടുകളിലേക്കും അതിനുമുകളിൽ കൂട്ടിയിട്ടിരിക്കുന്ന കക്കയും ചിരട്ടക്കരിയും ഇടകലർത്തിയ മിശ്രിതത്തിലേക്കും തീ പടർന്നു കയറും. ചൂള ഒരു സൂര്യശോഭയുള്ള അർദ്ധഗോളമായി മാറും. കാറ്റോ തീയോ കൂടുതൽ ഉള്ളിടങ്ങളിൽ നനച്ച കുമ്മായം ഉരുളകളാക്കി അടയ്ക്കും.
ചൂളയിലെ തീയണഞ്ഞു തണുക്കാൻ മൂന്നു ദിവസമെടുക്കും. ശേഷിക്കുക നീറ്റുകക്കയും കുമ്മായവും. നീറ്റുകക്ക ചാക്കിൽ നിറയ്ക്കും. കുമ്മായം കുമ്മായക്കുഴികളിൽ കൂട്ടിയിടും. ആവശ്യക്കാർക്ക് പാട്ടക്കണക്കിൽ അളന്നുകൊടുക്കും. എഴുപതുകളുടെ തുടക്കത്തിൽ പാട്ടക്കു മൂന്നു രൂപയായിരുന്നു വില.
ഒരുകാലത്ത് നാട്ടിലും അയൽഗ്രാമങ്ങളിലും മാത്രമല്ല കെ കെ റോഡിലൂടെ കുമളിയും കട്ടപ്പനയുമൊക്കെ എത്തിയിരുന്നു കുമ്മായപ്പുരയിലെ പെരുമയുള്ള നീറ്റുകക്കയും കുമ്മായവും. മണർകാട്ട് മാതാവിന്റെ പള്ളിയിൽ പണികൾക്കും എട്ടുനോമ്പ് പെരുന്നാൾ കാലത്ത് വെള്ളപൂശാനും ഈ കുമ്മായവും നീറ്റുകക്കയും ഉപയോഗിച്ചിരുന്ന പഴയകാലങ്ങൾ കുഞ്ഞമ്മയുടെ ഓർമ്മകളിൽ ഇന്നുമുണ്ട്. പങ്കുവെച്ചതിൽ എത്രയേറെയാണ് കുഞ്ഞിന്റെ സഹോദരീപുത്രൻ കെഎസ്ആർടിസിയിൽ നിന്നും വിരമിച്ച ഷാജിക്ക് കുട്ടിക്കാലം മുതൽ ഒത്തിരിക്കാലം താൻ അമ്മവീട്ടിൽ കണ്ടറിഞ്ഞ കുമ്മായപ്പുര കാഴ്ചകൾ. ഷാജിയടക്കം കുഞ്ഞിന്റെ സഹോദരിമാരുടെ മുന്ന് മക്കളാണ് തങ്ങളുടെ ബാല്യകൗമാരങ്ങൾ ഈ കുമ്മായപ്പുര വീടിന്റെ ഭാഗമാക്കിയത്.
മറിയാമ്മ കുമ്മായപ്പുര നടത്തിയിരുന്ന കാലത്തെല്ലാം കുഞ്ഞ് ബോർമ്മക്കാരുടെ ടാക്സി വണ്ടിയോടിക്കുകയായിരുന്നു. സാധാരണ ഓട്ടത്തിനൊപ്പം ദിവസവും കുമാരകത്തുനിന്നു ഷാപ്പിലേക്കു കള്ള് കൊണ്ടുവന്നിരുന്നതും കുഞ്ഞിന്റെ കാറിലായിരുന്നു. ബോർമ്മക്കാർ കാർ വിറ്റപ്പോൾ ഇത്തിരിക്കാലം സ്വന്തം ടാക്സി. പിന്നെ വീട്ടിൽ ഹോട്ടലും. അമ്മ നാഗ്പൂരിൽ ഇളയ മകന്റെകൂടെ കഴിഞ്ഞ രണ്ടുവർഷം കുഞ്ഞും കുഞ്ഞമ്മയുംകൂടി കുമ്മായപ്പുര നടത്തി. തിരികെയെത്തിയ അമ്മ ഒന്നു രണ്ടു വർഷം പിന്നെയും കുമ്മായപ്പുര നടത്തിക്കൊണ്ടു പോകാൻ നോക്കിയെങ്കിലും ആ ശ്രമവും വിജയകരമായില്ല.
1983 ലായിരുന്നു മറിയാമ്മയുടെ മരണം. മരിക്കന്നതിന് രണ്ടു വർഷം മുമ്പുതന്നെ കുമ്മായപ്പുരയിലെ കുമ്മായകച്ചവടം എന്നന്നേക്കുമായി അവസാനിച്ചു. അടുക്കിട്ട വെള്ളമുണ്ടും ചട്ടയും ധരിച്ച് മൂക്കും വായും മൂട്ടിക്കെട്ടി കുമ്മായച്ചുളയിൽ തീ കത്തി തീരുന്നവരെ പൊടിയിലും ചൂടിലും പുകയിലും വിയർത്തു തളർന്നു ചക്രം കറക്കികൊണ്ടിരിക്കുന്ന മറിയാമ്മ ചേട്ടത്തി ദേശചരിത്രത്തിന്റെ കുമ്മായച്ചുമരിലെ കാലത്തിന്റെ അടയാളപ്പെടുത്തലാണ്.
കുമ്മായപ്പുരയുടെ തകർച്ച ഒറ്റപ്പെട്ട സംഭവം എന്നതിലേറെ വിപണി കയ്യടക്കിയ സിമന്റ് വ്യവസായ വളർച്ചയുടെ കഥകൂടിയാണ്. കളിമണ്ണും (അലൂമിനിയം സിലിക്കേറ്റ്) കക്കയും ചേർത്ത് ഉയർന്ന ഊഷ്മാവിൽ സംസ്‌കരിച്ച് സിമന്റ് ഉല്പാദിപ്പിക്കുന്ന ഈ വ്യവസായം 1904 ൽ ചെന്നൈയിലെ ചെറിയ ഫാക്ടറിയിൽ തുടങ്ങുന്നു. 1914-ൽ ഗുജറാത്തിലെ പോർബന്ദറിൽ ഇന്ത്യൻ സിമന്റ് കമ്പനി സ്ഥാപിച്ചതോടെ വേഗത്തിലായ സിമന്റ് ഉല്പാദനരംഗത്ത് സ്വാതന്ത്ര്യം കിട്ടുമ്പോൾ 18 ഫാക്ടറികളായിരുന്നു പ്രവർത്തിച്ചിരുന്നത്. കേന്ദ്ര സർക്കാരിന്റെ സിമന്റ് എക്സ്പാൻഷൻ സ്കീം പ്രകാരം (1947) ബഗൽകോട്ട്, ജയ്‌പൂർ, ഒറീസ തുടങ്ങി ഇന്ത്യയിലെ നിരവധി പ്രദേശങ്ങൽക്കൊപ്പം കേരളത്തിലും സിമന്റ് ഫാക്ടറികൾ തുടങ്ങി. 1947 ൽ കോട്ടയം നാട്ടകം ട്രാവൻകൂർ സിമന്റ് ഫാക്ടറി. 1978 ഏപ്രിലിൽ പാലക്കാട് വാളയാറിൽ മലബാർ സിമന്റ് ഫാക്ടറി. ഇന്ത്യ ഇന്ന് ചൈന കഴിഞ്ഞാൽ ലോകത്തിലെ വലിയ സിമന്റ് ഉത്പാദക രാജ്യമാണ്. അൾട്രാ ടെക് സിമന്റ്, അംബുജ സിമന്റ്‌സ്, എസിസി സിമന്റ്‌സ്, ഡാൽമിയ സിമന്റ്‌സ്, ജെ കെ സിമന്റ്‌സ്, രാംകോ സിമന്റ്‌സ്...പോലെ ഒട്ടനവധി വൻ ഉല്പാദകരും.
1965-70 കാലമായപ്പോൾ നാട്ടിടങ്ങളിലും കെട്ടിടം പണിക്ക് വെട്ടുകല്ലിനൊപ്പം ചൂളകളിൽചുട്ട ഇഷ്ടികകളും കുമ്മായക്കൂട്ടിനുപകരം ചാക്കിൽ പാക്കുചെയ്ത സിമന്റും പതിയെ കടന്നുവന്നു. അതോടെ കുമ്മായത്തിന്റെ ഉപയോഗം മണ്ണൊരുക്കാനും ചുണ്ണാമ്പിനും മാത്രമായി പരിമിതപ്പെടുകയും നാട്ടിൻപുറങ്ങളിലെ കുമ്മായക്കച്ചവടത്തെ സാരമായി ബാധിക്കുകയും ചെയ്തു. കാലം മാറുന്നതിനനുസരിച്ച് വെറ്റിലകൂട്ടി മുറുക്കുന്നരുടെ എണ്ണത്തിലും കുറവുണ്ടായതോടെ ചുണ്ണാമ്പിന്റെ വിപണിപോലും വല്ലാതെ ചുരുങ്ങി.
നാട്ടകത്തെ വൈറ്റ് സിമന്റ് ഉൽപ്പാദനം ഏതാണ്ട് നിലച്ചു. കുമരകത്ത് ഇനി ശേഷിക്കുന്നതു ഒരു വെള്ളക്കക്ക സംസ്കരണ സഹകരണസംഘം. തണ്ണീർമുക്കം ബണ്ടുവന്നകൊണ്ടു വേമ്പനാട്ടുകായലിൽ വെള്ളക്കക്ക വളരുന്നില്ലെന്നു പരിസ്ഥിതി പ്രവർത്തകർ. ഉജാല നീലക്കുമുന്നിൽ മങ്ങിയ പഴയ തുള്ളിനീലംപോലെ, വിദേശവസ്ത്ര വരവിൽ തകർന്ന പരുത്തി വ്യവസായംപോലെ, ഉപയോഗിച്ചു വച്ചെറിയുന്ന റെനോൾഡ്സ് ബോൾപെന്നിനൊപ്പം മഷിയുണങ്ങി മാഞ്ഞ നാട്ടുപേനകൾപോലെ, നാടുനീങ്ങുന്ന മറ്റൊരു നാട്ടുസാങ്കേതികതവിദ്യകൂടി. പുതിയവ കടന്നു വരുമ്പോൾ അവക്കൊപ്പം പഴയവ പരിരക്ഷിക്കേണ്ടതിനുപകരം പരസ്പരം പഴിപറഞ്ഞു പുലയാട്ടുന്നു...
2019 ഓഗസ്‌റ്റിൽ കുമ്മായപ്പുര മണർകാട്ടുകാർക്കു മറക്കാനാവാത്ത ഓർമ്മയാക്കി കുഞ്ഞു യാത്രയായി. പഴയ ചൂളക്കാലത്തിന്റെ ചൂടുള്ള ഓർമ്മകളുണർത്താൻ കാറ്റാടിയന്തം കുമ്മായപ്പുരയിലെ പുതിയ തലമുറ ഇന്നും നിധിപോലെ കാത്തുസൂക്ഷിക്കുന്നു.
പുലരിക്കാഴ്ചകൾ കണ്ടും പഴയ പാട്ടുകൾ കേട്ടും ഇന്നും തുടരുന്ന പ്രഭാത നടത്തത്തിനിടയിൽ പുതിയ കുമ്മായപ്പുര വീടിന്റെ മുന്നിലെത്തുമ്പോൾ ചിലപ്പോഴെങ്കിലും ആ ഈരടികൾ മനസിലെത്തും. മലയാളിയുടെ പ്രിയപ്പെട്ട അശരീരി ഗായകൻ പി ബി എസിന്റെയും വസന്തയുടെയും ശബ്ദത്തിലുള്ള ആ യുഗ്മഗാന തുടക്കം. എസ് ആർ പുട്ടണ്ണ സംവിധാനം ചെയ്ത പൂച്ചക്കണ്ണി (1966) സിനിമയിലെ വയലാറിന്റെ വരികൾക്ക് ബാബുരാജ് സംഗീതം നൽകിയ പാട്ട്. കടലെടുത്തുപോയ കളിവീടിനെകുറിച്ചുള്ള ആ പഴയ പാട്ട്...
കക്കകൊണ്ടു കടൽ മണ്ണുകൊണ്ടു കളിവീടുവെച്ചതെവിടേ…?
കടലെടുത്തു പോയ്...! കടലെടുത്തു പോയീ...!!
വാൽക്കഷ്ണം
മേജർ ജോൺ പെനിക്വിക്ക് 1887 ൽ മുല്ലപ്പെരിയാർ ഡാമിനു കരിങ്കല്ല് കെട്ടി അടിത്തറ തീർത്തത് ചുണ്ണാമ്പിനൊപ്പം ശര്‍ക്കരയും കരിമ്പിൻ നീരും മുട്ടവെള്ളയും ചേര്‍ത്തുണ്ടാക്കുന്ന സുര്‍ക്കി ചാന്തുകൊണ്ടായിരുന്നു.
2019 സെപ്റ്റംബറിൽ ആയിരുന്നു തിരുവനന്തപുരം വെള്ളനാട് കൂവക്കുടിയിലെ പഴയ പാലം ചരിത്രസ്മാരകമാക്കണമെന്ന വാർത്ത വന്നെതെന്നാണ് ഓർമ്മ. മോർഗാൻ കുസിബിൾ എന്ന ജർമൻ കമ്പനി കരിങ്കല്ലും സുർക്കിക്കുമൊപ്പം പഴയ കുമ്മായക്കൂട്ട് മിശ്രിതവുംകൊണ്ട് 1904-ൽ നിർമിച്ചതായിരുന്നു ഈ പാലം. അതിനു ഒരു മാസംമുമ്പ് ഓഗസ്‌റ്റിലായിരുന്നു മണർകാട്ടെ കുമ്മായപ്പുരയിലെ കുഞ്ഞിന്റെ മരണവും.