
ന്യൂയോർക്ക്: അമേരിക്കയിൽ ഇന്ത്യൻ വംശജരായ ദമ്പതികൾക്ക് നേരെ വീണ്ടും വംശീയ അധിക്ഷേപം. റോഡരികിൽ നിൽക്കുകയായിരുന്ന ദമ്പതികളെ അമേരിക്കൻ സ്വദേശിയായ യുവാവ് തടഞ്ഞുനിർത്തി അധിക്ഷേപിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. തികച്ചും വിവേചനപരവും ശത്രുതാപരവുമായ ഈ പെരുമാറ്റത്തിനെതിരെ ആഗോളതലത്തിൽ തന്നെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഇപ്പോൾ ഉയരുന്നത്. 'ടോൺ' എന്ന എക്സ് (ട്വിറ്റർ) ഹാൻഡിലിലൂടെ അധിക്ഷേപം നടത്തിയ വ്യക്തി തന്നെയാണ് താൻ പകർത്തിയ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പങ്കുവെച്ചത്.
തന്റെ കാറിലിരുന്ന് ദമ്പതികളെ ക്യാമറയിൽ പകർത്തിക്കൊണ്ട്, നിങ്ങൾ ഇന്ത്യയിൽ നിന്നാണോ എന്ന ചോദ്യത്തോടെയാണ് ഇയാൾ ഇവരെ സമീപിച്ചത്. അതെ എന്ന് മറുപടി നൽകിയപ്പോൾ, അമേരിക്ക ഇഷ്ടമാണോ എന്നും ഇന്ത്യയും അമേരിക്കയും തമ്മിൽ ഏതാണ് മികച്ച രാജ്യമെന്നും ഇയാൾ ചോദിച്ചു. ഇരു രാജ്യങ്ങൾക്കും അതിന്റേതായ നല്ല വശങ്ങളുണ്ടെന്നും ഇന്ത്യ തങ്ങൾക്ക് നല്ലൊരു കുടുംബ പശ്ചാത്തലം നൽകുമ്പോൾ ഓരോ സ്ഥലത്തിനും അതിന്റേതായ മൂല്യമുണ്ടെന്നും ദമ്പതികൾ തികച്ചും നയതന്ത്രപരമായി മറുപടി നൽകി. എന്നാൽ ഈ മറുപടി കേട്ടതോടെ കൂടുതൽ പ്രകോപിതനായ യുവാവ് ദമ്പതികൾക്ക് നേരെ തട്ടിക്കയറുകയായിരുന്നു.
ഇന്ത്യ അത്രയധികം അത്ഭുതകരമായ രാജ്യമാണെങ്കിൽ എന്തിനാണ് അമേരിക്കയിലേക്ക് വരുന്നത്, അവിടെത്തന്നെ നിന്നുകൂടേ എന്ന് ഇയാൾ ചോദിച്ചു. ലോകം ചുറ്റിക്കാണാനും പുതിയ കാര്യങ്ങൾ പര്യവേക്ഷണം ചെയ്യാനുമാണ് തങ്ങൾ വന്നതെന്ന് ദമ്പതികൾ ശാന്തമായി വ്യക്തമാക്കിയെങ്കിലും, "നിങ്ങളെ ഇവിടെ ആവശ്യമില്ല, സ്വന്തം നാട്ടിലേക്ക് മടങ്ങണം, എന്റെ രാജ്യത്തുനിന്ന് പുറത്തുപോകൂ" എന്ന് ഇയാൾ ആക്രോശിക്കുകയായിരുന്നു. താൻ കുറച്ച് എച്ച് 1ബി (H-1B) ഇന്ത്യൻ ജീവനക്കാരെ കണ്ടുമുട്ടിയെന്നും അവരോട് ചില കാര്യങ്ങൾ വ്യക്തമാക്കേണ്ടി വന്നുവെന്നുമുള്ള വംശീയ അധിക്ഷേപം നിറഞ്ഞ അടിക്കുറിപ്പോടെയാണ് ഇയാൾ ഈ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. വീഡിയോ പുറത്തുവന്നതോടെ നിയമപരമായ സന്ദർശകരെയും കുടിയേറ്റക്കാരെയും വംശീയമായി അധിക്ഷേപിക്കുന്ന ഇത്തരം വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.