Image

കവിയുടെ 'മായാത്ത'കാൽപ്പാടുകൾ - പി. കുഞ്ഞിരാമൻ നായർ (ആർ. ഗോപാലകൃഷ്ണൻ)

Published on 28 May, 2026
കവിയുടെ 'മായാത്ത'കാൽപ്പാടുകൾ - പി. കുഞ്ഞിരാമൻ നായർ (ആർ. ഗോപാലകൃഷ്ണൻ)

കാവ്യകല്പനകൾ കൊണ്ട് ഒരു വസന്തം തീർത്ത, കേരളത്തിൻറെ പ്രകൃതിയിയെയും ദേവസങ്കല്പങ്ങളെയും കാവ്യദേവതയിൽ സന്നിവേശിപ്പിച്ച നമ്മുടെ പ്രീയ കവി:
പി. കുഞ്ഞിരാമൻ നായരുയുടെ
48-ാം ചരമവാർഷിക ദിനം, ഇന്ന്  സ്മരണാഞ്ജലി !

'വിരഹവേദനയും ഗൃഹാതുരതയും കാല്‍പ്പനിക കവികളുടെ പൊതുസ്വത്താണെങ്കിലും ആ ബാങ്കില്‍ ഏറ്റവും വിപുലമായ സ്ഥിരനിക്ഷേപം കുഞ്ഞിരാമന്‍നായരുടെ പേരില്‍ത്തന്നെ പതിഞ്ഞുകിടക്കും' എം. ലീലാവതി ടീച്ചർ ഒരിക്കലെഴുതി.

"ഏവമെന്തിനിണങ്ങി നാം തമ്മില്‍ 
വേര്‍പിരിയുവാന്‍ മാത്രമായ്" 
(മാഞ്ഞുപോയ മഴവില്ല്)

"ബോധമില്ലാതെ കിടക്കുമവസ്ഥയ്ക്കു 
മീതെയായ് ഘോരവിപത്തെന്തു ഭൂമിയില്‍?" 
(കളിയച്ഛൻ)

മലയാളകവിതയിലെ തികച്ചും സവിശേഷമായ ഒരു അനുഭൂതിമണ്ഡലമാണ് അദ്ദേഹത്തിന്റെ ('പി'-യുടെ) കവിതകളിലൂടെ അനാവൃതമാവുന്നത്. കവിയും കവിതയും തമ്മിലും കവിയും കവിതയും പ്രപഞ്ചവും തമ്മിലും അസാധാരണമായ ഒരു തന്മയീഭാവം തന്നെ അവയിൽ സംഭവിക്കുന്നു. ഇടവപ്പാതി മഴപോലെ വിഷയവും ഭാവനയും രചനാശില്പവും വരികളും ഒന്നായുണർത്തുന്ന ദിവ്യ പ്രചോദനത്തിന്റെ സാന്നിദ്ധ്യം അവയിലൊക്കെയുണ്ട്.

നിത്യസഞ്ചാരിയായിരുന്നു അദ്ദേഹം, കേരളത്തിന്റെ പച്ചപ്പ്‌, ക്ഷേത്രാന്തരീക്ഷം, ആചാരാനുഷ്ഠാനങ്ങൾ, ദേവതാ സങ്കൽപ്പങ്ങൾ എന്നിവയുടെ, ചുരുക്കത്തിൽ കേരളീയത യുടെ നേർച്ചിത്രങ്ങളാണ്‌ പിയുടെ കവിത.

'കവിയുടെ കാല്പാടുകൾ' എന്ന ഗ്രന്ഥത്തിൽ നിന്ന്

>>> തപാൽ വന്നു.കത്തുകൾക്കിടയിൽ ഒരു മഞ്ഞ ക്കവർ: 'മാതൃഭൂമി' കോഴിക്കോട്. ഉടൻ കത്ത് പൊട്ടിച്ച് വായിച്ചു. അക്കൊല്ലത്തെ 'മാതൃഭൂമി' വിശേഷാൽ പ്രതിക്കു ഒരു കവിത വേണം.ഉടനെ അയച്ചുകൊടുക്കണം....
പ്രസ്സിലെ കടം മറന്നു....

കവിത ആവശ്യപ്പെട്ട് 'മാതൃഭൂമി'യുടെ കത്ത് വന്നു. ഏറെ നാൾ കൊതിച്ചിരുന്ന കത്ത്. ഒരാഴ്ച്ചയ്ക്കകം കവിത അയച്ചു: ആഴ്ച്ചപ്പതിപ്പിലേക്കു രണ്ട് കവിതയയച്ചു. രണ്ടാമത്തെ ആഴ്ച്ച കവിത വന്നു.-

'വർഷരാത്രിയിൽ':

"നാളെയെന്നതിൻ ഛായയെടുക്കാനാവാം, രാവു ചാലവേ കറുത്ത തൻ തുണിയാൽ ഉടൽ മൂടി
ഓമനപ്പേരു ശാന്തി, മൃതിയെന്നെൻ നാമമീ-
യാമിനി ഇവളെന്റെ കൊച്ചു സോദരിയത്രേ"

ഒന്നാം പേജിൽ നീണ്ട കവിത. രണ്ടിലും പടമുണ്ട്!

മദ്രാസ്സിൽ കൂട്ടുകാരൊത്തു കാപ്പി കുടിച്ചു കൊണ്ടിരിക്കെ മാതൃഭൂമി ആഴ്ച്ചപ്പതിപ്പു വന്നു.വാങ്ങി നോക്കി. ഫോട്ടൊയും കവിതയും. കോട്ടയിൽ കേളു നമ്പ്യാർ, നീലേശ്വരത്തെ ജന്മി, പറഞ്ഞു: "കുഞ്ഞിരാമൻ്റെ കാലം തെളിഞ്ഞു; മാതൃഭൂമിയിൽ കവിത വന്നു!" <<<

1905 ഒക്ടോബർ 4-ന്‌ ആണ് ജനനം.
(1906 ഒക്റ്റോബർ 26- കൊ.വ. 1082 തുലാം 9, തിരുവോണം നക്ഷത്രം എന്നും ഒരു വാദമുണ്ട്- ഒക്റ്റോബർ 25 -നു ആണ് തുലാം 9 തിരുവോണം നക്ഷത്രം എന്നതാണ് മറ്റൊരു കാര്യം; 1905 ഒക്ടോബർ 4 -ന്‌ ആണെങ്കിൽ 1081 കന്നി 19 തൃക്കേട്ടയാണ് ജനനം.)

കാസർഗോഡ്‌ ജില്ലയിലെ കാഞ്ഞങ്ങാട്, വെള്ളിക്കോത്ത് ഗ്രാമത്തിൽ പനയന്തട്ട തറവാടുവക അടിയോടി വീട്ടിലാണ് കുഞ്ഞിരാമൻ നായർ ജനിച്ചത്‌. അച്ഛൻ- പുറവങ്കര കുഞ്ഞമ്പുനായർ; അമ്മ- കുഞ്ഞമ്മയമ്മ. വെള്ളിക്കോത്ത് പ്രൈമറി സ്കൂളിലും പുന്നശ്ശേരി നമ്പിയുടെ ശിഷ്യനായി പട്ടാമ്പി സംസ്കൃത കോളേജിലും തഞ്ചാവൂർ സംസ്കൃത പാഠശാലയിലും പഠനം , ഇടയ്ക്ക്‌ പഠിത്തം നിർത്തി വീടുവിട്ടിറങ്ങി.

പാലക്കാട്‌ ജില്ലയിലെ ശബരി ആശ്രമം സ്കൂൾ, കൂടാളി ഹൈസ്കൂൾ, കൊല്ലങ്കോട്‌ രാജാസ്‌ ഹൈസ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായി ജോലിചെയ്തു. പത്രപ്രവർത്തകൻ എന്ന നിലയിലും പല സ്ഥാപനങ്ങളിൽ ജോലി ചെയ്തു. സ്വന്തം ജീവിതം ക്രമപ്പെടുത്തി എടുക്കുന്നതിനേക്കാൾ കവിതാ രചനയുമായി ഊരു ചുറ്റുന്നതിലായിരുന്നു കുഞ്ഞിരാമൻ നായർക്കു താൽപര്യം.

കവിത, നാടകം, ജീവചരിത്രം, പ്രബന്ധം, ആത്മകഥ, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി അറുപതിലേറെ കൃതികൾ രചിച്ചു. ആത്മകഥാപര ഗ്രന്ഥങ്ങളായ 'കവിയുടെ കാൽപ്പാടുകൾ','എന്നെ തിരയുന്ന ഞാൻ', 'നിത്യകന്യകയെത്തേടി' എന്നിവ മലയാളഭാഷയിലെ കവിത തുളുമ്പുന്ന ഗദ്യത്തിന്‌ ഉത്തമോദാഹരണങ്ങളാണ്‌.

1948-ൽ നീലേശ്വരം രാജാവിൽ നിന്ന് 'ഭക്തകവി ബിരുദം' ലഭിച്ചു.1955-ൽ 'കളിയച്ഛന്' മദിരാശി സർക്കാർ അംഗീകാരം, 1959-ൽ കേരളാ സാഹിത്യ അക്കാദമി അവാർഡ്, 1967-ൽ 'താമരത്തോണി'ക്ക് (കേന്ദ്ര) സാഹിത്യ അക്കാദമി അവാർഡ് എന്നിവ ലഭിച്ചു.

'താമരത്തോണി', 'താമരത്തേൻ', 'വയൽക്കരയിൽ', 'പൂക്കളം', 'കളിയച്ഛൻ', 'അനന്തൻകാട്ടിൽ', 'ചന്ദ്രദർശനം', 'ചിലമ്പൊലി', 'തിരുമുടിമാല', 'രഥോത്സവം', 'പി. കവിതകൾ' എന്നിങ്ങനെ മുപ്പതോളം സമാഹാരങ്ങളിലായി അദ്ദേഹത്തിന്റെ കാവ്യലോകം പരന്നുകിടക്കുന്നു.

ആത്മവേദനയും ആത്മനിന്ദയുമൊക്കെ നിറഞ്ഞ സ്വരത്തിൽ തന്നെത്തന്നെ വിചാരണ ചെയ്യുന്ന കവിതകളിലൂടെ ആധുനിക മനുഷ്യന്റെ വിഹ്വലാവസ്ഥ ഈ കവി ആവിഷ്കരിച്ചിരിക്കുന്നു. അരനൂറ്റാണ്ടിലേരെ നീണ്ട കാവ്യജീവിതത്തിൽ എത്രത്തോളം കൃതികൾ രചിച്ചുവെന്ന് കവിയ്ക്കുതന്നെ നിശ്ചയമുണ്ടായിരുന്നില്ല....

പി.യുടെ വിവാഹ കഥകൾ പലതുണ്ട്. മുറപ്പെണ്ണിനെ വിവാഹം കഴിക്കാനുള്ള പിതാവിന്റെ നിർദ്ദേശം അവഗണിച്ചു  പട്ടാമ്പിയില്‍ (കോട്ടയ്ക്കലിനടുത്ത് എന്നും പറയാം) ചെന്ന് വേറൊരാളെ വിവാഹം കഴിച്ചു. പൊന്മളയിൽ അച്ചുവത്ത് രാമൻ മൂസതിൻ്റെ മകൾ കുഞ്ഞുലക്ഷ്മി. പട്ടാമ്പി കോളേജിൽ നിന്ന് സംസ്കൃത പഠനം നടത്തിയ സാഹിത്യ തല്പരയും എഴുത്തുകാരിയുമായിരുന്നു ഇവർ. നിരന്തര യാത്ര നിമിത്തം കുട്ടികള്‍ പിറന്ന വിവരം പോലും ആ 'അച്ഛന്‍' സമയത്ത് അറിയാറുണ്ടായിരുന്നില്ല. മൂത്ത മകൻ ഹിന്ദി അദ്ധ്യാപകനായ രവീന്ദ്രൻ നായർ; അതിനു താഴെ രാധ, ലീല എന്നിങ്ങനെ രണ്ടു പെൺമക്കളും. കൂടാളിയിൽ പത്തുവർഷത്തെ താമസത്തിനു ശേഷം പിരിഞ്ഞിരുന്നു എങ്കിലും ആ ഔപചാരിക വിവാഹം അന്ത്യം വരെ നിലനിന്നു. ഈ ജീവിത കാലത്തെപ്പറ്റി മകൾ ലീലയുടെ മകൾ ജയശ്രീ വടയക്കളം എഴുതിയ ബ്ലോഗ് വായച്ചത് ഓർക്കുന്നു.

തിരുവില്വാമലയില്‍ വീണ്ടുമൊരു വിവാഹം. ആ ഭാര്യയിലും കുഞ്ഞുണ്ടായി. ഭാര്യയെ വിട്ട് (?) വീണ്ടും യാത്ര; കവിതയെഴുത്ത്. മൂന്നാമതും വിവാഹം. വീണ്ടും അലച്ചില്‍.

പത്രമാപ്പീസിലിരുന്നും തീവണ്ടിയിലിരുന്നുമൊക്കെ  കവിതകള്‍ രചിച്ചിട്ടുണ്ടന്നാണ് അദ്ദേഹം തന്നെ എഴുതിയിട്ടുണ്ട്; ഇതിൽ പലതും പിന്നീട് ക്ലാസിക്കുകളായി കൊണ്ടാടപ്പെട്ടു.

കവിതമാത്രം സന്തത സഹചാരിയായിരുന്ന ജീവിതയാത്രകൾക്കൊടുവിൽ 1978 മേയ്‌ 27-ന്‌ തിരുവനന്തപുരത്തെ സി. പി. സത്രത്തിൽ വച്ച് ഹൃദയസ്തംഭനം മൂലം അന്തരിച്ചു...

വാലറ്റം:

മഹാകവി പി ഒരു യാത്രികൻ കൂടിയായിരുന്നല്ലോ. 1970-കളിൽ അദ്ദേഹം അന്ന് ഗതാഗത വകുപ്പിന്റെ കൂടി ചുമതല വഹിച്ചിരുന്ന മന്ത്രി എം. എൻ. ഗോവിന്ദൻ നായരോട്, KSRTC-യിൽ സൗജന്യ യാത്ര അനുവദിക്കുവാൻ അഭ്യർത്ഥിച്ചു. നിർദ്ധന യാത്രികനായ കവിക്ക് ഇതു നല്കാൻ എന്താണ് മാർഗ്ഗം എന്നു ചിന്തിച്ച വിവേകിയായ ഈ മന്ത്രി, പി. കുഞ്ഞിരാമൻ നായരെ 'സ്റ്റേറ്റ് ട്രാൻസ്പോർട്ട് അഡ്വൈസറി കമ്മിറ്റി'യിലേക്ക് നാമനിർദ്ദേശം ചെയ്തു. അതിലുള്ളവർക്ക് അക്കാലത്ത്, KSRTC ബസുകളിൽ സൗജന്യ യാത്രാ പാസ് നല്കിയിരുന്നു; അതു കാണിച്ച് സർക്കാർ ബസ്സിൽ സൗജന്യ യാത്ര ചെയ്യാനാകുമാരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക