
'സഹനടൻ' തന്നെ വിളിച്ച നായകന്മാരെ തൻ്റെ ഉജ്വലമായ 'സഹനടനം' കൊണ്ടു പിന്നിലാക്കിയ അഭിനയ പ്രതിഭ.... തൻ്റെ സ്വാഭാവിക അഭിനയ മികവുകൊണ്ട് മലയാളിയെ വിസ്മയിപ്പിച്ച നടൻ..... അഭിനയത്തിനും ഹാസ്യത്തിനും പ്രാധാന്യമുള്ള ഒരു പാട് വേഷങ്ങൾ 'ഒടുവിൽ' ചെയ്തിട്ടുണ്ട്.
ഇന്ന്, ഒടുവിൽ ഉണ്ണികൃഷ്ണൻ്റെ 20-ാം ചരമവാർഷിക ദിനം.
എൻ്റെ ഓർമ്മയിൽ, ഒടുവിൽ ഉണ്ണികൃഷ്ണൻ മുഖ്യവേഷമായി ആദ്യമായി അഭിനയിച്ചത് 'ദൂരദർശ'നുവേണ്ടി ചെയ്ത ഒരു ടെലിഫിലിമിൽ (1996) ആണ്; സന്തോഷ് ജോർജ് കുളങ്ങര (#സഞ്ചാരം #സഫാരി) ചെയ്ത ആദ്യ ചിത്രം. 'കൃഷ്‌ണഗാഥ'യുടെ ഐതീഹ്യത്തെ അടിസ്ഥാനമാക്കി എടുത്ത അതിൽ, ചെറുശ്ശേരി ആയി ഉണ്ണികൃഷ്ണൻ അഭിനയിച്ചു. സന്തോഷ് ജോർജ് കുളങ്ങരക്ക് വേണ്ടി ഒടുവിൽ ഉണ്ണികൃഷൻ്റെ contact ഫോൺ നമ്പർ ഞാൻ നൽകിയതും പിറവത്തെ പാഴൂർ മനയിൽ ഷൂട്ടിംഗ് നടത്തിയതും ഓർക്കുന്നു...
1944 ഫെബ്രുവരി 13-ന് വടക്കാഞ്ചേരിയിൽ (തൃശ്ശൂർ ജില്ല), എങ്കക്കാട്ട് ഒടുവിൽ വീട്ടിൽ കൃഷ്ണമേനോൻ്റെയും പാറുക്കുട്ടി അമ്മയുടേയും മകനായി ആണ് ഉണ്ണികൃഷ്ണൻ ജനിച്ചത്. വടക്കാഞ്ചേരിക്കടുത്ത എങ്കക്കാട് എന്ന ഗ്രാമത്തിൽ ഉള്ള ഒരു തറവാട്ടു പേരാണ് 'ഒടുവിൽ'. അദ്ദേഹത്തിന്റെ (ഉണ്ണികൃഷ്ണൻ്റെ) അമ്മാവൻ #ഒടുവിൽകുഞ്ഞികൃഷ്ണമേനോൻ, വെൺമണി പ്രസ്ഥാനത്തിലും പച്ചമലയാള പ്രസ്ഥാനത്തിലും ശ്രദ്ധേയമായ സംഭാവനകൾ നല്കിയ ഒരു സരസ കവി എന്ന് പ്രശസ്തി നേടിയിട്ടുണ്ട്. മറ്റൊരു അമ്മാവൻ ഉണ്ണികൃഷ്ണ മേനോൻ കേരളത്തിലെ ഒരു അറിയപ്പെടുന്ന നർത്തകനും ആയിരുന്നു.
പ്രാഥമിക വിദ്യാഭ്യാസം സ്വദേശത്തെ സർക്കാർ ഹൈസ്കൂളിൽ നിന്ന് പൂർത്തിയാക്കി. ചെറുപ്പകാലം തൊട്ടേ സംഗീതത്തിൽ തല്പരനായിരുന്നു ഉണ്ണികൃഷ്ണൻ. ചെറുപ്പത്തിലേ തബല, മൃദംഗം മുതലായ വാദ്യോപകരണങ്ങൾ അഭ്യസിച്ചു. കലാമണ്ഡലം വാസുദേവ പണിക്കർ ആയിരുന്നു ഗുരു. അദ്ദേഹത്തിന് ചില സംഗീത ട്രൂപ്പുകളിലും പിന്നീട് പ്രസിദ്ധ നാടക വേദിയായ കെ.പി.എ.സി., കേരള കലാവേദി എന്നിവടങ്ങളിൽ പ്രവർത്തിച്ച് അദ്ദേഹത്തിന്റെ തന്റെ സംഗീതത്തിലുള്ള കഴിവ് തെളിയിച്ചു. ഇവിടെയൊക്കെ പ്രധാനമായും ഒടിവിൽ ഉണ്ണികൃഷ്ണൻ തബലിസ്റ്റ് ആയിരുന്നു.
ഒരു ഗായകനും സംഗീത സംവിധായകനും കൂടിയായിരുന്ന ഉണ്ണികൃഷ്ണൻ; 'ഭരതേട്ടൻ വരുന്നു' (1984) എന്ന സിനിമയ്ക്കും പുറമെ, നിരവധി ആൽബങ്ങൾക്കും സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്.
1973-ൽ ഇറങ്ങിയ, എ. വിൻസൻ്റ് സംവിധാനം ചെയ്ത 'ചെണ്ട' ആയിരുന്നു ഒടുവിലിന്റെ, ആദ്യ സിനിമ; (മധു - ശ്രീവിദ്യ എന്നിവർ നായികാ നായകൻമാരായ 'ചെണ്ട'/ റിലീസ്: 1973 ഏപ്രിൽ 27).
'ചെണ്ട'യിൽ ഒടിവിലിന് ഒരു സീനിലുള്ള ഒരു അപ്രധാന കഥാപാത്രമെ ചെയ്യാനുണ്ടായിരുന്നുള്ളു: "വഴി ചോദിക്കുന്ന കഥാപാത്രത്തിന് വഴി പറഞ്ഞു കൊടുക്കുന്ന തൃശൂർക്കാരൻ" എന്ന പേരില്ലാത്ത ഒരു കഥാപാത്രം! അര നൂറ്റാണ്ടു കഴിഞ്ഞിട്ടും ആ ചെറുവേഷം മനസ്സിൽ നിന്നു മാഞ്ഞിട്ടില്ല!
രണ്ടാമത്തെ സിനിമ 1973 ജൂലൈയിൽ ഇറങ്ങിയ 'ദർശനം'.
തുടർന്നു ഉള്ള ദീർലമായ കലാജീവിതത്തിൽ ഒടുവിൽ 400-ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. പ്രമുഖ സംവിധായകരായ തോപ്പിൽ ഭാസി, ഹരിഹരൻ, സത്യൻ അന്തിക്കാട് എന്നിവരോടൊപ്പമൊക്കെ ഉണ്ണികൃഷ്ണൻ പ്രവർത്തിച്ചിട്ടുണ്ട്. ദയനീയതയും ഒറ്റപ്പെടലും അവമതിക്കലും നിരാലംബമായ അവസ്ഥയുമൊക്കെയുള്ള കഥാപാത്രങ്ങളെ വൈവിധ്യങ്ങളിലൂടെ ഒടുവിൽ പ്രകടമായി അനുഭവിപ്പിച്ചിട്ടുണ്ട്.
'വളയ'ത്തിലെ 'ഒടുവിലാൻ' (നായക കഥാപാത്രമവതരിപ്പിച്ച മുരളിയുടെ ആശാൻ), പാഥേയത്തിലെ "പൂക്കുകയുമില്ല കായ്ക്കുകയുമില്ല കൊന്ന തെങ്ങുപോലെ ഒരു ജന്മം", സർഗ്ഗത്തിലെ "ഒറ്റ തോര്‍ത്തിലൊതുങ്ങി പോയ ജന്മം", ദേവാസുരത്തിലെ "ഊരുതെണ്ടി", ആറാം തമ്പുരാനിലെ "ഗതികെട്ട തമ്പുരാൻ", നിഴല്‍കുത്തിലെ 'ആരാച്ചാർ', രസതന്ത്രത്തിലെ 'ഹൌസ് ഓണർ', 'കുട്ടേട്ട'നിലെ നാണു നായർ എന്ന ബധിരനായ അരിവെപ്പുകാരൻ ("ഞാനും ഒരു മനുഷ്യനല്ലേ?"), 'സല്ലാപത്തിൽ' ഉത്സവ കമ്മിറ്റി പ്രസിഡന്റ് മേനോൻ ....ഇങ്ങനെ പക്വതയാർന്ന അഭിനയത്തികവിന്റെ കലാകാരനായിരുന്നു ഒടുവിൽ. 'സർഗ്ഗ'ത്തിലെ കുട്ടൻ തമ്പുരാൻ്റെ പിതൃസഹോദരൻ: ഇതാൽ, ഒടുവിൽ വാചാലമാം ചില മൂളലുകളിലൂടെയാണ് തൻ്റെ കഥാപാത്രത്തിൻ്റെ നിലപാടുകൾ മനസ്സിൽ തറയ്ക്കും വിധം അവതരിപ്പിക്കുന്നത്!
'ഒരു ചെറുപുഞ്ചരി' (2000) എന്ന എം. ടി.- ചിത്രത്തിൽ (രചനയും സംവിധാനവും എം. ടി.- ഏഷ്യാനെറ്റിന് വേണ്ടി ) നായകൻ; അടൂർ ഗോപാലകൃഷ്ണന്റെ 'നിഴല്‍കുത്ത്'-ലെ (2002) മുഖ്യവേഷം എന്നിവ ഒടിവിലിന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലുകളാണ്.
സത്യൻ അന്തിക്കാടിൻ്റെ 'രസതന്ത്ര'ത്തോടെ (റിലീസിങ് തീയതി: 2006 ഏപ്രിൽ 7) ആ അഭിനയ ജീവിതത്തിന് തിരശ്ശീല വീണു.
സത്യൻ അന്തിക്കാട് ഒടുവിലിനെ, തൻ്റെ പ്രീയപ്പെട്ട ഉണ്ണിയേട്ടനെ, സ്മരിക്കുന്നത് ഇങ്ങനെയാണ്: "ഒരു പച്ച മനുഷ്യനായിരുന്നു ഉണ്ണിയേട്ടൻ. അമിതമായ യാതൊരു മോഹങ്ങളും കൂടെ കൊണ്ടുനടക്കാത്ത ഒരാള്‍. ബുദ്ധകഥയിലെ സന്ന്യാസിയെപ്പോലെ എല്ലാ ആഗ്രഹങ്ങളെയും കടവില്‍ ഉപേക്ഷിച്ചു പോന്ന ഒരു ഗ്രാമീണൻ. ആരോടും പരിഭവമില്ലാതെ പെരുമാറുന്ന വിനയാന്വിതൻ - ചുണ്ടില്‍ ലിപ്‌സ്റ്റിക് തേച്ചതുപോലെയുള്ള ഒരു വിനയമായിരുന്നില്ല അത്!"
'മികച്ച സഹനടനു'ള്ള കേരളസംസ്ഥാന ചലച്ചിത്ര അവാർഡുകൾ രണ്ടു പ്രാവശ്യവും ('കഥാപുരുഷൻ'-1995, 'തൂവൽ കൊട്ടാരം'- 1996) 'മികച്ച നടനു'ള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ഒരു തവണവും ('നിഴൽക്കുത്ത്' -2002) കിട്ടിയിട്ടുണ്ട്.
അവസാനകാലത്ത് വൃക്കയുടെ പ്രശ്നങ്ങൾ കൊണ്ട് അദ്ദേഹം ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. അദ്ദേഹം, 62-ാം വയസിൽ, 2006 മെയ് 27-ന് പാലക്കാട് കേരളശ്ശേരിയിൽ അന്തരിച്ചു - തന്റെ അവസാന സിനിമയുടെ റിലീസിങ്ങ് കഴിഞ്ഞ് 50-ാം ദിവസം....
ഇ. ജയചന്ദ്രൻ എഴുതിയ 'ഒടുവിൽ: മായാത്ത ഭാവങ്ങൾ' എന്ന ഒരു പുസ്തകമുണ്ട്, ഒടുവിൽ ഉണ്ണികൃഷ്ണനെക്കുറിച്ച്.