
അമ്മയിപ്പോൾ ഉറങ്ങാറില്ല
ഉണരാറുമില്ല
നിദ്രയ്ക്കും
സ്വപ്നങ്ങൾക്കും
ജീവിതത്തിനും
മരണത്തിനും
ഇടയിൽ
പൊട്ടി വീണ
നൂൽപ്പാലത്തിന്റെ
നിഗൂഢതയ്ക്കുമപ്പുറം
അമ്മ ഒരു പുഴ പോലെ
മുന്നോട്ടു മാത്രമൊഴുകുന്നു.
അടുക്കളക്കരി പിടിച്ച
കിനാവിന്റെയോ
തേച്ചു മിനുക്കിയ
കുഞ്ഞുടുപ്പുകളുടെയൊ
ഉള്ളും ഉടലും പൊള്ളിച്ച
കുഞ്ഞു പനിച്ചൂടുകളുടെയോ
താരാട്ടിന്റെ
പൊന്നൂഞ്ഞാലുകളുടെയോ
വാത്സല്യത്തിന്റെ
ആട്ടു തൊട്ടിലുകളുടെയോ
ഓർമ്മകൾ
അമ്മയ്ക്കില്ല.
അവയെല്ലാം
ഒഴുക്കിൽ
ഏതോ ശൂന്യതീരത്തുപേക്ഷിച്ചു
മുന്നോട്ടു മാത്രം
ഒഴുകുമ്പോൾ
പലവട്ടം പറഞ്ഞതെല്ലാം
ഒരു വട്ടം കൂടി
ഓർമ്മിച്ചെടുക്കാൻ
പിന്നോട്ടൊഴുകുന്ന പുഴയാകാൻ
കഴിയാതെ
ഉറങ്ങാതെ
ഉണരാതെ
ഘനമൗനങ്ങളെ
പരിഭാഷപ്പെടുത്താനാകാതെ
അമ്മയിപ്പോൾ
ഏത് കടൽ
വന്നു വിളിച്ചാലും
അലിയാത്ത മറവിയുടെ
തടശില
മാത്രമാകുന്നു.
ഒടുവിലെരിയാൻ
ചാരം മൂടിയ
സ്‌മൃതികളുടെ
ഒരു
തീക്കനൽ മാത്രം
അവൾക്കുള്ളിൽ
ബാക്കിയാകുന്നു.