Image

ഇ.ഡിക്കെതിരെ സി.പി.എം ആക്രമണം; കരിമണലില്‍ പിണറായി വിജയനും വീണാ വിജയനും കുരുക്ക് മുറുകുന്നു

എ.എസ് ശ്രീകുമാര്‍ Published on 27 May, 2026
ഇ.ഡിക്കെതിരെ സി.പി.എം ആക്രമണം; കരിമണലില്‍ പിണറായി വിജയനും വീണാ വിജയനും കുരുക്ക് മുറുകുന്നു

നിയമസഭാ തിരഞ്ഞെടുപ്പിലെ പരമ ദയനീയമായ തോല്‍വിക്ക് ശേഷം തളര്‍ന്ന് അവശതയിലായിരുന്ന കേരളത്തിലെ സി.പി.എമ്മുകാര്‍ ഇന്ന് ഉശിരോടെ മുദ്രാവാക്യം വിളിച്ച് ഉണര്‍ന്നെഴുന്നേറ്റു. പത്തുവര്‍ഷത്തെ ഭരണകാലയളവില്‍ അണ്ടര്‍ഗ്രൗണ്ടില്‍ സൂക്ഷിച്ചിരുന്ന ആയുധങ്ങളുമായി അവര്‍ തങ്ങളുടെ സ്വതസിദ്ധമായ സമര-കലാപ-കലാപരിപാടികളിയേയ്ക്ക് കടക്കുകയാണെന്ന് ഇന്ന് കേരളത്തിലരങ്ങേറിയ സംഭവവികാസങ്ങള്‍ വിളിച്ചോതുന്നു. പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ (വീണ തൈക്കണ്ടിയില്‍) പ്രതിയായിട്ടുള്ള സി.എം.ആര്‍.എല്‍-എക്‌സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലടക്കം വിവിധ ഇടങ്ങളില്‍ നടന്ന ഇ.ഡി റെയ്ഡിനോടനുബന്ധിച്ചായിരുന്നു സി.പി.എം പ്രവര്‍ത്തകര്‍ സംസഥാന നേതാക്കളുടെ ആഹ്വാനപ്രകാരം  അക്രമം അഴിച്ചുവിട്ടത്.

കേസില്‍ ഇ.ഡി അന്വേഷണം റദ്ദാക്കണമെന്ന സി.എം.ആര്‍.എല്ലിന്റെ ആവശ്യം ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നായിരുന്നു റെയ്ഡ്. പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടകവീട്ടില്‍ നടന്ന റെയ്ഡിനെത്തിയ ഉദ്യോഗസ്ഥര്‍ക്കും വാഹനത്തിനും നേരെയായിരുന്നു സി.പി.എം അക്രമം. തിരുവനന്തപുരത്ത് റെയ്ഡ് കഴിഞ്ഞ് ഉദ്യോഗസ്ഥര്‍ മടങ്ങുന്നതിനിടെയാണ് വന്‍ സംഘര്‍ഷവും അക്രമവും ഉണ്ടാവുന്നത്. ഇഷ്ടികയും കട്ടകളും ഉപയോഗിച്ച് എറിഞ്ഞും കൈകൊണ്ട് ഇടിച്ചും സി.പി.എം പ്രവര്‍ത്തകര്‍ ഇ.ഡിയുടെ മൂന്നു വാഹനങ്ങള്‍ തകര്‍ത്തു. ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും കൂക്കിവിളിക്കുകയും ചെയ്ത പ്രവര്‍ത്തകര്‍, വീടിന്റെ കോമ്പൗണ്ടിലേക്ക് കുപ്പികളും ചെരുപ്പുകളും വലിച്ചെറിഞ്ഞു. വനിതാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള ഇ.ഡി സംഘം പത്ത് മിനിറ്റിലധികം പ്രകോപിതരായ സി.പി.എമ്മുകാര്‍ക്കിടയില്‍ കുടുങ്ങി. പോലീസിന് പ്രവര്‍ത്തകരെ നിയന്ത്രിക്കാനോ വാഹനങ്ങള്‍ക്ക് വഴിയൊരുക്കാനോ കഴിയാത്ത അവസ്ഥവരെ എത്തി.

പിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലെയും വസതികളിലും, മരുമകനും മുന്‍ മന്ത്രിയുമായ പി.എ മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വീട്ടിലും ബാംഗ്ലൂരിലെ എക്‌സാലോജിക്കിന്റെ ഓഫീസിലും സി.എം.ആര്‍.എല്ലിന്റെ കൊച്ചി ഓഫീസിലും മറ്റുമാണ് ഒരേസമയം ഇ.ഡി റെയ്ഡ് നടത്തിയത്. വീണാ വിജയന്റെ ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെ അവരുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ പിടിച്ചെടുത്തതായാണ് വിവരം. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ പ്രതിഷേധം ശക്തമാക്കനാണ് സി.പി.എമ്മിന്റെ തീരുമാനം. കഴിഞ്ഞ ദിവസമായിരുന്നു സി.എം.ആര്‍.എല്‍-എക്‌സാലോജിക് കരാറില്‍ ഇ ഡിയുടെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.

ഇ.ഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സി.എം.ആര്‍.എല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു. അന്വേഷണം തുടരാന്‍ അനുവദിക്കണമെന്ന ഇ.ഡിയുടെ ആവശ്യം സിംഗിള്‍ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. മകള്‍ വീണ തൈക്കണ്ടിയിലിന്റെ ഉടമസ്ഥതയിലുള്ള ഐ.ടി കമ്പനിയായ എക്‌സാ ലോജിക് കമ്പനിക്ക് മാസപ്പടി നല്‍കിയെന്ന കേസിലാണ് ഇ.ഡിയുടെ അന്വേഷണം. സി.എം.ആര്‍.എല്ലില്‍ നിന്ന് എക്‌സാലോജിക് സൊല്യൂഷന്‍സ് സേവനം നല്‍കാതെ ഒരു കോടി 72 ലക്ഷം രൂപ കൈപ്പറ്റിയെന്ന ആക്ഷേപമാണ് ഇ.ഡി അന്വേഷിക്കുന്നത്. സാമ്പത്തിക ഇടപാട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരും എന്നാണ് ഇ.ഡിയുടെ വാദം. കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവ സംബന്ധിച്ച സി.എം.ആര്‍.എല്ലിനെതിരായ ആരോപണങ്ങളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്.

കേരള രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണ്  സി.എം.ആര്‍.എല്‍-എസക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്. എക്‌സാലോജിക്കിന്, കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്‍ ചെയ്യാത്ത സേവനത്തിന് മാസംതോറും തുക നല്‍കിയെന്നാണ് കേസ്. ശശിധരന്‍ കര്‍ത്ത ഡയറക്ടറായ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റുടൈല്‍ ലിമിറ്റഡ് (സി.എം.ആര്‍.എല്‍) വീണാ വിജയന്റെ എക്‌സാലോജിക് സൊലൂഷന്‍സ് കമ്പനിക്ക് 2017-2020 കാലയളവില്‍ നല്‍കാത്ത സേവനത്തിന് 1.72 കോടി കൈപ്പറ്റിയതിന്റെ രേഖകള്‍ പുറത്തു വന്നതോടെയാണ് സാമ്പത്തിക വിവാദങ്ങളുടെ തുടക്കം.  2019-ല്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ സി.എം.ആര്‍.എല്‍ 132.82 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയതായി കണ്ടെത്തിയിരുന്നു. ഇതില്‍ 1.72 കോടി രൂപ വീണാ വിജയന്റെ കമ്പനിക്ക് നല്‍കിയതായി ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ ഇ.ഡി അന്വേഷണം ആരംഭിക്കുകയുമായിരുന്നു.

കേന്ദ്ര ഏജന്‍സിയായ എസ്.എഫ്.ഐ.ഒയും അന്വേഷണമേറ്റെടുത്തു. 2024 ജനുവരി 31-നാണ് കേന്ദ്ര കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം നടപടികള്‍ തുടങ്ങിയത്. ധാതു മണല്‍ ഖനനത്തിനായി സി.എം.ആര്‍.എല്ലിനു അനുമതി നല്‍കിയതിനു പ്രതിഫലമായി എക്‌സാലോജിക്കിന് മാസപ്പടിയായി പണം ലഭിച്ചുവെന്നാണ് ആരോപണം. 2016-17 മുതലാണ് എക്‌സാലോജിക്കിനു 'കരിമണല്‍ കര്‍ത്താ'യുടെ കമ്പനി അക്കൗണ്ട് വഴി പണം കൈമാറിയത്. ഐ.ടി അനുബന്ധ സേവനത്തിനാണു പണം നല്‍കിയതെന്നാണു സി.എം.ആര്‍.എലിന്റെയും എക്‌സാലോജിക്കിന്റെയും മുട്ടുന്യായം. ഈ കാലഘട്ടത്തില്‍ പത്തിലധികം സ്ഥാപനങ്ങള്‍ എക്‌സാലോജിക്കുമായി വലിയ സാമ്പത്തിക ഇടപാടു നടത്തിയെന്നാണ് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ എസ്.എഫ്.ഐ.ഒക്ക് കണ്ടെത്താനായത്.

ഇന്നത്തെ റെയ്ഡിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സി.പി.എം. തെരുവിലിറങ്ങി പ്രതിഷേധിക്കാന്‍ പ്രവര്‍ത്തകരോട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഏരിയ-ലോക്കല്‍ മേഖലകളിലടക്കം ജനകീയ പ്രതിഷേധം നടത്താനും, മുഴുവന്‍ ബ്രാഞ്ചുകളിലും പന്തംകൊളുത്തി പ്രതിഷേധം നടത്താനും തീരുമാനിച്ചിട്ടുണ്ടെന്ന്  എം.വി ഗോവിന്ദന്‍ പറഞ്ഞു. അടിയന്തര സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നാണ് സി.പി.എം തെരുവില്‍ ഇറങ്ങി പ്രതിഷേധിക്കാന്‍ തീരുമാനിക്കുന്നത്. തിരുവനന്തപുരത്ത് ബേക്കറി ജംഗ്ഷനിലുള്ള പിണറായി വിജയന്റെ വാടക വീടിന് മുന്നില്‍ കുത്തിയിരുന്ന് സി.പി.എം നേതാക്കള്‍ പ്രതിഷേധിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി വി.ഡി സതീശനും എതിരെയാണ് മുദ്രാവാക്യം വിളികള്‍. 'മോദി-മേനോന്‍ വി.ഡി  ഇ.ഡി വേട്ട സി.പി.എമ്മിനോട് വേണ്ട' എന്നെഴുതിയ ബാനര്‍ പ്രവര്‍ത്തകര്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു.

ഇന്നലെ മുഖ്യമന്ത്രി വി.ഡി സതീശന്‍ പ്രധാനമനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനാല്‍ ഇന്ന് നടന്ന ഇ.ഡി റെയ്ഡ് മോദിയും കോണ്‍ഗ്രസും തമ്മിലുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് സി.പി.എം ആരോപിക്കുന്നത്. എന്നാല്‍ ഇ.ഡി  റെയ്ഡ് സംബന്ധിച്ച് കേരളത്തിലെ പോലീസിനോ ആഭ്യന്തര വകുപ്പിനോ ഒരറിവും ഇല്ലെന്ന്   ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. അതുസംബന്ധിച്ച് തങ്ങള്‍ക്ക് ഒരു വിവരവുമില്ല. മുഖ്യമന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെ വി.ഡി സതീശന്‍ ഡല്‍ഹിയില്‍ പോയി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടത് കേരളത്തിന്റെ ആവശ്യത്തിനാണ്. അത് സര്‍ക്കാര്‍ നടപടികളുടെ ഭാഗമായിട്ടായിരുന്നു. ഇ.ഡി അന്വേഷണവുമായി അതിനു യാതൊരു ബന്ധവുമില്ലെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം, പ്രതിഷേധത്തിനിടെ ഉദ്യോഗസ്ഥര്‍ക്ക് നേരെ കയ്യേറ്റമുണ്ടാവുകയും ആക്രമണത്തില്‍ ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ അക്രമിക്കപ്പെട്ടതിലും വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടതിലും ഇ.ഡി തമ്പാനൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക