
'ഇരട്ടി മധുരമുള്ള ഒരു ആഘോഷ നിമിഷത്തിലാണ് നമ്മളെല്ലാവരും. ഒരു ദേശത്തിന്റെ പ്രിയപ്പെട്ട പുത്രന്‍ ഒരു നാടിന്റെ തന്നെ മുഖ്യനായി മാറിയ അനര്‍ഘ നിമിഷം. ഈ നിമിഷത്തെ അഭിസംബോധന ചെയ്ത് എന്ത് പറയണം എന്ന് എനിക്ക് ഒരു കൃത്യമായ ഒരു രൂപമില്ല. ഞാന്‍ അടക്കമുള്ള മലയാളികളുടെ പ്രതീക്ഷകളുടെ ഭാരം എത്രയുണ്ട് എന്ന് പ്രിയപ്പെട്ട സതീശന്‍ സാര്‍ ഇപ്പോള്‍ അറിയുന്നുണ്ടാവാം. അത്രമാത്രം പ്രതീക്ഷകളോടെയാണ് കേരളം അദ്ദേഹത്തെ മുഖ്യമന്ത്രിയായി അവരോധിച്ചത്. ഒരാളെ മുഖ്യമന്ത്രിയാക്കാന്‍ വേണ്ടി നാടൊന്നായി മുറവിളി കൂട്ടിയ അനുഭവം കേരള ചരിത്രത്തില്‍ തന്നെ വിരളമായിരിക്കും. പറവൂരിന് മാത്രമല്ല കേരളത്തിനാകെ ഈ ഒരാളെ വേണം എന്ന് തോന്നാന്‍ കാരണം എന്താണ് എന്ന് ഞാന്‍ ആ ദിവസങ്ങളിലേറെ ആലോചിച്ചിട്ടുണ്ട്. സത്യസന്ധത, സുതാര്യത - ബഹുമാനപ്പെട്ട സതീശന്‍ സാറിന് ഇവ രണ്ടും പ്രകടമാണ്. ജീവിതത്തില്‍ അങ്ങോളം മറ്റെന്തൊക്കെ കൈമോശം വന്നാലും ഇവ രണ്ടും കാത്തുസൂക്ഷിക്കാന്‍ അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, ആശംസിക്കുന്നു.
ഭൂമിയിലെ തന്നെ ഏറ്റവും മനോഹരമായ ഒരു ദേശത്തിന്റെ ഭാഗ്യവാനായ മുഖ്യമന്ത്രിയാണ് ഇപ്പോള്‍ വി.ഡി. സതീശന്‍ സാര്‍. മഴയും പുഴകളും മലയും കാടും കടലും ഒരുപോലെ അനുഗ്രഹിച്ച ഒരിടം. കൃഷിയും വാണിജ്യവും കലയും സംസ്‌കാരവും പരസ്പരം ലയിച്ച നാട്. തൊഴിലിന്റെ ഭാഗമായി കേരളത്തില്‍ അങ്ങോളമിങ്ങോളം യാത്ര ചെയ്യുന്ന ഒരാളാണ് ഞാന്‍. അപ്പോഴെല്ലാം ഈ നാടിനെയും അതിന്റെ അമൂല്യമായ സമ്പത്തിനെയും വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ടോ എന്ന് ഞാന്‍ സംശയിച്ചിട്ടുണ്ട്. അതിന്റെ സാധ്യതകളെ ഫലപ്രദമായ വിധത്തില്‍ വിനിയോഗിക്കാന്‍ നമുക്ക് സാധിച്ചിട്ടില്ല എന്നാണ് എന്റെ അഭിപ്രായം. നമ്മുടെ ചരിത്രം, സംസ്‌കാരം, കല, പ്രാദേശിക ഭംഗികള്‍, കാലാവസ്ഥ, വാണിജ്യ വിഭവങ്ങള്‍ തുടങ്ങി ലോകത്തിന്റെ പ്രിയപ്പെട്ട എത്ര എത്ര കാര്യങ്ങള്‍. കുരുമുളക് കൊണ്ടുപോയ വൈദേശിക ശക്തികളോട് ഞങ്ങളുടെ തിരുവാതര ഞാറ്റുവേല നിങ്ങള്‍ക്ക് കൊണ്ടുപോകാന്‍ സാധിക്കില്ലല്ലോ എന്ന് പറഞ്ഞ രാജാവിന് ഓര്‍മ്മ വരുന്നു. അത്രമേല്‍ അനുഗ്രഹീതരാണ് നമ്മള്‍. കാഴ്ചപ്പാടുള്ള ഒരു ഭരണാധികാരിക്ക് മുന്നില്‍ ഒരേസമയം വെല്ലുവിളിയും സാധ്യതകളുമാണ് ഇവ.
സാമാന്യത്തിലധികം വായനയും ചിന്തയുമുള്ള സതീശന്‍ സാറിന് ഈ കാര്യങ്ങളെല്ലാം എന്നെക്കാള്‍ നന്നായിട്ട് അറിയാം എന്ന് എനിക്ക് ഉറപ്പുണ്ട്. നെഹ്‌റുവിയന്‍ സോഷ്യലിസ്റ്റ് ആയ സതീശന്‍ സാര്‍ നെഹ്‌റുവിനെ പോലെ വലിയൊരു ഡ്രീമര്‍ ആവാതെ തരമില്ല. അദ്ദേഹത്തിന്റെ സ്വപ്നങ്ങളിലൂടെ കേരളം മഴവില്‍ ഭംഗിയോടെ വളരും എന്ന് ഞാന്‍ പ്രത്യാശിക്കുന്നു. അത്തരം ഒരു നാടിനെ സൃഷ്ടിക്കാന്‍ മുഖ്യമന്ത്രിക്ക് സാധിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. കേരളം നേരിടുന്ന പല വെല്ലുകളെ കുറിച്ച് മുമ്പ് ഞാന്‍ എന്റെ ബ്ലോഗുകളില്‍ എഴുതിയിട്ടുണ്ട്. എന്നോട് തന്നെയുള്ള സംസാരങ്ങളായിരുന്നു ആ എഴുത്തുകള്‍. ശുചിത്വം, പൗരബോധം, റോഡ് സംസ്‌കാരം, നിശബ്ദരായ മനുഷ്യരുടെ സഹനങ്ങള്‍, ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയ ഒരുപാട് കാര്യങ്ങള്‍. പരിസര ശുചിത്വത്തെ കുറിച്ച് ഞാന്‍ എപ്പോഴും പറയാറുള്ളതാണ്. മഴയും മഞ്ഞും വെയിലും മാറി മാറി വരുമ്പോള്‍ എത്രയെത്ര രോഗങ്ങളാണ് കേരളത്തില്‍ താവളം അടിക്കാറുള്ളത്. ഇതിന് പലതിനും കാരണക്കാര്‍ നമ്മള്‍ തന്നെയാണ് എന്നതാണ് ശരി.
ഒരു യുദ്ധത്തില്‍ മരിക്കുന്നതിനേക്കാള്‍ മനുഷ്യര്‍ കേരളത്തിലെ റോഡുകളില്‍ ഒരു വര്‍ഷം മരിക്കുന്നു എന്ന് ഞാന്‍ ഞെട്ടലോടെ ഒരിടത്ത് വായിച്ച കാര്യം ഞാന്‍ ഓര്‍ക്കുന്നു. മരിച്ചവരെക്കാള്‍ അധികമാണ് ഗുരുതരമായ പരിക്കേറ്റ് വീടുകളിലേക്ക് ഒതുങ്ങി ജീവിതം തകര്‍ന്നു കഴിയുന്നവര്‍. ഈ രണ്ടു കാര്യങ്ങള്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ മുന്നിലേക്ക് എന്റെ ആകുലതകളായി വെക്കുകയാണ്. ആളെ കൊല്ലുന്ന റോഡുകളില്‍ നിന്നും നാടിനെ നശിപ്പിക്കുന്ന മാലിന്യങ്ങളില്‍ നിന്നും കേരളത്തെ രക്ഷിക്കാന്‍ നമുക്ക് സാധിച്ചാല്‍ അത് വലിയ ഒരു ചുവടുവെപ്പായിരിക്കും. മറ്റൊന്ന് മയക്ക് മരുന്നാണ്. 'നര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ്' എന്ന് എന്റെ ഒരു കഥാപാത്രം പറയുന്നുണ്ട്. കേരളത്തില്‍ ഇപ്പോള്‍ മയക്കുമരുന്ന് ഒഴുകുകയാണ്. നമ്മുടെ കുഞ്ഞുങ്ങളുടെ സ്‌കൂള്‍ കവാടത്തില്‍ വരെ മയക്കുമരുന്ന് എന്ന വിപത്ത് എത്തിയിരിക്കുന്നു. ഉരുക്കു മുഷ്ടിയും ദൃഢ നിശ്ചയവുമായി സര്‍ക്കാര്‍ മുന്നില്‍ നിന്നാല്‍ മയക്കു മരുന്ന് എന്ന വിപത്തിനെ നമുക്ക് തുടച്ചു നീക്കാന്‍ സാധിക്കും. അതിനുള്ള കരുത്ത് ഈ ഗവണ്‍മെന്റിനുണ്ട് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
എല്ലാ രാഷ്ട്രീയ പാര്‍ട്ടിയില്‍ ഉള്ളവരുമായും സൗഹൃദം നിലനിര്‍ത്തുന്ന ആളാണ് ഞാന്‍. കക്ഷി രാഷ്ട്രീയമല്ല, രാഷ്ട്രബോധമാണ് എന്നെ എപ്പോഴും നയിച്ചിട്ടുള്ളത്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ എല്ലാ ജനങ്ങളുടേതുമാണ്. സര്‍ക്കാരിനും മുഖ്യമന്ത്രിക്കും മാത്രമായി ഇവിടെ വിപ്ലവങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കില്ല എന്നും എനിക്കറിയാം. അവകാശങ്ങള്‍ക്കൊപ്പം വരുന്ന നിഴലാണ് കടമകള്‍. ഒരു കലാകാരന്‍ എന്ന നിലയിലും വ്യക്തി എന്ന നിലയിലും എന്നാല്‍ കഴിയുന്ന എല്ലാ സഹായങ്ങളും എന്നത്തെയും പോലെ സതീശന്‍ സാറിനും അദ്ദേഹത്തിന്റെ സര്‍ക്കാരിനും ഞാന്‍ വാഗ്ദാനം ചെയ്യുന്നു. ഇത്തരത്തില്‍ ചെറുതും വലുതുമായ ഒരുപാട് കരങ്ങള്‍ പ്രിയപ്പെട്ട സതീശന്‍ സാറിനോടൊപ്പമുണ്ട്. എന്തിനും തയ്യാറായി ഞങ്ങള്‍ കേരളീയര്‍ താങ്കള്‍ക്കൊപ്പമുണ്ട്. ധീരമായി ഞങ്ങളെ മുന്നില്‍ നിന്ന് നയിക്കുക. നമുക്ക് ഒന്നായി ഈ കേരളത്തെ മാറ്റിയെടുക്കാം, അതിന്റെ പരാധീനതകളെ മറികടക്കാം.
പറവൂര്‍ എന്ന് പറഞ്ഞാല്‍ ഞങ്ങള്‍ സിനിമാക്കാര്‍ക്ക് പറവൂര്‍ ഭരതന്‍ ചേട്ടനാണ്. കേരളത്തിന്റെ ചരിത്രം വന്ന് സന്ധിക്കുന്ന ദേശമാണിത്. ഇവിടെ വന്ന് ഇത്രയും മഹനീയമായ ഒരു ആഘോഷത്തില്‍ പങ്കെടുക്കാന്‍ സാധിച്ചത് എന്റെ ഭാഗ്യമായി ഞാന്‍ കരുതുന്നു. വിഡി സതീശന്‍ സാര്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോള്‍ എന്റെ മനസ്സില്‍ ആധുനിക സിംഗപ്പൂരിന്റെ സൃഷ്ടാവായ ലീ ക്വാന്‍ യുവിന്റെ ജീവിതം തെളിഞ്ഞു. ഞാന്‍ നിരന്തരം യാത്ര പോകുന്ന ഒരു രാജ്യമാണ് സിംഗപ്പൂര്‍. എനിക്ക് അവിടെ ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ട്. ലീ മരിച്ചിട്ട് 11 വര്‍ഷമായി. ഇപ്പോഴും അവിടുത്തെ സൗഹൃദ സദസ്സുകള്‍ ഒരു തവണയെങ്കിലും അദ്ദേഹത്തെ ഓര്‍ക്കാതെ പിരിയാറില്ല. ചിലര്‍ അദ്ദേഹത്തെ ഓര്‍ത്ത് കരയുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. ഒരു ഭരണാധികാരി ജനങ്ങളുടെ ഹൃദയത്തിന്റെ ഭാഗമാകുന്നത് സിംഗപ്പൂരില്‍ പോകുമ്പോള്‍ ഞാന്‍ ഇപ്പോഴും കാണുന്നു. അറിവ്, ലോകാനുഭവങ്ങളില്‍ നിന്ന് നല്ല കാര്യങ്ങള്‍ സ്വാംശീകരിക്കാനുള്ള കഴിവ്, നാടിനോടും മനുഷ്യരോടുമുള്ള ആത്മാര്‍ത്ഥമായ സ്‌നേഹവും സത്യസന്ധതയും കഠിനാധ്വാനവും സമര്‍പ്പണവും - ഇവയെല്ലാം ലീ യില്‍ ഒത്തുചേര്‍ന്നിരുന്നു. യാഥാര്‍ഥ്യവും സ്വപ്നങ്ങളും നിറഞ്ഞതാണ് അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍. തീര്‍ച്ചയായും ബഹുമാനപ്പെട്ട സതീശന്‍ സാര്‍ അവ വായിച്ചിട്ടുണ്ടാവും. ഒരാള്‍ക്ക് മറ്റൊരാള്‍ ആ
എപ്പോഴും ജാഗ്രതയോടെ ലോകത്തെയും ജീവിതത്തെയും വീക്ഷിക്കുകയും ഒരു വിദ്യാര്‍ത്ഥിയെ പോലെ നിരന്തരം പഠിക്കുകയും ചെയ്യുന്നു. ഞാന്‍ മനസ്സിലാക്കുന്ന നമ്മുടെ മുഖ്യമന്ത്രിക്ക് ലീ ക്വാന്‍ യുവിനെ പോലെ സ്വപ്നം കാണാനും കഠിനാധ്വാനത്തിലൂടെ പുതിയൊരു കേരളത്തെ സൃഷ്ടിക്കാനും സാധിക്കട്ടെ. അതിന് എല്ലാ പിന്തുണയുമായി സാധാരണക്കാരായ ഞങ്ങളുണ്ട്, ഈ ഞാനുണ്ട്, നമ്മളുണ്ട്. വിഡി സതീശന്‍ സാറിന് എന്റെ ഹൃദയത്തിന്റെ ഭാഷയില്‍ ഞാന്‍ ആശംസ ചൊരിയുന്നു