Image

ആനപ്പക (ചെറുകഥ: ഷജിബുദീൻ.ബി)

Published on 27 May, 2026
 ആനപ്പക (ചെറുകഥ:  ഷജിബുദീൻ.ബി)

അടപടലം ഒന്നിച്ചു പിടിയേ,

ആനക്കുത്തിൽ അമർത്തി പിടിയേ

വടത്തിൻ്റെ ഒരറ്റം മരത്തിൽ കെട്ടിവലിച്ച് ബിനു വിളിച്ചു കൂവി.

ഇടം കുത്തി വലം മാറേ,

ഇടം കുത്തി വലം മാറേ

കുങ്കിക്കാല് ചോട് മാറേ,

ആയം കൊടുത്താഞ്ഞുവലിച്ചോ,

കുലമഹിമയോർത്തു വലിച്ചോ,

കുലത്തോരപ്പനെയോർത്തു വലിച്ചോ.

ബിനു ഓരോ ചുവടിലും ആയം പിടിച്ച്  കയറ്റക്കാർക്ക് നിർദ്ദേശവും ആവേശവും പകർന്നു കൊടുത്തു കൊണ്ടിരുന്നു. വാരിക്കുഴിയ്ക്കരികിൽ കുങ്കിയാനകൾക്കൊപ്പം ബിനുവും സംഘവും ചേർന്നു നിന്നു.

"വീണത് പിടിയാ." കൂട്ടക്കാരിൽ ഒരാൾ പറഞ്ഞു.

"നല്ലതു തന്നെ. ഒരു പിടിയെത്തേടി കുറേയായി അലയുന്നു."വല്യപാപ്പാൻ തൊട്ടടുത്ത കരിമ്പാറയിലിരുന്ന് വിളിച്ചു പറഞ്ഞു.

ബിനുകുമാർ, കരിപ്പുറം പാപ്പാൻകുടുംബത്തിലെ ഒടുവിലത്തെ കണ്ണി. വല്യപ്പൻ കരിങ്കുറ്റിപ്പാപ്പാനായിരുന്നു ഗുരു. തോട്ടി ഏറ്റുവാങ്ങിയതും കരിങ്കുറ്റി പാപ്പാൻ്റെ കൈയ്യിൽ നിന്നുമായിരുന്നു.

"ആനയെ  തെളിക്കാനും ഒരായം വേണം, ഒരുതഞ്ചം വേണം. അത് പഠിച്ചെടുക്കാൻ പ്രയാസമാടാ. ചോരേല് വേണം. അതുള്ളോനേ പാപ്പാനാകാവൂ .ആനച്ചൂടും ആനക്കൊതിയും ആനപ്പകയും അറിയണം. അതറിയുന്നോൻ്റെ അടിമയാവും ആന. അത് കുടുംബത്തിലെ പുതിയ തലമുറയിൽ നിനക്കേ ഒള്ളെടാ." കരിങ്കുറ്റിപ്പാപ്പാൻ ബിനുകുമാറിനെ ചേർത്തു നിർത്തി ഒരിക്കൽ പറഞ്ഞു .

ബിനുവിൻ്റെ രക്തത്തിൽ അലിഞ്ഞ കലയായിരുന്നു ആനമെരുക്കൽ .വാരിക്കുഴി നിർമ്മാണത്തിൽ തൻ്റേതായ ചില തന്ത്രങ്ങൾ ബിനുകുമാറിന് സ്വന്തമായിട്ടുണ്ടായിരുന്നു. കുഴിയിൽ വീഴ്ത്തിയതാണെന്ന് ആനയ്ക്ക് തോന്നരുത്. താനെങ്ങനെയോ പെട്ടു പോയ കുഴിയിൽ നിന്നും പാപ്പാനായ രക്ഷകൻ തന്നെ രക്ഷിക്കുകയായിരുന്നു. തൻ്റെ രക്ഷകനാണ് പാപ്പാൻ എന്നു ആനയ്ക്കു തോന്നണം .ആനയ്ക്ക് ആ തോന്നൽ ഉളവായാൽ പാപ്പാൻ വിജയിച്ചു.ആ പാപ്പാനെ വിട്ട് ആന പോകില്ല.

കുഴിയിൽ പെട്ട ആനയെ കുങ്കികൾ കരയിലെത്തിച്ച് ലോറിയിലെ വേലിക്കുള്ളിൽ കയറ്റി.

വലിയ എതിർപ്പില്ലാതെ ആന കീഴടങ്ങി.

"അവൾ സാധുവാടാ."

കരിമ്പാറപ്പുറത്തു നിന്ന് വല്യപ്പൻ പറഞ്ഞു.

"എന്നാൽ അവളെ സാധു എന്നു വിളിക്കാം അല്ലെ ?"ബിനുകുമാർ ചോദിച്ചു.

" നീ അങ്ങനെ വിളിച്ചോ. പിന്നെ സാധുവാണെന്നു കരുതി തലയിൽ കേറ്റി വയ്ക്കരുത്.കൊണം മാറ്റം അറിഞ്ഞ് മേയ്ക്കണം." വല്യപ്പൻ ചില ആനപ്പാഠങ്ങൾ കൂടി പറഞ്ഞു.

ഒരാഴ്ച മെരുക്കൽക്കാലമായിരുന്നു. കുങ്കിയാനകൾ വട്ടംചുറ്റി നിന്നു. മസ്തകം കൊണ്ട് തള്ളിയും അത്യാവശ്യം വേണ്ടി വന്നപ്പോൾ കൊമ്പിനു തോണ്ടിയും തുമ്പിക്കൈയ്യാൽ വലിച്ചും അവളെ വരുതിയിലാക്കാൻ തുടങ്ങി. വശങ്ങളിൽ നിന്ന് ശരീരം കൊണ്ട് തള്ളി ഒരു ഇടുക്കം തോന്നിക്കണം. വേലിക്കകത്ത് മുറുക്കം വരുത്തി നിർത്തണം. ചെവിവട്ടം കൊണ്ട് പുറം കാണാനാകാത്ത ആനയ്ക്ക് സ്പർശനം കൊണ്ട് ഒരു ചെറിയ ഇടം അനുഭവപ്പെടും.തൻ്റെ ലോകം അത്രയേയുള്ളൂ എന്ന തോന്നൽ.പിന്നെ ആ ചെറിയ ലോകത്തിലായിരിക്കും ആ വലിയ ആന. ആ തോന്നൽ ഉണ്ടാക്കിക്കൊടുക്കേണ്ടതും ആനകളെ കൊണ്ടു തന്നെയാവണം. അതുളവാക്കി ആനവർഗ്ഗത്തിൻ്റെ ലോകം ചെറുതാണ് എന്നു വരുത്തി തീർക്കലാണ് കുങ്കികളുടെ നിയോഗം.പട്ടിണിക്കിട്ട് വിശപ്പിൻ്റെ കത്തൽ പഠിപ്പിക്കണം.ആ തീയിൽ വെന്തു പിടയുമ്പോൾ അൽപ്പം ഭക്ഷണം. പിന്നെയും പട്ടിണി, പിന്നെയും അൽപ്പം ഭക്ഷണം. ആജ്ഞകൾ അനുസരിച്ചാലേ ആഹാരം ലഭിക്കൂ എന്ന  ജീവിതമന്ത്രം അതിൻ്റെ ചോരയിൽ ചാലിക്കണം. ഒരു അടിമയെ എങ്ങനെയാണോ പരുവപ്പെടുത്തുന്നത് അപ്രകാരം. കാടിൻ്റെ സ്വാഭാവികതയിൽ നിന്നും ചിട്ടവട്ടങ്ങളുടെ ക്രമത്തിലേയ്ക്കുള്ള പരുവപ്പെടൽ.

ബിനുകുമാർ പനമ്പട്ടയുമായി സാധുവിൻ്റെ അടുക്കലേയ്ക്ക് നടന്നു. "ടാ, നാളെ ആ പെണ്ണിനെ പോയി കാണണം. കുറേയായി ചെല്ലപ്പനോട് വരാംന്ന് പറയുന്നു. നിൻ്റെ തായ് വഴിയിൽ വേരുള്ള പെണ്ണാ.ആന മെരുക്കലൊക്കെ ഇവിടെ നടന്നോളും .നീയിനിയും അതിൻ്റെ പിന്നാലെ പായണ്ട." കരിങ്കുറ്റി വല്യപ്പൻ ആ നടത്തത്തിനിടയിൽ വിളിച്ചു പറഞ്ഞു.

കരിങ്കുറ്റി വല്യപ്പൻ്റെ വാക്കുകൾ ബിനു തെറ്റിക്കാറില്ല. കുടുംബത്തിൻ്റെ ആനപ്പെരുമ മുഴുവൻ വല്യപ്പൻ്റെ അധ്വാനമാണ്. തലമുറകളിലൂടെ ഒഴുകി വന്ന മഹത്വത്തിൻ്റെ ഒരു നദിയായിരുന്നു അത്. പണ്ട് ആരാലും മെരുങ്ങാത്ത കൊച്ചമ്മിണി എന്ന ആനയെ ഒറ്റത്തോട്ടിയ്ക്ക് പിടിച്ചു നിർത്തിയ ആളാണ്. നാട്ടിലിറങ്ങി വിള നശിപ്പിച്ചും കാട്ടിൽ കയറി മദിച്ചു തുള്ളിയും നടന്ന കൊച്ചമ്മിണി. മലയടിവാരത്തിലൂടെ ഒരു കൊടുങ്കാറ്റുപോലെ അവൾ ചിന്നം വിളിച്ചുപാഞ്ഞു.ഒരു നിർവ്വാഹമില്ലാതെ നാട്ടുകാർ കരിങ്കുറ്റി വല്യപ്പനെ കണ്ടു.

"നിങ്ങൾ വിചാരിക്കണം. വിചാരിച്ചാലേ പറ്റൂ. ഇല്ലെങ്കിൽ നാടു മുടിയ്ക്കും അവൾ."നാട് ഒന്നടങ്കം ആവശ്യപ്പെട്ടു.

അന്നു രാത്രി കരിങ്കുറ്റി വല്യപ്പൻ തോട്ടിയുമായി ഇറങ്ങി. നാട്ടുകാർ അവരവരുടെ വീടുകളിൽ ഉറക്കമിളച്ചിരുന്നു. കരിങ്കുറ്റിമലയുടെ താഴ് വാരത്തിൽ ചിന്നം വിളിയും മുക്രയിടലും ആക്രോശങ്ങളും രാത്രി മുഴുവൻ ഇടവിട്ടിടവിട്ട് കേട്ടുകൊണ്ടിരുന്നു. കരിങ്കുറ്റിയെ കൊച്ചമ്മിണി  ചതച്ചിട്ടുണ്ടാകും.രാവിലെ നോക്കാം. ഓരോ വീട്ടിലെയും അംഗങ്ങൾ ആ കാളരാത്രിയുടെ അങ്ങേ തലയ്ക്കൽ വച്ച് ഒരു തീരുമാനത്തിലെത്തി.

പിറ്റേന്ന് പ്രഭാതത്തിൽ കൊച്ചമ്മിണിയുമായി കരിങ്കുറ്റി ചെമ്മൺപാത കടന്നു വന്നു.

"ഇതാ വടക്കേപ്പുറത്തെ മാവിൻ ചോട്ടിൽ തളച്ചോ."

കരിങ്കുറ്റി കൊച്ചമ്മിണിയെ രണ്ടാം പാപ്പാനെ ഏൽപ്പിച്ച് പറഞ്ഞു.

ഇത്രയും അനുസരണയുള്ള ആനയൊരുത്തി ആ തറവാട്ടിൽ പിന്നെ വന്നില്ല എന്നു വേണം പറയാൻ. ഒരു കാലത്ത് കാടടക്കി വാണവൾ പിന്നീടുള്ള കാലം വീടൊതുങ്ങി നിന്നു.പാപ്പാൻമാർ കൊടുത്ത ഓലയിലും പനമ്പട്ടയിലും അവൾ തൃപ്തിപ്പെട്ടു.

കരിങ്കുറ്റി വല്യപ്പൻ്റെ വാക്കനുസരിച്ച് ബിനു ഞായറാഴ്ച പെണ്ണുകണ്ടു. ചായ കുടിച്ച് ബന്ധുക്കൾ കുശല സംസാരത്തിനെന്നോണം മാറിയപ്പോൾ ബിനുകുമാർ പെണ്ണിൻ്റെ ചേര് ചോദിച്ചറിഞ്ഞു.

"ആരതി."

ആനയെ പോലെയല്ല. മെല്ലിച്ച പ്രകൃതമാണ്. അവൾ തിരിഞ്ഞു നടക്കുമ്പോൾ അവൻ നിരീക്ഷിച്ചു.ഗജവിരാജിത മന്ദഗതിയും ഇല്ലായിരുന്നു.രണ്ടാം പാപ്പനോട് അവൻ്റെ സങ്കടം പറഞ്ഞു.

"അതൊക്കെ നല്ല തീറ്റ കിട്ടുമ്പോൾ ഇങ്ങു പോരില്ലേ.പിന്നെ ഇപ്പൊ ഏതു പെണ്ണിനാടെ ആനനടേo അന്നനടേം ഉള്ളത്. "

സംഗതി ശരിയാണ്. നാട്ടിലിപ്പോൾ അമ്മാതിരിയുള്ളതെല്ലാം നാൽപതോ അൻപതോ കഴിഞ്ഞവരാണ്.

"പക്ഷേ  എൻ്റെ സങ്കൽപ്പം അതാണ് ശശിയണ്ണാ. അതൊരു ചന്തം തന്നെയല്ലേ. നമ്മുടെ സാധുവിൻ്റെ നടത്തം നീ കണ്ടിട്ടില്ലേ."

"ടേയ്, ഇതുവരെ കണ്ട പെണ്ണിനെയെല്ലാം നീ ഇതു പറഞ്ഞാ വേണ്ടെന്നു വച്ചത്. ഇതിനേം വേണ്ടെന്നു വച്ചാ ഞാൻ ഒള്ള കാര്യം നിൻ്റെ തള്ളയോട് പറയും... അവന് മൂലം കൂടുതലുള്ള പെണ്ണിനെ നോക്കാൻ.... "

അൽപ്പം കെറുവിച്ച ശേഷം രണ്ടാം പാപ്പാൻ തുടർന്നു.

"നീ സമാധാനപ്പെട് . മറ്റു കുഴപ്പമില്ലെങ്കിൽ നീയങ്ങ് സമ്മതിക്ക്. ഇല്ലെങ്കിൽ നിന്ന് മോഴയായിത്തീരും നീ."

ഒരു ആകർഷണം തോന്നിയത് പേരിലായിരുന്നു. അതിൽ രതി എന്നൊരു പദം കൊള്ളാം.ആ രതി. രതി അങ്ങനെ വിളിക്കാം. ചില രതിച്ചിത്രങ്ങൾ മനസിൽ തിരശീല വിടർത്തി കെട്ടിമറിയാൻ തുടങ്ങി. പണ്ടു കണ്ട രതിനായികമാർ മനസിലൂടെ ഛിന്നം വിളിച്ചു കടന്നു പോയി. കരിങ്കുറ്റി വല്യപ്പൻ വല്യമ്മയോട് പറഞ്ഞതും ബാല്യത്തിൽ ഒളിച്ചു നിന്നു കേട്ടതുമായ ഒരു ഉണ്ണിയച്ചിക്കഥയിലെ വരികൾ ഓർമ്മ വന്നു. 'കുൻറോടൊക്കും നിൻ്റെ മുലയോ സഖീ, മലയോടൊക്കും നിൻ്റെ ജഘനമോ.....'

കുഴപ്പമില്ല. ബിനുകുമാർ സമ്മതിച്ചു.

"നിൻ്റെ കൈയ്യിൽ മെരുങ്ങു വോടാ."

രഘുവണ്ണൻ, സാധുവിൻ്റെ മൂന്നാം പാപ്പാൻ ചോദിച്ചു.

"ങാ. മെരുങ്ങിയില്ലെങ്കിൽ മെരുക്കിയെടുക്കാം. അതല്ലോ നമ്മുടെ പാപ്പാൻമാരുടെ നിയോഗം. "

"കണ്ടിട്ട് അവളും സാധുവെന്നാ തോന്നണെ."

രഘുവണ്ണൻ മുറുക്കാൻ തുപ്പിക്കൊണ്ട് പറഞ്ഞു. പുറത്തേയ്ക്ക് തെറിക്കാത്ത കുറച്ച് മുറുക്കാൻ ചിറിക്കോണിലൂടെ ഒലിച്ചിറങ്ങി.

കുങ്കിയാനകൾ രണ്ടും ബിനുകുമാറും ചേർന്ന് സാധുവിനെ വളരെ വേഗം മെരുക്കി. അടിച്ചും കുത്തിയും തോട്ടിക്കു വലിച്ചും സാധുവിൻ്റെ സ്വാഭാവിക പ്രകൃതത്തെ കടഞ്ഞു. വേദനയിൽ തലോടി ആശ്വസിപ്പിച്ചു. തല്ലിയും തലോടിയും വേണം മെരുക്കാൻ. എങ്കിലെ ആന വരുതി പഠിക്കൂ. മുരണ്ടും കാലിട്ടടിച്ചും തല വെട്ടിച്ച് ഉറക്കെ വിളിച്ചും  തൻ്റെ വലിയ ലോകത്തു നിന്നും അവൾ ആ ഇടുങ്ങിയ ലോകത്തിലേയ്ക്ക് നടന്നു.പതിയെപ്പതിയെ അവൾ പാപ്പാൻമാരുടെ വരുതിയിലായി.

പറമ്പിലെ ഓലവാരൽ തുടങ്ങി ചെറുകിട ജോലികളിലൂടെ അവളെ കുലത്തൊഴിലിലേയ്ക്ക് നയിച്ചു.ബിനുകുമാറുമായി വേഗത്തിൽ ഇണക്കത്തിലായി.

"അവൻ പരമ്പരയുടെ ചോരയുളളവനാ. അവനിൽ മെരുങ്ങാത്ത കരിയില്ല." കരിങ്കുറ്റി വല്യപ്പൻ മസ്തകം പോലുള്ള തൻ്റെ വയറിൽ തലോടിക്കൊണ്ട് അവൻ്റെ കേമത്തം പറഞ്ഞു. ക്രമേണ സാധു പുറം പണിയ്ക്ക് പോയിത്തുടങ്ങി.മിക്കവാറും ബിനുകുമാറിനൊപ്പവും ചിലപ്പോൾ രണ്ടാം പാപ്പാൻ ശശിയ്ക്കൊപ്പവുമായിരിക്കും അവൾ പുറം പണിയ്ക്കെത്തുക.

"പെണ്ണിനിതെന്തിൻ്റെ കുരു.അറിയപ്പെടുന്ന പാപ്പാൻ കുടുംബത്തിലെ അംഗവാ. അവിടെന്നൊരു ബന്ധം കിട്ടുവാന്നു വച്ചാല് ചില്ലറ ഭാഗ്യമാ?" ആരതിയുടെ അച്ഛൻ പെങ്ങൾ പാരുഷ്യത്തോടെ പറഞ്ഞു.

"അവൾക്ക് പഠിപ്പ് തീർക്കണമെന്നാ പറേണത് ." അമ്മ അറിയിച്ചു.

"അവൾടെ പഠിപ്പാ തീർക്കണ്ടത്. പെറാൻ കാലമായാ പെണ്ണു പെറണം. അല്ലെങ്കി കൊമരി മൂത്ത് കൊരങ്ങാവും. " അച്ഛൻ പെങ്ങൾ തുടർന്നു.

"വല്യ റാങ്ക് വാങ്ങിയ കുട്ട്യല്ല്യോ." "അവൾടെ റേങ്ക്. എടുത്ത് നിലത്തടിക്കണം. ഞാനുമൊക്കെ എന്തോരംചാടിയതാ. ഓന്തിൻ്റെ കഥയാ പെണ്ണിൻ്റേം. ചാടിയാ ചാടിയാ തൊട്ടടുത്ത ഓടവരെ. അതിനപ്പുറം അവൾക്കൊരു ഉലകമില്ല. നല്ല പാപ്പാൻ്റെ കൈയ്യീ കിട്ടിയാ മെരുങ്ങാത്ത ആനയെവിടെ."ഒടുവിൽ അച്ഛൻ പെങ്ങൾ പറഞ്ഞു നിർത്തി.

"ചെറുക്കന് തള്ളയില്ലെന്നാ പറേന്നത്. അതവൾടെ ഭാഗ്യല്ലെ. സേനാധിപൻ ഇല്ലാത്ത കൊട്ടിൽ.അവൾക്കവിടെ കാട്ടാനക്കൂട്ടത്തിൻ്റെ നേതാവാകാം."

ഒടുവിൽ വളയിടീൽ തീരുമാനിച്ചു.ചെറിയമ്മ, രണ്ടാമത്തെ ചെറിയമ്മ, കരിങ്കുറ്റി വല്യപ്പൻ തുടങ്ങിയവർക്കൊപ്പം ബിനു ആരതിയെ വളയണിയിച്ചു.

"പെണ്ണിന് മസ്തകം കുറവാ." പെണ്ണുകാണലിന് വസ്ത്രം മാറവേ അവളുടെ മാറിടം കണ്ട ചെറ്യമ്മ പറഞ്ഞു.

"അതൊക്കെ അവൻ തിടമ്പേറ്റി എടുത്തോളും. "രണ്ടാമത്തെ ചെറിയമ്മ സമാധാനം കൊടുത്തു.

അത്യാവശ്യം കെങ്കേമമായി കെട്ടു നടന്നു.ചെറുക്കൻ ആനപ്പുറത്തു കയറി വന്നു. തിരികെ ആനപ്പുറത്തു പോകണമെന്നു പറഞ്ഞപ്പോൾ അവൾ കൊണം മാറി ഇടഞ്ഞു. "ആനപ്പുറത്തോ? നാണക്കടല്ലേ." അവൾ ചോദിച്ചു.

"നാണക്കേടോ.അഭിമാനല്ലേ.

അഭിമാനം."

തൊടക്കത്തിലേ മെരുക്കിയില്ലെങ്കിൽ കൊട്ടിലിലൊതുങ്ങാത്ത പിടിയാവും."ശശിയണ്ണൻ ബിനുകുമാറിൻ്റെ ചെവിയിൽ മന്ത്രിച്ചു.

"നമുക്ക് കുങ്കികളെക്കൊണ്ട് പിടിപ്പിക്കാം. പറന്നു നടന്നിരുന്ന വർഗ്ഗമാ. കഷ്ടപ്പെട്ടാ ദേവൻമാർ നിലത്തിറക്കിയത്.വീണ്ടും പറന്നുയരാനാ ശ്രമം."

"നമുക്ക് മാതംഗമന്ത്രം ഓതാം." "പനങ്കള്ള് കിട്ടാനില്ലെടാ. തൽക്കാലം ഈ വാറ്റിൽ നമുക്ക് മന്ത്രിക്കാം." കെട്ടുപുരയ്ക്ക് പുറകിൽ ശശിയണ്ണൻ ബിനുവിന് ഗ്ലാസ് കൈമാറിക്കൊണ്ട് തുടർന്നു. ഒരു കുപ്പി വാറ്റ് തീരും വരെ ശശി ചില മെരുക്കൽ തന്ത്രങ്ങൾ കൂടി ഓതിക്കൊണ്ടിരുന്നു.

ആനപ്പിണ്ഡങ്ങൾക്കിടയിലൂടെ അവൾ ഉമ്മറത്തെത്തി.പിണ്ഡച്ചൂരു നിറഞ്ഞു തൂവുന്ന അന്തരീക്ഷം വന്ന് അവളെ കൈപിടിച്ച് തലയുഴിഞ്ഞ് പടി കയറ്റി.

ചുറ്റിലും വിശാലമായ പറമ്പും തൊടിയും. ബന്ധുക്കൾ ഓരോരുത്തരായി വന്നു പരിചയപ്പെട്ടു. താഴത്തെ തൊടിയിൽ താമസിക്കുന്ന  അമ്മായി, മൂത്ത ചേട്ടൻ്റെ ഭാര്യ, ഒരു നാത്തൂൻ അങ്ങനെ കുറേ സ്ത്രീകൾ.എല്ലാവരും  ഗജവി രാജിതമന്ദഗതിയിൽ തന്നെ.ആന പ്പിണ്ഡങ്ങൾക്കിടയിലൂടെ അവൾ ഉമ്മറപടി കടന്നു. ഒരു ആന മെരുക്കലിൻ്റെ വട്ടം എവിടെയും ഉണ്ടായിരുന്നു.

വിശാലമായ തെങ്ങിൻ തോപ്പ്. അതിൻ്റെ മധ്യത്തിലായി പഴമ കൈവിടതെ ഒരു വീട്. ചുറ്റിലും ജീർണിച്ചു കിടക്കുന്ന പാരമ്പര്യത്തിൻ്റെ മഹിമ. അഴുക്കുപുരണ്ട ചുമരുകള്‍.നിറയെ മാറാലകൾ ഇടയ്ക്കിടയ്ക്ക് കൊതുമ്പും ചൂട്ടും ചോദിച്ചു വരുന്ന അയൽവാസികൾ .

അടുക്കളയിൽ അടുപ്പിനരികൽ ആരതി വിറകിനായി പരതി. ഇടതു വശത്ത് മരിച്ചീനി അരിഞ്ഞു കൊണ്ട് ചെറ്യമ്മയും വലതു വശത്ത് തേങ്ങ ചുരണ്ടിക്കൊണ്ട് രണ്ടാമത്തെ ചെറിയമ്മയും കുങ്കിയാനളെപ്പോലെ നിന്നു. പെണ്ണിൻ്റെ ലോകത്തിൻ്റെ വലുപ്പം എത്രയെന്ന് അവൾക്ക് ബോധ്യമാണം. സ്വന്തം നിതംബവലിപ്പം എത്രയോ അത്രയാണ് പെണ്ണിൻ്റെ ലോകം. ചെറ്യമ്മ വല്യമ്മമാരുടെ നിതംബങ്ങൾക്കിടയിൽ അവളുടെ ലോകം ചുരുക്കപ്പെട്ടു. അവൾക്ക് വശങ്ങളിലേയ്ക്ക് നീങ്ങാൻ ഇടം കിട്ടിയില്ല. പുറകിലേക്ക് നീങ്ങി.

"അടുപ്പിലെ തീ കെട്ടുപോകും. തീ കെടാതെ കാക്കേണ്ടത് വീട്ടിലെ പെണ്ണാണ്. അവിടെ നിക്ക്. "

ചെറിയമ്മ അവളെ കൈ പിടിച്ചു നിർത്തി. അടുപ്പിലെ പുക അവളുടെ ശ്വാസത്തിൽ കടന്നുപിടിച്ചു. ആനയെ ചങ്ങലകൊണ്ട് മരത്തിൽ എന്നപോലെ പുക അവളുടെ ശ്വാസകോശത്തെ ചങ്ങലയ്ക്കിട്ടു അടുപ്പിൻ ചോട്ടിൽ തളച്ചു.

പുകവീടിൻ്റെ ചുറ്റുവട്ടത്തെ ആനത്താര അവളുടെ വഴികളായി.

ആനപ്പിണ്ഡത്തിലേയ്ക്ക് തെങ്ങുകയറ്റക്കാരൻ പപ്പു അടർത്തിയിട്ട തേങ്ങകൾ അവൾ വീട്ടുമുറ്റത്ത് പെറുക്കിക്കൂട്ടി.തേങ്ങയാണെന്ന് കരുതി പിണ്ഡത്തെ പല പ്രാവശ്യം അവൾ കൈ കൊണ്ട് വാരി. ആദ്യം ഒരറപ്പോടെ പിന്നോട്ടു മാറി. ചെറ്യമ്മ പിണ്ഡം പറ്റിയ തേങ്ങയെടുത്ത് ആരതിയുടെ കൈകളിലേയ്ക്കിട്ടു കൊടുത്തു.ശരീരത്തിനു നേർക്കു വന്ന ഏറിനെയെന്ന പോലെ അവൾ സ്വാഭാവികയായി അതിനെ പിടിച്ചു. തെങ്ങോലയും പനയോലയും വാരി ആനക്കൊട്ടിലിലേയ്ക്ക് ഓടി.

വാരിക്കുഴിയിൽ നിന്നും കയറ്റിപ്പോൾ സാധുവിൻ്റെ കാലിൽ തോട്ടിക്കു വലിച്ചതിൻ്റെ മുറിവു പറ്റിയിരുന്നു.ക്രമേണ അത് പഴുക്കാൻ തുടങ്ങി. ആരതിയൊഴികെ ആരുമത് ശ്രദ്ധിച്ചില്ല. അവൾ തനിക്കറിയാവുന്ന പച്ചിലമരുന്നുകൾ കശക്കി ഇടക്ക് മുറി വായിൽ ഒഴിച്ചു കൊടുത്തു. അപ്പോൾ നേരിയ ആശ്വാസത്തിൽ സാധു അവളെ നോക്കി. തിന്നാൻ കൊടുക്കുമ്പോഴല്ല, വേദനയ്ക്ക് മരുന്നു പുരട്ടുമ്പോഴാണ് സ്നേഹത്തിൻ്റെ ഉറവപൊട്ടുക. സാധുവിൻ്റെ കണ്ണുകൾ അവളോട് പറഞ്ഞു.

ആനച്ചൂരും വാറ്റ് ചാരായത്തിൻ്റെ മണവും കുടിക്കലർന്ന് പുതിയ ഒരു ഗന്ധം കൊണ്ട് ബിനു ആരതിയെ ഉഴിഞ്ഞു. അവൾ പലവട്ടം ഓക്കാനിച്ചുകൊണ്ട് എഴുന്നേറ്റു. അവളുടെ രാത്രികൾ കലത്തിനുള്ളിൽ വാറ്റപ്പെട്ടു. പല രാത്രികളിലും അവൾ ആനയായി രൂപാന്തരപ്പെട്ടു.കട്ടിലിൽ പിടിച്ച് നാലുകാലിൽ ആനയായി. രാത്രി മുഴുവൻ അവൻ്റെ മുന്നിൽ ഗജവിരാചിത മന്ദഗതി പരിശീലിച്ചു. സ്വപ്നം പൂവണിയുന്നതും കാത്ത് അവൻ കിടന്നു.അവൾ തളർന്നുറങ്ങി.

കിണറ്റിൽ നിന്നും വെള്ളം കോരി ആനക്കൊട്ടിലിലെത്തി. വല്യമ്മ ചൂലെടുത്ത് കൈയ്യിൽ കൊടുത്തു. ഇനിയീ കൊട്ടിലിൻ്റെ വൃത്തി നിൻ്റെ കൈയ്യിലാണ്. വല്യമ്മയ്ക്ക് പ്രായമായി. എങ്കിലും ഇത്ര കാലം കുറവില്ലാതെ ഞാൻ വൃത്തിയെ കാത്തു. ഇനി നിൻ്റെ കൈയ്യിൽ.ഈ മടയുടെ ഉടമയാണ് ഇനി നീ.

ഈ ആനത്തറയാണ് പെണ്ണിൻ്റെ സാമ്രാജ്യം. ഇവിടെ നീ റാണിയാണ്. അവളെ തലയിൽ കൈവച്ച് അനുഗ്രഹിച്ച് വല്യമ്മ അവളുടെ പട്ടാഭിഷേകം നടത്തി.ശക്തമായ കാറ്റിൽ ഒരു ആനച്ചൂര് അവളുടെ മൂക്കിനെ തുളച്ചു കയറി. അവൾ ഓക്കാനിച്ചു കൊണ്ട് ഒതുക്കു കല്ലിലിരുന്നു. ഇത് സുഗന്ധമാണ്.ക്രമേണ നിനക്കത് സുഗന്ധമായി തോന്നും. അന്നാണ് ശരിക്കും ഈ ആനക്കൊട്ടിലിൻ്റെ കൊച്ചമ്മയായി നീ മാറുക. പിന്നെ ബിനുവിൻ്റെ വല്യമ്മയ്ക്കു വന്ന ഗതികേട് വരാതെ നോക്കണം.

" വല്യമ്മയ്ക്കെന്തു പറ്റി? "ആരതി ചോദിച്ചു.

"കേശവൻ്റെ കൊമ്പിൽ അവൻ കോർത്തു. എൻ്റെ നേരെ മൂത്തവള്.കൊട്ടില് കഴുകിയിറങ്ങിയതാ.മദപ്പാടിൽ മൂത്തു നിൽക്കുകയായിരുന്നു അവൻ. അവളത് അറിഞ്ഞില്ല. അവൾടെ പരാജയവും അതായിരുന്നു. ആനയുടെ മദപ്പാട് തിരിച്ചറിയണം.അതിനു വേണ്ട ചികിത്സ നൽകണം.പനയോല എടുത്തിടാൻ മറന്നു.അന്നുവരെ കൊടുത്ത തീറ്റയൊക്കെ കേശവൻ മറന്നു. അവളെ കൊമ്പിൽ കോർത്ത് മുറ്റത്തിട്ടു. "

അതു കേട്ട് ചെറ്യമ്മ വിതുമ്പി.

" അവളുപോയ ശേഷം ഈ കൊട്ടിലിൻ്റെ വൃത്തി കാക്കാൻ ആളില്ലാണ്ടായി. ബിനൂൻറച്ചൻ കുടുംബത്തിൽ ബാക്കിയായ ഞങ്ങളെ രണ്ടു പെണ്ണുങ്ങളേം ഒരുമിച്ചു ഇങ്ങട് കൂട്ടിക്കൊണ്ടുവന്നു. അവൾക്ക് മക്കളില്ലായിരുന്നു. ബിനു ഇവൾടെ മോളാ.എനിക്കും മക്കളില്ല. ശാന്തി ചെറ്യമ്മ പറഞ്ഞു നിർത്തി.

മനസിലെ മാറാലകൾ വെടിപ്പാക്കാൻ പ്രയാസമാ. അത് വലകൾക്കു മീതെ വലകളായി കുരുക്കുക്കൾ പുനരുൽപ്പാദിപ്പിച്ച് സങ്കീർണ്ണമായി വളർന്നുകൊണ്ടിരിക്കും. കാലങ്ങൾ കടക്കവേ അതൊരു ഭീകരരൂപമായി പരിണമിക്കും. ഒടുവിൽ സമചിത്തത പോലും നശിച്ച് ഒരു പേയായി അലറി വിളിച്ചു നടക്കും. അങ്ങനെയൊരു പേയുടെ സാന്നിധ്യം ആ ആന കൊട്ടിലിൽ എവിടെയോ പതിയിരിപ്പുണ്ട്.ചൂല് വലിയ കമ്പിൽ കെട്ടി ചുമരിലെ മാറാലകൾ തൂത്തിറക്കവേ ആരതിക്കു തോന്നി.

ബിനുകുമാർ ആനയ്ക്കൊപ്പം ഉറങ്ങി, ആനയ്ക്കൊപ്പം ഉണർന്നു.

"ശശിയണ്ണാ അവൾക്ക് ജോലിക്കു പോണംന്നാ പറേണത് ."

"അന്നേ പറഞ്ഞില്ലേ ബിനൂ.വേഗം പണി കൊടുക്കാൻ ."

"അതിനവൾ സമ്മതിക്കണ്ടേ. ഇപ്പോൾ മക്കൾ വേണ്ടെന്നാ അവൾ പറേണത് ."

"അത് അവളാണോടാ തീരുമാനിക്കണത്. "

"ശശിയണ്ണാ അത് നിങ്ങൾക്ക് പറഞ്ഞാ മനസിലാവൂല. "ബിനു നിരാശനായി.

"ഈ കൊട്ടിലിലില്ലാത്ത എന്ത് പണിയാ അവളു പൊറത്ത് പോയി ചെയ്യണത്? "

"അവളുടെ അമ്മയെ നോക്കണം. അനിയത്തിയെ പഠിപ്പിക്കണം എന്നൊക്കെ കുറേ ആവശ്യങ്ങൾ." "അവൾ ഇത്ര നാളായിട്ടും കൊട്ടിലിൽ ഒതുങ്ങീലേ ബിനൂ".ബിനു മറുപടി പറഞ്ഞില്ല.

"നീ ആ ചന്ദ്രവളയം എടുക്ക്. കരിങ്കുറ്റി വല്യപ്പൻ്റെ ചന്ദവളയം . അതിൻ്റെ ഒറ്റ വലിക്കാ വല്യപ്പൻ കൊച്ചമ്മിണിയെ മെരുക്കിയത്.".

ബിനു പക്ഷേ വീണ്ടും ക്ഷമിച്ചു. അവളെ ഗജവിരാജിത മന്ദഗതിയിൽ നടത്തണം. മസ്തകത്തിൻ്റെ വലിപ്പം കൂട്ടണം.'കുൻറോടൊക്കും മുലയോ സഖീ, മലയോടൊക്കും ജഘനമോ....' കരിങ്കുറ്റി വല്യപ്പൻ്റെ പാട്ടിനൊപ്പം പിന്നെയും ഒരു പാട് മോഹങ്ങൾ അവൻ്റെ ചുറ്റിലും ചിറകടിച്ചു.

ആനച്ചൂരുമായി വന്ന ഒരു സന്ധ്യയിൽ ആരതി ബിനുവിനോട് പറഞ്ഞു, "ആനയെ നോക്കാൻ വേറെ ആളെ വയ്ക്കണം. ഞാൻ നാളെ മുതൽ ജോലിക്കു പോകുന്നു."

ബിനുകുമാറിന് ദേഷ്യം ഇരച്ചു വന്നു. അകത്തു കയറി കരിങ്കുറ്റി വല്യപ്പൻ്റെ ചന്ദ്രവളയവുമായി കൂട്ടം വിട്ട കൊമ്പനെപ്പോലെ  പുറത്തുവന്നു.

ചങ്ങലയുരസി സാധുവിൻ്റെ കാലുകളിലെ മുറിവ് പഴുത്തു പൊട്ടി വ്രണമായി മാറിയിരുന്നു. ആരതി മുറിവ് കഴുകി വൃത്തിയാക്കി മരുന്നു വച്ചുകെട്ടി.

അവൾ സാധുവിനായി  പനയോലയുമായി തിരികെ വരികയായിരുന്നു. ബിനു തോട്ടിയോങ്ങി അവളുടെ മുതുകിൽ ആഞ്ഞടിച്ചു.

"ബിനു മെരുക്കാത്ത ആനയോടീ മോഴേ. ഈ കരികുലത്തിൻ്റെ മഹിമയറിയാതെയാ നീ കേറി വന്നത്?" അവൻ രണ്ടാമതും തോട്ടിയോങ്ങി. ആരതി സാധുവിൻ്റെ അടുക്കലേയ്ക്ക് ഓടി. സാധു മുൻ കാൽ മടക്കി താഴ്ത്തി. ആരതി കാലിൽ ചവിട്ടി വളരെപ്പെട്ടന്ന് തികഞ്ഞ മെയ് വഴക്കത്തോടെ സാധുവിൻ്റെ ചുമലിൽ കയറി. സാധു തുമ്പിക്കൈ മുകളിലേയ്ക്കുയർത്തി. കൊട്ടിലിൻ്റെ കമ്പുകൾ കാലുകൾക്ക് ചവിട്ടി മറിച്ചു. പുതിയൊരു ശബ്ദാവേഗത്തോടെ കൊട്ടിൽ ഒടിഞ്ഞുമാറി. ഒടിഞ്ഞുമാറിയ കൊട്ടിൽ ഭാഗത്തെ തുമ്പിക്കൈയ്യാൽ ഉയർത്തി ഉറക്കെ ചിന്നം വിളിച്ചു. അന്തിച്ചു പോയ ബിനു ഭയന്ന് പിന്നാക്കം മറിഞ്ഞു. ചന്ദ്ര വളയം സാധു തുമ്പിക്കൈ വീശി  തട്ടിത്തെറിപ്പിച്ചു. അതിലേയ്ക്ക് ആഞ്ഞു ചവിട്ടി.ചന്ദ്ര വളയം പല കഷണങ്ങളായി മുറിഞ്ഞ് ആകൃതിയില്ലാത്ത ഒരവസ്ഥയിലായി.ആനമെരുക്കലിൻ്റെ അനേകനൂറ്റാണ്ടു നീണ്ട ചരിത്രം ഒടിഞ്ഞു തകർന്ന് തരിപ്പണമായി.സാധു തുമ്പിക്കൈ മുകളിലേയ്ക്കുയർത്തി ചിന്നം വിളിച്ചു കൊണ്ട് പുറത്തേയ്ക്ക് നടന്നു.ചുറ്റുമതിലിൻ്റെ കവാടംചവിട്ടിമറിച്ചു. മതിൽ ഒരു ഭീകര ശബ്ദത്തോടെ നിലംപൊത്തി.സിമൻ്റ് കട്ടകൾ പൊടിഞ്ഞമർന്ന് പൂഴി പടർന്നു.അവളുടെ ചുമലിൽ ആരതി ഒരു യോദ്ധാവിനെപ്പോലെ കാണപ്പെട്ടു. വ്രണത്തിൽ കാറ്റു വന്നു തൊട്ടപ്പോൾ സാധുവിന് അതുവരെ ലഭിക്കാത്ത ഒരാശ്വാസം തോന്നി. സാധു അവളേയും കൊണ്ട് പുറത്തിറങ്ങവേ മേഘം മഷിയാക്കി ആകാശം ഒരു പുതിയ കഥയെഴുതാൻ തുടങ്ങിയിരുന്നു.

                        ......................

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക