
ഫോട്ടോ: പുനലൂർ രാജൻ
''കുടിലുകളിൽ കൂരകളിൽ
കൺമണിപോൽ സൂക്ഷിച്ചൊരു
ജനമുന്നണി നേതാവാ-
ണച്യുതമേനോൻ
കഥമാറും കളിമാറും
കേരളമിതു പറയുന്നു
ജനമുന്നണി നേതാവെ-
ത്തൊട്ടുകളിച്ചാൽ,
കഥമാറും കളിമാറും
കേരളമിതു പറയുന്നു
ഖദറിൻ കൊടി സിംഹാസന-
മറബിക്കടലിൽ.''
ജനപ്രിയ പുരോഗമന കവി പൊൻകുന്നം ദാമോദരൻ സി.അച്യുതമേനോന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ആവേശം പകരാനായി എഴുതിയ ഈ വരികൾ നിയോജകമണ്ഡലത്തിന്റെ അതിരുകൾ ഭേദിച്ച് അലയടിക്കുകയുണ്ടായി. 1951-ൽ തിരു-കൊച്ചി നിയമസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ അച്യുതമേനോൻ കമ്യൂണിസ്റ്റ് സ്ഥാനാർത്ഥിയായി മത്സരിച്ചു. അന്ന് അദ്ദേഹം ഒളിവിൽ പ്രവർത്തിക്കുകയായിരുന്നു; തിരു-കൊച്ചി സംസ്ഥാന സെക്രട്ടറി കൂടിയായിരുന്നു. അത്യന്തം ജനശ്രദ്ധ പിടിച്ചുപറ്റിയ തിരഞ്ഞെടുപ്പായിരുന്നു അത്. പൊടിപാറിയ ചതുഷ്‌കോണമത്സരമാണു നടന്നത്. ഡോ.എ.ആർ.മേനോൻ കോൺഗ്രസ് സ്ഥാനാർത്ഥി, ആർ.എം.മനയ്ക്കലാത്താണ് സോഷ്യലിസ്റ്റ് പാർട്ടി സ്ഥാനാർത്ഥി, എ.എൽ.ദേവസ്സി കൊച്ചിൻ പാർട്ടിയുടെ സ്ഥാനാർത്ഥിയും. 300 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അച്യുതമേനോൻ വിജയിച്ചു. ഫലപ്രഖ്യാപനത്തെത്തുടർന്ന് പ്രകമ്പനം സൃഷ്ടിച്ച വിജയാഹ്ലാദപ്രകടനം നടന്നു. ഒളിവിലായിരുന്നുവെങ്കിലും രണ്ടും കല്പിച്ച് അച്യുതമേനോൻ ചിലയിടങ്ങളിൽ പ്രകടനത്തിൽ പ്രത്യക്ഷപ്പെട്ടു. ആഹ്ലാദപ്രകടനത്തിലെ ജനസാന്നിധ്യം പരിഗണിച്ച് അച്യുതമേനോനെ ആ സമയത്ത് അറസ്റ്റുചെയ്യാൻ പോലീസ് മുതിർന്നില്ല. പ്രകടനം കഴിഞ്ഞ് അദ്ദേഹം വീട്ടിലെത്തിയപ്പോൾ പോലീസ് എത്തി അറസ്റ്റു ചെയ്യുകയായിരുന്നു.
അച്യുതമേനോൻ സമഗ്രവും വിശദവുമായ ആത്മകഥ എഴുതിയിട്ടില്ലെങ്കിലും ബാല്യയൗവനങ്ങളിലെ മിഴിവുള്ള ചില സ്മരണകൾ എഴുതിയിട്ടുണ്ട്. അതിലൊന്നാണ് 'വിചിത്രമായ ഒളിസങ്കേതങ്ങൾ' എന്ന പേരിലുള്ള ലഘുസ്മരണ (മറക്കാത്ത അനുഭവങ്ങൾ, മാതൃഭൂമി ബുക്‌സ്, 2025).

അച്യുതമേനോന്‍ ജനമധ്യത്തില്‍
തുടക്കത്തിൽ എഴുതിയ പൊൻകുന്നം ദാമോദരന്റെ 'മുദ്രാവാക്യകവിത'യെ ഓർമ്മിച്ചുകൊണ്ടാകാം, അച്യുതമേനോൻ ഇങ്ങനെ തുടങ്ങുന്നു: ''കമ്യൂണിസ്റ്റ് പാർട്ടിയുടെ രഹസ്യപ്രവർത്തനകാലത്ത് നേതാക്കന്മാരുടെ ഒളിസങ്കേതങ്ങൾ ഒട്ടുമുക്കാലും പാവപ്പെട്ടവരുടെ 'കുടിലുകളും കൂരകളു'മായിരുന്നു എന്നാണല്ലോ പൊതുധാരണ. അതു ശരിയുമാണ്. എന്നാൽ കുടിലുകൾ മാത്രമല്ല, കൊട്ടാരങ്ങളും ചിലപ്പോൾ ഒളിസ്ഥലങ്ങളാകാറുണ്ട്. അങ്ങനെയുള്ള അനുഭവം എനിക്കുണ്ടായിട്ടുണ്ട്.''
തൃപ്പുണിത്തുറ കോട്ടയ്ക്കകത്തുള്ള ഒരു കൊട്ടാരത്തിൽ ഏതാനും ദിവസം താമസിക്കേണ്ടിവന്ന കഥയാണ് അതിലൊന്ന്. ''എന്തൊരു വിചിത്രമായ അവസ്ഥയെന്നോർത്തുനോക്കുക- ബ്രിട്ടീഷ് ഭരണത്തെയെന്നപോലെ നാട്ടുരാജവാഴ്ചയേയും അവസാനിപ്പിക്കാൻ കച്ചകെട്ടിയിറങ്ങി സമരം ചെയ്യുന്ന ഒരു പ്രസ്ഥാനത്തിന്റെ പ്രധാനപ്രവർത്തകൻ രാജകുടുംബത്തിനകത്തുതന്നെ അഭയം പ്രാപിക്കുക!''
അച്യുതമേനോൻ ഒളിവിൽ കഴിഞ്ഞ മറ്റൊരു വിചിത്രമായ സങ്കേതം ഒരു യൂറോപ്യൻ ബംഗ്ലാവായിരുന്നു. ബംഗ്ലാവിലെ ഭൃത്യരുടെ മുറിയിൽ (servant's quarters) കമ്യൂണിസ്റ്റുകാരനായ ഒരു തൊഴിലാളി, പ്രിയനേതാവിനെ അയാളുടെ മുറിയിൽ താമസിപ്പിക്കുകയുണ്ടായി. ''ഇവിടെയും താമസം വളരെ സുരക്ഷിതമായിരുന്നു. കാരണം, ബ്രിട്ടീഷുകാരൻ സായിപ്പിന്റെ ബംഗ്ലാവിൽ കമ്യൂണിസ്റ്റ് പ്രവർത്തകന് ഒളിച്ചുതാമസിക്കാൻ സൗകര്യം കൊടുക്കുമെന്ന് ഒരു പോലീസുദ്യോഗസ്ഥനും സ്വപ്നം കാണുകയില്ലല്ലോ.''

പുനലൂര്‍ രാജന്‍-
തലനാരിഴവ്യത്യാസം കൊണ്ടാണ് അവിടെ നിന്ന് ഒരിക്കൽ പിടിക്കപ്പെടാതെ പോയത്. ബംഗ്ലാവിന്റെ ഉടമയായ സായിപ്പ് സാധാരണഗതിയിൽ ഭൃത്യർ താമസിക്കുന്ന സ്ഥലത്തേക്ക് വരിക പതിവില്ല. എന്നാൽ ഒരു ദിവസം യാദൃച്ഛികമായി സായിപ്പ് മുറിയുടെ വാതിലിനു മുമ്പിൽ പ്രത്യക്ഷപ്പെട്ടു. ''ഞാൻ വാസ്തവത്തിൽ ഞെട്ടിപ്പോയി. ഞാൻ കട്ടിലിൽ ഇരുന്ന് (മുറിയിൽ കസേരയൊന്നും ഇല്ലായിരുന്നു) സ്റ്റാലിന്റെ ലെനിനിസത്തിന്റെ പ്രശ്‌നങ്ങൾ എന്ന പുസ്തകം വായിക്കുകയായിരുന്നു. കേവലം കൗതുകം കൊണ്ട്, ''ഏതു പുസ്തകമാണ് വായിക്കുന്നത് എന്നു നോക്കട്ടെ,'' എന്നു പറഞ്ഞ് അദ്ദേഹം എന്റെ കൈയിൽ നിന്നും പുസ്തകം ആവശ്യപ്പെട്ടിരുന്നെങ്കിൽ എന്റെ കള്ളി ആകെ പൊളിയുമായിരുന്നു. ഭാഗ്യവശാൽ സായിപ്പിന്റെ മനസ്സിൽ അങ്ങനെയൊരു കൗതുകം മുളയെടുത്തില്ല.''
ബംഗ്ലാവിൽ താമസിക്കുന്ന കാലത്തുണ്ടായ മറ്റൊരു അനുഭവവും അച്യുതമേനോൻ എഴുതുന്നു. ഒരു ദിവസം കാലത്ത് ഒരു വേലക്കാരൻ ഒരു പൂവൻകോഴിയേയും തൂക്കിപ്പിടിച്ച് അതിലേ വന്നു. സായിപ്പിന്റെ ഭക്ഷണമേശയിൽ ഉച്ചഭക്ഷണത്തിനു വിശിഷ്ടവിഭവമാകേണ്ട കോഴിയാണ്. പക്ഷേ ആ വേലക്കാരന് അതിനെ കൊല്ലാനുള്ള മനസ്സുറപ്പുണ്ടായിരുന്നില്ല. കോഴിയെ അവിടെ കെട്ടിയിട്ട് അയാൾ തിരിച്ചുപോയി ഒരു സ്ത്രീയേയും കൂട്ടിവന്നു. ആ സ്ത്രീയുടെ കൈയിൽ ഒരു അരിവാളുണ്ടായിരുന്നു. കോഴിയെ പിടിച്ച് ഒരു നിമിഷത്തിനകം കഴുത്ത് കണ്ടിച്ചു.
തീർത്തും സാധാരണമെന്നു തോന്നാവുന്ന ഈ സംഗതിക്ക് അച്യുതമേനോൻ സ്വാനുഭവത്തിൽ നിന്ന് മറ്റൊരു മാനം കൂടി നൽകുന്നു. ''ഒരു പുരുഷനു കശാപ്പുചെയ്യാൻ ഇത്ര അധൈര്യവും ഒരു സ്ത്രീക്ക് അതിത്ര നിഷ്പ്രയാസവും. ഇതിന്റെ മനഃശാസ്ത്രപരമായ അപഗ്രഥനമൊന്നും എനിക്കറിഞ്ഞുകൂടാ. എൻ.സി.ശേഖർ തമാശയായി പറയാറുള്ള ഒരു കാര്യം മാത്രം ഞാനോർത്തു. 1948-നെത്തുടർന്നുള്ള കാലങ്ങളിൽ എൻ.സി.ശേഖർ പറയാറുണ്ടായിരുന്നു, വർഗ്ഗശത്രുക്കളെയും പോലീസിനെയും മറ്റും നേരിടുമ്പോൾ നമ്മൾ ദയ എന്ന വികാരത്തിനു വിധേയരാകാതിരിക്കണമെങ്കിൽ നമ്മൾ കോഴിയെ അറുത്ത് പരിശീലനം നേടണമെന്ന്. എൻ.സി. അതൊരു തമാശയായിട്ടാണു പറയാറുള്ളതെങ്കിലും ആ പ്രസ്താവത്തിന്റെ വിചിത്രമായ ഒരു സ്ഥിരീകരണമല്ലേ എന്റെ കൺമുന്നിൽ കണ്ടതെന്നു ഞാൻ സംശയിച്ചു. എന്തോ എനിക്ക് അറിഞ്ഞുകൂടാ.''
Read Part-2: https://www.emalayalee.com/news/370055