
വയനാട്ടിലെ മേപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്താൽ സ്‌കൂട്ടർ യാത്രക്കാരിയായ സ്ത്രീ കൊല്ലപ്പെട്ട സംഭവം ഇന്ത്യയിലും കേരളത്തിലും അപൂർവമായി മാത്രം സംഭവിക്കുന്ന ഒന്നല്ല; 'അബ്‌സല്യൂട്ട് പോവർട്ടി' എന്നൊന്നുള്ളത് ഇന്ത്യയിൽ അതിവേഗം കുറയുകയാണ്; പക്ഷെ മറുവശത്ത് രാജ്യത്തെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ, പാലങ്ങൾ, പതിറ്റാണ്ടുകളായി ആരംഭിച്ചതും പൂർത്തിയാകാത്തതുമായ അടിസ്ഥാന സൗകര്യ പദ്ധതികൾ, മഴ പെയ്യുമ്പോൾ മലിനജലത്തിൽ മുങ്ങിത്താഴുന്ന തിരക്കേറിയതും വൃത്തിയില്ലാത്തതുമായ നഗരങ്ങൾ, വൃത്തിഹീനമായ ടോയ്‌ലറ്റുകൾ, ഇടനാഴികൾ, വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ - ഇവയെല്ലാം ദാരിദ്ര്യത്തിനും ആരോഗ്യമില്ലായ്മക്കും മരണങ്ങൾക്കും കാരണമാകുന്നു
കഴിഞ്ഞ ദിവസം വയനാട്ടിലെ മേപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്താൽ ഒരു സ്ത്രീ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. അവിടെ നടന്നതെന്നുവെച്ചാൽ, സ്‌കൂട്ടറിൽ പോവുകയായിരുന്ന യാത്രക്കാരിയും ഭർത്താവും കാട്ടാനകളെ കണ്ടിട്ട് ഭയന്നോടി. 'പിന്നാലെയെത്തിയ ആന സ്‌കൂട്ടർ യാത്രക്കാരിയെ ചുഴറ്റിയെറിഞ്ഞു' എന്നാണ് വാർത്താ റിപ്പോർട്ടുകൾ പറയുന്നത്. ഇവിടെ ഓർക്കേണ്ട കാര്യമെന്തെന്നുവെച്ചാൽ, സാധാരണ മനുഷ്യന് വന്യമൃഗങ്ങളെ ഓടി തോൽപ്പിക്കാനാവില്ല എന്ന യാഥാർഥ്യമാണ്. ആനയുടെ മുമ്പിൽ നിന്ന്, സ്‌കൂട്ടർ നിറുത്തി പിന്തിരിഞ്ഞ് ഓടുമ്പോൾ, 'സിഗ് സാഗ്' ഓട്ടമാണ് വേണ്ടത്. ആനക്ക് ആനയുടെ വലിയ ശരീരം അങ്ങോട്ടുമിങ്ങോട്ടും പെട്ടെന്ന് തിരിക്കാനാവില്ല. പരിഭ്രമമുള്ള അവസ്ഥയിൽ, സ്‌കൂട്ടർ യാത്രക്കാരി ഇതൊന്നും ചിന്തിച്ചു കാണില്ല. അല്ലെങ്കിൽ തന്നെ, ഇന്ത്യയിലിപ്പോൾ വന്യമൃഗങ്ങളുടെ ആക്രമണം വളരെ ശക്തമാണ്. കണക്കുകൾ പ്രകാരം, 2023-ൽ തന്നെ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ 1,742 ഇൻഡ്യാക്കാർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (NCRB) ഡാറ്റ പ്രകാരം, 2022-ൽ ഇത് 1,510 ആയിരുന്നു. 2012-നും 2024-നും ഇടയിൽ ആനകളുടെ ആക്രമണത്താൽ മാത്രം 6,000-ത്തിലധികം പേർ മരിച്ചു, 2023-24-ൽ മാത്രം 628 പേർ മരിച്ചു. പാമ്പുകടിയേറ്റ് വർഷത്തിൽ ഏകദേശം 58,000 മരണങ്ങളാണ് ഇന്ത്യയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
2024-ൽ, 3.7 ദശലക്ഷത്തിലധികം (37,15,713) നായ്ക്കളുടെ കടിയേറ്റ കേസുകൾ ഇന്ത്യയിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2023-ൽ ഇത് 3 ദശലക്ഷമായിരുന്നു, പ്രതിദിനം ശരാശരി 10,000 കേസുകൾ. 2025-ലെ ഡാറ്റ സൂചിപ്പിക്കുന്നത് ഏകദേശം 47.48 ലക്ഷം കേസുകളായി വർദ്ധനവുണ്ടായി എന്നാണ്. ഇന്ത്യയിൽ പ്രതിവർഷം ഏകദേശം 1 ദശലക്ഷം മുതൽ 3-4 ദശലക്ഷം വരെ ആളുകൾ പാമ്പുകടിയേൽക്കുന്നുണ്ട്. ഇത് ഏകദേശം 50,000 മുതൽ 58,000 വരെ മരണങ്ങൾക്ക് കാരണമാകുന്നു. ആഗോളതലത്തിൽ, പാമ്പുകടിയേറ്റുള്ള മരണങ്ങളിൽ പകുതിയോളം ഇന്ത്യയിലാണ് സംഭവിക്കുന്നത്. ഗ്രാമപ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിക്കുന്നത്.

ഇന്ത്യയിലെ റോഡപകട മരണങ്ങൾ 2024-ൽ 1.77 ലക്ഷത്തിലധികമായി. 2023-ൽ, കണക്കുകൾ പ്രകാരം 1,73,826 മരണങ്ങൾ. 2022-ൽ 1,68,491-ൽ നിന്നും ഉയർന്ന പ്രവണത ഇന്നും തുടരുന്നു, പ്രതിദിനം ശരാശരി 485 മരണങ്ങൾ. ഈ മരണങ്ങളിൽ 70 ശതമാനത്തിലധികവും അമിതവേഗത മൂലമാണ് സംഭവിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ളത് ഇരുചക്ര വാഹനങ്ങൾക്കാണ്. മൊത്തം മരണങ്ങളിൽ, ഏകദേശം 46 ശതമാനത്തിലധികവും ഇരുചക്ര വാഹന യാത്രക്കാർക്കാണ് സംഭവിക്കുന്നത്.
'അബ്‌സല്യൂട്ട് പോവർട്ടി' എന്നൊന്നുള്ളത് ഇന്ത്യയിൽ അതിവേഗം കുറയുകയാണ്. മറുവശത്ത്, നമ്മുടെ രാജ്യത്തെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ, പാലങ്ങൾ, പതിറ്റാണ്ടുകളായി ആരംഭിച്ചതും പൂർത്തിയാകാത്തതുമായ അടിസ്ഥാന സൗകര്യ പദ്ധതികൾ, മഴ പെയ്യുമ്പോൾ മലിനജലത്തിൽ മുങ്ങിത്താഴുന്ന തിരക്കേറിയതും വൃത്തിയില്ലാത്തതുമായ നഗരങ്ങൾ, വൃത്തിഹീനമായ ടോയ്‌ലറ്റുകൾ, ഇടനാഴികൾ - ഇവയെല്ലാം ദാരിദ്ര്യത്തിനും ആരോഗ്യമില്ലായ്മക്കും കാരണമാകുന്നു. ഇന്ത്യൻ സാഹചര്യത്തിൽ ഇന്നിപ്പോൾ, വന്യമൃഗങ്ങളുടെ ആക്രമണത്താലും ശുചിത്വമില്ലായ്മയാലും കൊല്ലപ്പെടുന്ന ആളുകൾ അനേകായിരങ്ങളാണ്. ഔദ്യോഗിമായ കണക്കുകളിൽ നിന്ന് കൂടിയ മരണസംഖ്യയാണ് യാഥാർത്ഥത്തിലുള്ളത്.
രാജ്യ തലസ്ഥാനമായ ഡൽഹിയിൽ, പുരാതന ദില്ലിയിലെ തിരക്കേറിയ വഴികളിലൂടെ ആരെങ്കിലും സഞ്ചരിച്ചുട്ടുണ്ടെങ്കിൽ അവർക്കൊക്കെ അവിടുത്തെ ഇടുങ്ങിയ വഴികളിൽ ഇന്ത്യയിലെ നഗര ജീവിതത്തിൻറ്റെ എല്ലാ കയ്‌പേറിയ ഭാവങ്ങളേയും നേരിൽ അനുഭവിക്കാൻ സാധിക്കും. അവിടെയൊക്കെ സ്വർഗ്ഗവും നരകവും ഒരുമിച്ചു സമ്മേളിക്കുന്നതു കാണാം. നടുവ് വേദനക്കാർക്കും അല്ലാത്തവർക്കും ഡൽഹിയിലെ പല പൊട്ടിപൊളിഞ്ഞ ഇട റോഡുകളിൽ കൂടിയും സഞ്ചരിക്കാൻ നിവൃത്തിയില്ലാതായിട്ട് കാലം കുറെയായി. ഇത് ഡൽഹിയുടെ മാത്രം പ്രത്യേകതയല്ലാ; കേരളം വിട്ടാൽ നമ്മുടെ രാജ്യത്തെ ഒട്ടു മിക്ക നഗരങ്ങളുടേയും പുരാതനവും, ദാരിദ്ര്യമേറിയതുമായ ഭാഗങ്ങളുടെ സ്ഥിരം കാഴ്ചയാണിത്. കുളിക്കാതെയും വൃത്തിയില്ലാത്ത ശരീരവുമായി നീങ്ങുന്ന പാവപ്പെട്ട ചേരി നിവാസികൾ, ബസുകൾക്കും ട്രെയിനുകൾക്കുള്ളിലും തിങ്ങി ഞെരുങ്ങി സഞ്ചരിക്കുന്ന സാധാരണ യാത്രക്കാർ, മുറുക്കി തുപ്പിയ ചുവരുകൾ, റിക്ഷാക്കാർ - അങ്ങനെയുള്ള നഗര കാഴ്ചകളാണ് ഇന്ത്യയിലുള്ളത്. ഇതിന് നേർ വിപരീതമായി വിദേശ നിർമ്മിതവും, ലക്ഷ്വറി വാഹനങ്ങളിലുമായി യാത്ര ചെയ്യുന്ന ധാരാളം ധനികരുള്ള രാജ്യം കൂടിയാണ് ഇൻഡ്യാ മഹാരാജ്യം. പോലീസ് അകമ്പടിയോടെ യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥ പ്രഭുക്കളെ ഇൻഡ്യാ മഹാരാജ്യത്ത് യഥേഷ്ടം കാണാം. സമ്പത്തും ആധുനികതയുമൊക്കെ പുറമേ പ്രദർശിപ്പിച്ച് അകത്ത് വൃത്തികേടുകൾ മറച്ചു പിടിക്കുന്നവയാണ് മിക്ക ഇന്ത്യൻ നഗരങ്ങളും. തൂങ്ങിയാടുന്ന കേബിളുകളും, ഇലക്ട്രിക്ക് വയറുകളും, പൊട്ടിയ പൈപ്പുകളും, ട്രാഫിക്ക് ബ്ലോക്കുകളും ഇന്ത്യയിലെ ഏതൊരു നഗരത്തിലും സമ്പന്നമായി കാണാം. അതൊക്കെ പുറമേ നിന്നു കാണാത്ത രീതിയിൽ ഉള്ളിലാണെന്നു മാത്രം.
2024 ജാനുവരിയിൽ ഇതെഴുതുന്ന ആളെ പട്ടി കടിച്ചിട്ടുണ്ട്. ഡൽഹിയിൽ രാവിലെ ഫ്ലാറ്റിന് കീഴിലുള്ള നടയിൽ നിന്ന് ടൈംസ് ഓഫ് ഇന്ത്യ പത്രവും എടുത്ത് വരുമ്പോൾ, പുറകിൽ നിന്ന് യാതൊരു പ്രകോപനവും ഇല്ലാതെയാണ് കടി കിട്ടിയത്. ഭാഗ്യത്തിന് തക്ക സമയത്തിനു തന്നെ നല്ല ചികിത്സ കിട്ടി. അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പോയി ടെറ്റനസ് ഇൻജെക്ഷനും, ആൻറ്റി റാബിസ് ഇൻജെക്ഷനും എടുത്തതുകൊണ്ട് ഞാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു; അതുകൊണ്ട് അന്നത്തെ അനുഭവങ്ങളെഴുതാൻ സാധിക്കുന്നു. ആ പട്ടി കടി സംഭവത്തിൽ എന്നെ അത്ഭുതപ്പെടുത്തിയത് ഇവിടുത്തെ പല മനുഷ്യരും ഇതൊക്കെ സാധാരണ സംഭവമായി കാണുന്നു എന്നതാണ്. ഇവിടെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ 'ഡോഗ് ബൈറ്റ് സെക്ഷൻ' തന്നെയുണ്ട്. 'ഡോഗ് ബൈറ്റ് സെക്ഷനിലും', സർക്കാർ ആശുപത്രിയിലെ ഇൻജെക്ഷൻ റൂമിലും നീണ്ട ക്യൂവാണ് നാല് തവണ 'ആൻറ്റി റാബീസ് വാക്സിൻ' എടുക്കാൻ പോയപ്പോഴും നേരിട്ട് കണ്ടത്. അതുകൊണ്ടായിരിക്കാം ആളുകൾ ഇൻഡ്യാ മഹാരാജ്യത്ത് പട്ടി കടിയൊക്കെ കേവലം സാധാരണ സംഭവങ്ങളായി കാണുന്നതും.
എപ്പോഴൊക്കെ പട്ടികടി സംഭവം രൂക്ഷമാകുന്നുവോ, അപ്പോഴൊക്കെ ഭരണത്തിലിരിക്കുന്ന രാഷ്ട്രീയക്കാർ കൂടുതൽ കൂടുതൽ 'ഡോഗ് ബൈറ്റ് ക്ലിനിക്കുകൾ' തുറക്കും എന്ന് പ്രഖ്യാപിക്കും. അതല്ലാതെ അടിസ്ഥാന വിഷയങ്ങൾ അഡ്രസ് ചെയ്യുവാൻ ഇന്ത്യയിലെ രാഷ്ട്രീയ നെത്ര്വത്വത്തിന് ഒട്ടുമേ താൽപ്പര്യമില്ല. തെരുവ് പട്ടികളെ നിയന്ത്രിക്കാതെ ആശുപത്രികളിൽ 'ഡോഗ് ബൈറ്റ് സെക്ഷനുകൾ' തുടങ്ങിയിട്ട് എന്തു കാര്യമാണുള്ളത്? അലഞ്ഞുതിരിയുന്ന നായ്ക്കളെ കണ്ടെത്താനും, 'സ്റ്റെറിലൈസേഷൻ' നടത്താനും ഇന്ത്യയിലെ രാഷ്ട്രീയ-ഉദ്യോഗസ്ഥ നെത്ര്വത്വം യത്നിക്കുന്നില്ലാ. കാരണമെന്തെന്നുവെച്ചാൽ, അവർക്കൊക്കെ ഈ രാജ്യത്തെ നായ സ്നേഹികളെ തൃപ്തിപ്പെടുത്തണമല്ലോ. 'നായ സ്നേഹികൾ' ഇന്ത്യയിൽ എല്ലായിടത്തുമുണ്ട്. അവർക്കൊന്നും പേ വിഷബാധയുടെ ഭീകരത അറിയാമെന്നു തോന്നുന്നില്ല. വയനാട്ടിലെ മേപ്പാടിയിൽ കാട്ടാനയുടെ ആക്രമണമുണ്ടായ പശ്ചാത്തലത്തിൽ, ഇനിയിപ്പോൾ നായാസ്‌നേഹികളെ പോലെ തന്നെ 'ആന സ്നേഹികളുടെ' പ്രതികരണങ്ങളും സോഷ്യൽ മീഡിയയിൽ നിറയും. മനുഷ്യൻ ആനകളുടെ ആവാസവ്യവസ്ഥയിൽ കൈ കടത്തുന്നതിനാൽ, ഗതികെട്ടാണ് ആനകൾ സ്‌കൂട്ടർ യാത്രക്കാരിയെ പോലുള്ള അനേകരെ കൊല്ലുന്നതെന്നായിരിക്കും അവരുടെയൊക്കെ ന്യായീകരണ സിദ്ധാന്തം. അതുകൊണ്ട് ഇനിയിപ്പോൾ കേരളം മുഴുവൻ കാട്ടാനകൾക്കും, അലഞ്ഞുതിരിയുന്ന നായ്കൾക്കും, ഉടുമ്പുകൾക്കും, കാട്ടുപന്നികൾക്കുമൊക്കെ വിട്ടുകൊടുക്കുക. മനുഷ്യൻ പിന്നെ എവിടെപ്പോയി താമസിക്കും എന്നുമാത്രം ചോദിക്കരുത്.
(ലേഖകന്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകൻറ്റെ ജോലിയുമായി ഒരു ബന്ധവുമില്ല.)