
ഒളിംപിക് ഷൂട്ടിങ് താരവും ഒളിംപിക് കൗൺസിൽ ഓഫ് ഏഷ്യ പ്രസിഡൻ്റുമായിരുന്ന രാജാ രൺധീർ സിങ് (79)
അന്തരിച്ചു. പട്യാല മഹാരാജാവ് ബലീന്ദ്ര സിങ്ങിൻ്റെ പുത്രനാണ് ഒളിംപ്യൻ രൺധീർ സിങ് .
ആറു തവണ ഇന്ത്യൻ ഒളിംപിക് ടീമിൽ അംഗമായ രാജാ രൺധീർ അഞ്ചു തവണ മത്സരിച്ചു.1978ൽ ഏഷ്യൻ ഗെയിംസ് ഷൂട്ടിങ് (ട്രാപ് ) സ്വർണം നേടിയ ആദ്യ ഇന്ത്യക്കാരനായി.
ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ സെക്രട്ടറി ജനറൽ, ഒളിംപിക് കൗൺസിൽ ഓഫ് ഏഷ്യ പ്രസിഡൻ്റ്, രാജ്യാന്തര ഒളിംപിക് കമ്മിറ്റി ആജീവനാന്ത അംഗം തുടങ്ങിയ പദവികളൊക്കെ വഹിച്ചിരുന്നു.
1994 ൽ ഹിരോഷിമയിൽ തുടങ്ങിയ പരിചയം.96 ലെ ഒളിംപിക്സിൽ ലിയാൻഡർ പെയ്സ് വെങ്കലം നേടിയപ്പോൾ എന്നെ കെട്ടിപ്പിടിച്ച് തുള്ളിച്ചാടിയത് ഓർക്കുന്നു.
മൂന്നു സംഭവങ്ങൾ ഓർക്കാതിരിക്കാനാവില്ല. 2018 ൽ ജാക്കാർത്ത ഏഷ്യൻ ഗെയിംസിൻ്റെ സ്ക്വാഷ് മത്സരവേദി.പ്രസ്സ് ബോക്സ് മുകളിലത്തെ റോയിലാണ്. മുൻ നിരയിൽ ഇരുന്നിരുന്ന രാജാ രൺധീർ സിങ് എഴുന്നേറ്റുവന്ന് കൈ പിടിച്ചു. വോളൻ്റിയർ പെൺകുട്ടി എൻ്റെ സ്ഥലം അതല്ലെന്നു പറഞ്ഞ് മുകളിലേക്ക് കൈ ചൂണ്ടിയപ്പോഴാണ് എൻ്റെ കൈ പിടിച്ചിരിക്കുന്ന ആളിനെ കണ്ടത്. അദ്ദേഹം കൈവിടുംവരെ പെൺകുട്ടി കാത്തുനിന്നു.
2023ലെ ഹാങ്ചോ ഏഷ്യൻ ഗെയിംസ്. ഷൂട്ടിങ് റേഞ്ചിനു മുന്നിൽ കണ്ട ഉടനെ പതിവുപോലെ തോളിൽ കൈയിട്ടു ചേർത്തു നിർത്തി. ബി.ബി.സി. അദ്ദേഹത്തിൻ്റെ ഇൻ്റർവ്യു എടുക്കാനെത്തി.കൂടെ നിൽക്കാൻ എനിക്കു മാത്രം അനുമതി. ഇതോടെ അവിടെയുണ്ടായിരുന്ന സകല ടിവിക്കാരും മൈക്ക് എൻ്റെ കൈയ്യിൽ തന്നു.

രാജാ രൺധീർ സിങ്ങിനൊപ്പം ലേഖകൻ
ഒളിംപിക് കൗൺസിൽ ഓഫ് ഏഷ്യയുടെ യോഗം ബാങ്കോക്കിൽ സമാപിച്ച ഉടനെ രാജായുടെ മെയിൽ കിട്ടി. 2025 വരെ നടക്കുന്ന എഷ്യൻ തല മത്സരങ്ങളുടെയെല്ലാം ചെയർമാനായി തന്നെ തിരഞ്ഞെടുത്തെന്ന്. കഴിയുന്നതിനൊക്കെ വരണമെന്ന ഓർമപ്പെടുത്തലും. കോവിഡ് മൂലം മത്സരങ്ങൾ റദ്ദാക്കപ്പെട്ടപ്പോൾ പറഞ്ഞു. "ഇല്ല, നമ്മൾ എവിടെയെങ്കിലും കണ്ടിരിക്കും." ഒടുവിൽ ചൈനയിൽ കണ്ടുമുട്ടിയപ്പോൾ മുൻപു പറഞ്ഞ കാര്യം ഓർമിപ്പിച്ചു.
ഒ.സി.എ.പ്രസിഡൻ്റായുള്ള കാലാവധി ബാക്കിനിൽക്കെയാണ് ഇക്കഴിഞ്ഞ ജനുവരിയിൽ അനാരോഗ്യം മൂലം സ്ഥാനമൊഴിഞ്ഞത്.
വിരൽ തുമ്പുവരെ വിനയമുള്ള രാജാവ്. അതുതന്നെയാണ് മൂന്നു പെൺമക്കളും. ഒരു ഡിന്നർ വേളയിൽ
ഇളയമകൾ രാജേശ്വരി കുമാരിയെ പരിചയമില്ലെന്നു പറഞ്ഞപ്പോൾ, അപ്പോൾ തന്നെ വിളിച്ചു വരുത്തി ഒപ്പം നിർത്തി ഫോട്ടോ എടുപ്പിച്ചു.
സുരേഷ് കൽമാഡിയുമായി തെറ്റി ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ തിരഞ്ഞെടുപ്പ് നേരിടാൻ ഒരുങ്ങിയപ്പോൾ പറഞ്ഞു. " കേരളത്തിൽ മൂന്നു വോട്ടുണ്ട്. മൂന്നു പേരെയും എനിക്കുവേണ്ടി നേരിട്ടു പോയി കാണണം."
ഞാൻ പറഞ്ഞു. "ഒരാളെ . കണ്ടിട്ടു കാര്യമില്ല. വിശ്വസിക്കാനാവില്ല'" അയാളെ വിട്ടേരെ. അത്തരക്കാരെ നമുക്ക് വേണ്ട."
അതേ , എന്നും സ്പോർട്സിനു വേണ്ടി ജീവിച്ച രാജകുടുംബം.
1975 വരെ കാലാവധി ബാക്കിനിൽക്കെ, പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അനാവശ്യമായി ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ ഭരണ കാര്യങ്ങളിൽ ഇടപെടുന്നെന്നു പറഞ്ഞ് 1974ൽ ഐ.ഒ. എ. പ്രസിഡൻ്റ് സ്ഥാനം ഒഴിഞ്ഞ ചരിത്രമാണ് മഹാരാജാ ബലീന്ദ്ര സിങ്ങിൻ്റേത്. വിനിതയാണു ഭാര്യ. മൂന്നു പെൺ മക്കൾ: മഹിമ, സുനൈന, രാജേശ്വരി കുമാരി.
അദ്ദേഹത്തിൻ്റെ മക്കൾ ആ പാരമ്പര്യം കാത്തു സൂക്ഷിക്കട്ടെ. പ്രണാമം, ആദരണീയനായ രാജാ രൺധീർ സിങ്.