Image

ചമതി (നോവല്‍- ഭാഗം-18: ഉഷാ ചന്ദ്രന്‍)

Published on 27 May, 2026
ചമതി (നോവല്‍-  ഭാഗം-18: ഉഷാ ചന്ദ്രന്‍)

‘നീയൊരിക്കല്‍ ചോദിച്ചില്ലേ,  അപ്പേം അമ്മേം തമ്മില്‍ എന്താ പ്ര..പ്രശ്നം.’?. പറയുന്ന ഓരോ വാചകവും പൂര്‍ത്തിയാക്കാന്‍ വല്ലാതെ വിമ്മിട്ടപ്പെടുന്നുണ്ടായിരുന്നു അയാള്‍.

ങ്ങും....അതെ..... ങ്ങും.... ഉദ്വേഗത്തോടെ സീത ആ മുഖത്തെയ്ക്കുറ്റുനോക്കി മൂളിക്കൊണ്ടിരുന്നു.

അത്..... അത്.....നീ.....നീ... മാനസികപിരിമുറുക്കം കൊണ്ട് അയാളുടെ നെഞ്ചു വിലങ്ങി. ശ്വാസം കിട്ടാതെ പിടഞ്ഞു. വാക്കുകള്‍ പുറത്തേയ്ക്ക് വരാതെയാ യി..

അപ്പാ...... പറയപ്പാ...മറിഞ്ഞു പോകുന്ന കണ്ണുകള്‍ കണ്ട് ഭയചകിതയായി സീത അയാളെ കുലുക്കി വിളിച്ചു.

താമി ശബ്ദിച്ചില്ല. പിന്നീടൊരിക്കലും  ശബ്ദിച്ചില്ല.  സീതയുടെ മനസ്സും അതോടെ  ചത്തുമലച്ചു.

                ***********

അപ്പന്‍റെ കര്‍മ്മങ്ങള്‍ ചെയ്യാന്‍ ഒരാണ്‍കുട്ടി ഇല്ലാത്തത്തിന്‍റെ കുറവ് സംസ്കാര ചടങ്ങിനായി അവിടെക്കൂടിയ എല്ലാവരെയും സങ്കടപ്പെടുത്തി. “പും” എന്ന നരകത്തില്‍ നിന്നും പിതാവിനെ ത്രാണനം ചെയ്യാന്‍ ഒരു പുത്രന്‍.. വേണ്ട, സ്വന്തം ചോരയില്‍  ഒരു പുത്രിയെങ്കിലും?  സീതയ്ക്ക് തന്നോടുതന്നെ കടുത്ത പുച്ഛം തോന്നി. പകരക്കാരിയാവാന്‍ പോലും താന്‍ യോഗ്യയല്ലല്ലോ എന്നോര്‍ത്തവള്‍ വിങ്ങിപ്പൊട്ടി. പേമാരിയില്‍ കലങ്ങിമറിഞ്ഞ പുഴപോലെ ദുശ്ചിന്തകള്‍ വേലിയേറ്റം സൃഷ്ടിച്ച മനസ്സുമായി വീടിന്‍റെ മൂലയ്ക്ക് തലയും കുമ്പിട്ടിരുന്നു തന്‍റെ ശപിക്കപ്പെട്ട ജന്മമോര്‍ത്തു സീത കണ്ണീരൊഴുക്കി. കുട്ടിക്കാലംമുതലിന്നുവരെ അപ്പയുമൊത്തുള്ള സന്തോഷകരമായ നിമിഷങ്ങള്‍ ഒരു തിരശ്ശീലയിലെന്നപോലെ ഹൃദയഭിത്തിയില്‍ മിന്നി മറഞ്ഞുകൊണ്ടിരുന്നു. ആ സ്നേഹവയ്പ്പ് ജന്മം തന്ന ഒരു പിതാവിന്‍റേതല്ല എന്ന് വിശ്വസിക്കാനേ കഴിയുന്നില്ല. ഓര്‍ക്കെയോര്‍ക്കെ കുതിച്ചൊഴുകുന്ന കണ്ണീരടക്കാന്‍ പാടുപെടുകയായിരുന്നു സീത.

കര്‍മ്മങ്ങള്‍ ചെയ്തത് അപ്പയുടെ ഒരു സഹോദരന്‍റെ മകനാണ്, “അഴകന്‍”. ഉള്ള സ്ഥലത്തൊരു ചൂളയുണ്ടാക്കി അതില്‍ ശവം ദഹിപ്പിക്കുകയായിരുന്നു. ചടങ്ങെല്ലാം കഴിഞ്ഞിട്ടും സീത ജലപാനമില്ലാതെ ഇരുന്നയിരുപ്പാണ്..

“പെണ്ണേ! എണീറ്റു വാ, ഇത്തിരി കഞ്ഞീന്‍റെ വെള്ളം കുടിക്കാം..” കൊക്കോച്ചി വന്നു സീതയുടെ കയ്യില്‍ പിടിച്ചു. അവളനങ്ങിയില്ല. തമ്പുരാട്ടി ഇന്നലെത്തന്നെ വന്ന്‌ അവളെ ആശ്വസിപ്പിച്ചിട്ട് പോയി. ഉമ വന്നു കാലത്തു തൊട്ട് വൈകുന്നത് വരെ സീതയെ ആശ്വസിപ്പിച്ചുകൊണ്ട് അവള്‍ക്കൊപ്പമിരുന്നു. ഇനി 15 ദിവസത്തെ പുലയാചരണമുണ്ട്. ആ പതിനഞ്ചു ദിവസവും അമ്മ, വീടിനു പുറത്തിറങ്ങില്ല. അപ്പ മരണക്കിടക്കയില്‍ വച്ചു പറഞ്ഞതോര്‍ത്ത് സീതയുടെ ഉള്ള് തിളയ്ക്കുകയായിരുന്നു. ഓര്‍ക്കുന്തോറും നെഞ്ചകം ചൂളയില്‍ വച്ച കരടുകയറിയ മണ്‍പാത്രം പോലെ വെന്തു വെടിക്കുന്നു. അവള്‍ക്കമ്മയുടെ അടുത്തേയ്ക്ക് പോകാനേ തോന്നിയില്ല.

പതിനഞ്ചാം പക്കം പുലവീടല്‍. ചടങ്ങില്‍ ബന്ധുക്കളെക്കൂടാതെ മറ്റു സമാനഗോത്രത്തില്‍പ്പെട്ടവരുടേയും സാന്നിധ്യം ആവശ്യമുണ്ട്.. മൂയിക്കല്‍നിന്ന് അമ്മയുടെ സഹോദരനും ഭാര്യയും മകന്‍ വിച്ചുവുമെത്തിയിരുന്നു. അന്നേ ദിവസം എല്ലാവരും കൂടി അടുത്തുള്ള പുഴ ലക്ഷ്യമാക്കി നടന്നു. കുളികഴിഞ്ഞു തിരികെ വന്ന് കളിമണ്ണെടുത്ത് മരിച്ചയാളുടെ പ്രതിമയുണ്ടാക്കി, അതിലേയ്ക്ക് ആത്മാവിനെ ആവാഹിച്ച് കര്‍മ്മങ്ങള്‍ ആരംഭിച്ചു.. വീട്ടിനുള്ളിലിരുന്ന് അമ്മ അലമുറയിടുന്നത് സീതമ്മ കേട്ടു. അതേത്തുടര്‍ന്ന് അമ്മാളുവിന്‍റെ തലയിലൂടെ വൃത്തിയുള്ള ഒരു മുണ്ടിട്ടശേഷം താലിച്ചരട് വലിച്ചു പൊട്ടിക്കുകയും കൈവളകള്‍ ഉടയ്ക്കുകയും ചെയ്തത്  വിധവയായ കൊക്കോച്ചിയാണ്. അവര്‍ താമിയുടെ ഒരു ബന്ധുവും കൂടിയായതുകൊണ്ട് അവര്‍ക്ക് തന്നെയായിരുന്നു അതിനുള്ള അവകാശം.. ബലികര്‍മ്മങ്ങള്‍ കഴിഞ്ഞു. പ്രതിമ ഉടച്ചു കളഞ്ഞു.  

മരണാനന്തര ചടങ്ങുകളെല്ലാം പെട്ടെന്ന് കഴിഞ്ഞു.  വിച്ചുവും അമ്മയും  മടങ്ങിപ്പോകാന്‍ തിരക്കുകൂട്ടി. ഇത്രയും ദിവസം അമ്മാളുവിനൊപ്പം ദുഃഖം പങ്കുവച്ച് വിച്ചുവിന്‍റെയമ്മ, വള്ളി ഒരേയിരുപ്പായിരുന്നു. ഇതുവരെ അമ്മാളുവിനോടവര്‍ക്ക് ശരിക്കൊന്നു സംസാരിക്കാന്‍ കഴിഞ്ഞില്ല. കാര്യമായെന്തോ പറയാനെന്ന മട്ടില്‍ അടുപ്പുംമൂട്ടിലിരുന്നു തീയൂതുന്ന  നാത്തൂന്‍റെ അടുത്തേയ്ക്ക് വള്ളി കുരണ്ടിപ്പലക എടുത്തിട്ടിരുന്നു.

“വെതിനേ!” അവര്‍ വിളിച്ചു.

ഈറനണിഞ്ഞ കണ്ണുകളോടെ അമ്മാളു നാത്തൂനെ നോക്കി.  

‘ഏടിതി ഉബ്ബുടു പെട്ടെന് കെലിയിന്തി?’ ( എന്താണ് പെട്ടെന്നുണ്ടായത്?)

താമിയുടെ കാര്യമാണ് അവര്‍ ചോദിച്ചത്.

‘തായി തായി ഗുണ്ട കായെ ലേകനെ എയ്യേ’ ( കുടിച്ചു കുടിച്ചു കരളെല്ലാം നശിച്ചു) അമ്മാളു പറഞ്ഞു.

അല്പം ആലോചിച്ചിട്ട് അവര്‍ ചോദിച്ചു.

‘നുവ്വ മാതോടൊപ്പം ഒച്യേവ്?’ ( നീ ഞങ്ങളോടൊപ്പം പോരുന്നോ?)

‘ലേത് വെതിനേ’ (ഇല്ല നാത്തൂനേ)

ഒരു നീണ്ട നെടുവീര്‍പ്പിന്നവസാനം വള്ളി എണീറ്റ് പോയി റെഡിയായി വന്നു.

വീണ്ടുമവര്‍  അമ്മളുവിന്‍റെ കാതിനടുത്തേയ്ക്ക് വന്ന് രഹസ്യം പറയുന്ന മട്ടില്‍ സ്വരം താഴ്ത്തി ചോദിച്ചു.

വെതിനേ, സീതത വിച്ചുക് ഇയകൂടത്? ഇങ്ക അതി ഏമിട്ടിയി നേരിസേതി. പെണ്ട്ളി നടനി!

(നാത്തൂനേ, സീതയെ വിച്ചൂന് കൊടുത്തൂടേ? ഇനിയവള്‍ എന്തിനാ പഠിക്കുന്നത്? കല്യാണം നടക്കട്ടെ!)

ഗേന മൊച്ചു ( ആലോചിക്കാം ) അമ്മാളു സമ്മതിച്ചു.

‘അട്ടെ മേമ് ദികനി’ (എന്നാല്‍ ഞങ്ങളിറങ്ങുന്നു) അവര്‍ യാത്രചോദിച്ചു.

‘നുവ്വ് എന്നടന്നന് ഒത്തുവ്റാ?’ ( നീ വരുമോടാ ഇടയ്ക്കൊക്കെ?)

വിച്ചുവിനോടമ്മാളു ചോദിച്ചു. അവര്‍ തീര്‍ത്തും ഉദാസീനയായി കാണപ്പെട്ടു. അപ്പാ നേരത്തേതന്നെ സ്ഥലം വിട്ടിരുന്നതുകൊണ്ട് അമ്മയെ കൂട്ടിക്കൊണ്ടുപോകാന്‍ നിന്നതാണ് വിച്ചു.

‘ഏമന്നാന് വിസേസമുണ്ടിതേ ഒച്യേറ്’ ( എന്തെങ്കിലും വിശേഷമുണ്ടെങ്കില്‍ വരാം)

അത് പറയുമ്പോള്‍ വിച്ചുവിന്‍റെ ഉഴറുന്ന കണ്ണുകള്‍ തിരിഞ്ഞുംമറിഞ്ഞും സീതയെ അവിടെയൊക്കെ തിരയുകയായിരുന്നു. അവളവര്‍ക്ക് വെട്ടപ്പെടാതെ അവര്‍ പോകുന്നതുനോക്കി വീടിന്‍റെ പിന്നാമ്പുറത്ത് ഒളിച്ചു നില്‍ക്കുന്നുണ്ടായിരുന്നു.. ബന്ധുക്കളെല്ലാം യാത്രപറഞ്ഞു പോയപ്പോള്‍ പൊടുന്നനെ സീതയ്ക്ക് എന്തെന്നില്ലാത്തൊരു ശൂന്യത അനുഭവപ്പെട്ടു. കിളിയൊഴിഞ്ഞ കൂട് പോലെയായി അവളുടെ മനസ്സും, ആ വീടും. .

രണ്ടുദിവസം മൌനമാചരിച്ച സീത സങ്കടമൊക്കെ ഒരുവിധം ശമിച്ചപ്പോള്‍ എഴുന്നേറ്റു പുറത്തിറങ്ങി.. മനസ്സിന് ഒരു സമാധാനവുമില്ല. ആശ്വാസംതേടി പതിയെയവള്‍  കൊട്ടാരത്തിലേയ്ക്ക് നടന്നു. ദേവു ഇടയ്ക്കൊക്കെ വന്ന് ആശ്വസിപ്പിക്കുമായിരുന്നെങ്കിലും സീതയെ സംബന്ധിച്ച് അവള്‍ക്കേക ആശ്രയവും അഭയവും എന്നും ഭദ്രത്തമ്പുരാട്ടി തന്നെയാണ് .

“വാ കുട്ടീ..” മുഖത്തു പ്രകടമായ വ്യാകുലതയോടെ നടന്നടുക്കുന്ന സീതയെ കണ്ടയുടന്‍ തമ്പുരാട്ടി ഒരു കുഞ്ഞിനെയെന്നപോലെ ഇരുകൈകളും നീട്ടി വിളിച്ചു..

“അമ്മേ...! ഹൃദയത്തിന്‍റെ ആഴങ്ങളില്‍ നിന്നുമുയര്‍ന്ന ആര്‍ദ്രമായ വിളിയോടെ, സീത പൊട്ടിപ്പൊട്ടിക്കരഞ്ഞുകൊണ്ട് ആ കരവലയത്തില്‍ പോയി വീണു. അവരവളെ ചേര്‍ത്തു പിടിച്ചു നിറുകയില്‍ തലോടി. ആകെ തളര്‍ന്നുപോയ സീത ഒരു പ്രാവിനെപ്പോലെ കുറുകിക്കൊണ്ട്‌ അവരുടെ നെഞ്ചോട്‌ ചേര്‍ന്നു നിന്നു. ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞ് ഹൃദയത്തില്‍ നിന്ന് വലിയൊരു ഭാരമിറക്കിവച്ച ലാഘവത്തോടെയവള്‍ നീണ്ടയൊരു നിശ്വാസത്തോടെ അരത്തിണ്ണമേലിരുന്നു. അവളുടെ തൂങ്ങിപ്പിടിച്ചുള്ള ആ ഇരിപ്പു കണ്ടിട്ട് തമ്പുരാട്ടിക്ക് ദുഃഖം തോന്നി

നീ വല്ലതും കഴിച്ചോ സീതേ? ഇല്ലെന്നവള്‍ തലയാട്ടി. അപ്പ പോയതോടെ വിശപ്പും ദാഹവുമെല്ലാം കേട്ടുപോയിരുന്നു, സീതയ്ക്ക്. തമ്പുരാട്ടി അകത്തുപോയി കുറച്ചു പഴവര്‍ഗ്ഗങ്ങള്‍ മുറിച്ചെടുത്തുകൊണ്ടുവന്നവള്‍ക്കു നീട്ടി.

“ഇതെങ്കിലും കഴിക്ക്.” സ്നേഹം തുളുമ്പുന്ന ആ അഭ്യര്‍ത്ഥന നിരസിക്കാനവള്‍ക്കായില്ല.

നീ ഇങ്ങനെ വിഷമിച്ചാലോ സീതേ! മരണം, വിളിക്കാതെ വന്നുകയറുന്ന അതിഥിയെപ്പോലെയാണ്. അതൊരു ശാശ്വതസത്യമാണ്, അതുപോലെത്തന്നെ ഒഴിച്ചുകൂടാനാവാത്തതും. ആരായാലും ജനിച്ചാലൊരിക്കല്‍ മരിക്കണം. പിന്നെ സങ്കടപ്പെട്ടിട്ടു കാര്യമുണ്ടോ? ജനനം പോലെതന്നെ മനുഷ്യന്‍റെ മരണ സമയവും ദിവസവും എല്ലാം കൃത്യമായി മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടതാണ്. എത്ര വലിയവനായാലും ശക്തിമാനായാലും ഒരുനാള്‍ അതിനു കീഴടങ്ങിയേ പറ്റൂ. കുറേപ്പേര്‍ മുന്നേ പോകുന്നു, ബാക്കിയുള്ളവര്‍ പിന്നാലെയും. കാലം മായ്ക്കാത്ത മുറിവുകളില്ല കുട്ടീ.. നീ സമാധാനിക്ക്. നിനക്ക് ഞങ്ങളൊക്കെയില്ലേ? ഒരു വിചക്ഷണയെപ്പോലെ തമ്പുരാട്ടി പലതും പറഞ്ഞവളെ സമാധാനിപ്പിച്ചു. അതൊന്നുമവളുടെ തലയില്‍ കയറിയില്ല.  അപ്പോഴൊക്കെ  അപ്പ പറഞ്ഞ കാര്യങ്ങള്‍ അവളുടെ ഉള്ളില്‍കിടന്നു തികട്ടുകയായിരുന്നു. ആരോടെങ്കിലും ഒന്ന് ചോദിച്ചേ മതിയാവൂ. തമ്പുരാട്ടിയോടു ചോദിച്ചിട്ട് കാര്യമില്ലെന്നറിയാം. നോക്കട്ടെ, എന്നെങ്കിലും ആരില്‍നിന്നെങ്കിലും താനത് ചോര്‍ത്തും. ഉള്ളിലെ സംഘര്‍ഷം ഒരു നെടുവീര്‍പ്പിലൊതുക്കി  ഭാരപ്പെട്ട മനസ്സോടെ സീത വീട്ടിലേക്കു നടന്നു.  

***************

വീട്ടിലിരുന്നിരുന്നു വല്ലാതെ മടുത്തപ്പോഴാണ് സീത മല്ലിയോടെന്തെങ്കിലും മിണ്ടിപ്പറയാമെന്നു കരുതി കൊക്കോച്ചിയുടെ വീട്ടിലേയ്ക്ക് നടന്നത്. മുറ്റമാകെ ചെംനിറത്തില്‍ ചിതറിയ പൂക്കള്‍. കൊക്കോച്ചി കാലത്ത് തിണ്ണയിലിരുന്നു മുറുക്കിയിട്ട് മുറ്റത്തേയ്ക്ക് നീട്ടിത്തുപ്പുന്നതാണ്. സീതയ്ക്ക് അറപ്പ് തോന്നി. അവളോര്‍ക്കുകയായിരുന്നു.,കുശവത്തിപ്പെണ്ണുങ്ങളുടെയെല്ലാം വായ്ക്കകം ഏതു സമയവും കുരുതി കലക്കിയപോലെ ചൊമചൊമാന്ന് നിറഞ്ഞിരിക്കും. വെറ്റിലമുറുക്ക് അവര്‍ക്കൊരിക്കലും നിര്‍ത്താന്‍ പറ്റാത്ത ശീലമാണ്. ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒരു ജീവിതചര്യ. അതുപോലോന്നാണ് പുരുഷന്മാര്‍ക്ക് മദ്യപാനവും. സീത ചെല്ലുമ്പോള്‍ ഇറയത്തു കാലും തൂക്കിയിട്ടിരുന്നു കൊക്കോച്ചി ആട് ചവയ്ക്കുംപോലെ ചവയ്ക്കുകയാണ്.    .

എന്നും വിഷാദവതിയായിക്കാണപ്പെടുന്ന മല്ലിയുടെ മുഖം വല്ലപ്പോഴും തെളിയുന്നത് സീതയെ കാണുമ്പോളാണ്. ഇപ്പോഴാവട്ടെ, സീതയെക്കണ്ടാല്‍ മല്ലിയുടെ ആ മുഖം കടമെടുത്തതുപോലെയുണ്ട്. ഏതാണ്ടതേ ഭാവത്തില്‍ വിങ്ങിവീര്‍ത്തു ഇപ്പോള്‍ പൊട്ടുമെന്ന് തോന്നും.  .
കൊക്കോച്ചി കണ്ടു  ആകെ കോലംകെട്ട സീതയുടെ മുഖത്തെ ദൈന്യതയും അലസമായ നടത്തയും. തീര്‍ത്തും അവശയാണവള്‍.  

‘എന്താ പെണ്ണേ നിന്‍റെ മുഖം ഇനിയും തെളിയാത്തത്? ഒന്നുഷാറായിക്കേ!’ സീതയെ സഹതാപത്തോടെ ഒന്ന് നോക്കി, നല്ല അടയ്ക്ക കിട്ടാനില്ല എന്ന് മുറുമുറുത്തുകൊണ്ട് വെറ്റിലയില്‍ നൂറു തേച്ചു ചുരുട്ടിയെടുത്ത് വായിലേയ്ക്കവര്‍ തിരുകി. പിന്നെ ആ മുഖം പതിവില്ലാത്തവിധം ഗൗരവം പൂണ്ടു.

തുടരും...

Read More: https://www.emalayalee.com/writer/318

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക