
നടനായും രാഷ്ട്രീയ നേതാവായും തിളങ്ങിയ സുനില്‍ ദത്തിൻ്റെ 21-ാം ഓർമ്മദിനം....
ഹിന്ദിയിലെ എക്കാലത്തയും ഒരു മികച്ച നടന്മാരിൽ ഒരാളായിരുന്നു സുനിൽ ദത്ത്. സിനിമയിലെ സൂപ്പര്‍താരമായിരുന്നഅദ്ദേഹം സിനിമാരംഗത്തു നിന്നും രാഷ്ട്രീയത്തിൽ എത്തിയപ്പോൾ അവിടെയും (സൂപ്പര്‍ താരമായിരുന്നില്ലങ്കിലും) ഒരു താരം തന്നെയായിരുന്നു- സൗത്ത് മുംബൈ ലോക്സഭാ മണ്ഡലത്തില്‍ നിന്ന് അദ്ദേഹം മൂന്ന് തവണ ജയിച്ചു.
സുനില്‍ ദത്ത് അഭിനയിച്ച 'മദര്‍ഇന്ത്യ' ഹിന്ദിയിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നാണ്. 106 ചിത്രങ്ങളില്‍ അഭിനയിച്ച സുനില്‍ ദത്ത് ആറ് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
സുനിൽ ദത്തിന്റെ യഥാർഥ നാമം: 'ബൽരാജ് ദത്ത്' എന്നായിരുന്നു.
സുനിൽ ദത്ത് ജനിച്ചത്, 1930 ജൂൺ 6-ന്, ഇപ്പോൾ പാകിസ്ഥാനിലായുള്ള പഞ്ചാബ് പ്രവിശ്യയിലെ ഝെലം ജില്ലയിലാണ് - നക്കാ ഖുർദിൽ. അച്ഛൻ ദിവാൻ രഘുനാഥ് ദത്തും അമ്മ കുൽവന്തിദേവി ദത്തും.
അദ്ദേഹത്തിന് അഞ്ചു വയസ്സുള്ളപ്പോൾ, ദത്തിന്റെ പിതാവ് മരിച്ചു. അദ്ദേഹത്തിന് 18 വയസ്സുള്ളപ്പോൾ, ഇന്ത്യയുടെ വിഭജനം രാജ്യത്തുടനീളം ഹിന്ദു-മുസ്ലീം അക്രമങ്ങൾക്ക് കാരണമായി. ദത്തിന്റെ പിതാവുമായി ചങ്ങാത്തത്തിലായിരുന്ന ഒരു മുസ്ലീം, യാക്കൂബ്, അവരുടെ കുടുംബത്തെ മുഴുവൻ അക്രമങ്ങങ്ങളിൽ നിന്ന് രക്ഷിച്ചു.

അവിടെ നിന്ന് അദ്ദേഹത്തിന്റെ കുടുംബം ഇന്നത്തെ ഹരിയാന സംസ്ഥാനത്തിൽ പെടുന്ന യമുന നദിയുടെ തീരത്തുള്ള 'മണ്ഡോലി' എന്ന ഗ്രാമത്തിലേക്ക് കുടിയേറി. പിന്നീട് അമ്മയോടൊപ്പം ലഖ്‌നൗവിലേക്ക് പോയി; കുറേക്കാലത്തിനു ശേഷം, പിന്നീട് അദ്ദേഹം അഭിനയ സ്വപ്നവുമായി മുംബൈയിലേക്ക് മാറി. അവിടെ പഠിക്കുകയും ജോലി നോക്കുകയും ചെയ്തു. ബോംബ നഗരത്തിലെ 'ബെസ്റ്റ്' കമ്പനിയിൽ (അതിന്റെ ട്രാൻസ്പോർടെഷൻ എഞ്ചിനീയറിംഗ് വിഭാഗത്തിൽ) ആയിരുന്നു ആദ്യം ജോലി കിട്ടിയത്. ജോലിക്കിടയിൽ പഠിച്ചു 1954-ൽ ചരിത്രത്തിൽ ബി.എ. (ഹോണസ്) പാസ്സായി വിദ്യാഭ്യാസം പൂർത്തീകരിച്ചു.
തുടർന്ന് റേഡിയോയിൽ അനൗസർ ആയി ജോലി തുടങ്ങി: ഉറുദു ഭാഷയിൽ തികഞ്ഞ ജഞാനവും സ്വാധീനവും നിലനിർത്തിയിരുന്ന സുനില്‍ ദത്ത്, റേഡിയോ സിലോണിന്റെ ഹിന്ദി-ഉറുദു സർവീസ് വിഭാഗത്തിൽ വളരെയധികം പ്രചാരത്തിലേക്ക് കുതിച്ചുയർന്ന ഒരു റേഡിയോ ജോക്കിയായി മാറി.
പിന്നീട് ഹിന്ദി ചലച്ചിത്ര രംഗത്തേക്ക് എത്തിചേർന്നു: റേഡിയോ സിലോണിലെ 'ലിപ്റ്റൺ കി മെഹ്ഫിൽ' പരിപാടി അവതരിപ്പിക്കുമ്പോൾ, സിനിമയിൽ ദത്തിന് ഒരു തുടക്കമിടാൻ സംവിധായകൻ രമേശ് സൈഗൽ നിർണായക പങ്കുവഹിച്ചു. അങ്ങനെ 1955-ലെ 'റെയിൽവേ പ്ലാറ്റ്ഫോം' എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് ആണ് സുനിൽ ദത്തിന്റെ പ്രവേശം. നവാഗതനായ നടന് 'സുനിൽ ദത്ത്' എന്ന പുതിയ പേര് നൽകിയ വ്യക്തി സംവിധായകൻ രമേശ് സൈഗൽ തന്നെയാണ്; അന്നത്തെ മുതിർന്ന നടൻ 'ബൽരാജ് സാഹ്നി'യുമായുള്ള കോൺഫ്ലിക്റ്റ് ഒഴിവാക്കാൻ ബൽരാജ് ദത്ത് എന്നായിരുന്നു യഥാർത്ഥ ത്തിൽ ഈ പേരുമാറ്റം.

1957-ൽ നർഗീസ്സ് ഒന്നിച്ച് അഭിനയിച്ച മദർ ഇന്ത്യ എന്ന ചിത്രം ഏറെ ശ്രദ്ധേയമായി. നർഗീസുമായി സുനിൽ 1958-ൽ വിവാഹിതനായി.
1950-60 കാലഘട്ടത്തിലെ ഒരു പ്രധാന നടനായിരുന്നു സുനിൽ ദത്ത്. ആ കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ ധാരാളം വിജയ ചിത്രങ്ങൾ ഉണ്ടായിരുന്നു.
1964-ൽ 'യാദേൻ' എന്ന ചിത്രത്തിൽ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു കൊണ്ട് അക്കാലത്ത് ഒരു റെക്കാർഡ് തന്നെ സൃഷ്ടിച്ചു. 1967-ല്‍ പുറത്തിറങ്ങിയ 'മെഹറുബാന്‍', 'മിലന്‍', 'ഹംറാസ്' എന്നീ മൂന്ന് ചിത്രങ്ങളും വന്‍വിജയമായതോടെ സുനില്‍ദത്തിന്റെ ഹിന്ദിയിലെ സൂപ്പര്‍താരമൂല്യം ഏറി.
പിന്നീട് 1968-ൽ അദ്ദേഹം ചലച്ചിത്ര നിർമ്മാണ രംഗത്തേക്കും തിരിഞ്ഞു . പക്ഷേ, ആദ്യ ചിത്രങ്ങൾ നിർമ്മിച്ചത് തികഞ്ഞ പരാജയങ്ങൾ ആയിരുന്നു. 1970 മുതൽ 80 കാലഘട്ടത്തിൽ വീണ്ടും ചില മികച്ച ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ട് അദ്ദേഹം അഭിനയ രംഗത്തേക്ക് തിരിച്ചു വന്നു. 'നാഗീൻ' (1976), 'പ്രാൺ ജായെ പർ വചൻ ന ജായേ' (1974), 'ജാനി ദുശ്മൻ' (1979) , 'ശാൻ' (1980) എന്നിവ വിജയ ചിത്രങ്ങളായിരുന്നു. 1981-ൽ തന്റെ മകനായ സഞ്ജയ് ദത്തിനെ ബോളിവുഡിലേക്ക് കൊണ്ടു വന്ന ചിത്രമായിരുന്നു 'റോക്കി'.
1980-ല്‍ ഭാര്യയും നടിയുമായ നര്‍ഗീസ് ദത്തിന്റെ മരണത്തെ തുടര്‍ന്നാണ് അദ്ദേഹം സാമൂഹ്യപ്രവര്‍ത്തന രംഗത്തേക്ക് തിരിയുന്നത്. 1984-ലാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്; അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർട്ടിയിൽ ചേർന്നു. സൗത്ത് മുംബൈ ലോക്സഭാ മണ്ഡലത്തില്‍ നിന്ന് അദ്ദേഹം 1984-ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വിജയിച്ചു. പ്രമുഖ അഭിഭാഷകന്‍ രാംജെത്മലാനിയ്ക്കെതിരെയായിരുന്നു അദ്ദേഹം മത്സരിച്ചത്.
1989-ലും 1991-ലും അദ്ദേഹം വീണ്ടും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ 1996, 1998 തിരഞ്ഞെടുപ്പുകളില്‍ സുനില്‍ദത്ത് മത്സരിച്ചില്ല. ബോളിവുഡിലെ തന്നെ നടനായ മകൻ സഞ്ജയ് ദത്ത് ഉൾപ്പെട്ട വിവാദങ്ങളിൽ പെട്ട് അദ്ദേഹത്തിന് അഭിനയ ജീവിതത്തോടും രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്നും മാറി നിന്നു. 2003-ൽ തന്റെ മകൻ സഞ്ജയ് ദത്ത് നായകനായി അഭിനയിച്ച 'മുന്നാഭായി എം. ബി. ബി. എസ്.' എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് തിരിച്ചു വന്നു. സഞ്ജയ്ദത്തിന്റെ അച്ഛനായി തന്നെയാണ് സുനില്‍ ദത്ത് അഭിനയിച്ചത് (മുന്നയുടെ പിതാവ് ശ്രീ ഹരി പ്രസാദ് ശർമയുടെ റോളിൽ). സഞ്ജയ് ദത്ത് ഒടുവില്‍ അഭിനയിച്ച ചിത്രമായിരുന്നു ഇത്.
2004-ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ശിവസേനാ നേതാവ് സഞ്ജയ് നിരുപത്തെ തോല്പിച്ചാണ് അദ്ദേഹം ലോക്സഭയിൽ എത്തിയത്. 2004-2005 മൻമോഹൻ സിംഗ് സർക്കാറിൽ അദ്ദേഹം യുവജന സ്പോർട്സ് കാര്യ കാബിനറ്റ് മന്ത്രി ആയിരുന്നു.
1995-ൽ ഫിലിംഫെയർ 'ആജീവനകാല സംഭാവനാ അവാർഡ്' ലഭിച്ചു.
ഒരു ഹൃദയാഘാതം മൂലം അദ്ദേഹം 2005-ൽ മേയ് 25-ന് അന്തരിച്ചു; അദ്ദേഹത്തിന്റെ 76-ാം ജന്മദിനത്തിന് രണ്ടാഴ്ച മുമ്പ് ആയിരുന്നു ഈ വിട വാങ്ങൽ.
'സഞ്ജയ് ദത്ത്', 'നമ്രത ദത്ത്' (നടൻ കുമാർ ഗൗരവിന്റെ ഭാര്യ), പ്രിയ ദത്ത് Ex MP' എന്നിവർ മക്കളാണ്.
സ്മരണാഞ്ജലികൾ!