
പ്രശസ്ത ബൈബിൾ പണ്ഡിതനും മലയാള സാഹിത്യാദ്ധ്യാപകനുമായ പ്രൊഫ. കോശി തലയ്ക്കൽ എഴുതിയ ആഖ്യായിക “ഉല്പത്തിയുടെ പുനർജനി” വായിച്ചു.
നാലിൽപ്പരം സഹസ്രാബ്ദങ്ങൾക്കു മുമ്പുള്ള ബിബ്ളിക്കൽ ലോകം അസൂയാവഹമായ കൃതഹസ്തതയോടെ പുനഃസൃഷ്ടിച്ചിരിക്കുകയാണ് ഈ പുസ്തകത്തിൽ. ആത്മീയതയുടേയും ഈശ്വരാംശത്തിന്റേയും സൂര്യവെളിച്ചം നിറഞ്ഞ ആ ഭൂമികയിൽ താന്താങ്ങളുടേതായ വേഷങ്ങൾ ആടിത്തിമിർക്കാനുള്ള ദൗത്യം പേറുന്ന ജീവസ്സുറ്റ കഥാപാത്രങ്ങൾ, പഴയനിയമത്തിലൂടെ നമുക്കു സുപരിചിതരായവർ, ഇഴയടുപ്പമുള്ള ആഖ്യാനത്തിലൂടെ ഈ നോവലിൽ പുനർജനിക്കുന്നു. അത്യന്തം ശില്പഭദ്രതയോടെ മെനഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ആ ലോകത്ത് വസിക്കുന്ന അബ്രാഹാമും സാറായും യിസഹാക്കും റെബേക്കയും യാക്കോബും ഏശാവും റാഹേലും ലേയയും യോസഫും മറ്റനേകം പേരും സാധാരണ മനുഷ്യരുടെ ഭാവഹാവാദികളും സുഖദുഃഖങ്ങളും ആകുലതകളും പ്രത്യാശകളും പേറുന്നവരായി അനുവാചകർക്ക് അനുഭവപ്പെടുന്നു.
നോവലിന്റെ തുടക്കത്തിലുള്ള ഏതാനും പുറങ്ങൾ, ആഖ്യാനത്തിലെ വ്യത്യസ്തകകാരണം, ഒരു ഭ്രമാത്മകലോകമാണ് സമ്മാനിക്കുന്നത്. അബ്രാഹാമിന്റെ ചിന്തകളിലെ ചാഞ്ചല്യം ഒരു വിഹ്വലതയായി അനുഭവപ്പെടുന്നുണ്ടിവിടെ.
നോവലിൽപ്പറയുന്ന കനാൻദേശവും ബേർശേബയും ഹാരാനും ഊറും സുക്കോത്തും യാബ്ബോക്കും ഗോശനും മിസ്രയീമുമൊക്കെ കേട്ടുപതിഞ്ഞവയായതുകൊണ്ട് ഒരുതരം വേറിട്ട ഗൃഹാതുരത്വം ഉളവാക്കാൻ പര്യാപ്തമാണ്. ഈ മാന്ത്രികതനിറഞ്ഞ സ്ഥലനാമങ്ങളും ദേവസാന്നിദ്ധ്യം പൂർണ്ണതചാർത്തുന്ന കഥാപാത്രങ്ങളും ആത്മീയാനുഭവപുളകങ്ങൾ ഉണർത്തുന്ന സംഭവപരമ്പരകളും, എല്ലാം സമഞ്ജസമായി സമ്മേളിക്കുമ്പോൾ ആസ്വാദനത്തിന്റെ അചുംബിതകൊടുമുടികളാണ് വായനക്കാർക്ക് പ്രാപ്യമാവുന്നത്.
ആദിപിതാക്കന്മാരുടെ കൂടാരങ്ങളിൽ, പഴയനിയമകാലത്തെ സൗഹൃദവായ്‌പുകളിൽ, മിസ്രയീമിന്റെ ശാദ്വലതകളിൽ ഇതൾവിരിയുന്ന ഒരു ജീവിതതാളം, സ്നേഹത്തിന്റെ ഉദാത്തതയും വൈരത്തിന്റെ നരകതീവൃതയും ഒരേസമയം അനുഭവവേദ്യമാക്കുന്ന മായാജാലം!
ഈ ആഖ്യായികയിൽ യാതനയുണ്ട്, വിരഹമുണ്ട്, സുഖമുണ്ട്, ദുഃഖമുണ്ട്, പ്രേമമുണ്ട്, കാമമുണ്ട്, രതിയുണ്ട്, അതുകൊണ്ടുതന്നെ ഓരോ പേജിലും ജീവിതം തുടിയ്ക്കുന്നുണ്ട്. വർണ്ണിക്കപ്പെടുന്നത് ചതിയുടെ കഥകളായാലും പകയുടേയും പകരം വീട്ടലിന്റേയും നാൾവഴിയായാലും സ്നേഹവായ്പിന്റെ അമൃതധാരയായാലും കഥനത്തിലെ കാവ്യാത്മകത ഉത്സവപ്രതീതി കൈവരിക്കുന്നു.
അബ്രാഹാമിന്റെ അനന്തയാത്രകളും യിസഹാക്കിനും യാക്കോബിനുമൊക്കെ അനുഭവിക്കേണ്ടിവന്ന പീഡനപർവ്വങ്ങളും റാഹേലിനും ദീനയ്ക്കുമൊക്കെ നേരിടേണ്ടിവന്ന യാതനകളുമെല്ലാം വൈകാരികാംശങ്ങൾ ചോർന്നുപൊകാതെ പുനരാഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നു.
അനന്തതയിൽനിന്നുള്ള ആർദ്രസ്പർശം പോലെ ഇടയ്ക്കിടെ അശരീരിയായി അവതരിക്കുന്ന, സർവവ്യാപിയായ യഹോവയുടെ അരുളപ്പാടുകൾ ഇതിലെ പ്രധാന കഥാപാത്രങ്ങൾക്കെന്നപോലെ വിശ്വാസികളായ വായനക്കാർക്കും നിർവൃതിയേകുന്നു. ആ വേദപ്പൊരുളുകൾ കഥാതന്തുവിനെ മുന്നോട്ടു ചലിപ്പിക്കുന്നതിനൊപ്പം കഥാകഥനത്തെ ദേവാംശം നിറഞ്ഞ ശുഭപ്രതീക്ഷകൾകൊണ്ടു ധന്യമാക്കുന്നു (“അല്ലലിന്നന്ത്യത്തിലാനന്ദമാണെന്നതല്ലാതെയെന്തിവയ്ക്കാന്തരാർത്ഥം” എന്ന ഇടപ്പള്ളി രാഘവൻപിള്ളയുടെ വരികൾ ഓർത്തുപോകുന്നു.)
വേദപുസ്തക പണ്ഡിതനും സാഹിത്യാദ്ധ്യാപകനും തഴക്കംവന്ന എഴുത്തുകാരനുമായ ഒരാൾ പഴയനിയമത്തെ അധികരിച്ച് ഒരു നോവലെഴുതുമ്പോൾ അതിൽ പ്രതീക്ഷിക്കാവുന്ന ചാരുതയും ചമൽക്കാരവും ചടുലതയുമൊക്കെ ഈ കൃതിയിലുണ്ട്.
പുസ്തകത്തിന്റെ ആമുഖത്തിലും പുറംചട്ടയിലെ ബ്ലേർബിലും പറഞ്ഞിരിക്കുന്ന ഒരു മുൻകൂർജാമ്യാപേക്ഷയുടെ ചുവയുള്ള പ്രസ്താവത്തെപ്പറ്റി പരാമർശിച്ചുകൊണ്ട് ഈ ലഘു ആസ്വാദനക്കുറിപ്പ് അവസാനിപ്പിക്കാം. “ഈ നോവലിലെ ചില ഭാഗങ്ങൾ പാരമ്പര്യവിശ്വാസികളിൽ ചിലപ്പോൾ അസ്വസ്ഥത സൃഷ്ടിച്ചേക്കാം” എന്നതാണ് ആ പ്രസ്താവം. സ്വതന്ത്രചിന്തകളിൽനിന്ന് ഉയിർക്കൊള്ളുന്ന എഴുത്തുകൾ പലപ്പോഴും അത്തരം അസ്വസ്ഥതകൾ സൃഷ്ടിച്ചിട്ടുണ്ടല്ലോ! ബ്രൂണോ, ഗലീലിയോ തുടങ്ങിയവർ മുതൽ ഇങ്ങേത്തലയ്ക്കൽ വോൾട്ടയറും വിക്തോർ ഹ്യൂഗോയും കസാൻ്റ്സാക്കീസും അടക്കമുള്ള മനീഷികൾ പറഞ്ഞതും എഴുതിയതുമായ പല വാസ്തവങ്ങളും പാരമ്പര്യവാദികളെ ഒരുപാട് അസ്വസ്ഥരാക്കിയിട്ടുണ്ട്. നമ്മുടെ മലയാളത്തിൽത്തന്നെ മുണ്ടശ്ശേരിമാഷും പൊൻകുന്നം വർക്കിയും കാക്കനാടനും പി.എ. ആൻ്റണിയും അടക്കം പലരും തങ്ങളുടെ എഴുത്തുകൾകാരണം പുരോഹിതശ്രേണിയുടെ ശകാരങ്ങൾക്കും അവമതിയ്ക്കും പാത്രമായിട്ടുണ്ടല്ലോ. അങ്ങനെയുള്ള ഒരു പരിപ്രേക്ഷ്യത്തിൽനിന്നു വിലയിരുത്തുമ്പോൾ, തുറന്നെഴുത്തുകളുടെ ഈ കാലത്ത്, ഇത്തരമൊരു മുൻകൂർ ജാമ്യാപേക്ഷയുടെ ആവശ്യമുണ്ടായിരുന്നോ?
(പുസ്കത്തിന്റെ വിതരണം: പരിധി ബുക്ക് ഹൗസ്, തിരുവനന്തപുരം)