Image

‘കാട്ടാളൻ’ റിലീസിന് തയ്യാർ: തൃശ്ശൂരിൽ രാവിലെ 7 മണിക്ക് ആദ്യ ഷോ

Published on 26 May, 2026
‘കാട്ടാളൻ’ റിലീസിന് തയ്യാർ:  തൃശ്ശൂരിൽ രാവിലെ 7 മണിക്ക് ആദ്യ ഷോ

മലയാള സിനിമ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ആക്ഷൻ ത്രില്ലർ ചിത്രം “കാട്ടാളൻ” ആഗോള റിലീസിന് ഒരുങ്ങുന്നു. മെയ് 28-ന് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ എത്തുമ്പോൾ, തൃശ്ശൂർ ജോസ് തീയേറ്ററിൽ രാവിലെ 7 മണിയോടെ ആദ്യ ഷോ ആരംഭിക്കും. ചിത്രത്തിന്റെ പ്രീ-റിലീസ് ബുക്കിംഗ് ട്രെൻഡ് മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആഗോള ഓപ്പണിങ് കളക്ഷനുകളിലൊന്നിലേക്ക് ചിത്രം എത്തുമെന്ന സൂചനയാണ് നൽകുന്നത്.

നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്‌ ആണ് നിർമ്മിക്കുന്നത്. ആന്റണി വർഗീസ് നായകനാകുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണുള്ളത്. ദുഷാര വിജയൻ നായികയാകുന്ന ചിത്രത്തിൽ സുനിൽ, കബീർദുഹാൻ സിംഗ്, രാജ് തിരാണ്ടുസു, പാർഥ് തിവാരി, ജഗദീഷ്, സിദ്ദിഖ് തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു.

‘ഓങ് ബാക്ക്’ സീരീസിലൂടെ പ്രശസ്തനായ കെച്ച കെംബാക്ഡിയുടെ നേതൃത്വത്തിൽ തായ്‌ലന്റിലാണ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ഒരുക്കിയത്. കെജിഎഫ്, സലാർ എന്നീ ചിത്രങ്ങളിലൂടെ പാൻ ഇന്ത്യൻ തലത്തിൽ തരംഗമായ രവി ബസ്‌റൂറാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ലോകമെമ്പാടുമുള്ള തീയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. മലയാള സിനിമ ഇതുവരെ കാണാത്ത മെഗാ കാൻവാസിൽ ഒരുക്കിയ ചിത്രം, ഹൊംബാലെ ഫിലിംസ് (കർണാടക), ജയ് വിരാത്ര എന്റർടൈൻമെന്റ് ലിമിറ്റഡ് (ഹിന്ദി) തുടങ്ങിയ വമ്പൻ വിതരണക്കാരുമായി ചേർന്നാണ് പ്രേക്ഷകരിലേക്കെത്തുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക