Image

അമേരിക്കൻ മലയാളി സമൂഹത്തിന്റെ ആരോഗ്യപുരോഗതിയാണ് പ്രധാന ലക്ഷ്യം: ഡോ. മഞ്ജു പിള്ള

Published on 26 May, 2026
അമേരിക്കൻ മലയാളി സമൂഹത്തിന്റെ ആരോഗ്യപുരോഗതിയാണ് പ്രധാന ലക്ഷ്യം: ഡോ. മഞ്ജു പിള്ള

ഫോമായുടെ 2026-2028 ഭരണസമിതി തിരഞ്ഞെടുപ്പിൽ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന പ്രമുഖ ഫിസിഷ്യനും സാമൂഹിക പ്രവർത്തകയുമായ ഡോ.മഞ്ജു പിള്ള, ആരോഗ്യ സംരക്ഷണം, വനിതാ ശാക്തീകരണം, യുവജന പങ്കാളിത്തം എന്നിവ കേന്ദ്രീകരിച്ചുള്ള പ്രവർത്തന ദർശനവുമായി രംഗത്തെത്തുകയാണ്. അമേരിക്കൻ മലയാളി സമൂഹത്തിന്റെ മാനസിക-ശാരീരിക ആരോഗ്യത്തിനും സംഘടനയുടെ ഭാവി വളർച്ചയ്ക്കുമായി കൂടുതൽ പ്രായോഗിക പദ്ധതികൾ നടപ്പാക്കണമെന്നാണ് അവരുടെ നിലപാട്. ഫോമായുടെ വെല്ലുവിളികൾ, യുവജന ശാക്തീകരണം, വനിതാ നേതൃത്വം, ഡിജിറ്റൽ ഏകോപനം തുടങ്ങി നിരവധി വിഷയങ്ങളിൽ അവർ മനസ്സുതുറക്കുന്നു...

ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ മുന്നോട്ടുവയ്ക്കുന്ന മൂന്ന് പ്രധാന മുൻഗണനകൾ എന്തൊക്കെയാണ്?
ഒരു ഡോക്ടറെന്ന നിലയിൽ അമേരിക്കൻ മലയാളി സമൂഹത്തിന്റെ ശാരീരികവും മാനസികവുമായ ആരോഗ്യ പുരോഗതിക്കാണ് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത്. അതോടൊപ്പം സ്ത്രീകളെ കൂടുതൽ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളും യുവജനങ്ങളെ ഫോമായുടെ പ്രവർത്തനങ്ങളിലേക്ക് കൂടുതൽ സജീവമായി ഉൾപ്പെടുത്തുന്നതുമാണ് പ്രധാന ലക്ഷ്യങ്ങൾ. ആരോഗ്യവും നേതൃത്വവും ഒരുമിച്ച് വളർന്നാൽ കൂടുതൽ ശക്തമായ ഒരു സമൂഹം സൃഷ്ടിക്കാനാകും.

നിലവിൽ ഫോമാ നേരിടുന്ന പ്രധാന വെല്ലുവിളികൾ എന്താണെന്ന് കരുതുന്നു?
പ്രധാന വെല്ലുവിളി മേഖലാതലത്തിലുള്ള പങ്കാളിത്തക്കുറവും റീജിയനുകളും ദേശീയ നേതൃത്വവും തമ്മിലുള്ള ആശയവിനിമയ ദൗർബല്യവുമാണ്. എല്ലാ റീജിയനുകളുടെയും കഴിവുകളും സാധ്യതകളും ഫലപ്രദമായി ഉപയോഗിക്കണമെങ്കിൽ ശക്തമായ ബന്ധവും സ്ഥിരമായ സംവാദവും അനിവാര്യമാണ്.

തിരഞ്ഞെടുക്കപ്പെട്ടാൽ ആദ്യ ആറുമാസത്തിനുള്ളിൽ നടപ്പാക്കാൻ ആഗ്രഹിക്കുന്ന പദ്ധതികൾ എന്തൊക്കെയാണ്?
ആരോഗ്യ മേഖലയിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നത്. അമേരിക്കയിലെ വിവിധ സ്പെഷ്യാലിറ്റികളിലുള്ള സന്നദ്ധ ഡോക്ടർമാരെ ഒന്നിച്ചുകൂട്ടി ഒരു വോളണ്ടിയർ ശൃംഖല രൂപപ്പെടുത്തുകയാണ് ആദ്യ പദ്ധതി. പലപ്പോഴും ഡോക്ടർമാരുടെ അപ്പോയിന്റ്മെന്റുകൾക്കായി ദീർഘനേരം കാത്തിരിക്കുന്ന നമ്മുടെ കമ്മ്യൂണിറ്റിയിലെ ആളുകൾക്ക് ആവശ്യമായ സമയത്ത് ഒരു ഇൻഫോർമൽ കൺസൾട്ടേഷൻ ലഭ്യമാക്കാൻ ഈ ശൃംഖല സഹായകരമാകും. ഇത് ചികിത്സയ്ക്ക് പകരമല്ലെങ്കിലും, ശരിയായ മാർഗനിർദേശവും പ്രാഥമിക പിന്തുണയും നൽകാൻ കഴിയുന്ന വലിയ സഹായമാകുമെന്ന് വിശ്വസിക്കുന്നു.

അതോടൊപ്പം ഫോമായിൽ ഒരു പ്രത്യേക ‘ഹെൽത്ത് ഫോറം’ ആരംഭിക്കാനും ആഗ്രഹമുണ്ട്. ഡോക്ടർമാർ, നഴ്‌സ് പ്രാക്ടീഷണർമാർ, സൈക്യാട്രിസ്റ്റുകൾ, സൈക്കോളജിസ്റ്റുകൾ, ഫിസിക്കൽ തെറാപ്പിസ്റ്റുകൾ, ന്യൂട്രീഷ്യനിസ്റ്റുകൾ തുടങ്ങി വിവിധ മേഖലകളിലുള്ള ആരോഗ്യ വിദഗ്ധരെ ഉൾപ്പെടുത്തി ഒരു സംയുക്ത പ്ലാറ്റ്‌ഫോം രൂപപ്പെടുത്താനാണ് പദ്ധതി. മലയാളി സമൂഹത്തിന് ആരോഗ്യ ബോധവത്കരണ ലേഖനങ്ങൾ, മാനസികാരോഗ്യ മാർഗനിർദേശങ്ങൾ തുടങ്ങിയവ സ്ഥിരമായി ലഭ്യമാക്കാനും ഇതിലൂടെ കഴിയും.

മെഡിക്കൽ മേഖലയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കായി ‘ഷാഡോയിംഗ്’ അവസരങ്ങൾ ഒരുക്കുക എന്നതും മറ്റൊരു ലക്ഷ്യമാണ്. അമേരിക്കയിൽ സേവനത്തിനായി സന്നദ്ധരായിട്ടുള്ള ഡോക്ടർമാരോടൊപ്പം വിദ്യാർത്ഥികൾക്ക് നേരിട്ട് പ്രവർത്തന പരിചയം നേടാനുള്ള അവസരം സൃഷ്ടിക്കാൻ ശ്രമിക്കും. അത് അവരുടെ കരിയർ തിരഞ്ഞെടുപ്പുകൾക്ക് വലിയ പ്രചോദനമാകും.

സ്ത്രീകളുടെ ആരോഗ്യവും യുവജനങ്ങളുടെ മാനസികാരോഗ്യവും മുൻനിർത്തിയുള്ള അനൗപചാരിക ആരോഗ്യ നിർദേശ സേവനങ്ങൾക്കും പ്രത്യേക പ്രാധാന്യം നൽകും. നമ്മുടെ സമൂഹത്തിൽ ഇപ്പോഴും മാനസികാരോഗ്യ വിഷയങ്ങളെ തുറന്ന് സംസാരിക്കാൻ പലർക്കും മടിയുണ്ട്. അതിനാൽ ആരോഗ്യത്തെക്കുറിച്ച് കൂടുതൽ തുറന്ന സംവാദങ്ങൾ ആരംഭിക്കേണ്ടത് അനിവാര്യമാണ്.

കേരളത്തെയും അമേരിക്കയെയും ബന്ധിപ്പിക്കുന്ന ടെലിമെഡിസിൻ പ്ലാറ്റ്‌ഫോം രൂപപ്പെടുത്താനുള്ള പദ്ധതിയുണ്ടോ?
അത് വളരെ നല്ല ആശയമാണ്. സന്നദ്ധ സേവനത്തിന് തയ്യാറായ ഡോക്ടർമാർ ഉണ്ടെങ്കിൽ തീർച്ചയായും അതിലേക്ക് മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നു. കേരളത്തിലും അമേരിക്കയിലും ഉള്ള ഡോക്ടർമാരെ ബന്ധിപ്പിച്ച് ആരോഗ്യരംഗത്ത് നിരവധി കാര്യങ്ങൾ ചെയ്യാൻ സാധിക്കും. എന്നാൽ അത് പ്രായോഗികമായി എത്രത്തോളം സാധ്യമാകുമെന്ന് സന്നദ്ധ സേവനത്തിനുള്ള തയ്യാറെടുപ്പിനെ ആശ്രയിച്ചിരിക്കും. ഇല്ലെങ്കിൽ ഇവിടെ പ്രാദേശിക തലത്തിൽ കൂടുതൽ ശക്തമായ വോളണ്ടിയർ സേവനങ്ങൾ രൂപപ്പെടുത്തുന്നതിലായിരിക്കും ശ്രദ്ധ.

വനിതാ ഫോറം വഴി സ്ത്രീകളുടെ നേതൃത്വ പങ്കാളിത്തം വർധിപ്പിക്കാൻ എന്തെല്ലാം പുതിയ ആശയങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്?
നാഷണൽ വിമൻസ് ഫോറത്തിന്റെ ജോയിന്റ് ട്രഷറർ എന്ന നിലയിൽ പ്രവർത്തിക്കുമ്പോൾ പല റീജിയനുകളിലും വനിതാ ഫോറങ്ങൾ ദുർബലമാണെന്ന് മനസ്സിലാക്കി. ഓരോ റീജിയനിലും ദേശീയ ടീമുമായി നേരിട്ട് പ്രവർത്തിക്കുന്ന വനിതാ പ്രതിനിധികളെ സജീവമാക്കാനാണ് ശ്രമം. ഇതിലൂടെ കൂടുതൽ സ്ത്രീകൾ നേതൃത്വത്തിലേക്ക് എത്തും.

അമേരിക്കൻ മലയാളി സ്ത്രീകൾ നേരിടുന്ന പ്രധാന സാമൂഹിക-മാനസിക വെല്ലുവിളികൾ എന്തൊക്കെയാണ്?
ഏറ്റവും വലിയ വെല്ലുവിളി മാനസികാരോഗ്യവുമായി ബന്ധപ്പെട്ടതാണ്. നമ്മുടെ സമൂഹത്തിൽ ഇപ്പോഴും അതിനെക്കുറിച്ചുള്ള മുൻവിധികൾ നിലനിൽക്കുന്നു. പല സ്ത്രീകൾക്കും അവരുടെ പ്രശ്നങ്ങൾ തുറന്ന് പറയാനും സഹായം തേടാനും ബുദ്ധിമുട്ടുണ്ട്. ആ തടസ്സങ്ങൾ ഇല്ലാതാക്കുകയാണ് ലക്ഷ്യം.

അമേരിക്കയിലെ യുവ മലയാളി തലമുറയെ ഫോമയുമായി കൂടുതൽ ബന്ധിപ്പിക്കാൻ എന്താണ് പ്രായോഗിക പദ്ധതി?
ഇപ്പോൾ യുവജന പ്രതിനിധിത്വം വളരെ പരിമിതമാണെന്നാണ് നിരീക്ഷണം. യുവാക്കൾക്ക് സ്വതന്ത്രമായി ആശയങ്ങൾ അവതരിപ്പിക്കാനും അവരുടെ സ്വന്തം പദ്ധതികൾക്ക് നേതൃത്വം നൽകാനും അവസരം നൽകണം. അവരുടെ ശബ്ദം കേൾക്കുകയും പിന്തുണയ്ക്കുകയും ചെയ്യേണ്ട സമയമാണിത്.

യുവാക്കൾക്കായി പ്രത്യേക ലീഡർഷിപ്പ് പരിശീലന പ്ലാറ്റ്‌ഫോം ആരംഭിക്കുന്നതിനെ എങ്ങനെ കാണുന്നു?
ആ ആശയത്തെ പൂർണമായും പിന്തുണയ്ക്കുന്നു. എന്നാൽ അത് യുവജനങ്ങളിൽ നിന്നുതന്നെ ഉയർന്നുവരണം. അവരുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും മനസ്സിലാക്കിയ ശേഷമേ ഫലപ്രദമായ ഒരു നേതൃത്വ പ്ലാറ്റ്‌ഫോം രൂപപ്പെടുത്താനാകൂ.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഫോമയെ ഏത് ദിശയിലേക്കാണ് നയിക്കേണ്ടത്?
ഫോമയുടെ പ്രവർത്തന പരിധി കൂടുതൽ വിപുലീകരിക്കണം. കൂടുതൽ അംഗങ്ങളെ സംഘടനയിലേക്ക് ആകർഷിക്കുകയും ഓരോ റീജിയനും തുല്യ പ്രാധാന്യത്തോടെ ഉൾപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും വേണം. അതിനായി ശക്തമായ മേഖലാതല ബന്ധങ്ങൾ അനിവാര്യമാണ്.

വിവിധ മേഖലകളിലെ സംഘടനകളെ ഡിജിറ്റൽ സംവിധാനങ്ങളിലൂടെ കൂടുതൽ ഏകോപിപ്പിക്കാൻ എന്താണ് പദ്ധതി?
എക്സിക്യൂട്ടീവ് ടീം ഇതിനകം ഒരു കേന്ദ്രീകൃത ഡിജിറ്റൽ സ്ട്രാറ്റജിക്കായി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. എല്ലാ റീജിയനുകളെയും ബന്ധിപ്പിക്കുന്ന ഡിജിറ്റൽ സംവിധാനം വന്നാൽ ആശയവിനിമയവും സഹകരണവും കൂടുതൽ എളുപ്പമാകും.

ഫോമയുടെ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യതയും അംഗപങ്കാളിത്തവും ഉറപ്പാക്കാൻ എന്തുചെയ്യണം?
സുതാര്യതയ്ക്ക് അടിസ്ഥാനം ശക്തമായ മേഖലാതല പ്രാതിനിധ്യമാണ്. റീജിയൻ പ്രതിനിധികളും ദേശീയ നേതൃത്വവും തമ്മിൽ സ്ഥിരമായ ആശയവിനിമയം ഉണ്ടാകണം. അപ്പോഴേ അംഗങ്ങൾക്കും സംഘടനയുടെ ഭാഗമാണെന്ന ബോധം ഉണ്ടാകൂ.

ഡോക്ടറെന്ന നിലയിലും കലാകാരിയെന്ന നിലയിലും സാമൂഹിക സേവനത്തിലേക്ക് പ്രചോദിപ്പിച്ച അനുഭവം എന്തായിരുന്നു?
ഒരു ഡോക്ടറെന്ന നിലയിൽ രോഗികളുടെ ജീവിതത്തിലെ ബുദ്ധിമുട്ടുകൾ നേരിട്ട് കണ്ടിട്ടുണ്ട്. ലളിതമായ പശ്ചാത്തലത്തിൽ നിന്നുള്ള കലാകാരിയായതുകൊണ്ട് സമൂഹത്തിന്റെ വേദനകൾ അടുത്തറിഞ്ഞിട്ടുണ്ട്. സമൂഹത്തിനായി ഒരു ഡോക്ടർക്ക് എത്ര വലിയ മാറ്റം സൃഷ്ടിക്കാനാകുമെന്ന് ആ അനുഭവങ്ങൾ പഠിപ്പിച്ചു.

കുടുംബത്തെക്കുറിച്ച്?
ഭർത്താവ് മഹേഷ് നായർ ഇന്റലിൽ ഇലക്ട്രോണിക് എൻജിനിയറാണ്. രണ്ട് പെൺമക്കളാണ്. മൂത്ത മകൾ വൈഷ്ണവി നിയമ വിദ്യാർത്ഥിനിയാണ്. ഇളയ മകൾ ജാൻവി കോളജിൽ ബിസിനസ് വിദ്യാർത്ഥിനിയാണ്. ഇരുവർക്കും നൃത്തത്തിൽ വലിയ താല്പര്യമുണ്ട്. രണ്ടുപേരുടെയും അരങ്ങേറ്റം കഴിഞ്ഞിട്ടുണ്ട്.

കുടുംബവും തൊഴിലും സംഘടനാപ്രവർത്തനങ്ങളും ഒരുമിച്ച് കൈകാര്യം ചെയ്യാൻ സഹായിച്ച ജീവിതപാഠം എന്താണ്?
ഒരു ഡോക്ടറുടെ ജീവിതം ഓരോ ദിവസവും ബാലൻസിംഗ് പഠിപ്പിക്കുന്നുണ്ട്. രോഗി പരിചരണം, കുടുംബം, സാമൂഹിക ഉത്തരവാദിത്വങ്ങൾ — എല്ലാം തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തുമ്പോഴാണ് ജീവിതം സമ്പൂർണമാകുന്നത്. അതായിരിക്കാം കൂടുതൽ ഉത്തരവാദിത്വമുള്ള വ്യക്തിയാക്കി മാറ്റിയത്.

ടീം വോയ്സ് പാനലിൽ മത്സരിക്കുന്ന  ഡോ. മഞ്ജു പിള്ളയുടെ വിജയം ഫോമയുടെ പ്രവർത്തനങ്ങളെ അടുത്ത തലത്തിലേക്കുയർത്തുമെന്ന്   ബിജു തോണിക്കടവില്‍ (പ്രസിഡന്റ്), പോള്‍ പി ജോസ് (ജനറല്‍ സെക്രട്ടറി), പ്രദീപ് നായര്‍ (ട്രഷറര്‍), സാമുവല്‍ മത്തായി (വൈസ് പ്രസിഡന്റ്),  ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (ജോയിന്റ് ട്രഷറര്‍) എന്നിവര്‍  ചൂണ്ടിക്കാട്ടി.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക