Image

പ്രതികാരത്തിന്റെയോ ക്രിമിനൽ ബുദ്ധിയുടെയോ കഥയല്ല ദൃശ്യം 3; ഒരു കുടുംബനാഥന്റെ ഉള്ളിലെ ഭയത്തിന്റെയും നിസ്സഹായതയുടെയും ആവിഷ്കരണം

(എബി മക്കപ്പുഴ) Published on 26 May, 2026
പ്രതികാരത്തിന്റെയോ ക്രിമിനൽ ബുദ്ധിയുടെയോ കഥയല്ല ദൃശ്യം 3; ഒരു കുടുംബനാഥന്റെ ഉള്ളിലെ ഭയത്തിന്റെയും നിസ്സഹായതയുടെയും ആവിഷ്കരണം

കഴിഞ്ഞ ദിവസം ഞാനും ഭാര്യയും മക്കളും മരുമക്കളും കുടുംബമായി ദൃശ്യം 3 എന്ന സിനിമ കാണുവാൻ പോയി. എല്ലാവരും വളരെ ജിജ്ഞാസയോട് കൂടിയാണ് ആദ്യംമുതൽ അവസാനം വരെയുള്ള രംഗങ്ങൾ കണ്ടു കൊണ്ടിരുന്നത്. എല്ലാവരുടെയും മനസ്സുകളിൽ ജോർജുകുട്ടി എന്ന കഥാപാത്രം മാത്രമായിരുന്നു നിറഞ്ഞു നിന്നിരുന്നത്.

കുടുംബത്തെ നെഞ്ചോട് ചേർത്ത് പിടിച്ചു അവരുടെ രക്ഷ മാത്രം മുന്നിൽ കണ്ടു ഒരു കുടുംബ നാഥൻ നടത്തുന്ന അവസാനവട്ട പോരാട്ടങ്ങളുടെയും, അയാളുടെ ഉള്ളിലെ ഭയത്തിന്റെയും നിസ്സഹായതയുടെയും നേർകാഴ്ച്ച ജോർജ് കുട്ടി എന്ന കഥാപാത്രത്തിലൂടെ കാണാൻ കഴിയും. ഒരു അപ്പൻ   കുടുബത്തോടുള്ള കാട്ടുന്ന ഗാഢമായ സ്നേഹത്തിന്റെ യഥാർത്ഥ ചിത്രം.
നിയമത്തിന്റെ ചങ്ങലക്കണ്ണികൾ എത്ര മുറുക്കിയാലും, പൊലീസ് ഒരുക്കുന്ന കെണികൾ എത്ര വലുതായാലും ജോർജുകുട്ടി എപ്പോഴും അവരേക്കാൾ ഒരടി മുന്നിലായിരുന്നു.അയാൾ കാവൽ നിൽക്കുന്നത് ആ വീടിനു മാത്രമല്ല, ഒന്നുമില്ലായ്മയിൽ നിന്നും ചോരയും നീരുമൊഴുക്കി അയാൾ പടുത്തുയർത്തിയ, പ്രാണനായി അയാൾ കരുതുന്ന ആ കുടുംബത്തിന് വേണ്ടിയാണ്. അയാളുടെ അതിജീവനമാണത്.  തോറ്റുകൊടുക്കാൻ ഭയമുള്ളതുകൊണ്ടല്ല അയാൾ ഈ യുദ്ധം തുടരുന്നത്.മറിച്ച്, തന്റെ ഒരു ചെറിയ തോൽവി പോലും, ഒരു കൈപ്പിഴ പോലും  തകർക്കുക തന്റെ പ്രാണനായ കുടുബത്തിനു വേണ്ടിയാണെന്നുള്ള ഉൽബോധമാണ് ചിത്രത്തിലൂടെ ജോര്ജുകുട്ടിയിൽ കാണപ്പെടുന്നത്.

അയാൾ ജന്മനാ ഒരു കുറ്റവാളിയല്ല; മറിച്ച്, അതിജീവനത്തിനായി അങ്ങേയറ്റം വരെ പോകേണ്ടി വന്ന ഒരു സാധാരണ മനുഷ്യനാണ്. ഉള്ളിലെ ആ നിസ്സഹായതയുടെയും ഭയത്തിന്റെയും മുഖം തന്ത്രപൂർവ്വം ഒളിപ്പിച്ചു വെക്കുമ്പോൾ, അഴകായിട്ടാണ് തന്ത്രങ്ങൾ ഓരോന്നായി മെനെഞ്ഞെടുക്കുന്നത്.  
ദൃശ്യം 3'-യിലൂടെ കാണുന്നത് സ്വയം ഭയക്കുന്ന ഒരു  ജോർജുകുട്ടിയെ ആണ്. തന്റെ തന്നെ എക്സ്ട്രീം അവസ്ഥകളെ അയാൾ ഭയക്കുന്നുണ്ട്. അയാൾ അഭിമുഖിക്കുന്നൊരു ആന്തരികപോരാട്ടമുണ്ട്. കുടുംബത്തെ രക്ഷിക്കാൻ ഇനിയും തനിക്ക്  എത്രത്തോളം താഴേക്ക് ഇറങ്ങേണ്ടി വരും എന്ന ചിന്ത അയാളെ അസ്വസ്ഥനാക്കുന്നു. ജോർജുകുട്ടിയുടെ നിസ്സഹായതയുടെ ആഴം പ്രേക്ഷകരിലേക്ക് കൂടി പടർത്താൻ ചിത്രത്തിന് കഴിയുന്നുണ്ട്.

രണ്ടു തവണ നിയമവുമായുള്ള മുഖാമുഖം പോരാട്ടങ്ങൾക്കും അവിശ്വസനീയമായ രക്ഷപ്പെടലുകൾക്കും ശേഷം, ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും ജീവിതം ഒടുവിൽ ശാന്തമാകുന്നിടത്താണ് മൂന്നാം ഭാഗത്തിന്റെ കഥ ആരംഭിക്കുന്നത്. എക്കാലവും തന്റെ വഴികാട്ടിയും പ്രതിസന്ധികളിൽ അറിവിന്റെ സ്രോതസ്സുമായി തീർന്ന സിനിമയോടുള്ള പ്രണയം അയാൾ ഇപ്പോഴും മുറുകെ പിടിക്കുന്നുണ്ട്. ആ സിനിമാമോഹം അയാളെ ഇന്ന് വിജയകരമായ പാതയിലെത്തിക്കുകയും അയാൾ ഒരു സിനിമാ നിർമാതാവായി മാറുകയും ചെയ്തിരിക്കുന്നു.

മക്കളും കാലത്തിനൊപ്പം വളർന്നു കഴിഞ്ഞു. മൂത്തമകൾ അഞ്ജു പഴയ കറുത്ത ഭൂതകാലത്തിന്റെ ഓർമ്മകളെയും ഭീതികളെയും അതിജീവിച്ചു കഴിഞ്ഞു, ഇളയവൾ അനു സ്വന്തമായി വ്യക്തമായ നിലപാടുകളും അഭിപ്രായങ്ങളുമുള്ള പുതിയ കാലത്തിന്റെ പെൺകുട്ടിയായി മാറിയിരിക്കുന്നു.
മനസ്സിൽ ചില പരമ്പരാഗത ചിന്തകൾ സൂക്ഷിക്കുമ്പോഴും പുറമേ പുതുമകളെ പുണരാൻ ശ്രമിക്കുന്ന റാണിയും കാണികളുടെ ഹൃദയങ്ങളിൽ ജീവിക്കുന്നു.

അനുഭവിച്ചു കൊണ്ടിരിക്കുന്ന ശാന്തതയ്ക്കുള്ളിലും, ആ കറുത്ത ഭൂതകാലം തങ്ങളെ വേട്ടയാടാൻ ഇനിയും തിരിച്ചെത്തുമോ എന്ന ഭീതി ആ കുടുംബത്തിൽ ഒളിച്ചും പാത്തും നിലനിൽക്കുന്നുണ്ട്. റാണിയേക്കാളും മക്കളേക്കാളും ആ ഭയം ഉള്ളിൽ പേറുന്നത് ജോർജുകുട്ടി തന്നെയാണ്. പക്ഷേ, ഇവിടെ അയാൾ ഭയക്കുന്നത് പൊലീസിനെയോ നിയമത്തെയോ ഭരണകൂടത്തെയോ ഒന്നുമല്ല, മറിച്ച് അയാൾ ഭയക്കുന്നത് അയാൾക്കുള്ളിലെ മനുഷ്യനെ തന്നെയാണ്. തന്റെ മകളെയും കുടുംബത്തെയും രക്ഷിക്കാൻ വേണ്ടി ഏതറ്റം വരെ പോകാനും, എന്ത് അറ്റകൈ പ്രയോഗങ്ങൾ നടത്താനും മടിയില്ലാത്ത അവസ്ഥയെയാണ് അയാൾക്ക് ഭയം.

എല്ലാം അവസാനിച്ചു എന്ന് കരുതി സമാധാനിച്ചിരിക്കുന്നിടത്തു നിന്നാണ് കഥയിൽ പുതിയ വഴിത്തിരിവുണ്ടാകുന്നത്. പഴയ ചില കണക്കുകൾ തീർക്കാൻ ചില മനുഷ്യർ രംഗപ്രവേശം ചെയ്യുകയാണ്. ഇത്തവണ അവരെത്തുന്നത് കേവലം തെളിവുകൾ തേടിയല്ല, മറിച്ച് ജോർജുകുട്ടിയുടെ നിലനിൽപ്പിന്റെ അസ്ഥിവാരം തന്നെ തോണ്ടാനുറച്ചാണ്. മുൻപത്തേക്കാൾ ശക്തവും അതിസങ്കീർണ്ണവുമായ ആ പുതിയ കെണിയിൽ നിന്നും ജോർജുകുട്ടി എങ്ങനെ രക്ഷപ്പെടും എന്ന ആകാംക്ഷയിലാണ് ചിത്രം പ്രേക്ഷകനെ മുൾമുനയിൽ നിർത്തി മുന്നോട്ട് പോകുന്നത്.
മരിച്ചയാൾക്ക് നീതി ലഭിക്കണം എന്ന നിയമത്തിന്റെ ആപ്തവാക്യവും, ആത്മരക്ഷാർത്ഥം അബദ്ധത്തിൽ ഒരു കൊലപാതകം ചെയ്യേണ്ടി വന്ന ഒരു കുടുംബത്തിന് ഇനിയെങ്കിലും സമാധാനപരമായ ജീവിതം ലഭിക്കണമെന്ന ആഗ്രഹവും—കോർത്തിണക്കി ചമഞ്ഞെടുത്ത ഈ കഥയിൽ ആൽമ സംഘർഷങ്ങളുടെ വേലിയേറ്റമായി പരിണമിക്കുന്നു.

നിയമത്തിന്റെ കണ്ണുകളെ വെട്ടിച്ച് തന്റെ കുടുംബത്തെ നെഞ്ചോട് ചേർത്തുപിടിക്കുന്ന ജോർജുകുട്ടി എന്ന നല്ലൊരു കുടുംബ നാഥനെ ഇന്നത്തെ തലമുറക്ക്‌ കാട്ടി കൊടുത്ത ജീത്തു ജോസഫ് എന്ന സംവിധായകനു ആശംസകൾ നേരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക