Image

മല്ലികാർജുൻ ഖാർഗെ കർണാടക മുഖ്യമന്ത്രിയായേക്കും; കെ.സി വേണുഗോപാൽ എ.ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്ക്? കോൺഗ്രസിൽ വൻ അഴിച്ചുപണിക്ക് രാഹുലിന്റെ നീക്കം

Published on 26 May, 2026
മല്ലികാർജുൻ ഖാർഗെ കർണാടക മുഖ്യമന്ത്രിയായേക്കും; കെ.സി വേണുഗോപാൽ എ.ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്ക്? കോൺഗ്രസിൽ വൻ അഴിച്ചുപണിക്ക് രാഹുലിന്റെ നീക്കം

ന്യൂഡൽഹി: കർണാടക കോൺഗ്രസിനെ മാസങ്ങളായി ഉലയ്ക്കുന്ന നേതൃമാറ്റ വിവാദങ്ങൾക്ക് വഴിത്തിരിവ് നൽകിക്കൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഒന്നിച്ച് എ.ഐ.സി.സി നേതൃത്വത്തെ കാണാൻ ഡൽഹിയിലെത്തി. സന്ദർശനം ഔദ്യോഗികമാണെന്ന് പാർട്ടി അവകാശപ്പെടുമ്പോഴും, സംസ്ഥാനത്ത് അടിയന്തിര അധികാര കൈമാറ്റത്തിന് ഹൈക്കമാൻഡ് പൂർണ്ണമായും അനുകൂലമാണെന്നാണ് സൂചന. സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറ്റിനിർത്താൻ 'ബീഹാർ മാതൃകയിൽ' പ്രത്യേക പാക്കേജാണ് അണിയറയിൽ ഒരുങ്ങുന്നത്. ജൂൺ മാസത്തിൽ കർണാടകത്തിൽ നിന്നും ഒഴിവുവരുന്ന നാല് രാജ്യസഭാ സീറ്റുകളിലൊന്നിൽ സിദ്ധരാമയ്യയെ മത്സരിപ്പിച്ച് കേന്ദ്രത്തിലേക്ക് കൊണ്ടുവരാനും, പകരം അദ്ദേഹത്തിന്റെ മകൻ യതീന്ദ്രയ്ക്ക് സംസ്ഥാന മന്ത്രിസഭയിൽ പ്രധാന വകുപ്പ് നൽകാനുമാണ് ധാരണ. എന്നാൽ പദവി ഒഴിയാൻ തയ്യാറായാൽ പോലും തന്റെ രാഷ്ട്രീയ എതിരാളിയായ ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുന്നതിനോട് സിദ്ധരാമയ്യയ്ക്ക് യോജിപ്പില്ല.

​ഈ പ്രതിസന്ധി പരിഹരിക്കാൻ എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെ തന്നെ കർണാടകത്തിൽ സമവായ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഹൈക്കമാൻഡ് മുന്നോട്ട് വെച്ചേക്കും. ഖാർഗെ സംസ്ഥാന മുഖ്യമന്ത്രിയായി മടങ്ങിയെത്തുന്നതോടെ എ.ഐ.സി.സിയുടെ പുതിയ അധ്യക്ഷ സ്ഥാനത്തേക്ക് നിലവിലെ സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ പ്രതിഷ്ഠിക്കാൻ രാഹുൽ ഗാന്ധിക്ക് വഴിതെളിയുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിലൂടെ കേന്ദ്ര പാർട്ടി ഘടനയിൽ വലിയ രീതിയിലുള്ള പുനഃസംഘടന കൊണ്ടുവരാൻ രാഹുൽ ഗാന്ധിക്ക് സാധിക്കും. ഖാർഗെയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയാൽ ഹൈക്കമാൻഡ് പിന്തുണ ഉറപ്പിക്കാനാകുമെന്നാണ് സിദ്ധരാമയ്യ ക്യാമ്പ് വിശ്വസിക്കുന്നത്.

​കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിച്ചിരുന്നത് കെ.സി. വേണുഗോപാലിനെയായിരുന്നെങ്കിലും ഒടുവിൽ വി.ഡി. സതീശനൊപ്പമാണ് ഹൈക്കമാൻഡ് നിലകൊണ്ടത്. നിലവിൽ കെ.സി. വേണുഗോപാലിനെ മർമ്മപ്രധാനമായ ഒരു ദേശീയ പദവിയിലേക്ക് എത്തിക്കാനുള്ള വഴി ഇതോടെ തുറക്കപ്പെടുമെന്നതാണ് കർണാടക ചർച്ചകൾക്ക് പിന്നിലെ പ്രധാന രാഷ്ട്രീയ താല്പര്യമെന്നും സൂചനയുണ്ട്. മല്ലികാർജ്ജുൻ ഖാർഗെ, കെ.സി. വേണുഗോപാൽ, സംസ്ഥാനത്തിന്റെ ചുമതലയുള്ള രൺദീപ് സിംഗ് സുർജേവാല എന്നിവരെല്ലാം കർണാടകത്തിൽ പുതിയൊരു അധികാര കൈമാറ്റം ഉടൻ നടക്കണമെന്ന പക്ഷക്കാരാണ്. അതേസമയം ഡൽഹിയിലെത്തിയ ഡി.കെ. ശിവകുമാറിനോട് അടുത്ത മുഖ്യമന്ത്രിയാകുമോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചെങ്കിലും അദ്ദേഹം കൃത്യമായ മറുപടി നൽകാതെ പുഞ്ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറി.

​എന്നാൽ, ഇപ്പോൾ ശിവകുമാർ ഭരണം ഏറ്റെടുത്താൽ വരാനിരിക്കുന്ന 2028-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ തരംഗം കാരണം കോൺഗ്രസ് പരാജയപ്പെടുമെന്നും അതോടെ ശിവകുമാറിന്റെ രാഷ്ട്രീയ അവകാശവാദങ്ങൾ അവസാനിക്കുമെന്നുമാണ് സിദ്ധരാമയ്യ അനുകൂലികൾ കണക്കുകൂട്ടുന്നത്. ഈ നേതൃമാറ്റ ചർച്ചകൾ പൂർണ്ണമായും ബി.ജെ.പിയുടെ സൈബർ വിഭാഗം പടച്ചുവിടുന്ന വ്യാജവാർത്തകളാണെന്നും സിദ്ധരാമയ്യ അഞ്ച് വർഷം തികച്ചു ഭരിക്കുമെന്നും ബി.കെ. ഹരിപ്രസാദ് എം.എൽ.എ അവകാശപ്പെട്ടു. എങ്കിലും രാജ്യസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ ഡൽഹിയിൽ നടക്കുന്ന ചർച്ചകൾ കർണാടക രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നുറപ്പാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക